ADVERTISEMENT

എല്‍ജിബിറ്റി കമ്യൂണിറ്റിയെക്കുറിച്ച് നല്ല ധാരണയുള്ള ഒരാൾ കാതൽ എന്ന സിനിമയിലെ നായകനാകണം എന്നുള്ളതുകൊണ്ടാണ് മമ്മൂട്ടിയെ കാസ്റ്റ് ചെയ്തതെന്ന് സംവിധായകൻ ജിയോ ബേബി.  കഥ പറഞ്ഞപ്പോൾ തന്നെ മമ്മൂട്ടിക്ക് വിഷയത്തെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് മനസ്സിലായി . എന്തുകൊണ്ട് എന്നെ കാസ്റ്റ് ചെയ്തു എന്ന് മമ്മൂട്ടി ചോദിച്ചപ്പപ്പോൾ ഈ ആശയം മനസ്സിലാകുന്ന ഒരാൾ തന്നെ വേണം എന്നുള്ളതുകൊണ്ടാണെന്ന് താൻ മമ്മൂട്ടിയോട് പറഞ്ഞെന്നും ജിയോ ബേബി പറയുന്നു.  മമ്മൂട്ടി ഉള്ളതുകൊണ്ടല്ല ഇഴുകിച്ചേർന്നുള്ള സീനുകൾ സിനിമയിൽ ഇല്ലാതിരുന്നതെന്നും രണ്ടുപേർ തമ്മിലുള്ള സ്നേഹം സിനിമയിൽ എത്തിക്കാൻ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ലെന്നും ജിയോ ബേബി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘‘ഒരു നടൻ എന്ന നിലയില്‍ മമ്മൂട്ടിക്ക് ചെയ്യാന്‍ തോന്നിയ സിനിമയാണ് കാതല്‍. മമ്മൂട്ടിയെപ്പോലെയുള്ള ഒരു അഭിനേതാവും ഈ ആശയം മനസിലാക്കാന്‍ പറ്റിയ ഒരു മനുഷ്യനേയും എനിക്ക് വേണമായിരുന്നു.  എന്തുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന് മമ്മൂട്ടി എന്നോട് ചോദിച്ചിട്ടുണ്ട് അപ്പോൾ ഞാനിങ്ങനെയാണ് മറുപടി പറഞ്ഞത്.  ബോളിവുഡിലേയും മറ്റും നടന്മാര്‍ക്ക് തന്റെ ഇമേജ് നഷ്ടപ്പെടുമോ എന്ന അനാവശ്യ ഭയമുണ്ട്. അത്തരത്തിൽ ഭയമൊന്നുമില്ലാത്ത ഒരു നടന്‍ നമുക്കുണ്ട് എന്നതാണ് നമ്മുടെ സന്തോഷവും അഭിമാനവും.  കാതല്‍ വായിക്കുമ്പോള്‍ തന്നെ മമ്മൂട്ടി ആയിരുന്നു എന്റെ മനസില്‍. ഞാന്‍ അത് മറ്റുള്ളവരോട് പറഞ്ഞപ്പോള്‍ അവർക്കെല്ലാം സന്തോഷമായി. മമ്മൂക്ക ഇത് ചെയ്യുമോ എന്ന് പലർക്കും സംശയമായിരുന്നു. അദ്ദേഹത്തെ പോയി കണ്ട് കഥ പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. സിനിമ നിര്‍മിക്കാമെന്നും അദ്ദേഹം ഏറ്റു.  

മമ്മൂക്ക ഈ സിനിമയില്‍ ഉള്ളതുകൊണ്ടാണ് ചിത്രത്തില്‍ ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ ഇല്ലാത്തത് എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. പക്ഷെ അത് അങ്ങനെയല്ല. ചിത്രത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് എന്റെ കയ്യിലുണ്ട്. സ്‌നേഹിക്കുന്ന രണ്ട് മനുഷ്യരെക്കുറിച്ചാണ് ചിത്രം പറയുന്നത്. അവര്‍ രണ്ട് പേരും കെട്ടിപ്പുണരുന്നതും, ചുംബിക്കുന്നതുമൊന്നും എടുക്കാന്‍ എനിക്ക് തോന്നിയില്ല. സിനിമയ്ക്ക് അത് ആവശ്യമായിരുന്നില്ല. മമ്മൂട്ടി ഇല്ലായിരുന്നെങ്കില്‍ മറ്റേതെങ്കിലും നടനെവെച്ച് കാതല്‍ ഞാന്‍ ചെയ്യുമായിരുന്നു. 

എനിക്ക് മാത്രമാണ് മമ്മൂട്ടി സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നത്. മമ്മൂക്കയ്ക്ക് മനസിലായാല്‍ അദ്ദേഹം ചെയ്യുമല്ലോ  അദ്ദേഹത്തിന് മനസിലാകുമോ എന്ന് നോക്കാം എന്നാണ് ഞാന്‍ തിരക്കഥാകൃത്തുക്കളായ ആദര്‍ശിനോടും പോള്‍സനോടും പറഞ്ഞത്. മമ്മൂക്കയ്ക്ക് കൃത്യമായി കഥ മനസിലായി. അദ്ദേഹത്തെ കണ്ട് ആറ് മാസത്തിനുള്ളില്‍ സിനിമ ആരംഭിച്ചു. കാതലിനു മുൻപ് തുടങ്ങേണ്ടിയിരുന്ന കണ്ണൂര്‍ സ്‌ക്വാഡ് മാറ്റിവെച്ചാണ് മമ്മൂക്ക കാതല്‍ ചെയ്തത്.

എല്‍ജിബിറ്റി കമ്യൂണിറ്റിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരുപാട് അറിയാമായിരുന്നു. ഇത്തരത്തിലുള്ള മനുഷ്യരെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് സംസാരിച്ചിട്ടുണ്ട്. മൂന്നു പ്രാവശ്യം മമ്മൂട്ടിക്കൊപ്പം ഇരുന്നതിനു ശേഷമാണ് കഥയുടെ ഫൈനൽ ഡ്രാഫ്റ്റ് തയ്യാറാക്കിയത്. നായികയായി ജ്യോതികയെ നിര്‍ദേശിച്ചതും മമ്മൂക്കയായിരുന്നു.’’ ജിയോ ബേബി പറയുന്നു.

English Summary:

No Intimacy, Only Understanding: Mammootty's "Kaathal" Redefines Love on Screen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com