നടന്റെ ഭാര്യയോട് ക്ഷമാപണം പറഞ്ഞ് ചുംബനം; ഹാലി ബെറിയുടെ ‘പകരം വീട്ടൽ’ വൈറൽ

Mail This Article
22 വർഷങ്ങൾക്കു ശേഷം മികച്ച നടനുള്ള പുരസ്കാരം വീണ്ടും നേടി ഏഡ്രിയാൻ നിക്കോളസ് ബ്രോഡി. ‘ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ പുരസ്കര നേട്ടം ആവർത്തിച്ചത്. വയസ്സ് മാത്രമെ കൂടിയിട്ടുള്ളൂ അഭിനയത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഈ പുരസ്കാരത്തിലൂടെ തെളിയിച്ചിരിക്കുകയാണ് അമേരിക്കൻ താരം.
2003ലെ ഓസ്കാർ നേട്ടത്തിലൂടെയാണ് ഏഡ്രിയാനിലെ നടനെ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്. ‘ദ പിയാനിസ്റ്റ് ’എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു അന്ന് അവാർഡ് ലഭിച്ചത്. 29–ാം വയസിലെ പുരസ്കാര നേട്ടത്തോടെ മികച്ച നടനുള്ള ഓസ്കർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടൻ എന്ന നേട്ടവും ഏഡ്രിയാന്റെ പേരിലായി.
മികച്ച നടനുള്ള ഓസ്കർ ഏറ്റുവാങ്ങിയപ്പോൾ വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവവും താരം പുനഃസൃഷ്ടിച്ചു. 2003ൽ ഓസ്കർ ഏറ്റുവാങ്ങിയപ്പോൾ പുരസ്കാരം സമ്മാനിച്ച ഹാലി ബെറിയെ താരം അപ്രതീക്ഷിതമായി ചുംബിച്ചത് വലിയ വിവാദമായിരുന്നു. പിന്നീട് ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഓസ്കർ നിമിഷം’ ആയി ഇതു മാറി. വീണ്ടും മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ഏഡ്രിയനെ തേടിയെത്തിയപ്പോൾ വർഷങ്ങൾക്കു മുൻപ് സംഭവിച്ച ആ ‘വിവാദ ചുംബനം’ റെഡ് കാർപ്പറ്റിൽ വച്ച് ഏഡ്രിയാനും ഹാലി ബെറിയും പുനഃരാവിഷ്കരിക്കുകയായിരുന്നു.
2003ൽ ഹാലിയുടെ സമ്മതം ചോദിക്കാതെ അപ്രതീക്ഷിതമായിട്ടായിരുന്നു ഏഡ്രിയാന്റെ ചുംബനം. അതുകൊണ്ടു തന്നെ വിവാദങ്ങളും ആ ചുംബനത്തെ പിന്തുടർന്നു. 2025ലെ റെഡ് കാർപ്പറ്റ് വേദിയിൽ സഹതാരങ്ങളെയും മാധ്യമങ്ങളെയും സാക്ഷിയാക്കിയായിരുന്നു ഇരുതാരങ്ങളും ‘വിവാദ ചുംബനം’ പുനഃരാവിഷ്കരിച്ചത്. ഏഡ്രിയന്റെ പങ്കാളി ജോർജീനിയ ചാപ്മാനും റെഡ് കാർപ്പറ്റിൽ അവർക്കൊപ്പം സന്നിഹിതയായിരുന്നു. ജോർജീനയോടു ക്ഷമാപണം നടത്തിയാണ് ഹാലി ബെറി ഏഡ്രിയനെ ചുംബിച്ചത്. ശേഷം മൂവരും ആലിംഗനം ചെയ്യുകയും ചെയ്തു. നിമിഷങ്ങൾക്കം ഈ വിഡിയോ വൈറലായി.
ബ്രാഡി കോർബറ്റ് തിരക്കഥയും സംവിധാനവും നിർവഹിച്ച 'ദ ബ്രൂട്ടലിസ്റ്റി'ൽ, യുദ്ധാനന്തര അമേരിക്കയിൽ തന്റെ കുടുംബവുമായി വീണ്ടും ഒന്നിക്കുന്ന ഒരു ജൂത വാസ്തുശില്പിയുടെ വേഷത്തിലാണ് ഏഡ്രിയൻ ബ്രോഡി അഭിനയിക്കുന്നത്.