എന്റെ നാത്തൂനെ ഞാൻ സ്നേഹിക്കുന്നു: നാഗ ചൈതന്യയുടെ വിവാഹദിവസം ചർച്ചയായി സമാന്തയുടെ കുറിപ്പ്
Mail This Article
മുൻ ഭർത്താവ് നാഗചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹദിവസം നടി സമാന്ത പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റുകൾ ചർച്ചയാകുന്നു. ‘ലോകത്ത് നല്ല നാത്തൂന്മാരുണ്ട്. എന്റെ നാത്തൂനെ ഞാൻ സ്നേഹിക്കുന്നു’ എന്ന പോസ്റ്റ് റീ ഷെയർ ചെയ്യുകയാണ് സമാന്ത അവസാനം ചെയ്തത്. ഏറ്റവും നല്ല നാത്തൂനാണ് എന്റേത് എന്ന അർത്ഥത്തിൽ സമാന്തയുടെ നാത്തൂൻ നിക്കോൾ പങ്കുവച്ച പോസ്റ്ററാണ് സമാന്ത റീ ഷെയർ ചെയ്തത്. ഈ വർഷം സെപ്റ്റംബറിലായിരുന്നു സമാന്തയുടെ സഹോദരൻ ഡേവിഡും അമേരിക്കൻ വംശജയായ നിക്കോളുമായുള്ള കല്യാണം. അമേരിക്കയിൽ വച്ചുനടന്ന വിവാഹത്തിൽ നിറസാന്നിധ്യമായിരുന്നു സമാന്ത.
നാഗചൈതന്യയുടെ വിവാഹ ദിവസം സമാന്ത പങ്കുവച്ച മറ്റൊരു വിഡിയോയും ചർച്ചയായിരുന്നു. ‘ഫൈറ്റ് ലൈക് എ ഗേൾ’ എന്ന ഹാഷ്ടാഗ് ചേർത്താണ് ഫ്രീസ്റ്റൈൽ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ വിഡിയോ സമാന്ത പങ്കുവച്ചത്. ഗെയിമിനു മുന്നോടിയായി ഹസ്തദാനം ചെയ്തപ്പോൾ ഒരു ആൺകുട്ടി മറ്റൊരു പെൺകുട്ടിയുടെ കൈ വേദനിപ്പിച്ചിരുന്നു. ശേഷം നടന്ന മത്സരത്തിൽ പെൺകുട്ടി ജയിച്ചപ്പോൾ ആൺകുട്ടി കരഞ്ഞുകൊണ്ടാണ് തോൽവിയെ നേരിട്ടത്. ആ കരച്ചിൽ ലേശം പേർസണൽ ആണെന്ന് കമന്റുകളിൽ കണ്ടതുപോലെ സമാന്തയും കരുതിയിരിക്കുമോ എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ ചോദിക്കുന്നത്.
വിവാഹം ചെയ്തു നാലു വർഷങ്ങൾ പൂർത്തിയാക്കും മുൻപാണ് നാഗചൈതന്യയും സമാന്ത റൂത്ത് പ്രഭുവും ബന്ധം വേർപെടുത്തിയത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ദമ്പതികൾ അവരുടെ വിവാഹമോചനവാർത്ത പരസ്യമാക്കിയത്. സമൂഹമാധ്യമത്തിൽ ഒരുപാട് ആരാധകരുള്ള ദമ്പതിമാരായിരുന്നു സമാന്തയും നാഗചൈതന്യയും. ഇരുവരുടെയും വിവാഹമോചനവാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.