ഒരു പിണക്കം സമ്മാനിച്ച സംഗീത സംവിധായകൻ
Mail This Article
സംവിധായകൻ കെ.എസ്. സേതുമാധവനും സംഗീത സംവിധായകൻ ദേവരാജനും തമ്മിലുണ്ടായ സൗന്ദര്യപ്പിണക്കമാണു യേശുദാസ് എന്ന സംഗീത സംവിധായകനെ സൃഷ്ടിച്ചതെന്നു പറയാം. മുട്ടത്തു വർക്കിയുടെ പ്രശസ്ത നോവൽ ‘അഴകുള്ള സെലീന’ ആസ്പദമാക്കി ചലച്ചിത്രം നിർമിക്കാൻ കെ.എസ്. സേതുമാധവന്റെ സഹോദൻ കെ.എസ്.ആർ. മൂർത്തി തീരുമാനിക്കുന്നു. സംവിധാനം സഹോദരൻ തന്നെ. തിരക്കഥ തോപ്പിൽ ഭാസിയെയും ഗാനരചന വയലാറിനെയും ഏൽപിച്ചു. സംഗീതം സ്വാഭാവികമായി ദേവരാജനാണു ചെയ്യേണ്ടത്. വയലാർ– ദേവരാജൻ കൂട്ടുകെട്ട് കത്തിജ്വലിച്ചു നിൽക്കുന്ന കാലമാണ്. പക്ഷേ, ദേവരാജനുമായി സേതുമാധവൻ നീരസത്തിലാണ്. മറ്റൊരാളെ എൽപിച്ചേ പറ്റൂ. പക്ഷേ, അത് ഒട്ടും മോശമാവരുത്. ദേവരാജനെക്കാൾ നന്നാകണം എന്നാഗ്രഹിക്കുന്നത് അമിതാവുമെങ്കിലും ഒട്ടും മോശമാവുരുത്. അപ്രതീക്ഷിതമായാണു സേതുമാധവന്റെ മനസ്സിൽ ആ മുഖം തെളിഞ്ഞത് – കെ.ജെ. യേശുദാസ്.
സേതുമാധവന്റെ ആഗ്രഹത്തോട് യേശുദാസ് എതിർപ്പൊന്നും പറഞ്ഞില്ല. മലയാള ചലച്ചിത്രഗാനങ്ങളുടെ ഏറ്റവും തിളക്കമാർന്ന കാലമാണത്. ദക്ഷിണമൂർത്തി, ദേവരാജൻ, കെ. രാഘവൻ, ബാബുരാജ്, സലിൽ ചൗധരി തുടങ്ങിയവരൊക്കെ തിളങ്ങി വിളങ്ങി നിൽക്കുന്നു. ‘വ്യത്യസ്തമായ ഈണങ്ങളേ ശ്രദ്ധിക്കപ്പെടൂ എന്നു തോന്നി. വയലാറിന്റെ വരികളോടു പരമാവധി നീതി പുലർത്തുന്ന ട്യൂണുകൾ ഉണ്ടാക്കാനായി ഇരുന്നു. ഈശ്വരാനുഗ്രഹത്താൽ നല്ല ഈണങ്ങൾ മനസ്സിൽ വന്നു.’ യേശുദാസ് പറയുന്നു. ആദ്യ സിനിമയിൽത്തന്നെ തന്റെ റേഞ്ച് പ്രകടിപ്പിക്കാൻ യേശുദാസിനു കഴിഞ്ഞു. വിവിധ ശ്രേണികളിലുള്ള, ഒന്നിനൊന്നു വ്യത്യസ്തമായ ഈണങ്ങൾ. പി. സുശീല പാടിയ ‘താജ്മഹൽ നിർമിച്ച രാജശില്പി...’യും യേശുദാസ് പാടിയ മരാളികേ...യും ആയിരുന്നു ഏറ്റവും വലിയ ഹിറ്റ്. പുഷ്പഗന്ധി (യേശുദാസ്, വസന്ത), ഇവിടത്തെ ചേച്ചിക്ക് (ലതാ രാജു), സ്നേഹത്തിൻ ഇടയനാം (പി.ലീല), കാളമേഘത്തൊപ്പി (എസ്. ജാനകി) എന്നിങ്ങനെ ഓരോ ഗാനത്തിനും ഇണങ്ങിയ ഗായകരെ അദ്ദഹം അണിനിരത്തി. വെസ്റ്റേൺ ശൈലിയിൽ ചെയ്ത ‘ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയ...’ യ്ക്ക് യേശുദാസ് തന്നെ ശബ്ദം നൽകി. പിന്നീട് പ്രശസ്ത സംഗീതസംവിധായകനായി മാറിയ ശ്യാം ആയിരുന്നു ദാസിന്റെ അസിസ്റ്റന്റ്. 1973ലാണ് ‘അഴകുള്ള സെലീന’ പുറത്തിറങ്ങിയത്.
നിർമാതാവും സംഗീത സംവിധായകനുമായ പി.എ. തോമസ് തന്റെ ‘ജീസസ്’എന്ന സിനിമയിലേക്കു യേശുദാസിനെ ക്ഷണിച്ചു. എം.എസ്. വിശ്വനാഥൻ, ജോസഫ്, കൃഷ്ണ, ആലപ്പി രംഗനാഥ് എന്നിവരായിരുന്നു മറ്റു സംഗീതസംവിധായകർ. അങ്ങനെ ഭരണിക്കാവ് ശിവകുമാറിന്റെ രചനയിൽ ‘ഗാഗുൽത്താ മലകളേ...’ എന്ന മനോഹരമായ ക്രിസ്ത്യൻ ഭക്തിഗാനം ദാസിന്റെ ഈണത്തിൽ പിറന്നു.
തനിക്ക് ഹാസ്യഗാനങ്ങളും മനോഹരമായി ചെയ്യാനാവുമെന്നു യേശുദാസ് തെളിയിച്ച ചിത്രമാണു പൂച്ചസന്യാസി. ഇതിൽ വാണി ജയറാം, എസ്‍.പി. ശൈലജ, സുജാത, അമ്പിളി എന്നിവർ ചേർന്നു പാടിയ ‘ഇവനൊരു സന്യാസി കപടസന്യാസി..’ സൂപ്പർ ഹിറ്റായിരുന്നു. ഹിറ്റായ 2 ഗാനങ്ങളിലെ ഈണം പകർത്തൽ യേശുദാസിനെ അക്കാലത്ത് അൽപം വിഷമത്തിലാക്കി. സഞ്ചാരിയുടെ നിർമാതാവ് ബോബൻ കുഞ്ചാക്കോ അറബിഗാനം ‘അവ്വാസി ചാനത്...’ കേൾപ്പിച്ചിട്ട് ഇതേപോലെ ഒരു പാട്ട് ഉണ്ടാക്കിത്തരണം എന്ന് ആവശ്യപ്പെട്ടു. യൂസഫലി കേച്ചേരി അതേ ഈണത്തിൽ വരികൾ എഴുതി. അങ്ങനെ പിറന്നതാണ് ഹിറ്റായ ‘റസൂലേ നിൻ കനിവാലേ...’. രണ്ടാമത്തേത് താറാവ് സിനിമയിലാണ്. ഖുർബാനിയിൽ ബിദ്ദു സംഗീതം ചെയ്തു നസിയാ ഹസൻ പാടിയ ‘ആപ് ജൈസാ കോയി...’ എന്ന ഗാനം അന്നും ഇന്നും ഹിറ്റാണ്. ഇതിന്റെ പല്ലവിയിലെ ആരോഹണ അവരോഹണങ്ങൾ പരസ്പരം മാറ്റി ചെയ്തതാണു ‘തക്കിടു മുണ്ടൻ താറാവ്, തകിട്ടു മുണ്ടൻ താറാവ്...’ എന്ന ഗാനം. രണ്ടും ചിത്രത്തിന്റെ അണിയറപ്രവർത്തകരുട നിർബന്ധത്തിന്റെ പേരിൽ ചെയ്തതാണ്. പക്ഷേ വിമർശനം യേശുദാസിന്റെ പേർക്കായിരുന്നു.
സഞ്ചാരിയിലെ ‘ശ്യാമധരണിയിൽ...’ എന്ന ഗാനത്തിന് ഒരു പ്രത്യേതകയുണ്ട്. യേശുദാസ് തിരുവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോ തുടങ്ങിയപ്പോൾ ആദ്യം റിക്കോർഡ് ചെയ്ത ഗാനമാണിത്. അദ്ദേഹത്തിന്റെ ഈണത്തിലും ശബ്ദത്തിലും.
സിനിമയ്ക്ക് പുറത്ത്
എച്ച്എംവി1975ൽ ഇറക്കിയ ‘ശ്രീ അയ്യപ്പൻ സോങ്സ്’ ആൽബത്തിൽ ടി.കെ. ആർ. ഭദ്രൻ എഴുതിയ 10 ഗാനത്തിൽ ആറെണ്ണത്തിന്റെ സംഗീതം യേശുദാസിന്റേതായിരുന്നു. ഇന്നും ഗാനമേളകളിലെ പ്രിയ ഗാനമായ ‘ഗംഗായാറ് പിറക്കുന്നു...’ ഈ ആൽബത്തിലേതാണ്. ഇതിനു പുറമേ, മനസ്സിനുള്ളിൽ, ഒരേയൊരു ലക്ഷ്യം, പമ്പയാറിൻ, ശങ്കരനചലം, സുപ്രഭാതം പൊട്ടിവിടർന്നു എന്നിവ യേശുദാസും മറ്റുള്ളവ ചിദംബരനാഥും സംഗീതം ചെയ്തു.
1981ൽ യേശുദാസിന്റെ തരംഗിണി ഇറക്കിയ ആദ്യ അയ്യപ്പഭക്തിഗാന കസെറ്റിലെ എല്ലാ ഗാനങ്ങളും എഴുതിയത് ടി.കെ.ആർ. ഭദ്രൻ, സംഗീതം യേശുദാസ്! ഹിമശീത പമ്പയിൽ, ഇക്കാട്ടിൽ പുലിയുണ്ട്, ഗുരുസ്വാമി.... തുടങ്ങിയവ ശ്രദ്ധേയമായി.
പിൽക്കാലത്ത് യേശുദാസിന്റെ സംഗീതം തരംഗിണി ഇറക്കുന്ന ആൽബങ്ങളിൽ മാത്രമായി പരിമിതപ്പെട്ടു. അയ്യപ്പഗാനങ്ങൾ വോള്യം–5, (രചന– കൈതപ്രം), കാണിപ്പൊന്ന് (പി.സി. അരവിന്ദൻ), ഗീതപ്രണാമം (യുസഫലി), ഋതുസംക്രമം (ശ്രീകുമാരൻ തമ്പി), ആവണിത്തെന്നൽ (യുസഫലി) എന്നിയൊക്കെ യേശുദാസ് സംഗീതം നൽകിയ ആൽബങ്ങളാണ്.
എന്തുകൊണ്ട് തുടർന്നില്ല?
‘സംഗീത സംവിധാനം ഒരുപാടു സമയവും ശ്രദ്ധയും ആവശ്യമുള്ള ജോലിയാണ്. ട്യൂൺ ഉണ്ടാക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഞാൻ പാടിയിട്ടുള്ള ആയിരക്കണക്കിനു ഗാനങ്ങൾ കടന്നുവരും. ഓരോ ട്യുണും മനസ്സിൽ വരുമ്പോൾ തോന്നും ഇതിന് ഞാൻ പാടിയ ആ പാട്ടിന്റെ ഛായയില്ലേ, മറ്റേപ്പാട്ടിന്റെ ശൈലിയില്ലേ എന്നൊക്കെ. പാടുക മാത്രം ചെയ്താൽ ഈ ആലോചനാഭാരമില്ല.’ ദാസ് പറയുന്നു.