കണ്ണുകൊണ്ട് പ്രണയം പറഞ്ഞ് പ്രിയ രാമൻ; ഇത് നമ്മുടെ 'കളത്തിൽ രാമനുണ്ണി'യല്ലേ? - വിഡിയോ വൈറൽ
Mail This Article
തമിഴ് ബിഗ് ബോസിൽനിന്നും പുറത്തേക്കിറങ്ങുന്ന രഞ്ജിത്തിന്റെ വിഡിയോ പ്രേക്ഷകർ ഏറ്റെടുക്കുന്നു. 75 ദിവസത്തെ താമസത്തിനു ശേഷം മടങ്ങിപ്പോകാനുള്ള വേദിയിലേക്കെത്തും വഴി ഭാര്യ പ്രിയ രാമനെ കണ്ടപ്പോൾ രഞ്ജിത്തിന്റെ മുഖത്തു വിടർന്ന ഭാവങ്ങൾ ഹൃദ്യമായിരുന്നു. റാംപിലേക്ക് നടന്നു വരും വഴി ബിഗ്‌ബോസ് പരിപാടിയുടെ അവതാരകൻ വിജയ് സേതുപതി ഹസ്തദാനം നല്കാൻ കൈ നീട്ടിയതുപോലും രഞ്ജിത്ത് കണ്ടില്ല. രഞ്ജിത്തിന്റെയും പ്രിയ രാമന്റെയും ഈ പ്രണയനോട്ടങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വേദിയിലേക്കു കയറി വന്ന രഞ്ജിത്ത് സദസിനെ നോക്കി കൈകൂപ്പുന്നതിന് ഇടയിലാണ് കാണികൾക്കിടയിൽ ഇരുന്നിരുന്ന പ്രിയ രാമനെ കാണുന്നത്. അപ്രതീക്ഷിതമായി പ്രിയയെ കണ്ടപ്പോൾ രഞ്ജിത്തിന്റെ മുഖത്ത് ആദ്യം ആശ്ചര്യം. ഒരു വാക്കു പോലും സംസാരിക്കാതെ നോട്ടങ്ങൾ കൊണ്ടും ആംഗ്യങ്ങൾ കൊണ്ടുമായിരുന്നു പിന്നീട് അവർ സംസാരിച്ചത്. പ്രിയയെ സ്നേഹത്തോടെ നോക്കിക്കൊണ്ട് ‘എങ്ങനെയിരിക്കുന്നു’ എന്ന് കണ്ണുകൊണ്ട് ചോദിക്കുകയാണ് രഞ്ജിത്. 'സുഖമായിരിക്കുന്നു' എന്ന് തലയാട്ടിക്കൊണ്ട് സദസിലിരുന്ന് പ്രിയ മറുപടിയും നൽകി. ഇരുവരുടെയും ഹൃദ്യമായ ഈ പ്രണയ സംഭാഷണം കാണികൾക്ക് കൗതുകമായി. അതിനുശേഷമാണ് വിജയ് സേതുപതിക്ക് രഞ്ജിത്ത് ഹസ്തദാനം നൽകുന്നത്.
'ഇരുവരുടെടെയും പ്രണയത്തിന്റെ ആഴം തിരിച്ചറിയാനായി' എന്നാണ് ഈ വിഡിയോ കണ്ട് പ്രേക്ഷകർ കുറിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ ഇത്ര ദിവസം നിന്നിട്ടും എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന നടനെ വിജയ് സേതുപതി അഭിനന്ദിച്ചു. ബിഗ്‌ബോസിൽ നിന്നും വെറുപ്പ് സമ്പാദിക്കാതെ പുറത്തേക്കിറങ്ങുന്ന അപൂർവം ആളുകളിൽ ഒരാളായി രഞ്ജിത്ത് എന്നും വിജയ് സേതുപതി പറഞ്ഞു.
1999ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്. വൈകാതെ ഇരുവരും വിവാഹിതരായി. എന്നാൽ, പിന്നീട് ആ ബന്ധത്തിൽ വിള്ളലുകളുണ്ടായി. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. 2014ല്‍ രഞ്ജിത്തും പ്രിയ രാമനും ഔദ്യോഗികമായി വിവാഹ മോചനം നേടി. മക്കളുടെ സംരക്ഷണം പ്രിയയായിരുന്നു ഏറ്റെടുത്തത്.
വിവാഹ മോചനത്തിന് ശേഷം പ്രിയ രാമന്‍, സിനിമകളില്‍ നിന്നും മാറി തമിഴ് ടെലിവിഷന്‍ സീരിയലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തമിഴിലും മലയാളത്തിലും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ രഞ്ജിത്ത് ആകട്ടെ, നടി രാഗസുധയെ 2014ൽ വിവാഹം ചെയ്തു. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 2015ല്‍ തന്നെ ഇരുവരും വിവാഹ മോചിതരായി. ആരാധകരെ അദ്ഭുതപ്പെടുത്തി രഞ്ജിത്തും പ്രിയരാമനും വീണ്ടും ഒന്നിച്ചു. വിവാഹമോചനം നേടി ഏഴു വർഷത്തിനു ശേഷം വീണ്ടും ഒരുമിക്കാൻ തീരുമാനിച്ച താരങ്ങൾക്കിടയിലുള്ള പ്രണയത്തിന്റെ കരുത്ത് വെളിപ്പെടുത്തുന്നതായി ഇപ്പോൾ പുറത്തു വന്ന വിഡിയോ.