ദുബായിൽ കണ്ടുമുട്ടി ‘വാലിബനും ജയിംസും’; ചിത്രം ൈവറൽ
Mail This Article
ദുബായിൽ കുടുംബസമേതം ഒത്തുകൂടി മോഹൻലാലും മമ്മൂട്ടിയും. ‘വാലിബനും ജയിംസും’ ഒന്നിച്ചപ്പോൾ എന്നാണ് പ്രേക്ഷക കമന്റുകൾ. ‘മലൈക്കോട്ടൈ വാലിബന്‍’ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിലെ ആഘോഷിക്കപ്പെട്ട രണ്ട് കഥാപാത്രങ്ങൾ ഒരുമിച്ചു കൂടിയെന്നതും യാദൃച്ഛികം. ലിജോയുടേതായി വാലിബനു മുമ്പെത്തിയ നൻപകൽ നേരത്തു മയക്കം എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ജയിംസ്.
അതേസമയം മമ്മൂട്ടി സ്വകാര്യ സന്ദർശനത്തിനായാണ് കുടുംബസമേതം ദുബായിൽ എത്തിയത്. എമ്പുരാന്റെ ചിത്രീകരണത്തിനായി അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മോഹൻലാൽ ദുബായി സന്ദർശിച്ചത്. ഇതിനിടെ ദുബായിൽ വച്ചു തന്നെ മോഹൻലാലും സുഹൃത്ത് സമീർ ഹംസ ഉൾപ്പടെയുള്ളവർ മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ കാണുകയുണ്ടായി.
മൂന്നൂറിൽപരം തിയറ്ററുകളിലാണ് വാലിബൻ കേരളത്തിൽ റിലീസിനെത്തിയത്. പുലർച്ചെ 6.30 മുതൽ ഫസ്റ്റ് ഷോ തുടങ്ങി. കേരളത്തിൽ മാത്രമല്ല വിദേശത്തും മികച്ച സ്ക്രീൻ കൗണ്ട് ആണ് വാലിബന് ഉള്ളത്. വിദേശത്ത് 59 രാജ്യങ്ങളില്‍ മലൈക്കോട്ടൈ വാലിബൻ എത്തുന്നുണ്ട്.
പല ദേശങ്ങളിൽ പോയി മല്ലന്മാരോടു യുദ്ധം ചെയ്ത് അവരെ തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വാലിബന്റെ ആശാനായി എത്തുന്ന ഹരീഷ് പേരടിയാണ് കയ്യടി നേടുന്ന മറ്റൊരു കഥാപാത്രം.
മോഹൻലാലിന്റെ ഗംഭീര ഫൈറ്റ് സീൻസും ലുക്കുമാണ് മറ്റൊരു പ്രത്യേകത. മധു നീലകണ്ഠന്റെ ഛായാഗ്രഹണം സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നു. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെയാണ് മലൈക്കോട്ടൈ വാലിബന്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയും എത്തുന്നുണ്ട്. ഹിന്ദിയിൽ മോഹൻലാലിന്റെ കഥാപാത്രത്തിനു ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപാണ്.