നിലയ്ക്കാതൊഴുകിയ സംഗീതത്തിന്റെ നദി; അതികായരുടെ ചുമലിലേറി അന്ത്യയാത്ര
Mail This Article
ജയ്കിഷന്റെ ജീവിതം ഹ്രസ്വമായിരുന്നു. വർണാഭവും അസാധാരണ മുഹൂർത്തങ്ങളുടെ സമ്മേളനവേദിയുമായിരുന്നു അത്. 41 വയസ്സിനുള്ളിൽ ആ മഹാപ്രതിഭ കൊയ്തെടുത്ത നേട്ടങ്ങൾ അദ്ഭുതം കൂറുന്ന കണ്ണുകളോടു കൂടി മാത്രമേ കാണാൻ കഴിയുകയുള്ളൂ. 1971 ഒക്ടോബർ 21 ന് വൈകിട്ട് ആറരയോടെ അദ്ദേഹത്തിന്റെ അന്ത്യയാത്ര മറൈൻ ഡ്രൈവിന് സമീപമുള്ള ക്വീൻസ് സെമിത്തേരിയിൽ അവസാനിച്ചു. പതിനായിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിൽ ജയ്കിഷന്റെ ഏഴുവയസ്സുള്ള മകൻ ചേതൻ ചിതയ്ക്കു തീ കൊളുത്തി. മുംബൈ നഗരം ഇതുപോലെ ദുഃഖ സാന്ദ്രമായ ഒരു വിടവാങ്ങൽ അടുത്ത നാളുകളിലൊന്നും ദർശിച്ചിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവന്റെ വേർപാടിൽ ഹൃദയം പൊട്ടിക്കരയുന്ന സാധാരണക്കാരായിരുന്നു അവിടെ കൂടിയിരുന്നവരിൽ ഭൂരിഭാഗവും. ഹിന്ദി സിനിമാ രംഗത്തെ ഒരു സംഗീത സംവിധായകൻ മാത്രമായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളും സഹപ്രവർത്തകരും ഏതോ അദൃശ്യ കാരണങ്ങളാൽ അദ്ദേഹത്തെ അകമഴിഞ്ഞു സ്നേഹിച്ചു, അദ്ദേഹത്തിന്റെ േവർപാടിൽ ഹൃദയംപൊട്ടി കണ്ണീർ വാർത്തു. ഒരു പൊതുസമ്മതനായ നേതാവോ താരശോഭയുള്ള നടനോ ഒന്നുമായിരുന്നില്ല ജയ്കിഷൻ. എന്നിട്ടും ആ മനുഷ്യന്റെ ശവമഞ്ചമേറ്റുവാൻ ഹിന്ദി സിനിമാരംഗത്തെ അതികായർ തങ്ങളുടെ ചുമലുകൾ എന്തുകൊണ്ട് നിസ്സംശയം വിട്ടു കൊടുത്തു? എല്ലാം ഒരു കടങ്കഥ പോലെ തോന്നുന്നു. വിലാപയാത്രയെ ദുഃഖിതനായി അനുഗമിച്ചിരുന്ന ഉറുദു കവിയും സിനിമാ ഗാനരചയിതാവുമായിരുന്ന ഹസ്രത്ത് ജയ്പുരി തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു മുഷിഞ്ഞ കടലാസു കഷണത്തിൽ ജയ്കിഷനെക്കുറിച്ച് ചില വരികൾ കോറിയിട്ടത് പിൽക്കാലത്ത് ചരിത്രമായി മാറി.