ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

അമിതമായ ബജറ്റും പ്രതിഫലവും ഉയർത്തി സിനിമകളെ സാമ്പത്തികമായി നഷ്ടത്തിലാക്കുന്ന സംവിധായകനും നായകനുമെതിരെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്താന്‍ നിർമാതാക്കളുടെ അസോസിയേഷന് സാധിക്കില്ലേ എന്ന ചോദ്യവുമായി നിർമാതാവ് വേണു കുന്നപ്പിള്ളി. കൊടൂര നഷ്ടം വരുത്തിയ സിനിമകളുടെ നായകനും, സംവിധായകനുമെല്ലാം വീണ്ടും വീണ്ടും അതിലും വലിയ സിനിമകൾ ചെയ്യുന്ന കാണുമ്പോൾ സത്യത്തിൽ നിലവിളിക്കാനാണ് തോന്നുന്നതെന്നും വേണു കുന്നപ്പിള്ളി പറയുന്നു. ഈ വർഷം മലയാളത്തിലെ ഏക ഹിറ്റായിരുന്ന ‘രേഖാചിത്രം’ സിനിമയുടെ നിർമാതാവ് കൂടിയാണ് വേണു.

വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ:

ചില കൊടൂര ചിന്തകൾ: സിനിമയുടെ ജയപരാജയങ്ങളെ കുറിച്ചും, നഷ്ട ലാഭങ്ങളെ കുറിച്ചുമുള്ള ചർച്ചകളുമായി മുന്നോട്ടുപോകുന്ന സമയമാണിത്. സിനിമാ അസോസിയേഷൻ ഏതാനും ദിവസം മുന്നേ പുറത്തുവിട്ട ആധികാരികമായ വിവരങ്ങൾ, ആശ്ചര്യജനകവും, ഞെട്ടിക്കുന്നതുമാണ്. വർഷങ്ങളായി നഷ്ടത്തിലോടുന്ന മലയാള സിനിമാ വ്യവസായത്തിലേക്ക് അറിഞ്ഞും, അറിയാതേയും വീണ്ടും വീണ്ടും നിർമാതാക്കൾ എത്തിക്കൊണ്ടേയിരിക്കുന്നു.  എന്തായിരിക്കാമിതിന് കാരണം? യാതൊരു നീതീകരണവുമില്ലാത്ത രീതിയിൽ സിനിമയുടെ ചിലവുകൾ വർധിച്ചു കൊണ്ടേയിരിക്കുന്നു.

ഒരു സിനിമയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ഏകപക്ഷീയമായി ഏറ്റെടുക്കുന്നു നായകനടന്മാർ, പരാജയത്തിൽ ഞാനൊന്നും അറിഞ്ഞില്ലേ, ഞാനീ നാട്ടുകാരനല്ല എന്ന രീതിയിൽ അടുത്ത സിനിമയിലേക്ക് വീണ്ടും ശമ്പളം കൂട്ടി ഓടിമറയുന്നു. ഇല്ലാക്കഥകൾ പറഞ്ഞ് നിർമാതാവിനെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനോ എഴുത്തുകാരനോ, കബളിപ്പിക്കപ്പെട്ട പാവപ്പെട്ട പ്രൊഡ്യൂസറെ ദുരിതത്തിലേക്ക് തള്ളിവിട്ട്, അടുത്ത സിനിമയുടെ പുറകേ പോകുന്നു. കഴിഞ്ഞ ദുരന്ത സിനിമയുടെ ഇല്ലാത്ത 

ലാഭ കഥകൾ പറഞ്ഞ്, പുതിയൊരാൾക്ക് വേണ്ടിയുള്ള വേട്ടയാരംഭിക്കുന്നു. സ്വന്തം കീശയിൽ കാശ് കിടക്കുമ്പോൾ സ്വതന്ത്രമായി എന്തു തീരുമാനമെടുക്കാനും നിർമാതാവിന് അവസരമുണ്ട്.

ആ അവസരം നഷ്ടപ്പെടുത്തി പിന്നെ ദുഃഖിച്ചിട്ട് എന്തുകാര്യം. ദുരന്ത സിനിമകൾ ഏറെയും സമ്മാനിക്കുന്ന യുവകുമാരന്മാർ എത്ര ശമ്പളം വേണമെങ്കിലും ചോദിച്ചോട്ടെ.അവർ വന്നു തട്ടിപ്പറിച്ചു കൊണ്ടുപോകുന്നില്ലല്ലോ ? കൊടുക്കാൻ പറ്റാത്ത ശമ്പളം കൊടുക്കാതിരിക്കുക, സിമ്പിൾ! സിനിമയിൽ ജൂനിയറായ ആർട്ടിസ്റ്റുകളും, പിന്നണി പ്രവർത്തകരും അധ്വാനത്തിന് ആനുപാതികമല്ലാത്ത ചെറിയ ശമ്പളം കൈപ്പറ്റുമ്പോൾ, ഒരു നീതീകരണവുമില്ലാതെ ഭൂരിഭാഗവും കൈക്കലാക്കുന്നത് മേൽപ്പറഞ്ഞ ആളുകളാണ്. ഇല്ലാക്കഥകൾ പറഞ്ഞൊരു സിനിമ തുടങ്ങിയിട്ട് പിന്നെ നെറുകേടിന്റെ നേർചിത്രമാണ് പലപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.

ബജറ്റിന്റെ പത്തു പതിനഞ്ചു ശതമാനം ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്.. എന്നാൽ 100, 300 ശതമാനം വരെ ചെലവ് കേറുമ്പോഴും സന്തോഷവാനായി ഒരു കൂസലുമില്ലാതെയിരിക്കുന്ന  സംവിധായകനെ എന്തു പറയാനാണ് ? ഇവർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനോ, അല്ലെങ്കിൽ പുതിയതായി വരുന്ന നിർമാതാക്കളോട് ഇവരുടെ വീരഗാഥകൾ പറഞ്ഞുകൊടുക്കാനോ അസോസിയേഷനുകൾക്ക് സാധിക്കില്ലേ?

കൊടൂര നഷ്ടം വരുത്തിയ സിനിമകളുടെ നായകനും, സംവിധായകനുമെല്ലാം വീണ്ടും വീണ്ടും അതിലും വലിയ സിനിമകൾ ചെയ്യുന്ന കാണുമ്പോൾ സത്യത്തിൽ ‘അമ്മേമ്മേ’ എന്ന് വിളിച്ചു പോകുന്നു... എത്ര നഷ്ടമായാലും നിർമാതാവിനെ കൊന്നു കൊല വിളിച്ചാണ് ഇവർ മുന്നോട്ടു പോകുന്നത്.. സിനിമ തുടങ്ങിയാൽ പിന്നെ ഇവരുടെ ചെലവുകൾക്ക് പരിധികളില്ല... ഒരുമാതിരി ദത്തെടുത്ത പോലെയാണ് പിന്നെത്തെ കാര്യങ്ങൾ. ബിസിനസ് ക്ലാസിൽ നിന്ന് ഫസ്റ്റ് ക്ലാസിലേക്കും, തരം കിട്ടിയാൽ പൈലറ്റിന്റെ സൈഡിൽ പോലും ഇരിക്കാനവർ ആവശ്യപെട്ടേക്കാം. ഫൈസ്റ്റാർ ഹോട്ടലിലെ സ്യൂട്ട്റൂം, ഏറ്റവും മുന്തിയ കാറുകളും ഫൈസ്റ്റാർ ഭക്ഷണവുമെല്ലാം ഇവരുടെ ചെറിയ ആവശ്യങ്ങൾ മാത്രം... 

സിനിമയെടുക്കാൻ വരുന്ന നിർമാതാക്കൾ അത് തുടങ്ങുന്നതിനു മുന്നേ, കണ്ണീച്ചോരയില്ലാത്ത ഇതുപോലുള്ളവരെ പറ്റി ഒരു ചെറിയ അന്വേഷണം നടത്തിയാൽ നഷ്ട സ്വർഗത്തിലേക്കുള്ള പോക്ക് കുറക്കാനാകുമെന്നാണ് തോന്നുന്നത്. മലയാള സിനിമയുടെ നഷ്ട കണക്കുകൾ പറഞ്ഞു പരിതപിക്കുമ്പോൾ, കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന സംഘടനയുടെ തലപ്പത്തിരിക്കുന്നവർ തന്നെയാണ് പലപ്പോഴും ഈ തോന്ന്യവാസങ്ങൾക്ക് കുടപിടിക്കുന്നത്. സ്വന്തം താല്പര്യങ്ങൾക്കൊപ്പം, സിനിമാ വ്യവസായത്തിന്റെ  ഉന്നമനത്തിനുമിവർ പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ?

English Summary:

Producer Venu Kunnappilly raises the question whether the Film Producers' Association can impose a lifetime ban on a director and hero who are causing financial losses to films by inflating budgets and remunerations excessively.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com