പ്രണയവും പരാജയവും രോഗവും വലച്ച നടി; ഭക്ഷണമില്ലെങ്കിലും സെക്സ് വേണമെന്ന് തുറന്നടിച്ച സമാന്ത !
Mail This Article
സമാന്ത മലയാളികള്‍ക്ക് അത്ര കണ്ട് പരിചിതയല്ല. 'ഈച്ച' പോലെ അപൂര്‍വം ചിലത് ഒഴികെ അവര്‍ അഭിനയിക്കുന്ന സിനിമകള്‍ മൊഴിമാറ്റി കേരളത്തില്‍ റിലീസ് ചെയ്യുന്ന പതിവുമില്ല. എന്നിരിക്കിലും സമാന്തയെ അറിയാത്ത മലയാളികള്‍ അധികമുണ്ടാവില്ല. അതിന് കാരണങ്ങള്‍ പലതാണ്. നടി എന്നതിലുപരി സമാന്ത വാര്‍ത്തകളില്‍ ഇടം പിടിച്ചത് ഒരു വിവാഹവും അതിനെ തുടര്‍ന്നുണ്ടായ ചില വിവാദ പ്രസ്താവനകള്‍ മൂലവുമാണ്.
തെലുങ്ക് വംശജനെങ്കിലും സിനിമകളിലൂടെ നമുക്ക് പരിചിതനായ നാഗാര്‍ജുനയുടെയും ആദ്യഭാര്യ ലക്ഷ്മിയുടെയും (എന്റെ സൂര്യപുത്രിക്ക്, ഉളളടക്കം തുടങ്ങിയ സിനിമകളിലൂടെ നാം അടുത്തറിഞ്ഞ അമലയെ നാഗാര്‍ജുന പിന്നീട് വിവാഹം കഴിച്ചു) മകനും നടനുമായ നാഗചൈതന്യയുമായുള്ള പ്രണയവും വിവാഹവുമാണ് ഭാഷാഭേദമെന്യേ സമാന്തയുടെ പേര് മാധ്യമങ്ങളില്‍ നിറച്ചത്. ആ വിവാഹം ഒരു പരാജയമാവുകയും ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ അവര്‍ വിവാഹമോചനം നേടുകയും ചെയ്തു. ആ ദാമ്പത്യ പരാജയത്തില്‍ ആരുടെ ഭാഗത്താണ് തെറ്റ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. സമാന്തയ്ക്കു നേരെ വിരല്‍ചൂണ്ടിയത് നിരവധി പേരാണ്. അവരുടെ വഴിവിട്ട ജീവിതമാവാം ബന്ധം തകരാനിടയാക്കിയതെന്ന് കഥയറിയാതെ പലരും വിധിയെഴുതി. അതിന് അവര്‍ തന്നെ സൃഷ്ടിച്ച ചില കാരണങ്ങളുമുണ്ടായിരുന്നു. ഒരു വിവാദ അഭിമുഖത്തില്‍ മറ്റാരും പറയാന്‍ മടിക്കാത്ത ഒരു പ്രസ്താവനയും അവര്‍ നടത്തിയിരുന്നു. ഭക്ഷണം കിട്ടിയില്ലെങ്കിലും താന്‍ സഹിക്കും, പക്ഷേ സെക്‌സില്ലാതെ പറ്റില്ലെന്നായിരുന്നു അവര്‍ പറഞ്ഞതിന്റെ ഉളളടക്കം. ഏത് സന്ദര്‍ഭത്തില്‍ ഏത് സെന്‍സിലാണ് അവര്‍ അങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല. എന്നാല്‍ വാര്‍ത്ത പുറത്ത് വന്നത് ഇപ്രകാരമായിരുന്നു. എന്തായാലും കുറ്റം മുഴുവന്‍ സമാന്തയ്ക്ക് എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍.
വീഴ്ചകളിലും തളരാതെ
സമയം മോശമാകുമ്പോള്‍ എല്ലാ കാര്യങ്ങളും വിപരീതമായി ഭവിക്കുമെന്നത് സമാന്തയുടെ കാര്യത്തിലും യാഥാര്‍ഥ്യമായി. ജീവിതത്തില്‍ ഒറ്റപ്പെട്ട അവര്‍ അഭിനയത്തിലൂടെ വ്യക്തിപരമായ വിഷമങ്ങളെ മറികടക്കാമെന്ന് കരുതിയെങ്കിലും അവിടെയും പാളി. ഏറെ പ്രതീക്ഷയോടെ അഭിനയിച്ച തെലുങ്ക് ചിത്രം 'നളദമയന്തി' വലിയ ബജറ്റും പൗരാണിക കഥാപശ്ചാത്തലവുമുണ്ടായിട്ടും എട്ടു നിലയില്‍ പൊട്ടി. പീരിഡ് സിനിമകള്‍ക്ക് ചാകരയുളള തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത്ര ദയനീയമായ വീഴ്ച സംഭവിച്ച ഒരു സിനിമയുണ്ടായിട്ടില്ല എന്നതാണ് സത്യം. എന്തായാലും സമാന്തയുടെ അവസ്ഥ കൂടുതല്‍ മോശമായി. ഇതിനിടയില്‍ കൂനിന്‍മേല്‍ കുരു എന്ന പോലെ ഗുരുതരമായ ഒരു രോഗം ബാധിച്ചു. അതിന്റെ ചികിത്സയും രോഗം സമ്മാനിച്ച മാനസികമായ അസ്വസ്ഥതകളും മറ്റുമായി കഴിയുന്നതിനിടയില്‍ ജീവിതപങ്കാളിയുടെ താങ്ങും തണലും കൂടി ഇല്ലാതായത് ശരിക്കും അവരെ തളര്‍ത്തി.
എന്നാല്‍ അത്ര വേഗം വീണു പോകുന്ന മനസായിരുന്നില്ല സമാന്തയുടേത്. ഫീനിക്‌സ് പക്ഷിയെപ്പോലെ ഏതു സാഹചര്യങ്ങളില്‍ നിന്നും ഉയിര്‍ത്തെണീക്കാനുളള ആത്മവിശ്വാസവും ധൈര്യവും ഒരു പരിധി വരെ അവര്‍ക്ക് കൈമുതലായിരുന്നു. അത്യാവശ്യം അഭിനയശേഷിയും കാഴ്ചയില്‍ ഭംഗിയുളള മുഖവും എല്ലാം തികഞ്ഞ ഒരു ലീഡിങ് ഹീറോയിന്‍ ഒന്നോ രണ്ടോ പടങ്ങളുടെ പരാജയം കൊണ്ട് കരിയര്‍ അവസാനിപ്പിക്കേണ്ടി വരില്ല. അങ്ങനെ മുങ്ങിത്താണിടത്തു നിന്നും നീന്തിക്കയറാന്‍ തീവ്രശ്രമം നടത്തുന്നതിനിടയിലാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മുൻഭര്‍ത്താവ് നാഗചൈതന്യ വീണ്ടും ഒരു പ്രണയത്തിലേക്ക് മുങ്ങാംകുഴിയിടുന്നു എന്ന വാര്‍ത്ത പ്രചരിച്ചത്. കേവലമൊരു ഗോസിപ്പായി എല്ലാവരും അതിനെ എഴുതി തളളിയെങ്കിലും അതു സംബന്ധിച്ച് സ്ഥിരീകരണം പിന്നാലെ വന്നു. നടിയും മോഡലുമായ ശോഭിതയെ നാഗചൈതന്യ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്.
'‘സമാന്തയുടെ ഏഴയലത്ത് നില്‍ക്കാന്‍ യോഗ്യതയില്ലാത്ത ശോഭിതയെ എന്തു കണ്ടിട്ടാണ് നാഗചൈതന്യ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്’' എന്നാണ് ഉപരിപ്ലവ കൗതുകങ്ങളില്‍ അഭിരമിക്കുന്ന ഫാന്‍സുകാരുടെ ചോദ്യം. മറ്റ് ചിലര്‍ കാര്യകാരണങ്ങളറിയാതെ നാഗചൈതന്യയ്ക്ക് നേരെ ചെളിവാരി എറിയുകയാണ്. തങ്ങള്‍ ഇത്രയും കാലം വിചാരിച്ചിരുന്നതു പോലെ ആദ്യബന്ധം തകര്‍ന്നതില്‍ സമാന്തയല്ല കുറ്റക്കാരിയെന്നും അവര്‍ ആരോപിക്കുന്നു.
ഒരിക്കല്‍ വിവാഹബന്ധം വേര്‍പെട്ടുവെന്ന് കരുതി ആയുഷ്‌കാലം മുഴുവന്‍ വിഭാര്യനായി കഴിയണോ എന്നു ചോദിച്ച് നാഗചൈതന്യയെ പിന്തുണയ്ക്കുന്നവരുമുണ്ട്. അപ്പോള്‍ സമാന്ത ഇതുവരെ വിവാഹം കഴിച്ചില്ലല്ലോയെന്നാണ് സമാന്ത പക്ഷപാതികളുടെ മറുചോദ്യം. അത് അവരുടെ കാര്യം. ഓരോരുത്തര്‍ക്ക് ഓരോ രീതികളല്ലേയെന്നും മറുകൂട്ടര്‍ തിരിച്ചടിക്കുന്നു. അവര്‍ വിവാഹം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യട്ടെ നിനക്കൊന്നും വേറെ പണിയില്ലേയെന്നാണ് ബുദ്ധിജീവി നാട്യക്കാരായ ചിലരുടെ കമന്റ്. എത്ര അറിവുളളവരെങ്കിലും അന്യരുടെ ജീവിതത്തിലേക്ക് എത്തി നോക്കാനുളള സഹജവാസന കൈമുതലായ ചിലര്‍ കിട്ടിയ അവസരം വിട്ടുകളയാനുളള പുറപ്പാടില്ല. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം തികഞ്ഞ മൗനം പാലിക്കുകയാണ് സമാന്ത.
നാഗചൈതന്യയുടെ പുതിയ പ്രണയവും വിവാഹവും അവരെ മാനസികമായി വിഷമത്തിലാക്കിയിരിക്കുന്നുവെന്നാണ് അവരോട് അടുപ്പമുളളവര്‍ പറയുന്നത്. എന്തായാലും സിനിമയില്‍ ഇനിയുമൊരു വസന്തത്തിന് സാധ്യതയുള്ള താരം തന്നെയാണ് സമാന്ത. കാരണം മുന്‍പ് സൂചിപ്പിച്ചത് തന്നെ. അവര്‍ക്ക് നന്നായി അഭിനയിക്കാനറിയാം. ആവശ്യത്തിലേറെ രൂപഭംഗിയുമുണ്ട്.
അമ്മ മലയാളി, അച്ഛന്‍ ആന്ധ്രസ്വദേശി
സമാന്ത എന്ന പേര് പരിചിതമാണെങ്കിലും അവരുടെ സിനിമാ പശ്ചാത്തലവും വ്യക്തിജീവിതവുമൊന്നും മലയാളികള്‍ക്ക് ഇനിയും കാര്യമായി അറിയില്ല. മലയാളിയാണ് അവരുടെ അമ്മ. ആലപ്പുഴ സ്വദേശിനി. പിതാവാകട്ടെ തെലുങ്ക് വംശജനും. 1987ല്‍ കുടുംബത്തിലെ ഇളയകുട്ടിയായി ജനിച്ച സമാന്ത തമിഴ്‌നാട്ടിലെ പല്ലവരത്തിലാണ് വളര്‍ന്നത്. ജോനാറ്റന്‍, ഡേവിഡ് എന്നിങ്ങനെ രണ്ട് സഹോദരന്‍മാര്‍. തെലുങ്ക്-മലയാളം സമ്മിശ്ര പശ്ചാത്തലമുണ്ടായിട്ടും സമാന്ത സ്വയം തന്നെ വിലയിരുത്തിയത് ഒരു തമിഴ് പെണ്‍കുട്ടിയായാണ്. അവരുടെ മനസ്സും ജീവിതവും തമിഴ് സംസ്‌കാരവുമായി അത്രയേറെ ഇഴുകി ചേര്‍ന്നിരുന്നു.
അക്കാലത്ത് കിട്ടാവുന്ന നല്ല വിദ്യാഭ്യാസം നല്‍കിയാണ് രക്ഷിതാക്കള്‍ സമാന്തയെ വളര്‍ത്തിയത്. ഹോളി ഏഞ്ചല്‍സ് ആഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പഠിച്ച സമാന്ത ചെന്നെയിലെ സ്‌റ്റെല്ല മേരീസ് കോളജില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. സ്‌കൂള്‍ കാലം മുതല്‍ക്കെ ടോപ്പറായിരുന്ന സമാന്തയ്ക്ക് ഓസ്‌ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യണമെന്നായിരുന്നു മോഹം. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തീര്‍ത്തും മോശമായതോടെ കോളജ് പഠനകാലത്ത് തന്നെ വരുമാന മാര്‍ഗം എന്ന നിലയില്‍ മോഡലിങ്ങിനെ ആശ്രയിക്കേണ്ടി വന്നു. പിന്നീട് മറ്റ് പോംവഴികളില്ലാതെ പൂര്‍ണ്ണമായും മോഡലിങ്ങിലേക്ക് തിരിഞ്ഞു. കോളജ് കലോത്സവ വേദിയില്‍ വച്ചാണ് ഒരു മോഡലിങ് ഏജന്‍സി സമാന്തയെ കാണുന്നതും തങ്ങളുടെ പരസ്യചിത്രത്തിലേക്ക് ക്ഷണിക്കുന്നതും.
ഒരു വലിയ കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാവുക എന്ന സ്വപ്നം താലോലിച്ചിരുന്ന സമാന്തയ്ക്ക് തുടക്കത്തില്‍ ഒരുപാട് ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ മറ്റ് പോംവഴികളില്ലെന്ന തിരിച്ചറിവ് അവരെ മോഡലിങ്ങിലേക്ക് നയിച്ചു. 2008ല്‍ ദിലീപ് ചിത്രമായ ക്രേസി ഗോപാലന്റെ ഓഡിഷനില്‍ സമാന്ത എത്തിയിരുന്നു. അവരുടെ അഭിനയശേഷിയും ലുക്കുമെല്ലാം ദിലീപ് അടക്കം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെങ്കിലും കുറേക്കൂടി ഉയരമുളള കുട്ടിയാണ് ആ കഥാപാത്രത്തിന് യോജിക്കുന്നതെന്ന് പറഞ്ഞ് സംവിധായകന്‍ ദീപു കരുണാകരന്‍ സമാന്തയെ ഒഴിവാക്കി.
ഒരു പരസ്യ ഷൂട്ടിനിടയിലാണ് പ്രമുഖ ഛായാഗ്രഹകന്‍ രവി വര്‍മന്‍ സമാന്തയെ ശ്രദ്ധിക്കുന്നത്. അദ്ദേഹം വഴി സംവിധായകന്‍ ഗൗതം മേനോനിലേക്ക് എത്തിപ്പെട്ട സമാന്ത 'വിണ്ണൈ താണ്ടി വരുവായാ' എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ 'യെ മായ ചെസേവ്' എന്ന ചിത്രത്തില്‍ നാഗചൈതന്യയുടെ നായികയായി അഭിനയിച്ചു. ഈ താരജോടിയെ പ്രേക്ഷകര്‍ വളരെ വേഗം ഏറ്റെടുത്തു. മികച്ച നവാഗത നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ് സമാന്ത സ്വന്തമാക്കി. പിന്നീട് വിവിധ സിനിമകള്‍ക്കായി ഇതേ പുരസ്‌കാരം നാല് തവണയാണ് അവര്‍ക്ക് ലഭിച്ചത്. നന്ദി അവാര്‍ഡും ലഭിച്ചു. രാജമൗലി ചിത്രമായ ഈഗ, ഗൗതം മേനോന്‍ ചിത്രമായ 'നീ താനേ എൻ പൊൻ വസന്തം' എല്ലാം സൂപ്പര്‍ഹിറ്റുകള്‍. അങ്ങനെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികമാരിലൊരാളായി അവര്‍ വളര്‍ന്നു.
സമാന്തയും നാഗചൈതന്യയും തമ്മില്‍ ആദ്യമായി കാണുന്നതും അടുപ്പത്തിലാവുന്നതും ഗൗതം മേനോന്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ്. ഏഴ് വര്‍ഷത്തോളം പ്രണയജീവിതം ആസ്വദിച്ച ശേഷം 2017ല്‍ വിവാഹ നിശ്ചയം നടത്തി. വര്‍ഷാന്ത്യത്തില്‍ ഗോവയില്‍ വച്ച് ഹിന്ദുമതാചാര പ്രകാരം വിവാഹം നടത്തി. സമാന്തയുടെ അമ്മ ക്രിസ്തുമതത്തില്‍പെട്ട ആളായതു കൊണ്ടാവാം പിറ്റേ ദിവസം ക്രിസ്തുമതാചാര പ്രകാരവും വിവാഹച്ചടങ്ങ് നടന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമല്ലാതെ മറ്റാരെയും ക്ഷണിച്ചിരുന്നില്ല. 4 വര്‍ഷത്തെ അപസ്വരങ്ങള്‍ നിറഞ്ഞ ദാമ്പത്യത്തിന് ശേഷം 2021ല്‍ അവര്‍ പിരിഞ്ഞു.
എന്തായിരുന്നു അവര്‍ക്കിടയില്‍ സംഭവിച്ചതെന്ന് രണ്ടുപേരും അക്കാലയളവില്‍ തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം 2024ല്‍ അതിന് ഉത്തരം ലഭിച്ചു. ഇക്കഴിഞ്ഞ എട്ടാം തീയതി നടി ശോഭിതാ ധൂലിപാലയും നാഗചൈതന്യയുമായുളള വിവാഹനിശ്ചയം നടന്നു. ഏറെക്കാലമായി അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് ആക്ഷേപമുയരുന്നു. സമാന്തയുമായുളള ബന്ധം തകരാനുളള കാരണവും ഇതു തന്നെയാണെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ വിവാഹവും വിവാഹമോചനങ്ങളും സ്ഥിരമായി സംഭവിക്കുന്ന തമിഴ്-തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് ഇത്തരം വാര്‍ത്തകള്‍ പുത്തരിയല്ല.
സമാന്തയുടെ വിധി മാറ്റി മറിച്ച ശോഭിത
എന്നാല്‍ സമാന്തയെ അപേക്ഷിച്ച് കാഴ്ചയില്‍ അത്ര സുന്ദരിയൊന്നുമല്ല ശോഭിതയെന്നാണ് ഗോസിപ്പ് പ്രേമികളായ പ്രേക്ഷകര്‍ ഇന്റര്‍നെറ്റില്‍ കുറിക്കുന്നത്. കെട്ടാന്‍ പോകുന്ന ആള്‍ക്കില്ലാത്ത വിഷമം നിങ്ങള്‍ക്കെന്തിന് എന്ന മറുചോദ്യവുമായി മറുകൂട്ടര്‍ ഇവരുടെ വായടപ്പിക്കുന്നുമുണ്ട്. കാഴ്ചയില്‍ എങ്ങനെയായാലും ശോഭിതയും ചില്ലറക്കാരിയല്ല. വിവിധ തെന്നിന്ത്യന്‍ ഭാഷകളിലെ സാന്നിധ്യമായ അവര്‍ 'പൊന്നിയന്‍ സെൽവൻ' എന്ന പാന്‍ ഇന്ത്യന്‍ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സമാന്തയേക്കാള്‍ 5 വയസ്സിനു ഇളയതായ ശോഭിത ഫെമിന മിസ് ഇന്ത്യപ്പട്ടം നേടുകയും 2012ല്‍ ഫിലിപ്പൈന്‍സില്‍ നടന്ന മിസ് എര്‍ത്ത് മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. ആന്ധ്രയിലെ ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച ശോഭിത നര്‍ത്തകി കൂടിയാണ്.
2016ല്‍ 'രാമന്‍ രാഘവ് 2' എന്ന പടത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശോഭിത നിരവധി വെബ് സീരിസിലും സിനിമകളിലും പ്രത്യക്ഷപ്പെട്ടു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ മൂത്തോനിലൂടെ മലയാള സിനിമയിലും അവര്‍ സാന്നിധ്യമറിയിച്ചു. ദുൽഖർ സല്‍മാന്റെ കുറുപ്പ് എന്ന സിനിമയിലും ശോഭിതയുണ്ടായിരുന്നു. പൊന്നിയിൻ സെൽവന്റെ രണ്ടു ഭാഗങ്ങളില്‍ വാനതി എന്ന കഥാപാത്രമായി വന്ന ശോഭിത വ്യാപകമായി അറിയപ്പെടുന്നത് ആ പാന്‍ ഇന്ത്യന്‍ ചിത്രത്തിലൂടെയായിരുന്നു. എന്തായാലും ഇത്തരമൊരു താരോദയം തന്റെ വ്യക്തിജീവിതത്തിന് ഭീഷണി ഉയര്‍ത്തുമെന്ന് സമാന്ത സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല.
എന്നാല്‍ രോഗം അറിഞ്ഞതു മൂലമാണ് നാഗചൈതന്യ സമാന്തയെ ഉപേക്ഷിച്ചതെന്നും പറയപ്പെടുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ഒരു പെണ്‍കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവളെ ഒഴിവാക്കിയ നാഗചൈതന്യയുടെ മാനസികാവസ്ഥയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ നാഗചൈതന്യയുടെ നേര്‍വിപരീത ദിശയിലുളള വ്യക്തിയാണ് സമാന്ത. അവര്‍ ഉറച്ച വ്യക്തിത്വത്തിനുടമയാണെന്നാണ് നടിയെ ഇഷ്ടപ്പെടുന്നവർ പറയുന്നത്.
കഷ്ടപ്പാടുകള്‍ നീന്തിക്കയറിയ സമാന്ത
സിനിമയില്‍ നിന്നുളള വരുമാനത്തില്‍ വലിയ ഭാഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സേവനമനോഭാവത്തോടെ ചിലവഴിക്കുന്നതാണ് സമാന്തയുടെ ശീലം. പൊതുവെ സ്വാര്‍ത്ഥരായ സിനിമാക്കാര്‍ക്കിടയില്‍ ഇങ്ങനെയൊരു വിചിത്രമായ രീതി തനിക്ക് ഉണ്ടായതിനെക്കുറിച്ച് പല സന്ദര്‍ഭങ്ങളിലും അവര്‍ മനസ് തുറന്നിട്ടുണ്ട്. 'ഞാനും അമ്മയും സാമ്പത്തികമായി ഒരുപാട് വിഷമിച്ചിരുന്ന ഘട്ടങ്ങളുണ്ട്. അന്ന് ഞങ്ങള്‍ക്ക് ലഭിച്ച ചെറിയ സഹായങ്ങള്‍ പോലും എത്ര വലുതായിരുന്നെന്ന് എനിക്ക് നല്ല ഓര്‍മയുണ്ട്. ആ സന്തോഷം മറ്റൊരാള്‍ക്ക് തിരിച്ചു നല്‍കുമ്പോള്‍ ലഭിക്കുന്ന സന്തോഷം വാക്കുകള്‍ കൊണ്ട് പറഞ്ഞറയിക്കാനാവില്ല. വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങുന്നതിനേക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്നത് ഇത്തരം കാര്യങ്ങളാണ്''.
കരിയറിന്റെ പീക്കില്‍ ജ്വലിച്ചു നില്‍ക്കെ അപ്രതീക്ഷിതമായ ചില ശാരീരിക അവശതകള്‍ അനുഭവപ്പെട്ട സമാന്ത പരിശോധനകള്‍ക്ക് വിധേയയായി. രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്നതായി കണ്ട് അതിനായി കഴിച്ച മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ആരോഗ്യം കൂടുതല്‍ വഷളാക്കി. ഇതിനിടയില്‍ പ്രമേഹവും പിടികൂടി. ഈ കാലയളവില്‍ പല നല്ല സിനിമാ അവസരങ്ങളും നഷ്ടമായി. എന്നാല്‍ ദുര്‍വിധികള്‍ക്ക് മുന്നില്‍ തോല്‍വി സമ്മതിക്കാന്‍ ഒരു ഘട്ടത്തിലും അവര്‍ തയാറായില്ല. രോഗം എല്ലാം നഷ്ടപ്പെടുത്തുമെന്ന് പൊതുസമൂഹം ഭയന്ന കാലത്ത് സ്വന്തം മൂക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് കൂടുതല്‍ സുന്ദരിയാകാനാണ് സമാന്ത ശ്രമിച്ചത്. രോഗത്തിന് അവധി കൊടുത്ത് അവര്‍ കൂടുതല്‍ ശക്തയായി സിനിമയിലേക്ക് തിരിച്ചു വന്നു.
സൂപ്പര്‍ ഡീലക്‌സിലെ ഫഹദ് ഫാസിലിന്റെ നായിക വേഷം ഏറ്റെടുക്കാന്‍ പല നായികമാരും മടിച്ചു നിന്നപ്പോള്‍ സമാന്ത ധൈര്യപൂര്‍വം കൈകൊടുത്തു. ‘96’ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് സിനിമയുടെ തെലുങ്ക് പതിപ്പിലും ശക്തയായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചു. സ്ത്രീ പ്രാതിനിധ്യമുള്ള സിനിമകള്‍ തെലുങ്കില്‍ സ്വപ്നം മാത്രമായിരുന്ന കാലത്ത് ‘ഓ ബേബി’ എന്ന പടത്തിലെ നായികാ വേഷം ഏറ്റെടുത്ത് ഹിറ്റാക്കി.'ഫാമിലിമാന്‍ 2' വെബ് സീരിസില്‍ രാജി എന്ന ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുടെ വേഷത്തിനായി തന്റെ രൂപഭംഗി മാറ്റി വച്ച് കറുപ്പ് തേച്ച് ഡള്‍മേക്കപ്പില്‍ പ്രത്യക്ഷപ്പെട്ട് അമ്പരപ്പിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ച വച്ചു.
പുഷ്പ 2വിലെ ഐറ്റം ഡാൻസിൽ അഭിനയിക്കാനുള്ള ഓഫര്‍ വന്നതും വിവാചമോചനത്തിന്‍റെ തയാറെടുപ്പുകള്‍ക്കിടയില്‍ ആയിരുന്നു. അതിനാല്‍ തന്നെ ഇതില്‍ താന്‍ അഭിനയിക്കുന്നത് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇഷ്ടമില്ലായിരുന്നുവെന്ന് സമാന്ത തന്നെ പറഞ്ഞിട്ടുണ്ട്.
‘‘വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന സമയമായിരുന്നു അത്. വീട്ടിൽ അടങ്ങിയിരിക്കാനാണ് എല്ലാവരും പറഞ്ഞത്. ഏറ്റവും പിന്തുണയ്‌ക്കുന്ന സുഹൃത്തുക്കൾക്ക് പോലും ഇക്കാര്യത്തിൽ എതിർ അഭിപ്രായമായിരുന്നു. എന്നാൽ ഇത് ചെയ്യുക എന്നതായിരുന്നു എന്റെ നിലപാട്. എന്തിന് ഒളിച്ചിരിക്കണം? താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വിവാഹജീവിതത്തോട് 100 ശതമാനം നൽകി. പക്ഷേ ശരിയായില്ല.’’-സമാന്ത അന്നൊരു അഭിമുഖത്തിൽ പറഞ്ഞു.
പ്രതിസന്ധികളെയും വെല്ലുവിളികളെയും ഒട്ടും കൂസലില്ലാതെ നേരിടാനുളള ചങ്കുറപ്പ് സമാന്തയ്ക്ക് എന്നുമുണ്ടായിരുന്നു. ഒരു തെലുങ്ക് സിനിമയുടെ പോസ്റ്ററില്‍ നായകനായ മഹേഷ് ബാബുവിന്റെ പിന്നില്‍ നാല് കാലില്‍ ഇഴയുന്ന നായികയെ കണ്ട് തനിക്ക് അപമാനം തോന്നിയെന്ന് അവര്‍ തുറന്നടിച്ചു. ഇത് മഹേഷ് ബാബുവിന്റെ ആരാധകരെ പ്രകോപിതരാക്കി. അവര്‍ സംഘടിതമായി സമാന്തയ്ക്ക് എതിരെ തിരിഞ്ഞു. അപ്പോഴും സമാന്ത കൂസിയില്ല.ഈ ആത്മവിശ്വാസവും ധൈര്യവുമാണ് തെലുങ്ക് സിനിമ അടക്കി വാണിരുന്ന അക്കിനേനി കുടുംബത്തിലെ ഇളമുറക്കാരനെ പ്രണയിക്കാനുളള പ്രചോദനം. എന്നാല്‍ ആ ശ്രമം മാത്രം പൂര്‍ണതയില്‍ എത്തിയില്ല. രോഗം, വിവാഹമോചനം, കരിയറിലെ ഫ്‌ളോപ്പുകള്‍...എല്ലാം തുടരെ തുടരെ സംഭവിക്കുമ്പോഴും സമാന്ത കരഞ്ഞില്ല. പകരം ചിരിച്ചുകൊണ്ട് ധീരമായി പൊരുതി. ആകെയുളള ഒരു ജീവിതം കരഞ്ഞു തീര്‍ക്കാനുളളതല്ലെന്ന ഉത്തമബോധ്യം തനിക്കുണ്ടെന്ന് ആത്മധൈര്യത്തോടെ അവര്‍ പലകുറി ആവര്‍ത്തിച്ചു പറഞ്ഞു. തിരിച്ചടികളില്‍ തളരാതെ ചുവടുകള്‍ മൂന്നോട്ട് വയ്ക്കുന്ന അതിജീവനത്തിന്റെ പേരാണ് ഇന്ന് സമാന്ത.മോഹവും മോഹഭംഗവും മറികടന്ന സമാന്തയുടെ പ്രണയകാലം വാസ്തവത്തില്‍ ആരെയും കൊതിപ്പിക്കുന്ന ഒന്നായിരുന്നു. സിനിമയെ വെല്ലുന്ന ആര്‍ദ്രമായ ഒരു പ്രണയകഥ.
ഹൈദരബാദില്‍ ഒരു പ്രണയകാലത്ത്
നാഗചൈതന്യയെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ നടന്‍ സിദ്ധാര്‍ഥും സമാന്തയും തമ്മില്‍ പ്രണയത്തിലായിരുന്നു. അതുകൊണ്ട് തന്നെ രണ്ട് നല്ല സുഹൃത്തുക്കള്‍ എന്നതിനപ്പുറം ആ ബന്ധം മുന്നോട്ട് പോയില്ല. നാഗചൈതന്യയും ശ്രുതി ഹാസനും ആ സമയത്ത് അടുപ്പത്തിലായിരുന്നു. എന്നാല്‍ അവിചാരിതമായ കാരണങ്ങളാല്‍ ഇരുകൂട്ടരും ബ്രേക്കപ്പായി. ആ വിഷമം അവര്‍ പരസ്പരം പങ്ക് വച്ചു. പ്രണയഭംഗത്തിലടക്കം എല്ലാ ദുഃഖങ്ങളിലും നാഗചൈതന്യ ഒരു സാന്ത്വനമാവുന്നുവെന്ന തോന്നല്‍ സമാന്തയുടെ ഉളളില്‍ വളര്‍ന്നു. പിരിയാനാവാത്ത വിധം അവര്‍ പരസ്പരം അത്രമേല്‍ വലിയ അനിവാര്യതയായിരുന്നു. ആ സമയത്ത് നിരവധി സിനിമകളില്‍ അവര്‍ പ്രണയജോടികളായി. സ്‌ക്രീനിലെ പ്രണയനിമിഷങ്ങള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിലെന്ന പോലെ മിഴിവും അഴകുമുണ്ടെന്ന് പ്രേക്ഷകര്‍ക്ക് തോന്നി. അവരും അത് തിരിച്ചറിഞ്ഞു. പതിയെ അവര്‍ ഉളളിലുളള ഇഷ്ടം കണ്ടെത്തുകയായിരുന്നു.
ഒരുമിച്ച് അഭിനയിച്ച പ്രണയചിത്രങ്ങളെല്ലാം തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടി. എത്ര നല്ല ജോടികളെന്ന് പൊതുസമൂഹം പറയാന്‍ തുടങ്ങി. ചില വേദികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ മാധ്യമങ്ങളും അത് ചര്‍ച്ചയാക്കാന്‍ തുടങ്ങി. പലയിടങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അവര്‍ എല്ലാം നിഷേധിച്ചു. എന്നാല്‍ ഒരു ദിവസം പൊടുന്നനെ കാര്യങ്ങള്‍ മാറി മറിഞ്ഞു. നാഗചൈതന്യയുടെ ജന്മദിനത്തിന് സമാന്ത സമൂഹമാധ്യമത്തില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തു.'എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് ജന്മദിനാശംസകള്‍. എന്നെന്നും നന്നായിരിക്കട്ടെ'! അതിന് മറുപടിയായി നാഗചൈതന്യയും ഒരു പോസ്റ്റിട്ടു. 'എന്റെ പ്രിയപ്പെട്ട പാപ്പായ്ക്ക് ഹൃദയം നിറഞ്ഞ നന്ദി'
പാപ്പ എന്നത് വളരെ സ്വകാര്യമായി അയാള്‍ അവളെ വിളിച്ചിരുന്ന പേരായിരുന്നു. അത് ഇത്ര പരസ്യമായി വെളിപ്പെടുത്താന്‍ തയ്യാറായപ്പോള്‍ തന്നെ ഈ ബന്ധം ഗൗരവമായ തലങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഒരുങ്ങുകയാണെന്ന് സാമാന്യബുദ്ധിയുളളവര്‍ക്ക് ബോധ്യപ്പെട്ടു. അതോടെ പ്രണയം വാര്‍ത്തകളില്‍ നിറഞ്ഞു. വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തങ്ങള്‍ ഡേറ്റിങ്ങിലാണെന്ന് സമാന്ത തുറന്ന് സമ്മതിച്ചു. ഏതാണ്ട് ഏഴു വര്‍ഷക്കാലം നീണ്ട പ്രണയ ജീവിതത്തിനൊടുവില്‍ ഔപചാരികമായ വിവാഹച്ചടങ്ങ്.
വിവാഹദിനത്തില്‍ സമാന്ത അണിഞ്ഞ സാരിയില്‍ പോലും അവരുടെ പ്രണയം നിറഞ്ഞു തൂവിയിരുന്നു. ആദ്യം കണ്ടുമുട്ടിയ നിമിഷം, ഒരുമിച്ച് ബൈക്കില്‍ പോകുന്ന നിമിഷം, ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുത്ത നിമിഷം, പ്രണയം തുറന്ന് പറഞ്ഞ് മോതിരം അണിയിച്ച നിമിഷം, അക്കിനേനി കുടുംബാംഗങ്ങള്‍ക്കൊപ്പമുളള ആദ്യ നിമിഷം...ഇങ്ങനെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെല്ലാം ആ സാരിയില്‍ തുന്നിച്ചേര്‍ത്തിരുന്നു.
വിവാഹത്തിന് പിറ്റേന്ന് മധുവിധുവിനായി അവര്‍ ലണ്ടനിലേക്ക് പറന്നു. ഒരു മാസത്തിനു ശേഷം തിരിച്ചെത്തി സിനിമാ പ്രവര്‍ത്തകര്‍ക്കായി വിപുലമായ റിസപ്ഷന്‍ സംഘടിപ്പിച്ചു. അന്ന് അണിഞ്ഞ ലാവണ്ടര്‍ നിറത്തിലുളള ഗൗണ്‍ പോലും സമാന്തയുടെ പ്രണയഭരിതമായ മനസിന്റെ നിറവും സ്‌നിഗ്ധതയുമുളളതായിരുന്നു. വിവാഹശേഷവും അവര്‍ പ്രണയജോടികളായി സിനിമയില്‍ അഭിനയിച്ചു. സക്രീനിന് മുന്നിലും പിന്നിലും അവര്‍ ഒരേ തീവ്രതയോടെ പ്രണയിച്ചു. പക്ഷെ അതിന്റെ അനുപാതത്തിൽ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നത് ക്രമേണ സമാന്ത തിരിച്ചറിഞ്ഞു.
പെണ്ണിന് പ്രണയം ഒരു ജന്മത്തോളം ദൈര്‍ഘ്യമുളള ഉന്മാദമാണെങ്കില്‍ ആണിന് അത് അടുത്ത പൂവിനെ കാണും വരെയുളള കൗതുകം മാത്രമാണെന്ന് ഒരിക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എവിടെയോ എന്തോ സംഭവിക്കുന്നതായി ഫോളോവേഴ്‌സ് തിരിച്ചറിഞ്ഞു. നിറം മങ്ങിയ ദാമ്പത്യത്തില്‍ അപസ്വരങ്ങള്‍ പതിവായി. നാഗചൈതന്യ ക്രമേണ സമാന്തയില്‍ നിന്ന് അകലുകയായിരുന്നു. ഒരിക്കല്‍ ഒരു നിമിഷാര്‍ദ്ധം പോലും കാണാതെ വയ്യെന്ന് തോന്നിച്ച മുഖം പിന്നീട് കാണുന്നത് തന്നെ ഈര്‍ഷ്യയായി. ആത്മാഭിമാനത്തിന് മുറിവേറ്റ സ്ത്രീ അകല്‍ച്ച എളുപ്പത്തിലാക്കി. തന്നെ വേണ്ടാത്തിടത്ത് ഇനിയും നില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന് സമാന്തയ്ക്ക് ബോധ്യമായി. ആരോടും പറയാതെ അവര്‍ ആ വീടിന്റെ പടിയിറങ്ങി.
മയോസൈറ്റിസ് എന്ന അപൂര്‍വ രോഗമായിരുന്നു സമാന്തയുടേത്. രോഗവിവരം അറിഞ്ഞതാണ് നാഗചൈതന്യയുടെ പെട്ടെന്നുളള പ്രണയനഷ്ടത്തിന് കാരണമെന്നും പറയുന്നവരുണ്ട്. എന്നാല്‍ സ്വയം കരുത്താര്‍ജ്ജിക്കുന്ന സമാന്തയെ ഇതൊന്നും ബാധിക്കാറില്ല. ആരോടും പരിഭവമില്ല. ആരെക്കുറിച്ചും പരാതിയുമില്ല എന്ന മട്ടില്‍ അവര്‍ അചഞ്ചലയായി സാഹചര്യങ്ങളോട് പൊരുതുന്നു. രോഗം വരും പോകും. പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും വേട്ടയാടും. അപ്പോഴും 37 കടക്കാത്ത ജീവിതം സുദീര്‍ഘമായി നീണ്ടു പരന്നു കിടക്കുന്നു. ഒരിക്കല്‍ ഒന്നുമില്ലായ്മയില്‍ നിന്നും കയ്യെത്തിപ്പിടിച്ച മഹാവിജയം ഇനിയും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തേക്കാള്‍ പ്രധാനമായി മറ്റെന്താണുളളത്?