മാർക്കോ ഇടിച്ച് പഞ്ഞിക്കിടുന്ന പൊലീസ് ഓഫിസർ; റിയാസ് ഖാന്റെ ഡിലീറ്റഡ് സീൻ പുറത്ത്

Mail This Article
ഉണ്ണി മുകുന്ദന്‍റെ പാൻ ഇന്ത്യൻ സൂപ്പര്‍ഹിറ്റ് ചിത്രം മാര്‍ക്കോയിൽ നിന്നും ഒഴിവാക്കിയ രംഗം പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ അൺകട്ട് വേർഷനായിരുന്നില്ല ഒടിടിയിലെത്തിയത്. ഇതിന് പിന്നാലെയാണ് സിനിമയിൽ നിന്നും ഒഴിവാക്കേണ്ടി വന്ന റിയാസ് ഖാന്‍റെ രംഗം പുറത്തുവിട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദനും റിയാസ് ഖാനും ഉൾപ്പെടുന്ന ഒരു പൊലീസ് സ്റ്റേഷൻ ഫൈറ്റ് സീനാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
നായിക യുക്തി തരേജയും സീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നായികയെ ബസിൽ വച്ച് ശല്യം ചെയ്യുന്നവരെ കസ്റ്റഡിയിൽ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് റിയാസ് ഖാൻ എത്തുന്നത്. എന്തിനാണ് ഈ രംഗം ഒഴിവാക്കിയത് എന്ന് ആരാധകരിൽ പലരും കമന്റുകളിൽ ചോദ്യം ഉന്നയിക്കുന്നുമുണ്ട്.
റിയാസ് ഖാൻ അവതരിപ്പിച്ച കഥാപാത്രം ഒടിടി പതിപ്പിലുണ്ടാകുമെന്ന് മുൻപ് ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നു. എന്നാൽ, തിയറ്റർ പതിപ്പു തന്നെയാണ് ഒടിടിയിലും റിലീസ് ചെയ്തത്. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ചിത്രത്തിന്റെ അൺകട്ട് വേർഷൻ റിലീസ് ചെയ്യാൻ കഴിയാതെ പോയത്. അതുകൊണ്ട്, റിയാസ് ഖാന്റെ സീൻ ‘ഡിലീറ്റഡ് സീൻ’ ആയി അണിയറപ്രവർത്തകർ പുറത്തു വിടുകയായിരുന്നു.
ഗംഭീര പ്രതികരണമാണ് ഒടിടിയിൽ നിന്നും സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേവരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.
ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.
പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.
ആക്‌ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്‌ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്‌ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.