യുക്തിയും വിശ്വാസവും ഒന്നിക്കുന്ന കേസ്: റിവ്യൂ

Mail This Article
യുക്തിയും വിശ്വാസവും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നാണ് പൊതുവേയുള്ള വയ്പ്പെങ്കിലും ഇതു രണ്ടും കൂടിച്ചേരുന്ന സിനിമയാണ് കോൾഡ് കേസ്. ഒരു കൊലപാതകത്തെക്കുറിച്ച് രണ്ടു പേർ സമാന്തരമായി നടത്തുന്ന രണ്ട് അന്വേഷണങ്ങൾ. ഒരാൾ തന്നിലർപ്പിതമായ കർത്തവ്യവുമായി യുക്തിസഹജമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകുമ്പോൾ മറ്റൊരാൾ തന്നിലേക്ക് താൻ പോലുമറിയാതെ എത്തുന്ന നിമിത്തത്തെ പിന്തുടരുന്നു.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന സത്യജിത് എന്ന പൊലീസ് ഒാഫിസറാണ് ചിത്രത്തിലെ നായകൻ. ആരുടേതാണെന്നറിയാത്ത ഒരു തലയോട്ടി ദുരൂഹമായ സാഹചര്യത്തിൽ കണ്ടെത്തുന്നിടത്തു നിന്നാണ് സിനിമ ആരംഭിക്കുന്നത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടം ആരാണ് കൊലപാതകി എന്നതിനെക്കുറിച്ചല്ല മറിച്ച് ആരാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ചാണ്. വെറുമൊരു തലയോട്ടിയിൽ നിന്നാരംഭിക്കുന്ന ഇൗ അന്വേഷണം ഒടുവിൽ വളരെ നാടകീയമായി കൊലപാതകിയിൽ എത്തിച്ചേരുന്നു.

അതിഥി ബാലൻ അവതരിപ്പിക്കുന്ന േമധ പത്മജ എന്ന നായികാ കഥാപാത്രം ഒരു പത്രപ്രവർത്തകയാണ്. മേധ തനിക്കുണ്ടാകുന്ന ചില അമാനുഷിക അസ്വാഭാവിക സംഭവങ്ങളെ പിന്തുടർന്ന് എത്തുന്നതും ഇതേ കൊലപാതകത്തിലേക്കാണ്. പക്ഷേ അവിടെയും കൊല്ലപ്പെട്ടതാരാണെന്നത് അജ്ഞാതമായി തുടർന്നു. സത്യജിത് യുക്തിഭദ്രമായി തെളിവുകൾ ശേഖരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ അതിഥി മറ്റൊരു വഴിയിലൂടെ ലക്ഷ്യസ്ഥാനത്തിനടുത്തേക്കെത്തുന്നു.
പൃഥ്വിരാജ്, അതിഥി ബാലൻ, അലൻസിയർ, ലക്ഷ്മിപ്രിയ, അനിൽ നെടുമങ്ങാട്, ആത്മേയ തുടങ്ങിയ വലിയ താരനിര മികച്ച രീതിയിൽ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പൃഥ്വിയെ സംബന്ധിച്ച് സത്യജിത് എന്ന കഥാപാത്രം വെല്ലുവിളി ആയതേയില്ല. ടെലിവിഷൻ രംഗത്തുള്ള ഒരു പിടി താരങ്ങളും ഇൗ ചിത്രത്തിലൂടെ സിനിമയിലേക്കെത്തി എന്നതും ശ്രദ്ധേയം.
തനു ബാലക് എന്ന കഴിവുറ്റ ഛായാഗ്രാഹകൻ തന്റെ ആദ്യ സംവിധാന സംരംഭം മോശമാക്കിയില്ല. ടെക്നിക്കൽ ക്വാളിറ്റിയിലും മറ്റും സിനിമ മികച്ചു നിന്നു. ഗിരീഷ് ഗംഗാധരന്റെ വിഷ്വലുകളും സിനിമയുടെ മാറ്റ് കൂട്ടുന്നതായി. ഷമീർ മുഹമ്മദിന്റെ എഡിറ്റിങും പ്രകാശ് അലക്സിന്റെ സംഗീതവും സിനിമയെ കൂടുതൽ മനോഹരമാക്കി.
ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ഉറപ്പായും ആകർഷിക്കുന്നതാണ് ഇൗ ചിത്രവും അതിന്റെ പ്രമേയവും. ക്ലീഷേ പ്രേത സീനുകൾ സിനിമയിലുണ്ടെന്ന വിമർശനം നിലനിൽക്കുമ്പോഴും ഒരു മികച്ച അന്വേഷണവും അതിന്റെ പര്യവസാനവും നല്ല രീതിയിൽ സിനിമയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.