‘ഹണി റോസിനെ കാണാൻ ആളില്ലേ?’; വിവാദത്തിനു ശേഷമുള്ള ആദ്യ ഉദ്ഘാടനം; നേരനുഭവം പറഞ്ഞ് നടി

Mail This Article
ബോബി ചെമ്മണൂർ വിവാദത്തിനും തുടർസംഭവങ്ങൾക്കും ശേഷം ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് ഹണി റോസ്. പാലക്കാട്ടെ ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്‌ഘാടനത്തിനായാണ് ഹണി റോസ് എത്തിയത്. താരത്തെ കാണാൻ സ്ത്രീകളും പെൺകുട്ടികളും അടക്കം വൻ ജനാവലിയാണ് തടിച്ചുകൂടിയത്. വിവാദസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇനി ഹണി റോസ് പങ്കെടുക്കുന്ന ഉദ്ഘാടനചടങ്ങിൽ താരത്തെ കാണാൻ ആളുകൾ വരില്ലെന്ന പ്രചാരണങ്ങൾക്കിടെയാണ് വൻജനപങ്കാളിത്തത്തോടെ പാലക്കാട്ടെ ഉദ്ഘാടനം നടന്നത്. ആരാധകർ തനിക്കു നൽകുന്ന പിന്തുണ കണ്ടു സന്തോഷം തോന്നുന്നുവെന്ന് ഹണി റോസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
ഇളം വയലറ്റ് നിറത്തിലുള്ള ഗൗൺ ധരിച്ച് ഒരു രാജകുമാരിയെപ്പോലെ തോന്നിപ്പിക്കുന്ന വേഷവിധാനത്തിലാണ് ഹണി വേദിയിലെത്തിയത്. ഹണി റോസിന്റെ വാക്കുകൾ: ‘‘പാലക്കാട് ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ ഉദ്ഘാടനത്തിനാണ് ഞാൻ എത്തിയത്. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകരണമാണ് അവിടെ എനിക്ക് ലഭിച്ചത്. ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയതിന് ശേഷം സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് നേരിട്ടിരുന്നത്. ഇനി പൊതുവേദികളിൽ എത്തിയാൽ ആരും കാണാൻ ഉണ്ടാകില്ല എന്നൊക്കെയായിരുന്നു കമന്റുകൾ. പക്ഷേ, സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകളിൽ കാര്യമില്ല എന്നു തെളിയിക്കുന്ന സ്വീകരണമാണ് പാലക്കാടുനിന്ന് ലഭിച്ചത്.
ഒരുപാട് ചേച്ചിമാരും കോളജിൽ പഠിക്കുന്ന കുട്ടികളും അടക്കമുള്ളവർ അവിടെ എന്നെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. എല്ലാവരും ഒരുമിച്ച് പാട്ടും നൃത്തവുമൊക്കെയായി ചടങ്ങ് വളരെ ഭംഗിയായി കഴിഞ്ഞു. എല്ലാവരും വലിയ സ്നേഹമാണ് എനിക്ക് തന്നത്. ഒരു വലിയ വിഷമഘട്ടത്തിലൂടെ കടന്നുപോയതിനുശേഷം വീണ്ടും ജനങ്ങളുടെ സ്നേഹം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞപ്പോൾ വലിയ സമാധാനവും സന്തോഷവുമുണ്ട്. എനിക്ക് പിന്തുണയുമായി ഒപ്പം നിന്ന മാധ്യമങ്ങളോടും പൊതുജനങ്ങളോടും ഒരുപാട് നന്ദിയും സ്നേഹവുമുണ്ട്,’’ ഹണി റോസ് മനോരമ ഓൺലൈനിനോടു പറഞ്ഞു.
ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയതിനു ശേഷം വലിയ വിമർശനങ്ങളാണ് ഹണി റോസിന് നേരിടേണ്ടി വന്നത്. താരത്തെ കാണാൻ പുരുഷന്മാർ മാത്രമാണ് എത്തുന്നത് എന്നതായിരുന്നു പ്രധാന ആക്ഷേപം. പരാതി ഉന്നയിച്ചതുകൊണ്ട്, ഇനി ആരും താരത്തെ ഉദ്ഘാടനങ്ങൾക്കു വിളിക്കില്ലെന്നും താരത്തെ കാണാൻ ആരും വരില്ലെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ, പാലക്കാട് നടന്ന ഉദ്ഘാടന ചടങ്ങിൽ നിറയെ പെൺകുട്ടികളും സ്ത്രീകളുമായിരുന്നു താരത്തെ കാണാൻ എത്തിച്ചേർന്നത്. കോളജ് യൂണിഫോമിൽ എത്തിയ പെൺകുട്ടികളെയും വിഡിയോയിൽ കാണാം.