പ്രഭാസിന്റെ ‘കല്‍ക്കി’ക്കു പകരം ബുക്ക് ചെയ്തത് രാജശേഖറിന്റെ ‘കല്‍ക്കി’; ‘അബദ്ധത്തിൽ ഹൗസ്ഫുള്‍’

Mail This Article
പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’ ജൂണ്‍ 27ന് തിയറ്ററുകളില്‍ എത്താനിരിക്കെ ‘ഹൗസ്ഫുള്ളാ’യി 2019ലെ തെലുങ്ക് ചിത്രം കല്‍ക്കി. അതിനു പിന്നില്‍ രസകരമായ ഒരു കാരണമുണ്ട്. ഓൺലൈൻ ബുക്കിങിലൂടെ പ്രഭാസ് ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ തിരക്കുകൂട്ടുന്നതിനിടയിൽ ആരാധകർക്കു പറ്റിയ ഒരബദ്ധമാണിത്.
‘കല്‍ക്കി 2898 എഡി’യുടെ പ്രീബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ബുക്ക്മൈഷോ വഴി ബുക്ക് ചെയ്ത ആരാധകര്‍ക്കാണ് ഇങ്ങനെയൊരു ‘പണി’ കിട്ടിയത്. രാജശേഖർ നായകനായെത്തിയ 2019 ലെ തെലുങ്ക് ചിത്രം കൽക്കിയുടെ ടിക്കറ്റുകളാണ് ഇവര്‍ ബുക്ക് ചെയ്തത്. ഇതോടെ അഞ്ച് വർഷം മുമ്പിറങ്ങിയ കല്‍ക്കിയുടെ ഒന്നിലധികം ഷോകള്‍ ഹൗസ്ഫുള്‍ ആയി മാറി.
സംഭവത്തില്‍ പ്രതികരിച്ച് നടന്‍ രാജശേഖറും രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി തനിക്ക് ബന്ധമില്ലെന്നാണ് തമാശരൂപേണ അദ്ദേഹം എക്സില്‍ കുറിച്ചത്. ‘‘പ്രിയ പ്രഭാസ്, നാഗാശ്വിന്‍, അശ്വിനിദത്ത്, വൈജയന്തി ഫിലിംസ് നിങ്ങള്‍ക്കെന്‍റെ ആശംസകള്‍. കല്‍ക്കി ചരിത്രം സൃഷ്ടിക്കട്ടെ’’ എന്നും അദ്ദേഹം കുറിച്ചു. രാജശേഖറിന്‍റെ കല്‍ക്കിയുടെ ഇരുപതോളം ഷോകളുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്.
പലരും ടിക്കറ്റ് എടുത്തതിന് ശേഷം മാത്രമാണ് സിനിമ മാറിപ്പോയതായി തിരിച്ചറിഞ്ഞത്. അതേസമയം ഇതു സാങ്കേതിക തകരാർ മൂലം ഉണ്ടായതാണെന്നും കൽക്കിയുടെ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവര്‍ക്കും പുതിയ ചിത്രമായ കൽക്കി 2898 എഡിയുടെ ടിക്കറ്റ് നല്‍കുമെന്നും ബുക്ക്മൈഷോ എക്സില്‍ കുറിച്ചു. ബുക്ക്മൈഷോയിൽ പ്രഭാസ് സിനിമയുടെ പോസ്റ്ററിനു പകരം രാജശേഖറിന്റെ കൽക്കിയുടെ പോസ്റ്റർ വന്നതാണ് ആശയക്കുഴപ്പത്തിനു കാരണമായത്.