ADVERTISEMENT

‘അതെ.. ഞാനത് മനഃപൂർവം സൃഷ്ടിച്ചതാണ്. യേശുദാസിന്റെ കാലം കഴിഞ്ഞു എന്നു പരിഹസിച്ചവർക്കുള്ള മറുപടിയായിരുന്നു അത്...’ മലയാളത്തിന്റെ സംഗീത വിഹായസ്സിൽ ശുദ്ധ സംഗീതത്തിന്റെ പ്രഭാപൂരം വിടർത്തിയ രവീന്ദ്രൻ മാഷ് 1997ൽ പുറത്തിറങ്ങിയ ‘ഹരിമുരളീരവ’ത്തെപ്പറ്റി തുറന്നു പറയുന്നു. മലയാളത്തെ പാട്ടു കേൾക്കാൻ കൊതിപ്പിച്ച ഗായകനെ, അതും ആത്മസുഹൃത്തിനെ, ചിലർ പരിഹസിക്കുന്നതു കണ്ടപ്പോൾ ആ മനസ്സ് വല്ലാതെ വേദനിച്ചു. അവസരങ്ങൾ തേടിയലഞ്ഞ് പരാജയത്തിന്റെ പടുകുഴിയിൽപ്പെട്ട് എല്ലാം അവസാനിപ്പിച്ച് ആരുമല്ലാതായിത്തീരുമായിരുന്ന തന്നെ കൈപിടിച്ചുയർത്തിയ മഹാമനസ്കനോട് തീർത്താൽ തീരാത്ത കടപ്പാടായിരുന്നു മാഷിനുള്ളത്.

അപവാദങ്ങളോട് വാക്കുകൾ കൊണ്ടല്ല പ്രതികരിക്കേണ്ടത് എന്നുറപ്പിച്ച്, പകരം വയ്ക്കാനില്ലാത്ത ദാസേട്ടന്റെ കഴിവിന് യാതൊരുവിധ ഇടിവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ടത് തന്റെ ബാധ്യതയായേറ്റെടുക്കാൻ ആ സംഗീതജ്ഞന് മറ്റൊന്നും അന്ന് ആലോചിക്കേണ്ടി വന്നില്ല.

ഒരവസരത്തിനായി മാഷ് കാത്തിരിക്കുമ്പോളാണ് ഷാജി കൈലാസ്- രഞ്ജിത് ടീമിന്റെ ‘ആറാം തമ്പുരാൻ’ ഒരുങ്ങുന്നത്. തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറിയ ജഗന്നാഥൻ എന്ന കരുത്തനായ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സിനിമയിൽ നായകന്റെ പൂർവകാലവും സംഗീത നിപുണതയും വ്യക്തമാക്കുന്ന ഒരു ഗാനം വേണ്ടതുണ്ട് എന്നറിഞ്ഞപ്പോൾ രവീന്ദ്രൻ മാഷ് ഏറെ സന്തോഷിച്ചു. കഥയൊരുക്കിയ രഞ്ജിത് കൂടുതൽ വിശദമാക്കിക്കൊടുത്തതോടെ താൻ കാത്തിരുന്ന അവസരം കൈവന്നതായി മാഷിനു തോന്നി. വരികളെഴുതാൻ നിയോഗിക്കപ്പെട്ടത് ഗിരീഷ് പുത്തഞ്ചേരിയാണ്. യേശുദാസ് എന്ന മഹാഗായകന്റെ ശബ്ദമാധുര്യത്തിനോ സ്വരവിന്യാസത്തിനോ കാലം പകർന്നത് ക്ഷീണമല്ലെന്നും ശ്രുതിഭംഗിയുടെ പകരം വയ്ക്കാനില്ലാത്ത കരുത്തും മാധുര്യവുമാണെന്നും തെളിയിക്കാനുള്ള സന്ദർഭമാണ് കൈവന്നിരിക്കുന്നത്. സിന്ധുഭൈരവിയിൽ മറ്റാരും അത്ര ധൈര്യപ്പെടാത്ത ഒരീണമൊരുക്കി മാഷ് പുത്തഞ്ചേരിയെ കണ്ടു. 12 മിനിറ്റോളം ദൈർഘ്യമുള്ള ഈണം കേട്ടപ്പോഴേ കവിക്ക് മാഷിന്റെ ഉള്ളിലിരുപ്പ് വ്യക്തമായി. നേർക്കാഴ്ചകളുടെ മറുപുറം കണ്ട കവിയാണ് ഗിരീഷ് പുത്തഞ്ചേരി. ആ അകക്കണ്ണിൽ വരികൾ വരഞ്ഞു വീഴാൻ പിന്നെ ഒട്ടും വൈകിയില്ല. 

‘ഹരിമുരളീരവം...

ഹരിത വൃന്ദാവനം..

പ്രണയ സുധാമയ മോഹനഗാനം....’

മലയാളം കേൾക്കാൻ കൊതിച്ച ആ സെമി ക്ലാസിക്കൽ എവർഗ്രീൻ ഹിറ്റിലെ വരികൾ പിറക്കാൻ അന്ന് 10 മിനിറ്റ് പോലും വേണ്ടി വന്നില്ലത്രേ! അണിയറയിൽ ഒരുങ്ങും മുമ്പേ തികച്ചും സങ്കീർണമായ ഈ ഗാനം സംഗീതലോകത്ത് അന്ന് വൻ ചർച്ചയായിരുന്നു. മലയാളത്തിലാദ്യമായി 12 മിനിറ്റുള്ള ഗാനമൊരുങ്ങുന്നത് മാധ്യമങ്ങളടക്കം ആഘോഷിച്ചു. 

സ്വയം പാടിയ ട്രാക്ക് ദാസേട്ടനെ ഏൽപിക്കുമ്പോൾ മാഷിന് തികഞ്ഞ ആത്മവിശ്വാസമായിരുന്നു. പതിറ്റാണ്ടുകൾ കൊണ്ട് യേശുദാസ് നേടിയ സംഗീതജ്ഞാനത്തിനൊപ്പം, അതുവരെ പുറത്തെടുത്തിട്ടില്ലാത്ത പ്രതിഭയുടെ ഓരോ കണികയും ആസ്വാദക സമക്ഷം അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് പലപ്പോഴും ദാസേട്ടനു വേണ്ടി പ്രിയ സുഹൃത്ത് ഒരുക്കി വച്ചിരിക്കുക. ജഗന്നാഥൻ എന്ന കഥാപാത്രത്തിന്റെ പൂർണ ചിത്രം സ്ക്രിപ്റ്റിൽനിന്നു കിട്ടിയിരുന്നതാണ്. എങ്കിലും രഞ്ജിത് പറഞ്ഞുകൊടുത്തതിനുമപ്പുറത്ത്, ഒരു സൗഹൃദ സംഭാഷണത്തിലൂടെ, മാഷ് വിവരിച്ചു കൊടുത്തപ്പോൾ പദങ്ങളിൽ വരേണ്ട ഭാവത്തെപ്പറ്റി ദാസേട്ടന് കൂടുതൽ ധാരണയായി.

കോഴിക്കോടു വച്ചായിരുന്നു റെക്കോർഡിങ്. താനുദ്ദേശിച്ച പൂർണാർഥത്തിൽ പാട്ട് വെളിച്ചം കാണണമെങ്കിൽ കമ്പോസിങ് സ്ഥലത്ത് ദാസേട്ടനും അതുമായി ബന്ധപ്പെട്ടവരുമല്ലാതെ മറ്റാരും വേണ്ടെന്ന് മാഷാണ് തീരുമാനിച്ചത്. തികഞ്ഞ കോൺസൻട്രേഷനില്ലെങ്കിൽ പണി പാളിയേക്കാമെന്ന് മാഷ് ഭയന്നു. ഇതിനിടെ കമ്പോസിങ് കാണാനായി സുഹൃത്തുക്കളെക്കൂട്ടിയെത്തിയ നിർമാതാവിന്റെ ഭാര്യയെപ്പോലും അന്ന് മാഷിനു തടയേണ്ടതായി വന്നിരുന്നു! ഇതിന്റെ പേരിൽ നിർമാതാവുമായി ഏറെക്കാലം പിണങ്ങേണ്ടി വന്നതും മറ്റൊരു ചരിത്രം. 

പുത്തഞ്ചേരിയുടെ വരികളെ വശത്താക്കാൻ ഒട്ടും പണിപ്പെടേണ്ടി വന്നില്ലെങ്കിലും ചരിത്രം സൃഷ്ടിക്കാനുറപ്പിച്ച് രവീന്ദ്രൻ മാഷ് വരികളിൽ കൊണ്ടുവന്നിരുന്ന ചില പ്രയോഗങ്ങൾ യേശുദാസെന്ന ഗായകന് തികഞ്ഞ വെല്ലുവിളി തന്നെയായിരുന്നു. സങ്കീർണതകളായിരുന്നു ഗാനത്തിന്റെ സൗന്ദര്യമെങ്കിലും ആലാപനത്തിൽ കടന്നുവന്ന ത്രിസ്ഥായി സഞ്ചാരത്തിന്റെ ഭംഗി പാട്ടനുഭവത്തിന്റെ വേറിട്ട തലത്തിലൂടെയാണ് കേൾവിക്കാരനെ കൂടെ കൂട്ടുക. താരസ്ഥായിയിലും മന്ദ്രസ്ഥായിയിലും യേശുദാസിന്റെ മികച്ച ശബ്ദനിയന്ത്രണം പ്രയോജനപ്പെടുത്തിയ ഗാനങ്ങളിലൊന്നായാണ് സംഗീതമറിയുന്നവർ ഈ ഗാനത്തെ വിലയിരുത്തുന്നത്. 

‘മധുമൊഴി രാധേ നിന്നെ തേടീ......’ അനുപല്ലവിയിലേക്കു കടക്കുമ്പോൾ 24 ബാസ് സസ്റ്റൈനിലേക്കു നീളുന്ന ആലാപനം...... ഹൊ! സംഗീതത്തിന്റെ നിയമങ്ങളെപ്പറ്റി ഒരു ചുക്കും അറിയാതിരുന്നിട്ടും രോമകൂപങ്ങൾ എഴുന്നേറ്റു പോവുകയല്ലേ! ഒരു വേള കേൾവിക്കാരന്റെയും ശ്വാസമൊന്നു നിലയ്ക്കും പോലെ! ആ നീട്ടലവസാനിപ്പിച്ച് അടുത്ത രാഗ വിസ്താരത്തിലേക്കും ആലാപനം നീളുമ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോവുകയല്ലേ! രവീന്ദ്രസംഗീതത്തിന്റെ ക്ലാസിക്കൽ വശ്യത പലപ്പോഴും ഒരു മഴപ്പെയ്ത്തു പോലെയാണെന്നതിന് ഏറ്റവും നല്ല ഉദാഹരണം കൂടിയാണ് ഈ ഗാനം. ശ്രുതിക്കിണങ്ങുന്ന ഘനഗാംഭീര്യം, ആരോഹണാവരോഹണങ്ങളിലൂടെയുള്ള അനായാസ സഞ്ചാരം.... യേശുദാസ് എന്ന ഗായകന്റെ ആലാപനശേഷിയെ എത്രമാത്രം പ്രയോജനപ്പെടുത്താമെന്ന് കാട്ടിത്തരുക കൂടിയായിരുന്നു ഗാനം. താരസ്ഥായിയിലൂടെ ആകാശത്തേക്കൊരു പടർന്നു കയറ്റം.... തൊട്ടടുത്ത നിമിഷം തന്നെ മന്ദ്രസ്ഥായിയിലൂടെ സാഷ്ടാംഗം വീണൊരു പ്രണമിക്കൽ....  രവീന്ദ്രസംഗീതം തൊടുത്തുവിടുന്ന അനുപമമായ ഭാവപ്പകർച്ചകളെ എത്ര വട്ടമാണ് നമ്മൾ കണ്ടിരിക്കുന്നത്!

സാന്ദർഭികമായി ഹിന്ദുസ്ഥാനിയേയും ഗാനത്തിലുൾപ്പെടുത്തി മറ്റൊരദ്ഭുതവും സൃഷ്ടിക്കാൻ ആ സംഗീത മാന്ത്രികൻ അന്നു മറന്നില്ല. ഹിന്ദുസ്ഥാനി താളവിസ്മയം പെയ്തു തീരുന്നതോ, തബലയിലെ അനിതരസാധാരണമായ വേഗത്തിൽ വീഴുന്ന ഒരു നടയോടെയാണ്. ജതി ചൊല്ലുന്നതോ, അറിയപ്പെടുന്ന തബലിസ്റ്റും നിർമാതാവും സംഗീത സംവിധായകനുമായിരുന്ന രഘുകുമാറാണ്. ആ ചടുലമായ വായ്ത്താരി വഴക്കം ഒട്ടൊന്നുമല്ല ആസ്വാദക മനസ്സുകളിൽ അനുഭൂതികളുടെ വേലിയേറ്റം സൃഷ്ടിച്ചത്! മിക്ക സംഗീത ഉപകരണങ്ങളെയും ആസ്വാദ്യകരമായിത്തന്നെ വരികൾക്കൊപ്പം ഇണക്കിച്ചേർക്കുവാൻ മാഷ് ആദ്യാവസാനം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ചു ഫ്ലൂട്ടും വയലിനും തബലയും എന്തിന്, ഹാർമോണിയത്തിന്റെ കാര്യത്തിൽ പോലും കടുത്ത നിഷ്കർഷയായിരുന്നു മാഷിന്! 

ദൈവികത്വം തുളുമ്പുന്ന വരികളെ മാന്ത്രികസംഗീതം കൊണ്ട് അലങ്കരിച്ച് മഹാഗായകന്റെ കണ്ഠത്തിൽനിന്നു തികഞ്ഞ സ്വരമാധുരിയിൽ അത് ഒഴുകിയിറങ്ങിയപ്പോൾ ആസ്വാദക ഹൃദയങ്ങൾ ആഹ്ലാദത്തേരേറുക തന്നെയായിരുന്നു. ഓരോ കേൾവിയിലും ആ ആലാപനം പടർത്തി വിടുന്ന ഒരു ഊർജമുണ്ട്. അത് രവീന്ദ്രസംഗീതത്തിന്റെ സ്വാഭാവിക ചേതനയിൽനിന്ന് ഉറവ കൊണ്ട വരപ്രസാദത്തിന്റേതല്ലാതെ മറ്റെന്ത്! 21-ാം വട്ടം മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം നൽകി ആ ഗന്ധർവ നാദത്തെ മലയാളം ആദരിച്ചപ്പോൾ തന്റെ ലക്ഷ്യം പൂർത്തിയായെന്ന ചാരിതാർഥ്യമായിരുന്നു അന്ന് രവീന്ദ്രൻ മാഷിന്.

സിനിമയിൽ ഇത്രയും ദൈർഘ്യമേറിയ ഗാനാവതരണവും അതിന്റെ ചിത്രീകരണവും പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നതായിരുന്നു അടുത്ത വെല്ലുവിളി. മോഹൻലാൽ ഉൾപ്പെടെയുള്ളവർ ആറ് മിനിറ്റിനപ്പുറത്തേക്കു പാട്ടു വേണ്ടെന്ന് ശഠിച്ചപ്പോൾ എട്ടു മിനിറ്റാക്കി എഡിറ്റ് ചെയ്യാൻ ഒടുവിൽ ഏവരും തീരുമാനിച്ചു. ദൈർഘ്യമൽപം കുറഞ്ഞാലും വിമർശകരുടെ വായടപ്പിക്കാൻ ഈ ഗാനത്തിനാവുമെന്ന് ഉറപ്പുണ്ടായിരുന്ന മാഷും മറ്റുള്ളവരുടെ അഭിപ്രായത്തെ അന്ന് എതിർത്തില്ല. 

പാട്ടു പോലെ തന്നെ മറ്റൊരു അദ്ഭുതമായിരുന്നു അതിന്റെ ചിത്രീകരണവും! മഹാബലിപുരത്ത് സെറ്റിട്ട് നിരവധി കലാകാരൻമാരെയും ഏർപ്പാടാക്കി ഷൂട്ടിങ്ങിനൊരുങ്ങുമ്പോൾ ഷാജി കൈലാസിന് നാട്ടിൽനിന്നു ഫോൺ - ഭാര്യയെ പ്രസവത്തിനായി കയറ്റിയിരിക്കുന്നു! കടിഞ്ഞൂൽ പ്രസവത്തിന് താനില്ലാതെ... ഷൂട്ടിങ്ങും മാറ്റിവയ്ക്കാനാവില്ല... ആകെ വിഷമത്തിലായ സംവിധായകന്റെ മുമ്പിലേക്ക് ദാ വരുന്നു സാക്ഷാൽ പ്രിയദർശൻ! മോഹൻലാലിനെ വെറുതെയൊന്ന് കണ്ടിട്ടു പോകാൻ ലൊക്കേഷനിലെത്തിയതായിരുന്നു പ്രിയൻ. ഷാജി കൈലാസിന്റെ വിഷമം കണ്ട പ്രിയൻ ആശ്വാസം പകർന്നു - ‘നീ ധൈര്യമായി പൊക്കോ.. നാട്ടിൽ നീയിപ്പോൾ വേണ്ട സമയമാണ്. ഷൂട്ടിങ്ങിന്റെ കാര്യം എനിക്കു വിട്ടേക്കൂ, ഞാൻ ചെയ്തോളാം!’

ഒടുവിൽ... പ്രേക്ഷകർക്കു മുമ്പിലേക്കു സിനിമ എത്തുമ്പോൾ പാട്ടൊരുക്കിയവരോ പാടിയവരോ ഇല്ല... അഭിനയ ചക്രവർത്തി പ്രേംനസീറിനു ശേഷം അതിശയകരമായ ലിപ് മൂവ്മെന്റും അനുപമമായ അംഗചലനങ്ങളും കൊണ്ട് ഭാവാഭിനയത്തിന്റെ സകല പടവുകളും താണ്ടിയ മോഹൻലാലിന്റെ അപാരമായ നടന വൈഭവമായിരുന്നു കാരണം! അസാധ്യ സംഗീതമൊരുക്കി, മത്സരിക്കാനുണ്ടോ എന്ന് മലയാളം നെഞ്ചേറ്റിയ ഗായകനെ മാഷ് വെല്ലുവിളിച്ചു.... സ്വരഭംഗി കൊണ്ട് ചരിത്രം രചിച്ച ഗായകൻ അതേറ്റെടുത്ത് വിജയിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് നടനകലയുടെ അവസാന വാക്കായ മഹാനടനെ വെല്ലുവിളിച്ചതാണ് - കാണട്ടെ തന്റെ നടനം! അതെ, അഭ്രപാളികളിൽ തെളിഞ്ഞ നടനകലയുടെ കളിയരങ്ങിൽ കൃഷ്ണശിലയുടെ കട്ടിപ്പുറന്തോടിനെ തുളച്ച് ഒരു പാവം പെൺകുട്ടിയുടെ യാചന ചെന്നു തറച്ചപ്പോൾ ഹിമഗംഗ പോലെ ഉറവ കൊണ്ടതാണ് ഈ ഗാനം... മറ്റെല്ലാം അപ്രസക്തം!!  സിരകളിൽ പടർന്നു കയറുന്ന ഭാംഗിന്റെ ലഹരി പോലെ ഗാനമിങ്ങനെ ഒഴുകിപ്പരക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടാവുന്നു... ഗ്വാളിയറിൽ ഗുരു ഉസ്താദ് ബാദുഷാ ഖാന് ദക്ഷിണ വച്ചു തുടങ്ങിയ യാത്ര, ഒടുവിൽ ഗുരുവിന്റെ ഖബറിൽ ഒരു പിടി മണ്ണും വാരിയിട്ട് തുടരുകയാണ്, അവസാനമില്ലാതെ...  സഫറോം കി സിന്ദഗി ജോ കഭീ നഹിം കദം ഹോ ജാത്തി ഹൈ... ശംഭോ മഹാദേവാ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com