ADVERTISEMENT

ബസിൽ യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവം ആസ്പദമാക്കി പുറത്തിറക്കിയ ഹ്രസ്വചിത്രം ചർച്ചയാകുന്നു. വിഷ്ണു വി. ഗോപാൽ ആണ് ‘ആവേശം’ എന്ന ഹ്രസ്വ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബസ് സ്റ്റോപ്പിൽ ഒരു യുവതിക്കുനേരെ ലൈംഗിക ചേഷ്ടകൾ കാട്ടുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. യുവാവിനെ പിടികൂടുന്ന വിഡിയോ പെൺകുട്ടി പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. പക്ഷേ പിന്നീട് നിരവധി ട്വിസ്റ്റുകളാണ് ഈ ഹ്രസ്വചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

കെഎസ്ആർടിസി ബസിൽ വച്ച് ഒരു യുവാവ് നഗ്നതാപ്രദർശനം നടത്തി എന്ന യുവതിയുടെ തുറന്നുപറച്ചിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. തൃശൂരിൽനിന്ന് എറണാകുളത്തേക്കു പോയ കെഎസ്ആർടിസി ബസില്‍വച്ച് സവാദ് എന്ന യുവാവ് സഹയാത്രികയായ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നും നഗ്നതാ പ്രദർശനം നടത്തിയെന്നുമായിരുന്നു പരാതി. യുവാവിനെ ബസിലെ കണ്ടക്ടർ ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു. സംഭവത്തിന്റെ വിഡിയോ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ യുവതിയുടേത് വ്യാജ പരാതിയാണെന്നും കരുതിക്കൂട്ടി യുവാവിനെ അപമാനിച്ചതാണെന്നുമാണ് ഒരുവിഭാഗം ആളുകൾ വാദിച്ചത്.

ജാമ്യത്തിലിറങ്ങിയ യുവാവിന് ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടനയുടെ പേരിൽ സ്വീകരണം നടത്തിയതും മാലയിട്ട് സ്വീകരിച്ചതും വിവാദമായിരുന്നു. ഈ സംഭവത്തിനോട് സാമ്യമുള്ള വിഷയമാണ് ഇപ്പോൾ ആവേശം എന്ന ഹ്രസ്വചിത്രമായി പുറത്തിറങ്ങിയത്. യുട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന് വൻ സ്വീകരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. പെൺകുട്ടിയെ യുവാവ് മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചു എന്നാണ് ആദ്യം കാണിക്കുന്നതെങ്കിലും പെൺകുട്ടി കരുതിക്കൂട്ടി പ്രതികാരം ചെയ്യുകയാണ് എന്ന തരത്തിലാണ് ഹ്രസ്വചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിരവധി വിവാദങ്ങൾക്ക് വഴിവച്ച വിഷയം ഹ്രസ്വചിത്രത്തിന് പ്രമേയമാക്കിയപ്പോൾ നിരവധി ട്വിസ്റ്റുകളാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. എന്നാൽ പെൺകുട്ടി മനഃപൂർവം യുവാവിനെ അപമാനിച്ചതാണ് എന്ന ആരോപണത്തെ ശരിവയ്ക്കുന്നതായിട്ടാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്നും അത് ശരിയായില്ലെന്നുമാണ് ചിലരുടെ കമന്റുകൾ.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com