തക്കാളിപ്പെട്ടിയും തെർമോക്കോളും: യൂട്യൂബറുടെ പരിഹാസത്തിന് മറുപടിയുമായി ‘തങ്കമണി’ ആര്‍ട് ഡയറക്ടര്‍
Mail This Article
ദിലീപ് ചിത്രം ‘തങ്കമണി’യുടെ ആര്‍ട് വര്‍ക്കിനെ പരിഹസിച്ച യുട്യൂബർക്കു മറുപടിയുമായി ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍ മനു ജഗദ്. അനുവദിച്ചു കിട്ടിയ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തു തീർത്ത വർക്ക് ആയിരുന്നു ‘തങ്കമണി’ സിനിമയിലേതെന്നു മനു പറയുന്നു. ചെയ്യുന്ന തൊഴിലിനോട് കഴിയുന്നതും നീതി പുലർത്താൻ ശ്രമിക്കാറുണ്ടെന്നും കൂടെ പ്രവർത്തിച്ചവരുടെ വിഷമം കണ്ടില്ലെന്നു വയ്ക്കാൻ പറ്റാത്തതുകൊണ്ടാണ് ഈ മറുപടിയെന്നും മനു ജഗദ് കുറിച്ചു. സിനിമയ്ക്കായി തയാറാക്കിയ സെറ്റ് വർക്കുകളുടെ ചിത്രങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
‘തങ്കമണി’ സിനിമയുടെ ഓൺലൈന്‍ റിവ്യുവിലാണ് ഒരു യൂട്യൂബർ കലാസംവിധാനത്തെ വിമർശിച്ചെത്തിയത്. 'കൂതറ ആര്‍ട് വർക്ക് ആണ് സിനിമയിലേത്. തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വച്ചാല്‍ സെറ്റ് ആകില്ല' എന്നായിരുന്നു പരിഹാസം. ഇതിനു മറുപടിയായാണ് മനു ജഗദ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. ‘മിന്നല്‍ മുരളി’, ‘ഭൂതകാലം’ തുടങ്ങി നിരവധി സിനിമകളുടെ കലാ സംവിധാനം മനുവാണ് നിർവഹിച്ചത്.
‘‘തങ്കമണി എന്ന സിനിമയ്ക്കുവേണ്ടി ഞാനും എന്റെ സഹപ്രവർത്തകരും കൂടി എനിക്കനുവദിച്ചു കിട്ടിയ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മാക്സിമം ചെലവ് കുറച്ചു ചെയ്ത തങ്കമണി എന്ന ടൗൺ ഷിപ്പ്.
ചെയ്യുന്ന തൊഴിലിനോട് കഴിയുന്നതും നീതി പുലർത്താൻ ശ്രമിക്കാറുണ്ട്. സമയവും, സാമ്പത്തികവും, കാലാവസ്ഥയും പ്രതികൂലമാവുന്ന സാഹചര്യത്തിലും പെർഫക്ഷന് പ്രാധാന്യം കൊടുത്തുതന്നെയാണ് ചെയ്യാറ്. കാലഘട്ടം കൂടി അടയാളപ്പെടുത്തേണ്ട നിർമിതി ആയതുകൊണ്ട് തെറ്റുകൾ വരാം. അത് ചൂണ്ടി കാണിക്കുന്നതും നല്ല കാര്യമാണ്. സ്വീകാര്യവും ആണ്. എന്നുവച്ച് വിമർശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും ഉണ്ടാക്കാം എന്നാവരുത്.
ഇതൊക്കെ കൂതറ വർക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെർമോക്കോളും അടുക്കി വച്ചാൽ സെറ്റ് ആവില്ലെന്നും പറയുന്നത് കേട്ടു. കുറെ വർഷത്തെ കഠിനാധ്വാനം കൊണ്ടാണ് ഇന്ന് ഈ നിലയിൽ നിൽക്കാൻ പറ്റുന്നത്. അങ്ങനെ നീ പറയുമ്പോഴേക്കും അനുവദിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. നിനക്ക് മനസ്സിലാകില്ല. എനിക്കൊപ്പം വിയർപ്പൊഴുക്കിയ കുറേപ്പേരുണ്ട്. അവരുടെയൊക്കെ വിഷമം കണ്ടില്ലെന്നു വയ്ക്കാൻ പറ്റില്ല,’’ മനു ജഗദിന്റെ വാക്കുകൾ.
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത പീരിഡ് ചിത്രമാണ് ‘തങ്കമണി’.യഥാർഥ കഥയ്ക്കൊപ്പം ഫിക്‌ഷനും ചേർത്താണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തീക്ഷ്ണമായ കണ്ണുകളും നരകയറിയ മുടിയും താടിയുമൊക്കെയായി ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ദിലീപ് എത്തുന്നു.
സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർമീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് നിർമാണം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മലയാളത്തിലെയും തമിഴിലെയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.
അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ഇവർക്കു പുറമെ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സിഎംഎസ് കോളജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.