ADVERTISEMENT

മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിൽ അതിഗംഭീര അരങ്ങേറ്റം! പക്ഷേ, ആരോടും ഇക്കാര്യം പറയാൻ വയ്യ! രണ്ടു ദിവസം മുൻപു വരെ കൊട്ടാരക്കര ഓടനവട്ടത്തുള്ള ആകാശ് ചന്ദ്രന്റെ അവസ്ഥ ഇതായിരുന്നു. ഭ്രമയുഗത്തെക്കുറിച്ച് നാട്ടുകാരും സുഹൃത്തുക്കളും വാനോളം പുകഴ്ത്തി സംസാരിക്കുമ്പോൾ, ചിത്രത്തിലെ നിർണായകരംഗത്തിൽ കയ്യടി വാങ്ങിയ താരം അതെല്ലാം നിശബ്ദനായി കേട്ടിരുന്നു. ചാത്തൻ വി.എഫ്.എക്സ് ആയിരിക്കുമെന്ന സോഷ്യൽ മീഡിയ ചർച്ചകളൊന്നും ആകാശ് അറിഞ്ഞില്ല. കാരണം, തൃക്കണമംഗൽ എസ്.കെ.വി.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആകാശ് വാർഷിക പരീക്ഷയുടെ ചൂടിലായിരുന്നു. ഒടുവിൽ, ആ രഹസ്യം ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ക്ലൈമാക്സ് സീക്വൻസിൽ പ്രേക്ഷകരെ പേടിപ്പിച്ച ആ ചാത്തൻ വി.എഫ്.എക്സ് അല്ല, ഒരു സ്കൂൾ കുട്ടിയാണെന്ന്! ഭ്രമയുഗത്തിന്റെ വിശേഷങ്ങളുമായി ആകാശ് ചന്ദ്രൻ മനോരമ ഓൺലൈനിൽ.  

മെലിഞ്ഞ രൂപവും മെയ്‍‍വഴക്കവും തുണച്ചു
 

ഞാൻ ഡാൻസ് പഠിക്കാൻ പോകുന്നുണ്ട്. ഡാൻസ് മാസ്റ്റർ രാജേഷ് വെളിയം ആണ് സിനിമയുടെ കാര്യം എന്നോടു പറയുന്നത്. നല്ലോണം മെലിഞ്ഞ, മെയ്‍‍‍വഴക്കമുള്ള ഒരാളെ വേണമെന്നാണ് പറഞ്ഞത്. അങ്ങനെയാണ് എന്നെ തിരഞ്ഞെടുക്കുന്നത്. ഞാൻ ആദ്യമായിട്ടാണ് സിനിമയിൽ അഭിനയിക്കുന്നത്. ഒരു ദിവസം, സംവിധായകൻ വിളിച്ചു. ഒരു പ്രേതത്തിന്റെ വേഷമാണ് സിനിമയിൽ ചെയ്യേണ്ടതെന്നും മമ്മൂട്ടിയുടെ സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. വലിയ സന്തോഷമായിരുന്നു അത്.  

akash-bramayugam

മേക്കപ്പിന് ആറു മണിക്കൂർ

ഒറ്റപ്പാലത്ത് ഒറ്റ ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ആറു മണിക്കു തുടങ്ങിയ മേക്കപ്പ് 12 മണിക്കാണ് പൂർത്തിയായത്. മേക്കപ്പ് ഇട്ടു കണ്ണാടിയിൽ മുഖം കണ്ടപ്പോൾ ചെറിയൊരു പേടി തോന്നി. വലിയ സെറ്റ്... നിറയെ ആളുകൾ. അഭിനയിക്കാൻ ചെറിയൊരു പേടി ഉണ്ടായിരുന്നു. മൂവ്മെന്റ്സ് പറഞ്ഞു തരാൻ റംസാൻ ഉണ്ടായിരുന്നു. ഫ്ലെക്സിബിൾ ആയ അഞ്ചു മൂവ്മെന്റ്സ് ചെയ്യാനാണ് പറഞ്ഞത്. അതിലൊരെണ്ണം സിനിമയിൽ ഉപയോഗിച്ചു. ഷൂട്ട് കഴിഞ്ഞ്, മേക്കപ്പ് മാറ്റിയതിനു ശേഷമാണ് മമ്മൂക്കയെ കണ്ടത്. അദ്ദേഹം ഞാൻ അഭിനയിച്ചത് കണ്ടില്ലായിരുന്നു. അതുകൊണ്ട്, എന്റെ കാര്യങ്ങൾ മാത്രമാണ് അന്വേഷിച്ചത്. പേരും വീടുമൊക്കെ ചോദിച്ചു. ഒരുമിച്ച് ഫോട്ടോ എടുത്തു. 

akash-chathan3

ഹൊറർ വേഷത്തിന്റെ സസ്പെൻസ്

ഒരു സ്കൂൾ കുട്ടിയാണ് ചാത്തന്റെ വേഷം ചെയ്തത് എന്നറിഞ്ഞാൽ ആളുകൾക്ക് പേടി തോന്നിയില്ലെങ്കിലോ എന്നു കരുതി ഈ വേഷത്തിന്റെ കാര്യം ആരോടും പറയരുതെന്ന് ഭ്രമയുഗത്തിന്റെ ടീം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട്, കൂട്ടുകാരോടു പോലും ഒന്നും പറഞ്ഞില്ല. സിനിമ ഒടിടിയിൽ റിലീസ് ചെയ്തതിനു ശേഷം ചാത്തന്റെ വേഷം ചെയ്ത ആർടിസ്റ്റിനെ വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് ഇപ്പോൾ എന്നെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ വന്നു തുടങ്ങിയത്. സ്കൂളിലെ കൂട്ടുകാരോട് ഇപ്പോഴാണ് പറഞ്ഞത്. എന്നെ സാധാരണ രൂപത്തിൽ കാണുമ്പോൾ പാവമായി തോന്നും. പക്ഷേ, സിനിമയിൽ കണ്ടപ്പോൾ ഹൊറർ ആയി തോന്നിയെന്നാണ് കൂട്ടുകാർ പറഞ്ഞത്. 

കുടുംബം

കൊട്ടാരക്കര ഓടനവട്ടമാണ് സ്വദേശം. തൃക്കണമംഗൽ എസ്.കെ.വി.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മ ദിവ്യ ഓടനവട്ടത്ത് ധന്യ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നു. ചേട്ടൻ അദ്വൈത് പത്തിലാണ്.

English Summary:

Child actor Akash Chandran about Bramayugam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com