ADVERTISEMENT

സിനിമയിലെ വിജയക്കൂട്ടുകെട്ട് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുക എന്ന അപൂര്‍വതയ്ക്ക് സാക്ഷിയായ നാടാണ് കേരളം. പ്രേംനസീര്‍ എന്ന നടനും ശശികുമാര്‍ എന്ന സംവിധായകനും ഒരുമിച്ച് ചെയ്തത് 84 സിനിമകളാണ്. ഇവയില്‍ ഏറെയും സൂപ്പര്‍ഹിറ്റുകളോ മെഗാഹിറ്റുകളോ ആയിരുന്നു. നസീറിന്റെ താരപദവി നിലനിര്‍ത്തുന്നതില്‍ ശശികുമാര്‍ ചിത്രങ്ങള്‍ക്ക് നിർണായക പങ്കാണുളളത്. 

ബുദ്ധിജീവിനാട്യങ്ങള്‍ പാടെ ഒഴിവാക്കി പ്രേക്ഷകര്‍ക്ക് രസിക്കുന്ന പടങ്ങള്‍ ഒരുക്കുന്നതില്‍ താത്പര്യമുളളവരായിരുന്നു ഇരുവരും. അന്നത്തെ മാസ് മസാല പടങ്ങളും കുടുംബചിത്രങ്ങളും ഈ കോംബോയില്‍ പിറന്നു. ഒരേ തരംഗദൈര്‍ഘ്യമുളളവരായിരുന്നു (wavelength) ശശികുമാറും നസീറും. സെറ്റില്‍ ശശികുമാര്‍ ഒരു നിര്‍ദേശം നല്‍കും മുന്‍പെ നസീര്‍ അതു മനസില്‍ കാണും. ശശികുമാര്‍ ഒരു വാചകത്തില്‍ കാര്യം പറഞ്ഞാല്‍ ബാക്കിയുളളത് നസീര്‍ പൂരിപ്പിക്കും. അത്രയ്ക്ക് മാനസികമായ സമാനത ഇരുവര്‍ക്കുമിടയിലുണ്ടായിരുന്നു. സിനിമകളുടെ രസനീയതയിലും വിജയത്തിലും ഈ ഒരുമ പ്രതിഫലിക്കുകയും ചെയ്തു. 

പ്രേംനസീര്‍ കത്തി നില്‍ക്കുന്ന സമയത്താണ് ഈ കോംബോയും നിലനിന്നത്. അന്നത്തെ നസീറിന്റെ തിരക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു. മൂന്ന് ഷിഫ്റ്റുകളില്‍ വരെ ഓടി നടന്ന് അഭിനയിച്ചിരുന്നു. ദിവസത്തില്‍ മൂന്നോ നാലോ മണിക്കൂര്‍ മാത്രമാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. അത്ര തിരക്കിനിടിയിലും ബ്ലാങ്ക് ചെക്ക് പോലെ അദ്ദേഹം ശശികുമാറിന് ഡേറ്റ് നല്‍കിയിരുന്നു. എത്ര വലിയ ഓഫര്‍ വന്നാലും ശശികുമാറിന് ഡേറ്റ് നല്‍കിയിട്ടേ നസീര്‍ മറ്റൊരു സിനിമ ഏറ്റെടുത്തിരുന്നുളളു. പരസ്പരം അത്രയ്ക്ക് വിശ്വാസമായിരുന്നു. സ്‌നേഹബഹുമാനങ്ങളോടെ അവര്‍ പരസ്പരം വിളിച്ചിരുന്നത് 'അസേ' എന്നായിരുന്നു. ആ വിളി പോലും ഇന്‍ഡസ്ട്രിയില്‍ ഹിറ്റായി. പിന്നീട് അക്കാലത്തെ സിനിമാ പ്രസിദ്ധീകരണങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയിലേക്കും പടര്‍ന്നു.

എന്തുകൊണ്ട് ഇങ്ങനെയൊരു കൂട്ടുകെട്ട് രൂപപ്പെട്ടു എന്ന ചോദ്യത്തിന് പില്‍ക്കാലത്ത് ശശികുമാര്‍ നല്‍കിയ ഉത്തരം ഇതായിരുന്നു. 'മനസുകള്‍ തമ്മിലുളള പൊരുത്തം. എനിക്ക് നസീറിനെയും അദ്ദേഹത്തിന് എന്നെയും നന്നായി മനസിലാക്കാന്‍ കഴിയുമായിരുന്നു.'

നസീറും ഷീലയും ഗിന്നസ് ബുക്കും

ഏതാണ്ട് ഇതേ കാലത്താണ് പ്രസിദ്ധമായ ആ താരജോടിയും സംഭവിക്കുന്നത്. നസീര്‍-ഷീല കോംബോയില്‍ പിറന്നത് 130 സിനിമകള്‍. പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് ഈ താരജോടിയുടെയും തുടര്‍ച്ച സംഭവിക്കാന്‍ കാരണം. വ്യക്തിപരമായും അവര്‍ ഒരുമിച്ച് അഭിനയിക്കാന്‍ താത്പര്യപ്പെട്ടിരുന്നതായി അക്കാലത്ത് ഗോസിപ്പുകള്‍ പരന്നിരുന്നു. എന്തായാലും സ്വന്തം കുടുംബം വിട്ട് ആ അടുപ്പം വളരാന്‍ നസീര്‍ തയാറായില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ തമ്മില്‍ അകന്നു എന്നും കഥയുണ്ടായി. അതെന്തായാലും ഇത്രയും സുദീര്‍ഘകാലം ഇത്രയധികം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച താരജോടികള്‍ ലോകസിനിമാ ചരിത്രത്തില്‍ വേറെയുണ്ടായിട്ടില്ല. ഈ അപൂര്‍വത ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. 

sheela-nazir

രണ്ടു വ്യക്തികള്‍ തമ്മിലുളള അഭിനയത്തിലെ ഇഴയടുപ്പമാണ് ഇത്തരം ജോടികളെ പ്രേക്ഷകര്‍ ഏറ്റെടുക്കാനുളള കാരണം. സ്‌ക്രീനില്‍ അവര്‍ പ്രണയജോടികളായി പ്രത്യക്ഷപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തമ്മില്‍ അടുപ്പമുളളതായി കാണികള്‍ക്ക് തോന്നണം. വാസ്തവം അതല്ലെങ്കിലും! അവര്‍ തമ്മില്‍ കാഴ്ചയിലും അഭിനയത്തിലുമുളള പൊരുത്തമാണ് ഇത്തരം കൂട്ടുകെട്ടുകളുടെ വിജയരഹസ്യം. മധു-ശ്രീവിദ്യ, സോമന്‍-ജയഭാരതി, സുകുമാരന്‍-ജലജ, ജയന്‍-സീമ എന്നിങ്ങനെ നിരവധി താരജോടികള്‍ പല കാലഘട്ടത്തിൽ സംഭവിച്ചെങ്കിലും നസീറും ഷീലയും തമ്മിലുളള പൊരുത്തം ഇവയ്‌ക്കൊന്നുമുണ്ടായില്ല. 

നായികാ നായകന്‍മാര്‍ തമ്മില്‍ മാത്രമല്ല സിനിമയുടെ സാങ്കേതിക രംഗങ്ങളിലും ഇത്തരം കൂട്ടുകെട്ടുകളുണ്ട്. ശശികുമാര്‍ സിനിമകളില്‍ സിംഹഭാഗവും എഴുതിയത് എസ്.എല്‍.പുരം സദാനന്ദനായിരുന്നു. അതില്‍ മിക്കതും ഹിറ്റുകളുമായിരുന്നു. ഈ കോംബോയില്‍ വന്ന സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ നിര്‍മ്മാതാക്കളും അത് ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായി. അക്കാലത്ത് പറഞ്ഞു കേട്ട ഒരു കഥയുണ്ട്. എത്ര നല്ല കഥയുമായി ആളുകള്‍ സമീപിച്ചാലും ശശികുമാര്‍ അതെല്ലാം ക്ഷമയോടെ കേള്‍ക്കും. എന്നിട്ട് എന്തെങ്കിലുമൊരു കുഴപ്പം കണ്ടെത്തി കഥാകൃത്തിനെ തിരിച്ചയക്കും. എന്നിട്ട് എസ്.എല്‍.പുരത്തെ വിളിക്കാന്‍ നിർമാതാവിനോട് ആവശ്യപ്പെടും. എസ്.എല്‍.പുരം പറയുന്ന ത്രെഡ് എത്ര പഴക്കം ചെന്നതാണെങ്കിലും സ്വീകരിക്കും. 

പിന്നെന്തിനാണ് മറ്റുളളവരുടെ കഥ കേള്‍ക്കുന്നതെന്ന് ചോദിച്ചവരോട് ശശികുമാറുമായി വ്യക്തിബന്ധം പുലര്‍ത്തുന്ന ഒരാള്‍ പറഞ്ഞതാണ് രസം. അദ്ദേഹം ബോധപൂര്‍വം മറ്റ് എഴുത്തുകാരെ നിരാകരിക്കുന്നതായും ഗ്രൂപ്പ് കളിക്കുന്നതായും നിര്‍മാതാക്കള്‍ക്ക് തോന്നരുത്. അതിനാല്‍ തന്ത്രശാലിയായ ശശികുമാര്‍ പലരുമായും ചര്‍ച്ച നടത്തും. പക്ഷെ ഒടുവില്‍ സിനിമ എഴുതാനുളള നിയോഗം എസ്.എല്‍. പുരത്തിനായിരിക്കും. 

എന്നാല്‍ ഇതിന് ഒരു പൊസിറ്റീവ് വശമുളളതായും പറയുന്നവരുണ്ട്. അതില്‍ പ്രധാനം സംവിധായകന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ അഭിരുചികള്‍ക്കൊത്ത് തിരക്കഥയെഴുതാന്‍ കഴിയുന്നയാള്‍ എന്നതാണ് മാനദണ്ഡം. അതിലുപരി അവര്‍ ഒന്നിച്ചു ചെയ്ത സിനിമകളെല്ലാം ഹിറ്റ്. സിനിമ അന്ധവിശ്വാസങ്ങള്‍ക്ക് വളക്കൂറുളള മണ്ണാണ്. രണ്ടുപേര്‍ ഒരുമിച്ച് നിന്നാല്‍ രാശിയുണ്ടെന്ന് തോന്നിയാല്‍ പിന്നെ ആന പിടിച്ചാലും അവര്‍ പിന്നോട്ട് മാറില്ല. അതാണ് സിനിമയുടെ രീതി. ലക്ഷങ്ങള്‍ മുതലിറക്കുന്ന ഒരു മേഖലയില്‍ ഇത്തരം വിശ്വാസങ്ങള്‍ സ്വാഭാവികമാണ്. എന്തായാലും മലയാളത്തിലെ ആദ്യകാല ക്രിയേറ്റീവ് ജോടികളില്‍ ഏറ്റവും പ്രധാനം എസ്.എല്‍.പുരം-ശശികുമാര്‍ ടീം തന്നെയായിരുന്നു.

ചിലര്‍ക്ക് ചിലര്‍ ചേരും എന്നാണ് ഇതിനെ കെ.ജി.ജോര്‍ജ് വിശേഷിപ്പിച്ചിരുന്നത്. അതിന്റെ രണ്ട് വശങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളപ്രശസ്തി നേടിയ ചെമ്മീന്‍ എന്ന രാമു കാര്യാട്ട് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് എസ്.എല്‍.പുരം സദാനന്ദനായിരുന്നു. എന്നാല്‍ ആ ബന്ധത്തിന് അധികം തുടര്‍ച്ചകളുണ്ടായില്ല. ചെമ്മീനില്‍ സഹസംവിധായകനായിരുന്നു ജോര്‍ജ്. ജോര്‍ജിന്റെ തന്നെ കള്‍ട്ട് ക്ലാസിക്കായ യവനികയുടെ രചനയിലും എസ്.എല്‍.പുരം സഹകരിച്ചിരുന്നു. എന്നാല്‍ സദാനന്ദന്‍ എന്നല്ല ഒരു എഴുത്തുകാരനെയും ജോര്‍ജ് പിന്നീട് ആവര്‍ത്തിച്ചിട്ടില്ല. വൈവിധ്യമായിരുന്നു ജോര്‍ജിന്റെ ഫോകസ് പോയിന്റ്. വാണിജ്യ സിനിമകളുടെ മാത്രം വക്താവായ ശശികുമാറിന് ഇത്തരം ശാഠ്യങ്ങളുണ്ടായിരുന്നില്ല. വിജയം ആവര്‍ത്തിക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

എംടിയും ഹരിഹരനും ശശിയും

എം.ടി.വാസുദേവൻ നായര്‍ക്ക് ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ സജീവശ്രദ്ധയും ഖ്യാതിയും നേടിക്കൊടുത്ത പടം പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവുമായിരുന്നു. എന്നാല്‍ ആ കോംബോയില്‍ പിന്നീട് സിനിമകള്‍ ഉണ്ടായില്ല. കമലഹാസന്‍ മലയാളത്തില്‍ നായകവേഷം ചെയ്ത കന്യാകൂമാരി, ബാലന്‍.കെ.നായര്‍ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഓപ്പോള്‍, കൗമാരക്കാരുടെ വിഹ്വലതകള്‍ പറഞ്ഞ വേനല്‍ക്കിനാവുകള്‍ തുടങ്ങിയ സിനിമകൾ എം.ടി-സേതുമാധവന്‍ കൂട്ടുകെട്ടില്‍ സംഭവിച്ചതാണ്. എന്നാല്‍ അതിനെ ഒരു ഹിറ്റ് ജോടിയായി ആരും പ്രകീര്‍ത്തിച്ചില്ല. ആ ടീമിന് തുടര്‍ച്ചകളുമുണ്ടായില്ല.

mt-hariharan

പൂച്ചസന്ന്യാസി പോലെ ഹാസ്യരസപ്രധാനമായ വാണിജ്യ സിനിമകളില്‍ കുടുങ്ങിക്കിടന്ന ഹരിഹരനിലെ മികച്ച സംവിധായകനെ കണ്ടെത്താന്‍ അവസരമൊരുക്കിയത് എം.ടിയുടെ തിരക്കഥയാണ്. യാദൃച്ഛികമായിരുന്നു ആ കൂട്ടുകെട്ട്. കലാപരമായും വാണിജ്യപരമായും സിനിമകള്‍  വിജയം കണ്ടതോടെ എം.ടി-ഹരിഹരന്‍ ടീം വ്യാപകമായി അംഗീകരിക്കപ്പെട്ടു. വളര്‍ത്തുമൃഗങ്ങള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, നഖക്ഷതങ്ങള്‍, പഞ്ചാഗ്നി, അമൃതം ഗമയ, പരിണയം, വടക്കന്‍വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ എന്നിങ്ങനെ നിരവധി സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു. എന്നാല്‍ ഒരേ സമയം രണ്ട് സംവിധായകരുമായി എം.ടിയുടെ കൂട്ടുകെട്ട് തുടര്‍ന്നു. ഹരിഹരന്റെ ആത്മസുഹൃത്തും കോഴിക്കോട് സ്വദേശിയുമായ ഐ.വി.ശശിക്കു വേണ്ടിയാണ് എംടി ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയത്. തൃഷ്ണ, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഉയരങ്ങളില്‍, അനുബന്ധം, അക്ഷരങ്ങള്‍, അടിയൊഴുക്കുകള്‍, അഭയം തേടി, രംഗം, ഇടനിലങ്ങള്‍...അങ്ങനെ പോകുന്നു പട്ടിക. 

എണ്ണം കൊണ്ട് ഐ.വി.ശശിയാണ് മുന്നിലെങ്കിലും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഹരിഹരനും എം.ടിയും തമ്മിലുളള കൂട്ടുകെട്ടാണ്. അതിന് കാരണമായി വിലയിരുത്തപ്പെടുന്നത് മേക്കിങ്ങിൽ ഹരിഹരന്‍ പുലര്‍ത്തുന്ന കയ്യടക്കവും കയ്യൊതുക്കവും ദൃശ്യാത്മകമായ ആഴവുമായിരിക്കാം. ശശിയും മികച്ച രീതിയില്‍ ദൃശ്യവത്കരിച്ചിട്ടുണ്ടെങ്കിലും ഹരിഹരന്‍ പുലര്‍ത്തിയ അവധാനത ശശിയുടെ സിനിമകളില്‍ കണ്ടില്ല. വടക്കന്‍ വീരഗാഥയിലും പഞ്ചാഗ്നിയിലും ഒരു സംവിധായകന്‍ എന്ന നിലയില്‍ ഹരിഹരന്‍ വലിയ ഉയരങ്ങള്‍ താണ്ടുന്നത് കാണാം. എന്നാല്‍ എണ്ണം കൊണ്ട് അധികം സിനിമകള്‍ ചെയ്തില്ലെങ്കിലും ഭരതന്‍-എം.ടി കൂട്ടുകെട്ടിലും മികച്ച സിനിമകള്‍ ഉണ്ടായിട്ടുണ്ട്. വൈശാലിയും താഴ്‌വാരവും ഇന്നും ചര്‍ച്ചകളില്‍ സജീവമായി നില്‍ക്കുന്നു.

ദിലീപ്- കാവ്യ : ജീവിതത്തിലും ഒന്നിച്ച ജോടികള്‍

മലയാളം കണ്ട എക്കാലത്തെയും വലിയ വിഷ്വലൈസറായ ഭരതന്‍ പത്മരാജനുമായി ചേര്‍ന്നപ്പോഴൊക്കെ മികച്ച സിനിമകള്‍ സംഭവിച്ചിട്ടുണ്ട്. രതിനിര്‍വേദവും തകരയും ലോറിയും ഒഴിവുകാലവും മറ്റും എന്നും ആദരിക്കപ്പെടുന്ന സിനിമകളാണ്. ലോഹിതദാസുമായി ചേര്‍ന്നും ഭരതന്‍ ഒന്നാംതരം സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. അമരം, പാഥേയം, വെങ്കലം...എന്നാല്‍ ഭരതന്റെ കരിയറില്‍ ഏറ്റവുമധികം സിനിമകള്‍ സംഭവിച്ചിട്ടുളളത് ജോണ്‍പോളുമായി ചേര്‍ന്നാണ്. ഓര്‍മയ്ക്കായ്, മര്‍മ്മരം, പാളങ്ങള്‍, ചാമരം, മാളൂട്ടി, കേളി, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കാതോട് കാതോരം, സന്ധ്യമയങ്ങും നേരം...എന്നിങ്ങനെ ഭരതനെ ഇന്ന് കാണുന്ന തലത്തിലേക്ക് ഉയര്‍ത്തിയ ഒട്ടുമിക്ക സിനിമകളും ഒരുക്കിയത് ജോണ്‍പോളിന്റെ തിരക്കഥയിലായിരുന്നു. മാനസികമായി അവര്‍ തമ്മില്‍ അസാധാരണമായ ഇഴയടുപ്പം നിലനിന്നിരുന്നു എന്നതും ഒരു കാരണമാവാം.

shalini

ഭരതന്‍ ആഗ്രഹിക്കുന്ന കഥാന്തരീക്ഷവും ദൃശ്യപശ്ചാത്തലവും ഒരുക്കി അദ്ദേഹത്തിന്റെ ആശയാഭിലാഷങ്ങള്‍ക്കൊത്ത് രചന നിര്‍വഹിക്കുന്ന എഴുത്തുകാരനായിരുന്നു ജോണ്‍പോള്‍. പത്മരാജനും എം.ടിയും ലോഹിയും മറ്റും സംവിധായകര്‍ കൂടിയാണ്. ക്രിയാത്മകതയുടെ തലത്തില്‍ അവര്‍ക്ക് കുറെക്കൂടി സ്വതന്ത്രാസ്തിത്വവും വ്യക്തിത്വവും ഉണ്ടായിരുന്നു എന്നതും ഒരു കാരണമാവാം.

എംടിക്കും പത്മരാജനുമൊപ്പം ഗംഭീരസിനിമകള്‍ ഒരുക്കിയ സംവിധായനാണ് ഐ.വി.ശശി. കാണാമറയത്തും ഇതാ ഇവിടെ വരെയും ശശി-പത്മരാജന്‍ കൂട്ടുകെട്ടിലെ വിസ്മയങ്ങളാണ്. എന്നാല്‍ കൈകേയി, കരിമ്പിന്‍പൂവിന്നക്കരെ എന്നീ പടങ്ങള്‍ ശ്രദ്ധേയമായില്ല. ടി.ദാമോദരനുമായി ചേര്‍ന്നതോടെയാണ് ശശിയുടെ രാജയോഗം ആരംഭിക്കുന്നത്. 27 സിനിമകളിലാണ് അവര്‍ ഒരുമിച്ചത്. അതില്‍ ഈനാടും മീനും അങ്ങാടിയും തുഷാരവും ആവനാഴിയും ഇന്‍സ്‌പെക്ടര്‍ ബല്‍റാമും മറ്റും ചരിത്രവിജയങ്ങളായി. അക്കാലത്ത് ഏറ്റവും വലിയ കലക്ഷന്‍ കൊണ്ടു വന്നു ഈ ജനപ്രിയ സിനിമകള്‍. 

ഒരുപാട് ജോടികളെ വാര്‍ത്തെടുത്ത സംവിധായകന്‍ കൂടിയാണ് ശശി. ജയന്‍-സീമ താരജോടികള്‍ വിജയത്തിന്റെ മറുവാക്കായി അക്കാലത്ത് പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. അങ്ങാടിയും മീനും ചാകരയും അടക്കം എത്രയോ സിനികള്‍. ജയന്റെ അകാലവിയോഗത്തോടെ രതീഷ്-സീമ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ശശി ശ്രമിച്ചെങ്കിലും പ്രേക്ഷകര്‍ അത് ഉള്‍ക്കൊണ്ടില്ല. പിന്നീട് വന്ന മമ്മൂട്ടി-സീമ കോംബോ നിരവധി വിജയചിത്രങ്ങളില്‍ ഒന്നിച്ചു. 

എന്നാല്‍ പ്രായം സീമയുടെ രൂപഭാവങ്ങളെ ബാധിക്കുകയും മമ്മൂട്ടിയുടെ നിത്യയൗവനം തുടരുകയും ചെയ്തതോടെ നായികാ പദവിയില്‍ മാറ്റം വന്നു. ശോഭനയായിരുന്നു പിന്നീട് അദ്ദേഹത്തിനൊപ്പം കൂടുതല്‍ പടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മമ്മൂട്ടിയുടെ മാത്രം നായികയായി ഒതുങ്ങിക്കൂടിയില്ല ശോഭന. മോഹന്‍ലാലിനൊപ്പവും അവര്‍ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു. പക്ഷെയിലും നാടോടിക്കാറ്റിലും തേന്മാവിന്‍ കൊമ്പത്തിലും മിന്നാരത്തിലുമെല്ലാം ആ കോംബോ പ്രേക്ഷകര്‍ വലിയ തോതില്‍ ഏറ്റെടുത്തു. ഏത് നായകനൊപ്പവും ചേര്‍ന്നു പോകുന്ന രൂപഭാവങ്ങളായിരുന്നു ശോഭനയുടേത്. മണിച്ചിത്രത്താഴില്‍ സുരേഷ് ഗോപിക്കൊപ്പവും മേലേപ്പറമ്പില്‍ ആണ്‍വീട്ടില്‍ ജയറാമിനൊപ്പവും പ്രത്യക്ഷപ്പെട്ടപ്പോഴും അതാണ് ഏറ്റവും നല്ല ജോടി എന്ന് തോന്നിപ്പിക്കും വിധം അഭിനയിക്കാന്‍ ശോഭനയ്ക്ക് കഴിഞ്ഞിരുന്നു.

നസീറിനും ഷീലയ്ക്കും ശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു ജോടി ദിലീപ്- കാവ്യാ മാധവനായിരുന്നു. മഞ്ജു വാരിയരും നവ്യാ നായരും ഭാവനയും അടക്കം പല നായികമാര്‍ക്കൊപ്പം ദിലീപ് അഭിനയിച്ച് ഹിറ്റായിട്ടുണ്ടെങ്കിലും ദിലീപിന് ഏറ്റവും യോജിക്കുന്ന നായികയായി തോന്നിപ്പിച്ചത് കാവ്യ ആയിരുന്നു. വലിയ പ്രായാന്തരം ഉണ്ടായിട്ടും അവര്‍ തമ്മില്‍ രൂപഭാവങ്ങള്‍ കൊണ്ട് അസാധാരണമായ ചേര്‍ച്ചയുണ്ടായിരുന്നു. ഈ കെമിസ്ട്രി അതിന്റെ  പാരമ്യതയില്‍ എത്തിയത് മീശ മാധവന്‍, തിളക്കം എന്നീ സിനിമകളിലായിരുന്നു. എന്തായാലും സിനിമയിലെ ജോടികള്‍ ഒടുവില്‍ ജീവിതത്തിലും ഒന്നിച്ചു. 

അനിയത്തിപ്രാവ്, നിറം എന്നീ സിനിമകളിലുടെ തരംഗമായ കുഞ്ചാക്കോ ബോബന്‍- ശാലിനി ടീമിന് ശാലിനി വിവാഹിതയായി അഭിനയം നിര്‍ത്തിയതോടെ കര്‍ട്ടന്‍ വീണു. നായികാ നായകന്‍മാരല്ലാത്ത മറ്റൊരു ടീം കൂടി സിനിമയില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. മമ്മൂട്ടി-കുട്ടി-പെട്ടി എന്ന് വിശേഷിപ്പിക്കപ്പെട്ട ആ ടീമില്‍ ബേബി ശാലിനിയും നടന്‍ മമ്മൂട്ടിയുമായിരുന്നു. ചക്കരയുമ്മ, ഒരു നോക്കു കാണാന്‍. കൂട്ടിനിളംകിളി, മുഹൂര്‍ത്തം 11.30 എന്നീ സിനിമകളുടെ മഹാവിജയത്തോടെ ബേബി ശാലിനി മമ്മൂട്ടിയുടെ മകളായി വരുന്ന സിനിമകള്‍ക്കായി പറയുന്ന പ്രതിഫലം നല്‍കി നിര്‍മാതാക്കള്‍ ക്യൂ നിന്നു. കുടുംബപ്രേക്ഷകര്‍ ഇരുകയ്യും നീട്ടി അതേറ്റെടുക്കുകയും ചെയ്തു. 

ജോഷി-മമ്മൂട്ടി ടീമും എടുത്തുപറയേണ്ടതാണ്. ഒരേസമയം മമ്മൂട്ടിയെ നായകനാക്കി ഏറ്റവുമധികം പടങ്ങള്‍ ഒരുക്കിയത് ഐ.വി.ശശിയും ജോഷിയും പി.ജി. വിശ്വംഭരനുമാണെങ്കിലും മമ്മുട്ടിയുടെ കരിയറില്‍ നിർണായകമായ ന്യൂഡല്‍ഹിയും നിറക്കൂട്ടുമെല്ലാം ജോഷിയുടെ സംഭാവനകളാണ്.  സംവിധായകനും നടിയും തമ്മിലുളള ടീം വര്‍ക്കും മറ്റൊരു അപൂര്‍വതയാണ്. ഐ.വി. ശശി കണ്ടെത്തിയ നടി സീമയെ അദ്ദേഹം ജീവിതസഖിയാക്കിയ ശേഷവും തന്റെ മിക്കവാറും എല്ലാ സിനിമകളിലും നായികയാക്കി. സീമയ്ക്ക് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ ലഭിച്ചതും ശശി ചിത്രങ്ങളിലൂടെയായിരുന്നു.

സിബി മലയില്‍ കണ്ടെത്തിയ ലോഹി

വിപണനവിജയത്തിനൊപ്പം കലാപരമായ പൂര്‍ണതയുളള സിനിമകളും ഒരുക്കിയ വേറിട്ട കൂട്ടായിരുന്നു സിബി മലയില്‍- ലോഹിതദാസ്. സിബി- ലോഹി  കൂട്ടുകെട്ട് യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല. സിബി കണ്ടെത്തിയ എഴുത്തുകാരനായിരുന്നു ലോഹി. നാടകകൃത്തായ ലോഹിയെക്കുറിച്ച് തിലകന്‍ പറഞ്ഞ് അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒരു ത്രിസന്ധ്യയ്ക്ക് ചാലക്കുടിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ട സിബി മലയില്‍ തിരക്കഥ എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു.

സിബി മലയിൽ, ലോഹിതദാസ് (ഫയൽ ചിത്രം ∙ മനോരമ)
സിബി മലയിൽ, ലോഹിതദാസ് (ഫയൽ ചിത്രം ∙ മനോരമ)

ഈ കോംബോയിലെ ആദ്യചിത്രമായ തനിയാവര്‍ത്തനം ഹിറ്റായി എന്ന് മാത്രമല്ല കാതലുളള സിനിമയെന്ന് വ്യാപകമായി പേരെടുക്കുകയും ചെയ്തു. പിന്നീട് ഈ കൂട്ടുകെട്ടില്‍ ഒട്ടനവധി മികച്ച സിനിമകള്‍ പിറന്നു. കിരീടം, ഭരതം, തനിയാവര്‍ത്തനം, കമലദളം, ദശരഥം, വളയം, ഹിസ് ഹൈനസ് അബ്ദുളള... എല്ലാം വിജയത്തിനൊപ്പം നിരൂപക ശ്രദ്ധയും പുരസ്‌കാരങ്ങളും സ്വന്തമാക്കി. മലയാളത്തിലെ ഏറ്റവും മികച്ച ഒരുപിടി സിനിമകള്‍ രൂപപ്പെടാന്‍ ഈ കോംബോ നിമിത്തമായി.

എന്നാല്‍ മൂല്യവത്തായ ഇത്തരം ഒത്തുചേരലുകള്‍ക്ക് പിന്നീട് തുടര്‍ച്ചയുണ്ടാവുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ദിലീഷ് പോത്തന്‍ - ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടില്‍ പുറത്തു വന്ന മൂന്ന് സിനിമകളും ഗുണമേന്മയില്‍ ചരിത്രമായി. എഴുത്തിലും സാക്ഷാത്കാരത്തിലും പതിവ് വഴികളെ അതിലംഘിച്ച് നൂതനമായ സമീപനങ്ങള്‍ സ്വീകരിച്ച സിനിമകളായിരുന്നു മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും  മറ്റും.

lal-joshiy

എന്നാല്‍ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കൂട്ടുകെട്ടുകളിലൊന്ന് ജോഷി- ഡെന്നിസ് ജോസഫ് ടീമായിരുന്നു. കലൂര്‍ ഡെന്നിസിനൊപ്പം നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ ജോഷിയുടെ കരിയര്‍ പാടെ മാറി മറിയുന്നത് ഡെന്നിസ് ജോസഫുമായി കൂട്ടുചേര്‍ന്നതോടെയാണ്. ഏതൊരു സംവിധായകനും കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന തിരക്കഥകള്‍ കൊണ്ട് ഡെന്നിസ് ജോഷിയിലെ സംവിധായകനെ മറ്റൊരു വിതാനത്തിലേക്ക് കൊണ്ടു പോയി. നിറക്കൂട്ടും ശ്യാമയും ന്യൂഡല്‍ഹിയും മറ്റും ക്ലാസ് ടച്ചുളള മാസ് പടങ്ങള്‍ എന്ന ലേബല്‍ കരസ്ഥമാക്കി. നായര്‍ സാബ്, സംഘം, നമ്പര്‍ 20 മദ്രാസ് മെയില്‍ ഇതെല്ലാം കാമ്പുളള വാണിജ്യസിനിമകളായി തല ഉയര്‍ത്തി നിന്നു. ഡെന്നിസുമായി കൂട്ടു ചേരും വരെ  സാധാരണ മാസ് മസാലപ്പടങ്ങളുടെയും സാദാ കുടുംബചിത്രങ്ങളുടെയും  വക്താവായി നിലകൊണ്ട ജോഷി സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് തന്റെ സിനിമള്‍ക്ക് നവഭാവുകത്വം നല്‍കി എന്നതും ശ്രദ്ധേയമാണ്. ശരിക്കും കൂട്ടുകെട്ടിന്റെ വിജയം എന്ന് പറയാവുന്ന സിനിമകളായിരുന്നു ഈ കോംബോയില്‍ സംഭവിച്ചത്. 

സുരേഷ് ബാബുവും തമ്പി കണ്ണന്താനവും ഡെന്നിസുമായി കൈകോര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഡെന്നിസിന്റെ തലത്തിലേക്ക് ഉയരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വണ്‍ടൈം വണ്ടേഴ്‌സ് എന്ന് വിശേഷിപ്പിക്കാവുന്ന സിംഗിള്‍ ഹിറ്റുകള്‍ സംഭവിച്ചു എന്ന് മാത്രം. രാജാവിന്റെ മകനും കോട്ടയം കുഞ്ഞച്ചനും.

വേറിട്ട കൂട്ടുകെട്ടുകള്‍

വേറിട്ട ഒരു കൂട്ടുകെട്ട് കൂടി ഇതിനിടയില്‍ സമാന്തരമായി സംഭവിച്ചു കൊണ്ടിരുന്നു. ഫാസില്‍-മധുമുട്ടം എന്ന അപൂര്‍വ സമന്വയമായിരുന്നു ഇത്. മധുവിന്റെ കഥയെ ആസ്പദമാക്കി ഫാസില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ തിയറ്ററില്‍ വിജയിച്ചില്ലെങ്കിലും പുതുമയുളള അനുഭവമായിരുന്നു. വര്‍ഷം 16 എന്ന പേരില്‍ ഇതേ കഥ ഫാസില്‍  തമിഴില്‍ റീമേക്ക് ചെയ്ത് വന്‍വിജയമാക്കി.

പിന്നീട് മധുവിന്റെ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന കഥയ്ക്കും ഫാസില്‍ തിരക്കഥയെഴുതിയെങ്കിലും സംവിധാനച്ചുമതല കമലിന് നല്‍കി. ഈ സിനിമയും തിയറ്ററില്‍ പരാജയം നേരിട്ടെങ്കിലും മികച്ച സിനിമകളുടെ ഗണത്തില്‍ സ്ഥാനം പിടിച്ചു. മണിച്ചിത്രത്താഴ്, ഹരികൃഷ്ണന്‍സ് എന്നിങ്ങനെ ഈ ടീമിന്റേതായി വന്ന രണ്ടു ചിത്രങ്ങളും നാഴികക്കല്ലുകളായി. 4 സിനിമകള്‍ കൊണ്ട് 40 സിനിമകളുടെ ഇഫക്ട് സൃഷ്ടിച്ച ജോടികളായി തീര്‍ന്നു ഇവര്‍.

ഇതിനിടയില്‍ മലയാള സിനിമ കണ്ട ഏറ്റവും ശ്രദ്ധേയമായ കൂട്ടുകെട്ടുകളിലൊന്നായിരുന്നു സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍. ഇവരുടെ സിനിമകള്‍ പലതിലും മോഹന്‍ലാല്‍ ഒരു സഹകാരിയായിരുന്നുവെങ്കിലും പിന്നീട് അത് ജയറാമിലും മറ്റും എത്തി. അപ്പോഴും എഴുത്തുകാരനും സംവിധായകനും മാറിയില്ല. 

ഗ്രാമീണാന്തരീക്ഷത്തില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ കഥനത്തിലൂടെ മികച്ച എന്റർടെയ്നറുകള്‍ ഒരുക്കുമ്പോഴും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ മറയില്ലാതെ വരച്ചു കാട്ടിയ ആ സിനിമകള്‍ സവിശേഷ സ്ഥാനം കയ്യടക്കി. സന്ദേശം, വരവേല്‍പ്പ്, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്മനസുളളവര്‍ക്ക് സമാധാനം, തലയണമന്ത്രം എന്നിങ്ങനെ നിരവധി സിനിമകള്‍ ഇവര്‍ ഒരുക്കി. 

ആക്ഷന്‍ ഓറിയന്റഡായ നിരവധി ബ്ലോക്ക് ബസ്റ്റര്‍ സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷാജി കൈലാസ് -രഞ്ജി പണിക്കര്‍ ടീമും ഒരു കാലഘട്ടത്തെ കയ്യിലെടുത്ത സൗഹൃദക്കൂട്ടായ്മയാണ്. ഷാജി പിന്നീട് രഞ്ജിത്തുമായി ചേര്‍ന്നും വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ചു. നരസിംഹവും ആറാം തമ്പരാനും സിനിമാ ചരിത്രത്തിലെ തന്നെ വമ്പന്‍ ഹിറ്റുകളായി. 

വിജയ പരമ്പരകള്‍ സൃഷ്ടിച്ച മറ്റൊരു കൂട്ടുകെട്ടായിരുന്നു ദിലീപ്-ഉദയകൃഷ്ണ-സിബി.കെ.തോമസ്. ഒരു നടനും തിരക്കഥാകൃത്തുക്കളും തമ്മിലുളള കൂട്ടുകെട്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. സംവിധായകര്‍ മാറി മാറി വന്നപ്പോഴും ഈ ടീം കൃത്യമായി നിലനിന്നു. ജോഷിയുടെ റണ്‍വേ, ലയണ്‍, ട്വന്റി ട്വന്റി എന്നീ സിനിമകളിലും ജോണി ആന്റണിയുടെ സി.ഐ.ഡി മൂസയിലും ജോസ് തോമസിന്റെ മായാമോഹിനിയിലുമെല്ലാം ദിലീപ്-ഉദയന്‍-സിബി ടീം വിജയത്തിന്റെ കൂട്ടുകാരായി. 

എന്നാല്‍ ക്ലീഷേ തീമുകളും പഴയ ഫോര്‍മാറ്റിലുളള തമാശകളും കൊണ്ട് കളം പിടിച്ചിരുന്ന ഈ ടീമിന് മാറിയ കാലത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. ഒരു കാലത്ത് മലയാള വാണിജ്യ സിനിമ കൈവെളളയില്‍ കൊണ്ടു നടന്ന ഈ ടീം ക്രമേണ അപ്രസക്തമാകുന്നതാണ് പിന്നീട് നാം കണ്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം പോക്കിരിരാജ, മധുരരാജ, പുലിമുരുകന്‍ എന്നീ വന്‍ഹിറ്റുകളിലുടെ ഒരു പുതിയ കൂട്ടുകെട്ട് രൂപം കൊണ്ടു. വൈശാഖ്- ഉദയകൃഷ്ണ. മോണ്‍സ്റ്റര്‍ എന്ന പടത്തിന്റെ വന്‍പരാജയത്തോടെ പുതിയ കാലത്തെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത കൂട്ടുകെട്ട് എന്ന വിമര്‍ശനവും ഇവര്‍ക്ക് നേരിടേണ്ടി വന്നു.

ഏത് ടീമിനും ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ടെന്ന സത്യത്തിന് അടിവരയിടുന്ന ഒന്നാണ് ഐ.വി.ശശി- ടി.ദാമോദരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബല്‍റാം വേഴ്‌സസ് താരാദാസ് പോലുളള സിനിമകള്‍. വിജയം എക്കാലരും ഒരേ ടീമിനെ അനുഗ്രഹിക്കണമെന്നില്ല. കാലം മാറുമ്പോള്‍ സ്വാഭാവികമായും കഥ മാറുന്നു. പിന്നാലെ അവതരണ രീതികളും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സിദ്ദീക്ക് ലാല്‍. സംവിധായക ജോടികള്‍/ ഇരട്ട സംവിധായകര്‍ എന്ന നിലയിലായിരുന്നു അവരുടെ കൂട്ടായ്മ. അഞ്ച് ബമ്പര്‍ ഹിറ്റ് സിനിമകളിലൂടെ ചരിത്രം സൃഷ്ടിച്ച ഈ കൂട്ടുകെട്ട് പിരിഞ്ഞ് തനിച്ച് സിനിമകള്‍ ചെയ്തപ്പോള്‍ പ്രതീക്ഷിച്ചതു പോലെ വിജയമായില്ല. കിങ് ലയറിലൂടെ ഒന്നിക്കാന്‍ ശ്രമിച്ചെങ്കിലും ഇരട്ട സംവിധായകരായി നിന്ന കാലത്തെ പഞ്ച് ഉണ്ടായില്ല. മറ്റൊരു ഹിറ്റ് ജോടിയായ അനില്‍-ബാബുവിനും ഇത് തന്നെയായിരുന്നു സ്ഥിതി. ഒറ്റയ്ക്ക് നിന്നപ്പോള്‍ അനുഗ്രഹിച്ച വിജയം തനിച്ചു നിന്നപ്പോള്‍ ഓര്‍മ്മയായി. 

സുരേഷ് ഗോപിക്കും രൺജി പണിക്കർക്കുമൊപ്പം ഷാജി കൈലാസ്
സുരേഷ് ഗോപിക്കും രൺജി പണിക്കർക്കുമൊപ്പം ഷാജി കൈലാസ്

എന്തായാലും മാറിയ കാലത്തെ ടീംവര്‍ക്കിന്റെ രീതികള്‍ ഏതെങ്കിലും ഒരു താരജോടിയിലോ എഴുത്തുകാരന്‍ - സംവിധായകന്‍ ബന്ധത്തിലോ ഒതുങ്ങി നില്‍ക്കുന്നില്ല. പകരം അത് മറ്റൊരു തലത്തിലേക്ക് വ്യാപിച്ചു കിടക്കുകയാണ്. അതിന്റെ നാള്‍വഴികളിലൂടെ ഒന്ന് സഞ്ചരിക്കാം.ഇന്ന് നവസിനിമയെ ഭരിക്കുന്നത് ഒരു സംഘം ആളുകളുടെ കൂട്ടായ്മയാണ്. ഓരോ ടീമിലും അഭിനേതാക്കള്‍, എഴുത്തുകാര്‍, എഡിറ്റര്‍, ക്യാമറാമാന്‍, സംവിധായകര്‍ എല്ലാം ഉണ്ടാവാം. പലപ്പോഴും നിര്‍മ്മാണവും ഈ കൂട്ടായ്മ തന്നെയാവും നിര്‍വഹിക്കുക. സ്വാഭാവികമായും ലാഭം മുഴുവന്‍ കൂട്ടായ്മയിലേക്ക് ചെല്ലും. സിനിമ മോശമായാല്‍ ചീത്തപ്പേരും ധനനഷ്ടവും. ഇതിനിടയില്‍ സാങ്കേതിക വിദഗ്ധര്‍ അഭിനയിക്കുന്നതും അഭിനേതാക്കള്‍ സംവിധാനം ചെയ്യുന്നതുമെല്ലാം കാണാം.

എഡിറ്ററായിരുന്ന സംഗീത് പ്രതാപ് പ്രേമലുവില്‍ ഉപനായകനായപ്പോള്‍  സഹസംവിധായകനായിരുന്ന സൗബീന്‍ നടനായും പിന്നീട് പറവ എന്ന സിനിമയിലുടെ സംവിധായകനായും അരങ്ങേറി. അല്‍ത്താഫ് അഭിനയത്തിലും സംവിധാനത്തിലും മാറി മാറി പയറ്റുന്നു. ദീര്‍ഘകാലം നിലനില്‍ക്കുന്ന നായികമാര്‍ ഇല്ലാതായതോടെ സമകാലീന സിനിമയില്‍ താരജോടികള്‍ അപൂര്‍വമായി. പുതുതലമുറ നായകന്‍മാര്‍ക്കും സംവിധായകര്‍ക്കും ഓരോ സിനിമയിലും പുതിയ കുട്ടികളെ പരീക്ഷിക്കുന്നതിലാണ് കൗതുകം. 

സാങ്കേതിക രംഗത്തും ജോടികള്‍

സംവിധായകന്റെ കണ്ണാണ് ക്യാമറാമാന്‍ എന്ന് പറയാറുണ്ട്. ശശികുമാറിന്റെ നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് വിപിന്‍ദാസാണ്. സംവിധായകന്‍ ഉദ്ദേശിക്കുന്നത് അയാള്‍ പറയാതെ തന്നെ ക്യാമറാമാന്‍  തിരിച്ചറിയുന്നു എന്ന തലത്തില്‍ അത്ര സുദൃഢമായിരുന്നു ആ ബന്ധം. എന്നാല്‍ ഈ ജനുസിലെ ഏറ്റവും വലിയ കോംബോ സത്യന്‍ അന്തിക്കാട്-വിപിന്‍മോഹന്‍ ടീമായിരുന്നു. സത്യന്റെ 32 സിനിമകള്‍ക്കാണ് വിപിന്‍മോഹന്‍ ഛായാഗ്രഹണം നിര്‍വഹിച്ചത്. ഇന്നും തുടരേണ്ട ആ ടീം വിപിന്‍മോഹന്‍ സംവിധാന രംഗത്തേക്ക് വഴി മാറിയതോടെ അവസാനിക്കുകയായിരുന്നു. 

രജനീകാന്തും കമലഹാസനും അടക്കം എത്ര വലിയ സൂപ്പര്‍താരവും ഡേറ്റ് നല്‍കാന്‍ കാത്തു നില്‍ക്കുന്ന കാലത്തും അത് കണ്ടമട്ട് നടിക്കാതെ ഛായാഹ്രകനായ സന്തോഷ് ശിവന്റെ ഡേറ്റിനായി കാത്തിരുന്ന ആളാണ് മണിരത്‌നം. റോജ, ദളപതി, ദില്‍സേ, ഇരുവര്‍...എന്നിങ്ങനെ മണിയുടെ ലാന്‍ഡ് മാര്‍ക്ക് സിനിമകളൊക്കെ ചെയ്തത് സന്തോഷ് ശിവനാണ്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ കൂട്ടുകെട്ട്. സമാനമായ തലത്തില്‍ വിശേഷിപ്പിക്കാനാവില്ലെങ്കിലും പ്രിയദര്‍ശന്റെ ആദ്യകാല സിനിമകള്‍ ഒന്നടങ്കം ക്യാമറയില്‍ പകര്‍ത്തിയ എസ്.കുമാറും പ്രിയനും തമ്മിലുളള കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് മറക്കാവുന്നതല്ല. ഹോളിവുഡ് സിനിമകളുടെ പാറ്റേണിലുളള ലൈറ്റിങ്ങിം ഫ്രെയിമിങ്ങും ക്യാമറാ മൂവ്‌മെന്റ്‌സും കളര്‍ടോണും പരീക്ഷിച്ച കിലുക്കം അടക്കമുളള സിനിമകള്‍ ഈ കോംബോയില്‍ പിറന്നതാണ്. 

സംവിധായകര്‍ തങ്ങളുടെ മനസിനിണങ്ങുന്ന ഫിലിം എഡിറ്റര്‍മാരെ സ്ഥിരമായി പ്രയോജനപ്പെടുത്തുന്ന രീതിയും പതിവാണ്. അക്കൂട്ടത്തിലെ ഒരു അപൂര്‍വതയാണ് അമ്പിയണ്ണന്‍ എന്ന് പരക്കെ അറിയപ്പെടുന്ന എഡിറ്റര്‍ എന്‍.ഗോപാലകൃഷ്ണനും പ്രിയദര്‍ശനും തമ്മിലുളള ബന്ധം. ആദ്യ സിനിമ ചെയ്യുന്ന കാലത്ത് സിനിമയുടെ സാങ്കേതിക വശങ്ങളെ സംബന്ധിച്ച് അത്രമേല്‍ ബോധവാനായിരുന്നില്ല പ്രിയന്‍. അന്ന് അദ്ദേഹത്തിന്റെ പടങ്ങള്‍ എഡിറ്റ് ചെയ്തിരുന്നത് അന്ന് അത്ര അറിയപ്പെടാത്ത എന്‍.ഗോപാലകൃഷ്ണനായിരുന്നു. എഡിറ്റിങ്ങിന്റെ സാധ്യതകള്‍ പറഞ്ഞു തന്ന അദ്ദേഹത്തെ പ്രിയന്‍ ഗുരുസ്ഥാനത്ത് കണ്ടു. പിന്നീട് മരണം വരെ അമ്പിയണ്ണനായിരുന്നു പ്രിയന്റെ സിനിമകള്‍ എഡിറ്റ് ചെയ്തത്. പ്രിയന്‍ മലയാളത്തിലെയും ഹിന്ദിയിലെയും വലിയ സംവിധായകനായി വിലസിയ കാലത്തും അമ്പിയണ്ണന്‍ ഒപ്പമുണ്ടായിരുന്നു. അങ്ങനെ പ്രിയനൊപ്പം അദ്ദേഹവും പ്രശസ്തിയിലേക്ക് ഉയര്‍ന്നു. അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഒരു സിനിമ നിര്‍മ്മിക്കാനുളള അവസരവും ഒരുക്കി പ്രിയന്‍. ചിത്രം തേന്മാവിന്‍ കൊമ്പത്ത്. ഇതൊക്കെയായിട്ടും അവസാനം വരെ പ്രിയന്‍ അദ്ദേഹത്തെ തുടക്കത്തില്‍ വിളിച്ചതു പോലെ അമ്പി സാര്‍ എന്ന് മാത്രം അഭിസംബോധന ചെയ്തു. അതായിരുന്നു പ്രിയന്റെ ഗുരുത്വം.

ഇങ്ങനെ ചെറുതും വലുതുമായ നിരവധി കൂട്ടുകെട്ടുകള്‍ സിനിമാ ചരിത്രത്തില്‍ വ്യാപിച്ചു കിടപ്പുണ്ട്. സിനിമ അടിസ്ഥാനപരമായി ഒരു ടീം വര്‍ക്കാണ്.സ്ഥായിയായ സൗഹൃദക്കൂട്ടായ്മകള്‍ അതിനിടയില്‍ സംഭവിക്കുന്നത് സിനിമയില്‍ പതിവാണ്. ഒരേ അഭിരുചിയുളളവരും പരസ്പരം മനസിലാക്കാന്‍ കഴിയുന്നതുമായ രണ്ടു പേര്‍ ഒന്നിക്കുന്നതില്‍ എന്താണ് തെറ്റ്? എന്നാല്‍ ആര് ആരുമായി ചേരുന്നു എന്നതല്ല മികവുറ്റ സിനിമകള്‍ പ്രേക്ഷകന് ലഭിക്കുന്നുവോ എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ ടീമുകള്‍ ഉണ്ടായാലും ഇല്ലെങ്കിലും നല്ല സിനിമകള്‍ക്കായുളള അന്വേഷണം കാണികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.

English Summary:

Iconic Star Pairs and Director Collaborations in Malayalam Cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com