ഷാഫി ആരെ കണ്ടാലും സമ്മാനിക്കുന്ന ഗിഫ്റ്റാണ് ‘ചിരി’: ഓർമകളുമായി ജയസൂര്യ

Mail This Article
സംവിധായകൻ ഷാഫിയുടെ ഓർമകൾ പങ്കുവച്ച് നടൻ ജയസൂര്യ. ഡിസംബർ 15 നാണ് ഷാഫിയെ ഒടുവിൽ കണ്ടു സംസാരിച്ചത്. പുതിയൊരു ചിത്രത്തെക്കുറിച്ചാണ് അന്നു സംസാരിച്ചത്. ഇത്രപെട്ടെന്ന് ഈ ദുരന്തവാർത്ത തന്നെത്തേടി എത്തുമെന്ന് കരുതിയില്ല എന്ന് ജയസൂര്യ ഹൃദയവേദനയോടെ പറയുന്നു. സിനിമയിൽ എത്തുന്നതിന് മുൻപെ തുടങ്ങിയ ഷാഫിയുമായുള്ള സൗഹൃദത്തിന്റെ ഓർമകൾ ജയസൂര്യ മനോരമ ഓൺലൈനോടു പങ്കുവച്ചു.
"ഞാനും ഷാഫിയും തമ്മിലുള്ള ബന്ധം സിനിമയിൽ വരുന്നതിനു മുൻപ് തുടങ്ങിയതാണ്. ശരിക്കും പറഞ്ഞാൽ ഞാനും ഷാഫിയും ഒരുമിച്ച് ബികോമിന് പഠിച്ചിരുന്നു. പ്രീഡിഗ്രി പഠനം കഴിഞ്ഞ് 10 വർഷത്തിനു ശേഷമാണ് ഷാഫി ബികോമിന് ജോയിൻ ചെയ്തത്, ഞങ്ങൾ ഒരുമിച്ച് ഒരു ക്ലാസിൽ ഉണ്ടായിരുന്നു. അന്ന് അവൻ റാഫിയുടെ അനുജനാണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഞങ്ങൾ നല്ല സൗഹൃദത്തിൽ ആയി. അവൻ എന്നോട് പറഞ്ഞു, ‘എടാ നിന്നെ വെച്ച് ആരെങ്കിലും ഒരു സിനിമ ചെയ്താൽ ഞാനും നിന്നെ വച്ച് സിനിമ ചെയ്തിരിക്കും’. അതിനുശേഷം ഞാൻ സിനിമയിൽ അഭിനയിക്കുന്നു. പിന്നീടാണ് പുലിവാൽ കല്യാണം എന്ന സിനിമ വരുന്നത്. അതേ സമയത്ത് തന്നെ ചക്രം എന്ന സിനിമയും എനിക്ക് വരുന്നു. ലോഹി സാറിന്റെ ചക്രം കഴിഞ്ഞിട്ട് പുലിവാൽ കല്യാണം ചെയ്യാം എന്നതായിരുന്നു എന്റെ പ്ലാൻ. പക്ഷേ ചക്രം കുറച്ചേറെ നീണ്ടുപോയി. പുലിവാൽ കല്യാണം തുടങ്ങാനുള്ള ഡേറ്റ് എത്തുകയും ചെയ്തു. ഷാഫി എന്നോട് ചോദിച്ചു, ‘എടാ എന്താ ചെയ്യുന്നത്. നമുക്ക് പടം ചെയ്തല്ലേ പറ്റൂ’. അന്ന് പുലിവാൽ കല്യാണം എന്നായിരുന്നില്ല അതിന്റെ പേര്. ‘ഹനുമാൻ ജംഗ്ഷൻ’ എന്നായിരുന്നു. പിന്നീടാണ് പുലിവാൽ കല്യാണം എന്ന പേരിട്ടത്. ആ സമയത്ത് ഞാൻ അവനോട് പറഞ്ഞു, ‘എടാ ഞാൻ നിനക്ക് തന്ന വാക്കാണ്. അത് ഞാൻ മാറ്റില്ല’. ഞാൻ ചക്രം എന്ന സിനിമ വേണ്ടെന്നു വച്ചു. അങ്ങനെ പുലിവാൽ കല്യാണം സിനിമയിൽ ഞാൻ അഭിനയിച്ചു. എന്റെ സഹപാഠി എന്നതിലപ്പുറം സംവിധായകൻ ഷാഫിയെ ഞാൻ അടുത്തറിയുന്നത് ആ സിനിമയിലൂടെയാണ്.
ഷാഫിയുടെയും എന്റെയും കുടുംബങ്ങൾ തമ്മിലും വളരെ നല്ല സൗഹൃദമാണ്. അതിനുശേഷമാണ് ചോക്ലേറ്റ് എന്ന സിനിമ സംഭവിച്ചത്. പിന്നെ, 101 വെഡിങ്, അങ്ങനെ ഞങ്ങളുടെ സൗഹൃദം മുന്നോട്ടുപോയി. സിനിമകൾ തുടർച്ചയായി ചെയ്തില്ലെങ്കിലും അവൻ ഇടയ്ക്ക് വീട്ടിൽ വരും. ഞങ്ങൾ എവിടെയെങ്കിലും വച്ച് ഒരുമിച്ച് കാണും,. അങ്ങനെ ഞങ്ങളുടെ സൗഹൃദം ഇപ്പോഴും ദൃഢമായി പോയിക്കൊണ്ടിരിക്കുകയായിരുന്നു.
ഡിസംബർ 15–ാം തീയതി ഷാഫിയെ തൃശൂർ വച്ച് ഒരു വീട് പാലുകാച്ചൽ ചടങ്ങിൽ കണ്ടിരുന്നു, അന്ന് ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു. അവൻ എന്നോട് പറഞ്ഞു, ‘എടാ ഒരു പരിപാടിയുണ്ട് നമുക്ക് ചെയ്യാം’. മിഥുൻ മാനുവലും ഒപ്പമുണ്ടായിരുന്നു. നമുക്ക് പടം ചെയ്യാം എന്നൊക്കെ പറഞ്ഞാണ് അവിടെ നിന്ന് പിരിയുന്നത്. അതായിരുന്നു അവസാനത്തെ കാഴ്ച. ഞങ്ങൾ വീണ്ടും ഒരുമിച്ച് പടം ചെയ്യും എന്നൊക്കെയുള്ള പ്രതീക്ഷയിലായിരുന്നു ഇരുന്നത്. പക്ഷേ, ഇത്തരം ഒരു ദുരന്തവാർത്ത ഉടൻ തന്നെ കേൾക്കേണ്ടി വരും എന്ന് അറിഞ്ഞില്ല. നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ് ഇപ്പോൾ നടന്നത്. ഷാഫി ആശുപത്രിയിലായ വിവരം അറിഞ്ഞ് ഞാൻ ആശുപത്രിയിൽ പോയിരുന്നു. കുറെ മണിക്കൂറുകൾ ഞങ്ങൾ ഒരുപാട് പേർ അവിടെയിരുന്നു. ആശുപത്രിയിലെത്തിയ എല്ലാവരും മണിക്കൂറുകളോളം അവിടെ ഇരുന്നു. ആർക്കും പോകാൻ പോലും കഴിയാതെ അവിടെ കാത്തിരിക്കുകയായിരുന്നു. അത് അവനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് തന്നെയാണ്. ഷാഫി ഒരുപാട് ഓർമകൾ എല്ലാവർക്കും സമ്മാനിച്ചിട്ടുണ്ട്. ചിലർ സിനിമകളിലൂടെ മാത്രം നല്ല ഓർമകൾ സമ്മാനിക്കുമ്പോൾ ഷാഫി ഒരു സുഹൃത്ത് എന്ന നിലയിലാണ് എല്ലാവർക്കും നല്ല ഓർമകൾ സമ്മാനിച്ചിട്ടുള്ളത്. അവന്റെ ചിരിക്കാത്ത മുഖം ആർക്കും ഓർക്കാൻ പോലും കഴിയില്ല അതാണ് ഷാഫി.
സംസാരിച്ചു കഴിഞ്ഞാൽ ചിരിപ്പിക്കാതെ അവൻ വിടില്ല അവൻ ഒരാൾക്ക് കൊടുക്കുന്ന സമ്മാനമാണ് ചിരി. എല്ലാവർക്കും വേണ്ടപ്പെട്ടവനാണ് ഷാഫി. ഷാഫിയെ കുറിച്ച് ഒരു മോശം കാര്യം ആർക്കും പറയാനുണ്ടാകില്ല. വെറുപ്പ് എന്ന കാര്യം അവന്റെ ജീവിതത്തിൽ ഇല്ല. സിനിമയിൽ ഉള്ളതുപോലെ തന്നെ ജീവിതത്തിൽ ഉടനീളം തമാശയുള്ള ആളാണ് ഷാഫി. ഷാഫി മാത്രമല്ല ആ കുടുംബത്തിലെ എല്ലാവരും ചിരിപ്പിക്കുന്നവരാണ്. എന്തിനും തമാശ കണ്ടെത്തുന്നവരാണ് അവരെല്ലാം. സിദ്ദീഖ് ഇക്ക, റാഫി, ഷാഫി എല്ലാവരും അങ്ങനെ തന്നെയാണ്. എവിടെവച്ച് കണ്ടാലും ഒരു കൗണ്ടർ പറയാതെ പിരിയില്ല. തമാശ പറയാത്ത ഷാഫിയെ ആർക്കും പരിചയമുണ്ടാകില്ല. ആ ചിരി കുടുംബത്തിലെ ഒരാൾ ഇപ്പോൾ പോയി മറയുകയാണ്. സിദ്ദീഖ് ഇക്ക ആദ്യം തന്നെ പോയി. ഒരുപാട് അടുപ്പം ഉണ്ടായിരുന്നു ഷാഫിക്ക് സിദ്ദീഖ് ഇക്കയോട്. ഷാഫിക്ക് മനസ്സുകൊണ്ട് ഗുരുവാണ് സിദ്ദീഖ് ഇക്ക. റാഫി ജ്യേഷ്ഠൻ ആണെങ്കിലും റാഫിയും ഗുരുതുല്യനാണ് ഷാഫിക്ക്. കോവിഡ് കാലത്ത് ഒരുമാതിരിപ്പെട്ട എല്ലാവരും കടുത്ത വിഷാദത്തിലേക്ക് പോയപ്പോൾ കുറച്ചുപേരെയെങ്കിലും ചിരിപ്പിച്ച ഒരാളാണ്. ടൂ കൺട്രിസ് എന്ന സിനിമ ഇന്നും പലരുടെയും വീട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ്. ആ സമയത്ത് എല്ലാവരും ഈ സിനിമ വീട്ടിൽ ഇട്ട് കണ്ടുകൊണ്ടിരുന്നു എന്ന് കേട്ടിട്ടുണ്ട്.
പുലിവാൽ കല്യാണം എന്ന സിനിമയിൽ ഞാൻ നായകനായെങ്കിലും ഞാൻ എന്നും വിശ്വസിക്കുന്നത് സലിംകുമാർ ആണ് അതിലെ നായകൻ എന്നാണ്. അത്രയേറെയാണ് ജനങ്ങൾ ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടത്. ആ രീതിയിലാണ് ഷാഫിയുടെ ക്രാഫ്റ്റ്. എല്ലാവർക്കും പ്രിയപ്പെട്ട സിനിമകൾ സമ്മാനിച്ച ആളാണ് ഷാഫി. ഷാഫി എന്ന വ്യക്തിയും സുഹൃത്തും സംവിധായകനും എന്റെ ഉള്ളിൽ മരിക്കുന്നില്ല. അദ്ദേഹം ചെയ്ത സിനിമകളിലൂടെ ഷാഫി നമ്മിലെല്ലാം എന്നും നിറഞ്ഞു നിൽക്കും. ഇനിയും അവൻ ബാക്കിവച്ചുപോയ സിനിമകളിലൂടെ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടിരിക്കും." ജയസൂര്യ പറഞ്ഞു.