ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മുഴുക്കുടിയനായ മദ്യപാനി പലർക്കും ഒരു കോമഡി പീസാണ്. എന്നാൽ എരിയാത്ത അടുപ്പുമായി നെരിപ്പോടെരിയുന്ന മനസ്സുമായി അയാളെ കാത്തിരിക്കുന്ന കുടുംബത്തിന് അയാൾ തീരാ ദുഃഖവും.  കുടുംബ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സിനിമകളുടെ സംവിധായകൻ ഷാഫി ഒരിടവേളയ്ക്ക് ശേഷം വീണ്ടുമെത്തിയത് മലയാളികളെ ചിരിപ്പിക്കാൻ തന്നെയാണ്. പക്ഷേ വെറും ചിരിക്കുമപ്പുറം കുറച്ച് ചിന്തയും ഹൃദയ ബന്ധങ്ങളുടെ ഉള്ളുരുക്കവും ഒളിപ്പിച്ചു വച്ചിരുന്നു എന്ന് മാത്രം. ഷറഫുദ്ദീൻ നായകനായെത്തി ഇന്ദ്രൻസ് പ്രധാന കഥാപാത്രമായ ആനന്ദം പരമാനന്ദം എന്ന ഷാഫി ചിത്രം  പ്രേക്ഷകർക്ക് ആനന്ദവും കണ്ണിൽ അല്പം നനവും പകരുന്ന ചിത്രമാണ്.

 

നടന്നു മടുത്തപ്പോൾ വിആർഎസ് എടുത്ത പോസ്റ്റുമാൻ ആണ് ദിവാകരക്കുറുപ്പ്. പക്ഷേ നടന്നു മടുത്ത കുറിപ്പ് ഇരിപ്പ് പിടിച്ചത് മുളക് ഗോപിയുടെ കള്ളുഷാപ്പിലാണെന്ന് മാത്രം.  .  സ്നേഹമയിയായ ഭാര്യ വിമല ടീച്ചറും മകൾ അനുപമയ്ക്കും വീട്ടിൽ കാത്തിരിക്കുന്നുണ്ടെകിലും കുറുപ്പ് എന്നും വഴിതെറ്റാതെ കള്ളുഷാപ്പിൽ എത്തിച്ചേരും. ഭാര്യയും മകളും എത്ര ശ്രമിച്ചിട്ടും കുറുപ്പിന്റെ കള്ളുകുടി മാറ്റാൻ പറ്റുന്നില്ല. കുറുപ്പിന്റെ സ്വഭാവദൂഷ്യം കാരണമാണ് മകളുടെ വിവാഹം നടക്കാത്തത് എന്നാണ് അളിയൻ സുതന്റെ പക്ഷം. കള്ളുകുടിച്ച് തല്ലുണ്ടാക്കി സ്ഥലത്തു നിന്നും ദുബായിലേക്ക് വണ്ടി കയറിയ ഗിരീഷ് ഗൾഫ് മടുത്ത് തിരിച്ചെത്തിയപ്പോൾ ചെന്നെത്തിയതും കള്ളുഷാപ്പിൽ തന്നെ. ആകസ്മികമായി കുറുപ്പിന്റെ മകൾ അനുപമയെ കണ്ട ഗിരീഷിന് അനുപമയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്ന് തോന്നുന്നു.  പക്ഷേ കള്ളുകുടിയനാണെങ്കിലും പ്രിയപ്പെട്ട മകളെ ഒരു കള്ളുകുടിയന് പിടിച്ചു കൊടുക്കാൻ ആ അച്ഛൻ തയ്യാറാകുന്നില്ല.  

 

പക്ഷേ അച്ഛന്റെ കള്ളുകുടി നിർത്തിയില്ലെങ്കിൽ ഗിരീഷിനൊപ്പം തന്നെ പോകുമെന്ന് മകൾ പറഞ്ഞെങ്കിലും പറഞ്ഞ വാക്ക് പാലിക്കാൻ അച്ഛന് കഴിയാതെ വന്നപ്പോൾ മകൾ വാക്കുപാലിക്കുന്നു.  ഇനിയൊരിക്കലും മദ്യപിക്കില്ല എന്നവാക്ക് പാലിക്കാൻ ഒരു മദ്യപാനിക്ക് കഴിയില്ല എന്ന് അനുപമ തിരിച്ചറിയാൻ വൈകിപ്പോയിരുന്നു. അമ്മയെപ്പോലെ കള്ളുകുടിയൻ ഭർത്താവിനെ  കാത്തിരിക്കലായി മകളുടെയും വിധി. ഒടുവിൽ കള്ളുകുടി നിർത്താൻ കഴിയില്ലെങ്കിലും മരുമകനെ നല്ലവനാക്കാൻ സ്വയം ഒടുങ്ങാൻ തന്നെ ആ അച്ഛൻ തീരുമാനിക്കുന്നു. അച്ഛൻ പോയിക്കഴിഞ്ഞാണ് സ്നേഹനിധിയായ അച്ഛന്റെ വില മകൾ മനസ്സിലാക്കുന്നത്. കുറുപ്പ് ഓരോർമ്മയായി മാറിയെങ്കിലും ഓരോ ദിവസവും വീട്ടിലെത്തിക്കാൻ കുറുപ്പ് സുഹൃത്തുക്കളെ ഏൽപ്പിച്ച കത്തുകളായി ഭാര്യയുടെയും മകളുടെയും ജീവിതത്തിൽ കുറുപ്പ് നിറയുകയാണ്. കുറുപ്പിന്റെ കത്തുകളിലൂടെ പല നിഗൂഢ രഹസ്യങ്ങളും ചുരുളഴിയുന്നു.

 

മനസ്സ് നിറഞ്ഞു പൊട്ടിച്ചിരിക്കാൻ ഏറെ സിനിമകൾ സമ്മാനിച്ച ഷാഫി തമാശയുടെ മർമം അറിയുന്ന സംവിധായനാണ് എന്ന് ആനന്ദം പരമാനന്ദത്തിലൂടെ ഒരിക്കൽ കൂടി തെളിയിക്കുകയാണ്.  മുഴുക്കുടിയന്മാരായ കുറുപ്പും ഗിരീഷും കള്ളുഷാപ്പിലെ മറ്റു കുടിയന്മാരും മനം നിറഞ്ഞു ചിരിക്കാൻ വക നൽകുന്നുണ്ട്. കള്ളുഷാപ്പ് ഉടമയായി അജുവും കൗശലക്കാരനായ അമ്മാവനായി ബൈജുവും മടുപ്പുളവാക്കാത്ത ദ്വയാർഥങ്ങളില്ലാത്ത നർമ്മരംഗങ്ങളുമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ചെറു ചലനങ്ങളിൽ പോലും അഭിനയത്തിന്റെ അപാര സാദ്ധ്യതകൾ പുറത്തെടുക്കുന്ന ഇന്ദ്രൻസ് തന്നെയാണ് സിനിമയുടെ നട്ടെല്ല്. പ്രതിഭയും ആത്മവിശ്വാസവും കൊണ്ട് മലയാളസിനിമയിൽ പേരെടുത്തുകൊണ്ടിരിക്കുന്ന യുവതാരമാണ് ഷറഫുദ്ദീൻ. ഹാസ്യവും സീരിയസ് ക്യാരക്ടർ റോളുകളും ശക്തമായ വില്ലൻ വേഷങ്ങളും പകർന്നാൻ സ്വതസിദ്ധമായ ശൈലിയുള്ള ഷറഫിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലെ ഗിരീഷ്. കള്ളുകുടിയനായ മരുമകനായി ഷറഫ് ഇന്ദ്രൻസിന് ശക്തമായ പിന്തുണയായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. തിങ്കളാഴ്ച നിശ്ചയം എന്ന മികച്ച ചിത്രത്തിലൂടെ സിനിമയിലേക്ക് ചേക്കേറിയ അനഘ നാരായണനാണ് അനുപമ എന്ന ശക്തയായ സ്ത്രീ കഥാപാത്രമായി ചിത്രത്തിലെത്തുന്നത്. അനുവിന്റെ അമ്മയായി വനിതയും ഗിരീഷിന്റെ അമ്മയായി നിഷാ സാരംഗുമുണ്ട്. കേരളത്തിലെ കുടുംബ വ്യവസ്ഥയിലെ പക്കാ അമ്മായിയമ്മയെ പൊളിച്ചെഴുതുന്ന "നിനക്ക് വേണ്ടെങ്കിൽ അവനെ കളഞ്ഞിട്ടു പോ മോളെ" എന്ന് പറയുന്ന മാറുന്ന കാലഘട്ടത്തിലെ അമ്മയാണ് നിഷ സാരംഗിന്റെ കഥാപാത്രം.  സിനോജ്, സുർജിത്ത്, കൃഷ്ണചന്ദ്രൻ സാദിഖ് തുടങ്ങി നിരവധി പ്രതിഭകൾ ചിത്രത്തെ സമൃദ്ധമാക്കുന്നുണ്ട്.

 

സപ്ത തരംഗ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ആനന്ദം പരമാനന്ദത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം. സിന്ധുരാജ് ആണ്. മനോഹരമായ ഗ്രാമീണഭംഗി ഒപ്പിയെടുത്ത മനോജ് പിള്ളയുടെ ഛായാഗ്രഹണം ചിത്രത്തിന് ചാരുതയേകുന്നു. മനു മഞ്ജിത് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകർന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരിടത്തും മുഴച്ചു നിൽക്കാതെ സിനിമയുടെ മൂഡിനോട് ഇണങ്ങിച്ചേരുന്നുണ്ട്. വി. സാജൻ ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

 

മദ്യപാനം പ്രമേയമായി ഏറെ സിനിമകൾ എത്തിയിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തമായ ആഖ്യാന ശൈലിയുമായാണ് സിന്ധുരാജും ഷാഫിയും ഇത്തവണ എത്തിയത്. കുടിക്കുമ്പോൾ ആനന്ദവും ബോധം പോകുമ്പോൾ പരമാനന്ദവും എന്ന അവസ്ഥയിൽ കഴിയുന്ന മദ്യപാനികളുടെ കണ്ണുതുറപ്പിക്കുന്ന ചിന്തകൂടി പകരുന്ന ചിത്രമാണ് ആനന്ദം പരമാനന്ദം. ഇന്ദ്രൻസും ഷറഫുദീനും അജു വർഗ്ഗീസും ബൈജുവും കൂടി ആനന്ദിപ്പിക്കുന്ന ഈ കൊച്ചു ചിത്രം ക്രിസ്മസ് വേളയിൽ പ്രേക്ഷകർക്ക് പരാമാനന്ദമായി മാറുമെന്ന് ഉറപ്പാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com