ഈ ‘സൂപ്പർമാൻ’ തകർക്കും; വിമർശനങ്ങൾക്കു മറുപടിയുമായി സ്നീക്ക് പീക്ക്

Mail This Article
സംവിധായകൻ ജയിംസ് ഗണ്ണിന്റെ കരവിരുതിൽ ഒരുങ്ങുന്ന ഡിസി കോമിക്സ് ചിത്രം സൂപ്പർമാന്റെ സ്നീക് പീക് പുറത്തിറങ്ങി. സൂപ്പർമാന്റെ സൂപ്പർഹീറോ നായക്കുട്ടിയായ ക്രിപ്റ്റൊയും സൂപ്പർമാനും തമ്മിലുള്ളൊരു രംഗമാണ് പ്രമൊ വിഡിയോയിൽ കാണാനാകുക. യുവനടൻ ഡേവിഡ് കൊറെൻസ്വെറ്റ് ആണ് സൂപ്പർമാന്റെ കുപ്പായം അണിയുന്നത്. ലൂയിസ് ലെയ്‍ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു.
വില്ലനായ ലെക്സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗൾട് ആണ്. മിസ്റ്റർ ടെറിഫിക്, മെറ്റമോർഫോ, ഗ്രീൻ ലാന്റേൺ, ഹോക്ഗേൾ തുടങ്ങിയ കഥാപാത്രങ്ങളും ഈ സൂപ്പർമാൻ സിനിമയിലുണ്ട്. ഡിസി സ്റ്റുഡിയോസ് നിർമിച്ച് വാർണർ ബ്രദേഴ്സ് വിതരണം ചെയ്യുന്ന സിനിമ ജൂലൈ 11ന് തിയറ്ററുകളിലെത്തും.
അതേസമയം തങ്ങളുടെ പ്രിയപ്പെട്ട ‘സൂപ്പർമാന്‍’ ആയ ഹെൻറി കാവിലിനെ ഈ വേഷത്തിൽ കാണാൻ സാധിക്കാത്തതിന്റെ നിരാശയും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. ജയിംസ് ഗണ്ണും ഡിസിയുമായുള്ള തർക്കത്തെ തുടർന്നാണ് ഹെൻറി കാവിൽ സൂപ്പർമാൻ സിനിമയിൽ നിന്നും മാറ്റപ്പെടുന്നത്. 2022ൽ താൻ ഡിസിയിൽ നിന്നും പിന്മാറിയ കാര്യം ഹെൻറി കാവിൽ തന്നെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
2013ൽ സാക്ക് സ്നൈഡർ സംവിധാനം ചെയ്ത മാൻ ഓഫ് സ്റ്റീൽ എന്ന ചിത്രത്തിലൂടെയാണ് ഹെൻറി സൂപ്പർമാന്റെ കുപ്പായമണിയുന്നത്. പിന്നീട് ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ, ജസ്റ്റിസ് ലീഗ് എന്നീ സിനിമകളിലൂടെയും സൂപ്പർമാനായി ഹെൻറി ലോകം മുഴുവനുള്ള ആരാധകരുടെ ഇഷ്ടംപിടിച്ചുപറ്റി.