ആമിറയുടെ സ്വപ്നം, അവളുടെ വാപ്പിയുടെയും; റിവ്യൂ
Dear Vaappi Movie Review
Mail This Article
നിങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ, അതിനുവേണ്ടി പൂർണ മനസ്സോടെ ആത്മാർഥമായി ശ്രമിക്കുകയാണെങ്കിൽ ഈ ലോകം മുഴുവൻ കൂടെയുണ്ടാവും എന്നതാണ് ‘ഡിയർ വാപ്പി’ എന്ന സിനിമയുടെ സന്ദേശം. ഒരു കുടുംബത്തിന്റെ സ്നേഹബന്ധവും അവരുടെ കഥയും പറഞ്ഞു തുടങ്ങി അവരിലൂടെ ഈ ലോകത്തിന്റെ നന്മ തുറന്നു കാണിക്കുന്ന ഒരു കുഞ്ഞു ചിത്രമാണ് ഡിയർ വാപ്പി. ഇരുപത്തിയൊന്നുകാരി ആമിറ, അവളുടെ വാപ്പി ബഷീറിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഡിയർ വാപ്പി പറയുന്നത്.
ബോംബയിൽ നിന്നും ജോലി ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം ജീവിക്കാനായി നാട്ടിൽ എത്തുകയാണ് ബഷീർ. ബഷീറിന്റെ ചെറുപ്പത്തിൽ അയാൾക്കുണ്ടായിരുന്ന ഒരു ആഗ്രഹം തന്റെ മകൾ ആമിറയോട് പങ്കുവയ്ക്കുന്നിടതാണ് കഥ തുടങ്ങുന്നത്. ബിഎഡ്ഡിന് അഡ്മിഷൻ കിട്ടിയിട്ടും അതുപേക്ഷിച്ച് ഒരു എക്സ്പോർട്ടിങ് കമ്പനി തുടങ്ങണമെന്ന അച്ഛൻ ബഷീറിന്ഫെ ആഗ്രഹങ്ങൾക്ക് കൂട്ടാവുകയാണ് ആമിറ. ഗൾഫിൽ നിന്നും ലീവിനെത്തിയ ഫോട്ടോഗ്രാഫറായ റിയാസ്, ആമിറയുമായി ഇഷ്ടത്തിലാവുന്നു. റിയാസിന്ഫെ വിവാഹ ആലോചനയുമായി ബഷീറിന്റെ വീട്ടിലേക്ക് എത്തുന്നയാളോട് ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പ്രധാന ലക്ഷ്യം വിവാഹമല്ലെന്നും കരിയറും സ്വപ്നങ്ങളുമാണെന്നും ബഷീർ പറയുന്നു. തന്ഫെ മകൾ ആഗ്രഹിക്കുന്ന സമയത്ത് അവളുടെ വിവാഹം നടത്തി കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും ബഷീർ പറയുന്നു. അതോടെ വാപ്പിയുടെയും മകളുടെയും സ്വപ്നങ്ങളോടൊപ്പം സഞ്ചരിക്കാൻ തുടങ്ങുകയാണ് റിയാസ്. 'ആമിറ' എക്സ്പോർട്ടിങ് കമ്പനി ആരംഭിക്കാനുള്ള ശ്രമത്തിനിടയിൽ ഈ മൂവർ സംഘത്തിലേക്ക് വന്നു ചേരുന്ന ചില തടസ്സങ്ങളും അതിനെ അവർ അതിജീവിക്കുന്നതുമാണ് ഡിയർ വാപ്പിയുടെ രണ്ടാം പാതി പറയുന്നത്.
സ്വപ്നങ്ങൾക്കു പിന്നാലെ പായാനുള്ള ധൈര്യം ആമിറയ്‌ക്ക് നൽകുന്നത് അവളുടെ വാപ്പിയാണ്. എന്നാൽ ആ സ്വപ്നങ്ങൾക്ക് പിന്നാലെ പായാൻ അവൾ ശ്രമിക്കുമ്പോൾ അതിനിടയിൽ അവൾക്കുണ്ടാകുന്ന തളർച്ചകളിൽ കൂട്ടാവുന്നത് റിയാസാണ്. ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ പ്രായം ഒരു തടസ്സമല്ലെന്നും ആഗ്രഹിച്ചാൽ നടപ്പാക്കാൻ പറ്റാത്തതായി ഒന്നുമില്ല എന്ന വലിയ മെസ്സേജാണ് ചിത്രം പങ്കുവയ്ക്കുന്നത്.
ഷാൻ തുളസീധരനാണ് ഡിയർ വാപ്പിയുടെ രചനയും സംവിധാനവും.തയ്യൽകാരനായ ബഷീർ എന്ന വാപ്പി കഥാപാത്രമായാണ് ലാൽ ചിത്രത്തിലെത്തിയിരിക്കുന്നത്. ആമിറയായി എത്തിയിരിക്കുന്നത് തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അനഘ നാരായണനാണ്. റിയാസ് എന്ന കഥാപാത്രമായി നിരഞ്ജൻ രാജുവും, ആമിറയുടെ അമ്മയായി ശ്രീരേഖയുമെത്തുന്നു. മണിയൻപിള്ള രാജു, ജഗദീഷ്, ശശി എരഞ്ഞിക്കൽ, നീന കുറുപ്പ്, സുനിൽ സുഖധ, രഞ്ജിത് ശേഖർ, ജയകൃഷ്ണൻ, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാഷ് മേനോനാണ്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ. മുത്തയ്യ മുരളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
‘‘തടസ്സങ്ങൾ വന്നുകൊണ്ടിരിക്കും. മുന്നോട്ട് പോകാൻ ദൂരം കുറേയുണ്ട്. അതിനെ ഇങ്ങനെ ഇറങ്ങി നേരിടണം. കഷ്ടപ്പെട്ടാൽ നേടാൻ പറ്റാത്തതായിട്ട് ഒന്നുമില്ല.’’ ബഷീറിന്റെ വാക്കുകള്‍ തന്നെയാണ് ഈ സിനിമയിലൂടെ സംവിധായകൻ നൽകുന്ന സന്ദേശവും. ബഷീറിന്റെയും ആമിറയുടെയും ആത്മബന്ധത്തിന്റെ കഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന മനോഹരമായ ചിത്രമാണ് ഡിയർ വാപ്പി.
English Summary: Dear Vaappi is a Malayalam family drama, directed by Shan Thulaseedharan.The film stars Lal, Anagha Narayanan, and Niranj Maniyanpilla Raju in the lead.