‘ഒപ്പം’ സിനിമ കണ്ട് കുടുംബമടക്കം ഞെട്ടി, പരാതി പറഞ്ഞപ്പോൾ അവഗണന; നിയമപോരാട്ടത്തിൽ വിജയം

Mail This Article
മോഹന്‍ലാലിന്റെ ‘ഒപ്പം’ എന്ന സിനിമ തിയറ്ററിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി തന്റെ ഫോട്ടോ അധ്യാപികയായ പ്രിൻസി ഫ്രാൻസിസ് സിനിമയിൽ കാണുവാനിടയാകുന്നത്. സിനിമ കണ്ടുകൊണ്ടിരുന്ന ഭർത്താവും മക്കളുമടക്കം ഞെട്ടിപ്പോയ സംഭവത്തിൽ പ്രിൻസിക്കും വലിയ മാനസികാഘാതമാണ് ആ രംഗം സൃഷ്ടിച്ചത്. പലരും സിനിമ കണ്ട ശേഷം പ്രിൻസിയെ വിളിച്ച് ചോദിക്കുകയും കളിയാക്കി കമന്റ് ചെയ്യാനും തുടങ്ങി. പൊലീസിൽ കേസുമായി സമീപിച്ചപ്പോഴാണ് മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഉപദേശം കിട്ടുന്നത്. ആദ്യം ഹൈക്കോടതിയെയാണ് സമീപിച്ചത്, തുടര്‍ന്ന് കോടതി തന്നെയാണ് ചാലക്കുടി മുൻസിഫ് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. സിനിമയുടെ നിര്‍മാണ കമ്പനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. ഇപ്പോൾ കോടതി തന്റെ പരാതി കേട്ടപ്പോൾ സന്തോഷമായെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും പ്രിൻസി മനോരമ ന്യൂസിനോടു പറഞ്ഞു.
‘‘2016ൽ ഓണാവധിക്കു കുടുംബവുമായി സിനിമ കാണാൻ പോയതാണ്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അതിൽ എന്റെ ഫോട്ടോ കണ്ടു. നടി അനുശ്രീ ഒരു കേസ് ഫയൽ എടുക്കുന്നതിനിടയിലാണ് എന്റെ ഫോട്ടോ കണ്ടത്. അത് എനിക്കൊരു ഷോക്ക് ആയിരുന്നു. ഒരു സാധാരണ മനുഷ്യന്റെ ചിന്താഗതിയിൽ കൂടി നോക്കുമ്പോൾ ഒരു സിനിമ കാണുന്നതിനിടയിൽ നമ്മുടെ ഫോട്ടോ പ്രതീക്ഷിക്കില്ലല്ലോ. ഭർത്താവും കുട്ടികളും ഒക്കെ ഇത് കണ്ടപ്പോൾ അവർക്കും ഷോക്ക് ആയിപോയി. എന്നെ അറിയാവുന്ന സിനിമ കണ്ടവർ എല്ലാം കമന്റ് ചെയ്യാൻ തുടങ്ങി, ഇത് എങ്ങനെ വന്നു, ഇത് എന്താണ് ഇങ്ങനെ, തട്ടിപോയി അല്ലേ, എന്നുള്ള ചോദ്യങ്ങൾ ആയി. ആദ്യം എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ലായിരുന്നു.
പിന്നെ എല്ലാവരുമായി ചർച്ച ചെയ്തപ്പോൾ നമ്മൾ കൊടുക്കാതെ നമ്മുടെ ഫോട്ടോ ഇങ്ങനെ വരാൻ പാടില്ലല്ലോ എന്നുള്ള അഭിപ്രായത്തിലേക്ക് വന്നു. നമുക്ക് ആകെക്കൂടി ചെയ്യാൻ പറ്റുന്നത് മാനനഷ്ടത്തിന് കേസ് കൊടുക്കുക എന്നതാണ്. ആദ്യം ഇവർക്ക് വക്കീൽ നോട്ടീസ് അയച്ചുഒരു പ്രതികരണവും ഇല്ല, നമ്മളെ ആരും മൈൻഡ് ചെയ്തില്ല. ഹൈക്കോടതിയിൽ കേസ് കൊടുത്തപ്പോൾ കോടതി ആണ് പറഞ്ഞത് ചാലക്കുടി മുൻസിഫ് കോടതിയിൽ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ. സീനിയർ വക്കീൽ ആയ നാരായണൻ കുട്ടി ആണ് നമ്മുടെ കേസ് വാദിച്ചത്. അദ്ദേഹമാണ് ഇതുപോലെ ഒരു വിധി വാങ്ങി തന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ പ്രിയദർശനും ഈ കാര്യം അറിഞ്ഞിട്ടുണ്ടോ എന്നുപോലും എനിക്കറിയില്ല. അവരുടെ വക്കീൽ ഈ കേസ് പരമാവധി നീട്ടികൊണ്ടുപോകാൻ ആണ് ശ്രമിച്ചത്. നമ്മുടെ മാനസികാവസ്ഥ എന്താണെന്ന് അറിയാൻ അവർ ശ്രമിച്ചിട്ടില്ല. കോടതിയാണ് ആദ്യമായി എനിക്ക് നീതി തന്നത്. കോടതി പറഞ്ഞത് ഇനി എങ്കിലും ആ ഫോട്ടോ സിനിമയിൽ നിന്ന് മാറ്റണം എന്നാണ്, പിന്നെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും, കോടതി ചെലവ് ഒരു ലക്ഷത്തിഅറുപത്തിയെട്ടായിരം രൂപ എന്ന രീതിയിൽ ആണ് നമുക്ക് വിധി കിട്ടിയത്.
ഞാൻ ഈ കേസ് കൊടുത്തത് എല്ലാ സ്ത്രീകൾക്കും വേണ്ടിയിട്ടാണ്. നമ്മുടെ ഒരു ഫോട്ടോ ഇങ്ങനെ നമ്മളറിയാതെ എടുത്തു കഴിഞ്ഞാൽ എന്ത് ചെയ്യണം എന്ന് പലർക്കും അറിയില്ല. ആദ്യം പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ അവർ പറഞ്ഞത് ഒന്നും ചെയ്യാൻ ഇല്ല, മാനനഷ്ടത്തിന് കേസ് കൊടുക്കൂ എന്നാണ്. കേസ് കൊടുക്കുന്നതൊക്കെ വലിയ പണച്ചെലവുള്ള കാര്യമായിരുന്നു. ഭർത്താവ് എന്നോട് പറഞ്ഞത് നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം എന്നാണ്, അങ്ങനെ ഭർത്താവും മക്കളും അടങ്ങുന്ന കുടുംബം എന്നെ പിന്തുണച്ചതുകൊണ്ടു മാത്രമാണ് എനിക്ക് കേസുമായി മുന്നോട്ട് പോകാൻ കഴിഞ്ഞത്. എനിക്കിപ്പോൾ സന്തോഷം തോന്നുന്നുണ്ട്, ആരെങ്കിലും നമ്മുടെ പരാതി അംഗീകരിച്ചല്ലോ എന്നാണ് തോന്നുന്നത്.’’ -പ്രിന്‍സി പറയുന്നു.
2016ൽ പുറത്തിറങ്ങിയ ‘ഒപ്പം’ എന്ന മോഹന്‍ലാൽ ചിത്രത്തിലാണ് പ്രിൻസി എന്ന അധ്യാപികയുടെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചത്. സിനിമയിൽ നടി അനുശ്രീ ഒരു കേസ് ഫയൽ കാണിക്കുന്ന സീനിലാണ് പ്രിൻസിയുടെ ഫോട്ടോ കേസ് ഫയലിൽ ഉപയോഗിക്കുന്നത്. ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിന്‍റെ ഫോട്ടോ സിനിമയില്‍ കാണിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ നിർമിച്ചത് ആന്റണി പെരുമ്പാവൂർ ആയിരുന്നു. സിനിമയുടെ നിര്‍മാണ കമ്പനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും ഫലമുണ്ടാകാതെ വന്നപ്പോഴാണ് ഈ അധ്യാപിക കേസുമായി മുന്നോട്ട് പോയത്. സിനിമയിൽ നിന്നും പ്രിന്‍സിയുടെ ഫോട്ടോ മാറ്റണമെന്ന് ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്കായി 1,68,000 രൂപയും നൽകാനാണ് ചാലക്കുടി മുൻസിഫ് കോടതി വിധിച്ചിരിക്കുന്നത്. സിനിമയുടെ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, സംവിധായകൻ പ്രിയദർശൻ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. തൃശൂര്‍ സ്വദേശി സജി ജോസഫിന്‍റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളേജ് അധ്യാപികയാണ് പ്രിൻസി ഫ്രാൻസ്.