ADVERTISEMENT

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാ തുറക്കാത്ത ഒരു വ്യക്തിയാണ് സംവിധായകന്‍ ജോഷി. അഭിമുഖങ്ങള്‍ നല്‍കുകയോ ചടങ്ങുകളില്‍ സംസാരിക്കുകയോ ചെയ്യില്ല. പതിറ്റാണ്ടുകളായി ഈ ശീലം തുടരുന്ന അദ്ദേഹം ആദ്യമായി സംസാരിച്ച സന്ദര്‍ഭത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ‘‘മലയാള സിനിമയിലെ ഏറ്റവും മാന്യതയുളള വ്യക്തിയാണ് മധു. അദ്ദേഹം എന്നും സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്ന് പ്രവര്‍ത്തിച്ചു. ആരെയും പ്രീണിപ്പിക്കാറില്ല. തനിക്ക് പറയാനുളള കാര്യങ്ങള്‍ ആരുടെ മുഖത്തും നോക്കി  സൗമ്യമായി പറയും. ആരോടും അവസരങ്ങള്‍ ചോദിക്കാറില്ല. ക്ഷണിക്കുന്ന സിനിമകളില്‍ വന്ന് അന്തസായി അഭിനയിച്ച് മടങ്ങി പോകും. ആര്‍ക്കും തലവേദന സൃഷ്ടിക്കാറില്ല. ആരെയും പിണക്കാറില്ല. വേദനിപ്പിക്കാറുമില്ല.’’

മധുവിനെക്കുറിച്ച് പറഞ്ഞു കേട്ട മറ്റൊരു കഥയുണ്ട്. അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് ഉറപ്പില്ല. അഹങ്കാരത്തിന് കയ്യും കാലും വച്ച ഒരു നടന്‍ മദ്യപിച്ച് ലക്കുകെട്ടപ്പോള്‍ പലരുടെയും മുന്നില്‍ വച്ച് മധുവിനെ അപമാനിച്ച് സംസാരിക്കുന്നു. നടന്‍ എന്ന നിലയില്‍ തന്റെ മുന്നില്‍ മധുവൊക്കെ എന്ത് എന്ന മട്ടിലാണ് മദ്യപന്റെ ജല്‍പ്പനങ്ങള്‍.

ഈ വിവരം ആരോ മധുവിന്റെ കാതിലെത്തിക്കുന്നു. അദ്ദേഹം പൊട്ടിത്തെറിക്കുമെന്നും നടനെ ഫോണില്‍ വിളിച്ച് നാല് ചീത്ത പറയുമെന്നുമാണ് ഇടനിലക്കാരന്‍ കരുതിയത്. എന്നാല്‍ പതിവു പോലെ ഹൃദ്യമായി ചിരിച്ചുകൊണ്ട് മധു പറയുന്നു. ‘‘അതിനെന്താ...അയാള്‍ പറഞ്ഞതിലെന്താണ് തെറ്റ്? ഞാനത്ര വലിയ അഭിനേതാവൊന്നുമല്ലല്ലോ?’’ അത്രത്തോളം മാന്യത പുലര്‍ത്താന്‍ കഴിയുന്ന ഒരു നടനേയുളളു സിനിമയില്‍. അതാണ് മധു.

ഭാര്‍ഗവീനിലയം പോലുളള കള്‍ട്ട് ക്ലാസിക്കുകള്‍ ഉള്‍പ്പെടെ 400 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച മധുവിന് ഇന്നേവരെ മികച്ച നടനുളള ദേശീയ-സംസ്ഥാന ബഹുമതി ലഭിച്ചിട്ടില്ല. പത്മശ്രീ അടക്കമുളള സിവിലിയന്‍ ബഹുമതികള്‍ തങ്ങള്‍ക്ക് ലഭിക്കാതെ  വന്നപ്പോള്‍ ജൂനിയറായ പല നടന്‍മാരും പരാതിപ്പെട്ടികളുമായി ഇറങ്ങി. 80-ാം വയസിലും അത് ലഭിക്കാതെ വന്നപ്പോള്‍ അദ്ദേഹത്തിനു വേണ്ടി അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സ്വയം വക്കാലത്ത് എടുത്ത് ചിലര്‍ ഇറങ്ങി. അപ്പോഴും അദ്ദേഹം നിശ്ശബ്ദനായി ചിരിച്ചുകൊണ്ടേയിരുന്നു. എന്തിനാണ് ഈ കോലാഹലങ്ങള്‍ എന്ന ഭാവമായിരുന്നു ആ മുഖത്ത്. എന്തായാലും കാലത്തിന്റെ കാവ്യനീതി പോലെ 2013ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. അപ്പോഴും മറ്റ് ചില പുംഗവന്‍മാര്‍ പരിഭവിച്ചു. മധുവിനെ പോലൊരാള്‍ക്ക് ഈ പ്രായത്തില്‍ ഇതാണോ നല്‍കേണ്ടത്. കുറഞ്ഞപക്ഷം ഒരു പത്മഭൂഷണോ പത്മവിഭൂഷണോ നല്‍കേണ്ടിയിരുന്നു. അദ്ദേഹം അതിനും ചെവികൊടുത്തില്ല. ലഭിച്ച അംഗീകാരം സ്‌നേഹപൂര്‍വം ഏറ്റുവാങ്ങി. 2004 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സിനിമാ പ്രവര്‍ത്തകന് നല്‍കുന്ന പരമോന്നത ബഹുമതിയായ ജെ.സി.ദാനിയേല്‍ പുരസ്‌കാരം നല്‍കിയപ്പോഴും അദ്ദേഹം മതിമറന്ന് ആഹ്‌ളാദിച്ചില്ല. നിര്‍മ്മമതയോടെ സ്വീകരിച്ചു. ഈ മിതത്വവും പക്വതയും കുലീനതയും ആഭിജാത്യവും കൂടി ചേര്‍ന്നതാണ് മധു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളളതും സ്വന്തം മകളുടെ പേരിലുളളതുമായ ഉമാ സ്റ്റുഡിയോയിലെ ഒരു ജീവനക്കാരനെ കാണാതായപ്പോള്‍ അദ്ദേഹം കൊന്നുതളളിയതാണെന്ന് പറഞ്ഞ് ചിലര്‍ കഥ പരത്തി. അപ്പോഴും അദ്ദേഹം ക്ഷുഭിതനായില്ല. മധു ഒരു ഈച്ചയെ പോലും ദ്രോഹിക്കില്ലെന്ന് തലയ്ക്ക് വെളിവുളള എല്ലാവര്‍ക്കും അറിയാം എന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ അത് സംബന്ധിച്ച പ്രശ്‌നങ്ങളും വിവാദങ്ങളും  അദ്ദേഹത്തെ വേട്ടയാടി. സ്റ്റുഡിയോയുടെ പ്രവര്‍ത്തനങ്ങളെ തന്നെ ബാധിച്ചു. ആ സമയത്ത് മധു കോട്ടയത്ത് ഷൂട്ടിങിലായിരുന്നു. ഒരു കൂട്ടര്‍ ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്താനും സാമ്പത്തിക നേട്ടമുണ്ടാക്കാനും ശ്രമിച്ചു. അക്കൂട്ടരെ പുറത്തിറക്കി വിട്ട് മധു അടുപ്പമുളളവരോട് പറഞ്ഞു.

ചിരിമധുരം
നവതി ആഘോഷിക്കുന്ന നടൻ മധുവിന് തിരുവനന്തപുരത്തെ വീട്ടിൽ ‘അമ്മ’ അസോസിയേഷന്റെ 
സ്നേഹോപഹാരവുമായി എത്തിയ അസോസിയേഷൻ പ്രസിഡന്റു കൂടിയായ നടൻ മോഹൻലാൽ. ജനറൽ 
സെക്രട്ടറി ഇടവേള ബാബു സമീപം.  
								ചിത്രം: ജെ.സുരേഷ്∙മനോരമ
ചിരിമധുരം നവതി ആഘോഷിക്കുന്ന നടൻ മധുവിന് തിരുവനന്തപുരത്തെ വീട്ടിൽ ‘അമ്മ’ അസോസിയേഷന്റെ സ്നേഹോപഹാരവുമായി എത്തിയ അസോസിയേഷൻ പ്രസിഡന്റു കൂടിയായ നടൻ മോഹൻലാൽ. ജനറൽ സെക്രട്ടറി ഇടവേള ബാബു സമീപം. ചിത്രം: ജെ.സുരേഷ്∙മനോരമ

നമ്മുടെ നാട്ടില്‍ കത്തുകള്‍ വന്നാല്‍ ഏല്‍പ്പിക്കാറുളള പലചരക്ക് കടയില്‍ ഒന്ന് അന്വേഷിക്കുക. അവന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഉറപ്പായും അമ്മയുടെ പേരില്‍ കത്ത് അയക്കും. അവര്‍ ചെന്ന് നോക്കിയപ്പോള്‍ കല്ലായില്‍ നിന്നും കത്ത് വന്നിട്ടുണ്ട്. മധു വിവരം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പി.വി.ജിയെ അറിയിക്കുന്നു. അദ്ദേഹം പൊലീസുമായി ചെന്ന് പയ്യനെ പിടികൂടുന്നു. മരിച്ചുപോയെന്ന് പറഞ്ഞ ആള്‍ പുഷ്പം പോലെ തിരിച്ചെത്തുകയും ചെയ്തു. അവനവന്റെ ഭാഗം ശരിയാണെന്ന് ഉറപ്പുളളപ്പോള്‍ ഏത് പ്രതിസന്ധിഘട്ടത്തിലും പതറാതെ അക്ഷോഭ്യനായി നിലകൊളളുകയാണ് വേണ്ടതെന്ന് അദ്ദേഹം ചുറ്റുമുളളവര്‍ക്ക് കാണിച്ചുകൊടുത്തു. 

സെറ്റില്‍ പരദൂഷണം പറയുന്നത് സിനിമാക്കാരുടെ ഒരു ഹോബിയാണ്. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവരുടെ എണ്ണം വിരളമാണ്. മധു ആരെയും കുറ്റപ്പെടുത്തുകയോ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യില്ല. തന്റെ മുന്നില്‍ വച്ച് ആരെയെങ്കിലും കുറ്റപ്പെടുത്തുന്നത് കേട്ടാല്‍ ഒന്നുകില്‍ പറയുന്നയാളെ സ്‌നേഹബുദ്ധ്യാ തീരുത്തും. അല്ലെങ്കില്‍ അദ്ദേഹം എണീറ്റ് മാറിക്കളയും.സമകാലികരായ നായകന്‍മാരെ ഔട്ടാക്കാന്‍ ശ്രമിക്കുക, അവരുടെ സിനിമകള്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കുക, അവര്‍ക്കെതിരെ സ്വഭാവഹത്യ നടത്തുക ഇതെല്ലാം പതിവാക്കിയ സിനിമാ ലോകത്ത് തന്നെ ഏല്‍പ്പിക്കുന്ന റോള്‍ കഴിയുന്നത്ര ഭംഗിയായി ചെയ്ത് മറ്റൊരു പൊളിറ്റിക്‌സിനും നില്‍ക്കാതെ മടങ്ങുന്ന നടന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ അപൂര്‍വം ചിലരില്‍ ഒരാളാണ് മധു. ആദരവോടെയും സ്‌നേഹത്തോടെയുമല്ലാതെ അദ്ദേഹത്തെക്കുറിച്ച് ആരും സംസാരിച്ചു കേട്ടിട്ടില്ല. എല്ലാ തലമുറകള്‍ക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിത്വം.

madhu-hindi

എല്ലാം നല്ലതെന്ന് പറഞ്ഞാല്‍ മനുഷ്യന്‍ ദൈവമായി പോകുമെന്ന് ഒരിക്കല്‍ മധു തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ക്ക് ദേഷ്യം വരും. എന്നാല്‍ പൊതുവെ ആരോടും പൊട്ടിത്തെറിക്കുന്നതോ ക്ഷുഭിതനാകുന്നതോ അദ്ദേഹത്തിന്റെ ശീലമില്ല. വ്യത്യസ്തമായ ഒരു കഥ കേട്ടിട്ടുളളത് പത്മരാജന്റെ ‘അപരന്‍’ എന്ന സിനിമയൂടെ സെറ്റിലാണ്.

ജയറാം എന്ന പുതുമുഖ നടന്‍ അഭിനയിക്കാനെത്തുന്നു. മിമിക്രിയുടെ പശ്ചാത്തലമുളള നടന്‍ നന്നായി സിനിമാതാരങ്ങളെ അനുകരിക്കുമെന്ന് പത്മരാജന്‍ പറയുന്നു. അദ്ദേഹം ജയറാമിനെ വിളിച്ച് ചില നമ്പരുകള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നു. ജയറാം പല താരങ്ങളെയും അനുകരിച്ച് ഒടുവില്‍ മധുവിനെ അനുകരിക്കുന്നു. പെട്ടെന്ന് അദ്ദേഹം ക്ഷുഭിതനാകുന്നു. മറ്റുളളവരുടെ കുറവുകള്‍ പര്‍വതീകരിച്ച് കാണിക്കുന്നതല്ല അനുകരണമെന്നും മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയെന്നുമാണ് കഥ. ഇതും വാസ്തവമാണോയെന്ന് അറിയില്ല. പക്ഷേ പില്‍ക്കാലത്ത് പല പൊതുചടങ്ങുകളിലും പലരും അദ്ദേഹത്തെ അനുകരിക്കുന്നതും പൊട്ടിച്ചിരിച്ചു കൊണ്ട് അദ്ദേഹം അത് ആസ്വദിക്കുന്നതും കണ്ടിട്ടുണ്ട്. 

madhu-jayan

എന്താണ് മധുവിന്റെ ആരോഗ്യരഹസ്യം എന്ന് പലരും ചോദിച്ചു കേള്‍ക്കാറുണ്ട്. വാശിയും പകയും വിദ്വേഷവും പ്രതികാരബുദ്ധിയും മാത്സര്യവും ഒന്നുമില്ലാതെ ഏത് സാഹചര്യത്തെയും ശാന്തനായും അക്ഷോഭ്യനായും നേരിടാനുളള കഴിവ്. ജീവിതത്തിന്റെ നിസാരതയെക്കുറിച്ച് ആഴമേറിയ ധാരണ അദ്ദേഹത്തിനുണ്ട്. എന്തിനാണ് നാം പരസ്പരം കീഴ്‌പെടുത്താനും തോല്‍പ്പിക്കാനും ശ്രമിക്കുന്നത് എന്ന് മനസിലാക്കാതെ ഏറ്റമുട്ടുന്നവര്‍ക്കിടയില്‍ ഹൃദ്യമായ ഒരു പുഞ്ചിരി കൊണ്ട് എന്തും നേരിടുന്ന മധുവിനെ കണ്ടുപഠിക്കണം. എല്ലാം വരുന്നതു പോലെ വരട്ടെ എന്നതാണ് അദ്ദേഹത്തിന്റെ രീതി. ടെന്‍ഷനടിച്ച് വിഷമിച്ചിരിക്കുന്ന മധുവിനെ നാളിതുവരെ ആരും കണ്ടതായി പറഞ്ഞിട്ടില്ല.

91ലും ഊര്‍ജ്ജസ്വലനും കര്‍മ്മനിരതനുമായി കാലത്തിന് തോല്‍പ്പിക്കാന്‍ കഴിയാത്ത ഓര്‍മശക്തിയോടെ  പൊതുമണ്ഡലത്തില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുകയാണ്. സര്‍വാദരണീയനായി.കഥാപാത്രങ്ങളിലുടെ കാണുന്ന ഒരു മധുവിനെ പ്രേക്ഷകര്‍ അറിഞ്ഞാല്‍ മതി എന്ന ഒരു സ്‌നേഹശാഠ്യം അദ്ദേഹത്തിനുണ്ട്. സ്വകാര്യതകള്‍ പരസ്യപ്പെടുത്താന്‍ വിമുഖതയുളള അദ്ദേഹം കടന്നുവന്ന വഴികള്‍ ഇന്നും പൊതുസമൂഹത്തിന് അത്ര പരിചിതമല്ല. എന്നാല്‍ ആ വഴികളില്‍ നാം കാണാത്ത ഒരു മധുവുണ്ട്. കാണേണ്ടതും...

madhu-2

മാധവന്‍ നായര്‍ എങ്ങനെ മധുവായി?

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍പിളളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി മധു ജനിച്ചത് ഗൗരീശപട്ടത്താണ്. പഴയ തിരുവിതാംകൂറിലെ നാട്ടുരാജ്യമായിരുന്നു അത്. നാല് സഹോദരിമാര്‍ക്ക് ഒരു ആങ്ങളയായിരുന്നു മധു. പഠിക്കുന്ന കാലം മുതല്‍ക്കേ നാടകാഭിനയത്തില്‍ സജീവമായിരുന്നു അദ്ദേഹം. എന്നാല്‍ കലാതാത്പര്യം പഠനത്തിന് വിഖാതമാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ഹിന്ദിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കരസ്ഥമാക്കി പുറത്തിറങ്ങുമ്പോഴും മധുവിന്റെ മനസില്‍  നാടകവും സിനിമയും എല്ലാമുണ്ടായിരുന്നു. പക്ഷേ അതിലേക്ക് എടുത്തുചാടാന്‍ പ്രായോഗികമതിയായ അദ്ദേഹം തുനിഞ്ഞില്ല. അക്കാലത്ത് ഏതൊരു ബിരുദാനന്തര ബിരുദധാരിയെയും പോലെ കോളജ് അധ്യാപകനായി ജോലി നോക്കി. നാഗര്‍കോവില്‍ എസ്.ടി. കോളജിലും സ്‌കോട്ട് ക്രിസ്ത്യന്‍ കോളജിലും ഹിന്ദി അധ്യാപകനായിരുന്നു.

അക്കാലത്തായിരുന്നു ജയലക്ഷ്മിയുമായുളള വിവാഹം. ഉമ എന്ന ഒരു മകളുണ്ട് ഈ ദമ്പതികള്‍ക്ക്. അധ്യാപകന്‍  എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹത്തിന് ഒരു കാര്യം ബോധ്യമായി. തന്റെ നിയോഗം ഇതല്ല. ജീവിതകാലം മുഴുവന്‍ ഒരേ പാഠഭാഗങ്ങള്‍ ഉരുവിട്ട് അധ്യാപകനായി തുടരുക എന്നത് കലാപരമായ മനസുളള തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ആ സമയത്ത് നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഒരു പരസ്യം  പത്രത്തില്‍ കാണാനിടയായി. അങ്ങനെ രണ്ടും കല്‍പ്പിച്ച് ജോലി രാജിവച്ച് ഡല്‍ഹിക്ക് പുറപ്പെട്ടു. നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാളിയായിരുന്നു അദ്ദേഹം. അവിടെ പഠിക്കുന്ന കാലത്ത് ഗസ്റ്റ് ഫാക്കല്‍റ്റിയായിരുന്ന സംവിധായകന്‍ രാമു കാര്യാട്ടുമായി പരിചയപ്പെട്ടു. ആ ബന്ധം അടുത്ത സൗഹൃദമായി വളര്‍ന്നു.  പഠനം പൂര്‍ത്തിയാക്കിയ ശേഷം നാടകരംഗത്ത് സജീവമാകുക എന്നതിനപ്പുറം മറ്റൊരുദ്ദേശവും ആ സമയത്ത് മധുവിനുണ്ടായിരുന്നില്ല. സിനിമ അദ്ദേഹത്തിന്റെ മോഹങ്ങള്‍ക്കപ്പുറത്തുളള ഒരു മായാലോകമാണ്. 

madhu-sathyan-anthikad

എന്നാല്‍ ഈശ്വരന്റെ മനസിലെ പദ്ധതി മറ്റൊന്നായിരുന്നു. 1962ല്‍ രാമു കാര്യാട്ട് തന്റെ മൂടുപടം എന്ന സിനിമയിലുടെ മധുവിനെ മലയാളി പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. അവിടെയും നിയോഗം മറ്റൊന്നായിരുന്നു. ആദ്യചിത്രം റിലീസ് ചെയ്യാന്‍ കുറച്ച് വൈകി. പകരം ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍.എന്‍.പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ആദ്യം പ്രദര്‍ശന ശാലകളിലെത്തി.  ഏത് താരത്തിനും പേരിടുന്നതില്‍ സമര്‍ഥനായ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ മാധവന്‍ നായര്‍ എന്ന നീണ്ട പേര് ചെറുതാക്കി മധുവാക്കി. ആ നാമകരണം രാശിയുളളതായിരുന്നു. 

നിണമണിഞ്ഞ കാല്‍പ്പാടുകളില്‍ നിർമാതാക്കള്‍ സത്യന് വേണ്ടി പ്ലാന്‍ ചെയ്ത വേഷം അവതരിപ്പിക്കാനുളള നിയോഗം മധുവിന് ലഭിച്ചു. മികച്ച അഭിനയസാധ്യതയുളള കഥാപാത്രമായിരുന്നു അത്. ചിത്രത്തിലെ നായകനായ പ്രേംനസീറിനേക്കാള്‍ കസറിയത് മധുവാണെന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടു. അത് വാസ്തവമായിരുന്നു. വാണിജ്യമൂല്യമുളള താരമെങ്കിലും നടന്‍ എന്ന നിലയില്‍ നസീറിന്റെ പരിമിതികള്‍ ഏവര്‍ക്കും അറിവുളളതാണ്. അവിടെ മധുവിന് നന്നായി ശോഭിക്കാന്‍ സാധിച്ചു. 

actor-madhu

ബച്ചനൊപ്പം ബോളിവുഡില്‍..

തുടക്കത്തില്‍ തന്നെ ചരിത്രപരമായ ദൗത്യങ്ങളിലൂടെ കടന്നു പോവുക എന്ന അപൂര്‍വവിധി വീണ്ടും മധുവിനെ തേടിയെത്തി. 1969ല്‍ സാത്ത് ഹിന്ദുസ്ഥാനി എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അക്കാലത്ത് ഒരു മലയാള നടന് അത്തരമൊരു സൗഭാഗ്യം അചിന്ത്യമായിരുന്നു. അതിലുപരി പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമായി മാറിയ അമിതാഭ് ബച്ചന്റെ ആദ്യ സിനിമയായിരുന്നു അത്. ബച്ചനും മധുവും ഒരേ സിനിമയില്‍ അഭിനയിച്ച കഥ ഇന്നും  പലര്‍ക്കും അറിയില്ല. അന്ന് മലയാളത്തിലെ സുപ്രീംസ്റ്റാഴ്‌സ് നസീറും സത്യനുമായിരുന്നു. രണ്ട് തരത്തിലും തലത്തിലും പെട്ട താരങ്ങള്‍. നസീര്‍ ഹിറ്റ്‌മേക്കറും രൂപസൗകുമാര്യം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നെങ്കില്‍ സത്യന്‍ അഭിനയ മികവിലുടെ എല്ലാവരുടെയും ആദരം ഏറ്റുവാങ്ങിയ ഉജ്ജ്വല നടനായിരുന്നു. ഈ രണ്ട് മഹാമേരുക്കള്‍ക്കിടയിലേക്കാണ് മധുവിന്റെ രംഗപ്രവേശം. ഇതിനിടയിലുടെ കടന്നു കയറാന്‍ ശ്രമിച്ച പല നായകന്‍മാരും ഏതാനും സിനിമകള്‍ കഴിഞ്ഞ് പത്തിമടക്കി സ്ഥലം കാലിയാക്കി. എന്നാല്‍ മധുവിന് ആ ഗതികേട് സംഭവിച്ചില്ല.

ജോൺ പോൾ നടൻ മധുവിനൊപ്പം (ഫയൽ ചിത്രം)
ജോൺ പോൾ നടൻ മധുവിനൊപ്പം (ഫയൽ ചിത്രം)

തനതായ അഭിനയശൈലിയിലൂടെ അദ്ദേഹം സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. നസീറിനും സത്യനുമൊപ്പം അദ്ദേഹവും സിനിമയില്‍ തന്റോതയ ഇടം സ്ഥാപിച്ചു. ചില സിനിമകളില്‍ രോഷാകുലനായ നായകനായപ്പോള്‍ മറ്റ് ചില പടങ്ങളില്‍ പൗരുഷമുളള കാമുകനായി പ്രണയത്തിന്റെ മറ്റൊരു തലം അനാവരണം ചെയ്തു. ചോക്ലേറ്റ് ബോയ് ആയി നസീര്‍ വിരാജിച്ചപ്പോള്‍ തന്റേടമുളള കഥാപാത്രങ്ങളിലുടെ മധു യുവജനങ്ങളുടെ ഹരമായി. 

ചെമ്മീനിലൂടെ രാജ്യാന്തര ശ്രദ്ധയില്‍...

നടന്‍ എന്ന നിലയില്‍ മധുവിനെ ചിരപ്രതിഷ്ഠ നേടാന്‍ സഹായിച്ചത് സുഹൃത്തായ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍ എന്ന ചിത്രമായിരുന്നു. സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ചെമ്മീനിലെ പരീക്കൂട്ടി എന്ന ദുരന്ത കാമുകന്‍ മധുവിനെ അനശ്വരനാക്കി. രാജ്യത്താകമാനം ഈ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഒരു മലയാള സിനിമ രാജ്യാന്തര തലത്തില്‍ പോലും ശ്രദ്ധേയമാകുക എന്ന ട്രെന്റിന് തുടക്കം കുറിച്ചത് ചെമ്മീനായിരുന്നു. അത്തരമൊരു അപൂര്‍വസംരംഭത്തില്‍ നായകവേഷം ലഭിക്കുകയെന്നത് മധുവിനെ സംബന്ധിച്ച് ഒരു വരലബ്ധി പോലെ പ്രധാനമായിരുന്നു. 

actor-madhu

ചെമ്മീനില്‍ മാനസമൈനേ വരൂ മധുരം നുളളി തരൂ...എന്ന ഗാനം പാടി അഭിനയിച്ച (പിന്നണി പാടിയത് മന്നാഡേ)ആ വിഷാദകാമുകന്‍ മധുവിനെ മലയാള സിനിമയിലെ വലിയ അനിവാര്യതകളിലൊന്നാക്കി മാറ്റി. പിന്നീട് ഭാര്‍ഗവി നിലയം, സ്വയംവരം, മുറപ്പെണ്ണ്, ഓളവും തീരവും, തുലാഭാരം, ഉമ്മാച്ചു, തീക്കനല്‍, ഇതാ ഇവിടെ വരെ ...എന്നിങ്ങനെ മലയാള സിനിമയുടെ ഓരോ പുതിയ മാറ്റങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിച്ച പ്രൊജക്ടുകളിലെല്ലാം തന്നെ നായകസ്ഥാനത്ത് മധുവായിരുന്നു. സിനിമയിലെ ഒരു കോക്കസുകളുടെയും ചേരിതിരിവുകളുടെയും ഭാഗമായി നില്‍ക്കാതെ എല്ലാവരെയും ഉള്‍ക്കൊണ്ടും ചേര്‍ത്തു നിര്‍ത്തിയും നീങ്ങുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ എതിര്‍ശബ്ദങ്ങള്‍ ഇല്ലാത്ത ഒരു നടനവിസ്മയമായി അദ്ദേഹം സിനിമാരംഗത്തും പുറത്തും അറിയപ്പെട്ടു.

ഐ.വി.ശശിയും ജോഷിയും പോലെ വാണിജ്യസിനിമാ തമ്പുരാക്കന്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന അതേ കാലത്ത് തന്നെ അടൂരിന്റെ സ്വയംവരം പോലുളള ആര്‍ട്ഹൗസ് സിനിമകളിലും മധു സാന്നിധ്യം അറിയിച്ചു. വെറുതെ വന്നു പോകാതെ തന്റെ കയ്യൊപ്പ് പതിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഓരോ സിനിമയും ചെയ്തത്. സിനിമാ നടന്‍മാര്‍ ടെലിവിഷനോട് അയിത്തം പാലിച്ചിരുന്ന കാലത്ത് മിനിസ്‌ക്രീനില്‍ അഭിനയിക്കാനും അദ്ദേഹം മടിച്ചില്ല. സ്‌ക്രീനിന്റെ വലുപ്പം എന്തായാലും അഭിനയം അഭിനയം തന്നെയെന്ന് പറയാതെ പറഞ്ഞു വച്ചു മധു.

നിർമാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയും..

നസീറും സത്യനും സോമനും സുകുമാരനും അടക്കമുളള സമകാലികര്‍ക്ക് അഭിനയത്തിനപ്പുറം സിനിമയുടെ ക്രിയാത്മക മേഖലകളില്‍ ശോഭിക്കാന്‍ കഴിയാതെ പോയപ്പോള്‍ മധു അവിടെയും വെന്നിക്കൊടി പാറിച്ചു. സിന്ദൂരച്ചെപ്പ്, ധീരസമീരേ യമുനാതീരേ, തീക്കനല്‍, ഉദയം പടിഞ്ഞാറ്, കാമം ക്രോധം മോഹം, അക്കല്‍ദാമ, മാന്യശ്രീവിശ്വാമിത്രന്‍, ആരാധന, ഒരു യുഗസന്ധ്യ, സതി, നീലക്കണ്ണുകള്‍..എന്നിങ്ങനെ നിരവധി സിനിമകള്‍ നിര്‍മിച്ച അദ്ദേഹം  ഏതാനും സിനിമകള്‍ സംവിധാനം ചെയ്തു. അവയെല്ലാം തന്നെ കലാപരമായി മികച്ചു നിന്ന പടങ്ങളായിരുന്നു. 1970ല്‍ പുറത്തു വന്ന പ്രിയയായിരുന്നു മധു സംവിധാനം ചെയ്ത ആദ്യചിത്രം. മധു സംവിധാനം ചെയ്ത പ്രിയയും സിന്ദൂരച്ചെപ്പും സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന് അര്‍ഹമായി. 

സിന്ദുരച്ചെപ്പിലെ പ്രസിദ്ധമായ ഒരു ഗാനം ഇന്നും സിനിമാ പ്രേമികള്‍ മൂളി നടക്കുന്ന ഒന്നാണ്. 'ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍..താരകങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍...'നിര്‍മാണവും സംവിധാനവും ഒപ്പം കൊണ്ടു നടക്കുമ്പോഴും തന്നിലെ നടനെ അദ്ദേഹം മാറ്റിനിര്‍ത്തിയില്ല. സ്വന്തം സിനിമകള്‍ക്കൊപ്പം മറ്റുളളവരുടെ പടങ്ങളില്‍ അഭിനയിക്കാനും മടിച്ചില്ല. ഈ ഘട്ടത്തില്‍ തിരുവനന്തപുരത്ത് ഉമാ സ്റ്റുഡിയോ എന്ന പേരില്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയ ആദ്യത്തെ മലയാളി നടന്‍ എന്ന ബഹുമതിയും മധുവിനുളളതാണ്.മലയാള സിനിമകളും സിനിമാ സ്റ്റുഡിയോകളും മദ്രാസില്‍ മാത്രമായി പരിമിതപ്പെട്ടിരുന്ന കാലത്ത് വളളക്കടവില്‍ ഒരു സ്റ്റുഡിയോ സ്ഥാപിക്കുക എന്നത് വലിയ റിസ്‌കായിരുന്നു. എന്നാല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ തെല്ലൂം ഭയമില്ലാത്ത അദ്ദേഹം അതെല്ലാം യാഥാർഥ്യമാക്കി. 

മധു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ. ∙ മനോരമ
മധു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ. ∙ മനോരമ

ഇതിനിടയില്‍ സ്വന്തമായി ഒരു സ്‌കൂള്‍ സ്ഥാപിച്ച മധു അദ്ധ്യാപകന്‍ എന്ന നിലയിലെ തന്റെ പ്രഥമദൗത്യം സിനിമയുടെ തിരക്കുകള്‍ക്കിടയിലും മറന്നില്ല.വിവിധ മേഖലകളില്‍ സജീവമായി നില്‍ക്കുമ്പോഴും മണ്ണും മനുഷ്യരുമായുളള ബന്ധം വിടാതെ സൂക്ഷിച്ചിരുന്നു എക്കാലവും. സ്വന്തമായി കൃഷിഭൂമി വാങ്ങി അവിടെ കൃഷിയിറക്കി വിളയെടുക്കുന്ന ഒരു കര്‍ഷകനായും അദ്ദേഹത്തെ ആ കാലത്ത് കാണാന്‍ സാധിച്ചു. മനുഷ്യരുമായുളള ബന്ധത്തില്‍ അദ്ദേഹം ഏറ്റവും ശ്രദ്ധിച്ചിരുന്ന സംഗതി ആരെയും വേദനിപ്പിക്കാതിരിക്കുക എന്നതായിരുന്നു. പിന്നെ എല്ലാവരെയും ബഹുമാനിക്കുക എന്നതും. ഒരു കൊച്ചുകുട്ടിക്ക് പോലും മധു, അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കും. 2022 ല്‍ പുറത്തു വന്ന റണ്‍കല്യാണിയാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. 2014 ല്‍ ഭാര്യ ജയലക്ഷ്മി ഈ ലോകം വിട്ടുപോയി.  ഭാര്യ നഷ്ടപ്പെട്ടതിന്റെ ആകുലതകളില്‍ തളര്‍ന്നിരിക്കാതെ സഹജമായ ആ പുഞ്ചിരി മായാന്‍ അനുവദിക്കാതെ കഴിയുന്നത്ര കര്‍മ്മനിരതനായി മധു ഇന്നും നിലനില്‍ക്കുന്നു. 

ഒരു പൂവ് മോഹിച്ചപ്പോള്‍ വസന്തം തന്നു..

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം അച്ഛനായി അഭിനയിച്ച മധു സിനിമയില്‍ നായകനായി കത്തി നില്‍ക്കുന്ന കാലത്ത് ഈ പറഞ്ഞ രണ്ടുപേരും വിദ്യാർഥികളാണ്. ഇവര്‍ രണ്ടും മികച്ച നടനുളള ദേശീയ പുരസ്‌കാരം പലകുറി നേടിയപ്പോള്‍ എന്തുകൊണ്ട് മധു പരിഗണിക്കപ്പെട്ടില്ല എന്ന പരിദേവനക്കാരോടും അദ്ദേഹം ചിരിച്ചുകൊണ്ട് പറയും.

'അവരൊക്കെ എന്നേക്കാള്‍ എത്രയോ മികച്ച, വലിയ നടന്‍മാരാണ്. ഞാന്‍ ഒരു സൈഡില്‍ കൂടി കടന്നു പോകുന്ന ഒരു സാധാരണ നടന്‍..'

madhu-1

ഈ  ലാളിത്യമാണ് ഈ മനുഷ്യന്റെ ഔന്നത്യം. അത്യാഗ്രഹികളും അതിമോഹികളും വിളയാടുന്ന സിനിമയില്‍ എന്തുകൊണ്ട് ഇങ്ങനെ നിര്‍മ്മമനായിരിക്കാന്‍ കഴിയുന്നു എന്ന് ചോദിച്ച അഭിമുഖകാരന് മധു നല്‍കിയ മറുപടിയില്‍ അദ്ദേഹത്തിന്റെ ജീവിതസാരസര്‍വസ്വമുണ്ട്. ‘‘സിനിമയില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച ഒരാളാണ് ഞാന്‍. ഇത്രയൊക്കെ ചെയ്യാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഇപ്പോള്‍ ലഭിച്ച നേട്ടങ്ങളില്‍ തന്നെ അങ്ങേയറ്റം സംതൃപ്തനാണ്. അതിനപ്പുറം എന്തിനെങ്കിലും അര്‍ഹനാണോയെന്ന് എനിക്കറിയില്ല. അത് നിശ്ചയിക്കേണ്ടത് ഞാനല്ലല്ലോ?’’...ഈ വാക്കുകളില്‍ മഹത്വം മാന്യതയുമായി സമന്വയിക്കുന്നു.

വ്യത്യസ്തനാം ഒരു മാധവന്‍ നായര്‍

തന്നെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംബന്ധിക്കാതെ ഒഴിഞ്ഞുമാറിയ മധുവിന് അതിനും കൃത്യമായ കാരണമുണ്ട്. ‘‘പുകഴ്ത്തുകള്‍ സഹിക്കാന്‍ പ്രയാസമാണ്. ഞാന്‍ മഹാനാണെന്ന് കുറെ പേര്‍ മൈക്കിലുടെ പറയുന്നത് എങ്ങനെ കേട്ടിരിക്കും?’’

പണം കൊടുത്ത് പുകഴ്ത്താന്‍ ആളെ ഏര്‍പ്പാട് ചെയ്യുന്ന സോഷ്യല്‍മീഡിയ തളളുകാരുടെ കാലത്താണ് ഈ മഹാമനുഷ്യന്‍ ജീവിക്കുന്നതെന്ന് ഓര്‍ക്കണം. ‘‘അങ്ങനെ ചെന്നിരിക്കുന്ന ആളുകള്‍ മോശക്കാരാണ് എന്നും എനിക്ക് അഭിപ്രായമില്ല. എനിക്ക് അത് ഇഷ്ടമല്ല എന്ന് മാത്രം’’

madhu-bhargavinilayam
ഭാര്‍ഗവീനിലയം സിനിമയിൽ

ഈ വിധത്തില്‍ പല കാര്യങ്ങളിലും വ്യത്യസ്തനായിരുന്നു ഈ മനുഷ്യന്‍. പഠിക്കുന്ന കാലത്ത് ഫസ്റ്റ്‌ഷോയൂം ചിലപ്പോള്‍ സെക്കന്‍ഡ്‌ഷോയും സിനിമ കണ്ടിട്ട് അര്‍ദ്ധരാത്രി മടങ്ങി വന്ന് പഠിച്ച് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ആളാണ്. പക്ഷേ പിറ്റേന്ന് എണീക്കാന്‍ വൈകുമെന്ന് മാത്രം. പത്ത് മണി മുതല്‍ രാത്രി രണ്ട്മണി വരെയായിരുന്നു പഠനസമയം.അമ്മാവന്‍ സിന്‍ഡ്രോം അശേഷമില്ലെന്നതാണ് മധുവിന്റെ ഏറ്റവും വലിയ മേന്മ. സ്വന്തം തലമുറ കേമന്‍മാരും അനന്തര തലമുറ മോശക്കാരും എന്ന് പറയുന്ന പഴമക്കാരുടെ കൂട്ടത്തില്‍ മധു എന്ന പേരില്ല. മാറ്റം അനിവാര്യമാണെന്നും എല്ലാം പണ്ടത്തെ പോലെയാവണം എന്ന് വാദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറയുന്നു. എന്നെപ്പോലെ അഭിനയിക്കുന്ന ഒരുപാട് പേരുടെ കൂട്ടത്തില്‍ ഒരാളാണ് ഞാന്‍. അതില്‍ എന്നേക്കാള്‍ വലിപ്പമുളള ഒരുപാട് പേരുണ്ട്’’...എന്ന് വിളിച്ചു പറയാനും ഒരു മധുവിനേ കഴിയു.

എല്ലാവരും സ്വന്തം വീഴ്ചകള്‍ മറച്ചുവച്ച് സമൂഹത്തിന് മുന്നില്‍ നല്ല മനുഷ്യനെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു അഭിമുഖത്തില്‍ മധു തുറന്ന് പറഞ്ഞു. ‘‘ഞാന്‍ അത്ര നല്ല മനുഷ്യനൊന്നുമല്ല. എല്ലാ മനുഷ്യരെയും പോലെ നന്മയും തിന്മയും എന്നിലുമുണ്ട്. അത് രണ്ടുമില്ലെങ്കില്‍ പിന്നെ നമ്മള്‍ മനുഷ്യനാണെന്ന് പറയാന്‍ സാധിക്കുമോ? ഒരുപക്ഷെ തിന്മയേക്കാള്‍ നന്മ എന്നിലൂണ്ടെന്ന് വരാം. അല്ലാതെ പരിപൂര്‍ണ്ണമായി നല്ല മനുഷ്യനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.’’ ഈ തിരിച്ചറിവും സത്യസന്ധതയും കൂടി ചേര്‍ന്നതാണ് മധു...

ജന്മദിനാശംസകള്‍ പ്രിയപ്പെട്ട മധു...ദീര്‍ഘായുഷ്മാന്‍ ഭവ..!

English Summary:

Legend at 91: A Look at Madhu's Illustrious Career in Malayalam Film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com