ഭാര്യയുടെ ചിത്രം ചേർത്തത് വേദനിപ്പിച്ചു, കടന്നു പോയ വിഷമഘട്ടത്തിന്റെ ബാക്കിപത്രമാണ് ഈ തലമുടി: സന്നിധാനന്ദൻ
Mail This Article
സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണമാരാഞ്ഞു വിളിച്ചപ്പോൾ ഒരു പാട്ടിന്റെ വരികളാണ് ഗായകൻ സന്നിധാനന്ദൻ മറുപടിയായി പാടിയത്. ഒഎൻവി കുറുപ്പ് എഴുതി വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകിയ 'പാടുവാനായി വന്നു നിന്റെ പടിവാതിൽക്കൽ' എന്നു തുടങ്ങുന്ന പാട്ടിലെ വരികൾ. അതിങ്ങനെയാണ്:
നിമിഷപാത്രത്തിൽ ആരീ അമൃത് പകരുന്നൂ...
എന്നും ഇവിടെ നിൽക്കാൻ അനുവദിക്കൂ
പാടുവാൻ മാത്രം!
മണ്ണിൽ ചുവട്ടി നിൽക്കുന്ന ഒരു കലാകാരന്റെ ജീവനും ജീവിതവും ആ വരികളിലുണ്ട്. "സ്വാതന്ത്ര്യം കിട്ടി നൂറു വർഷം കഴിഞ്ഞെന്നു പറഞ്ഞാലും കാര്യമില്ല. ഉള്ളിന്റെ ഉള്ളാണ് നന്നാകേണ്ടത്," സന്നിധാനന്ദൻ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഗായകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ യുവതി പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞെങ്കിലും പ്രസ്തുത സംഭവം കലാസ്വാദകർക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. സാമൂഹ്യ–സാംസ്കാരിക രംഗത്തെ പ്രമുഖർ സന്നിധാനന്ദനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സൈബർ ലോകത്ത് ചർച്ചകൾ ചൂടു പിടിക്കുമ്പോൾ, വയനാട്ടിലേക്കുള്ള യാത്രയിലാണ് ഗായകൻ സന്നിധാനന്ദൻ. മുൻകൂട്ടി നിശ്ചയിച്ച സംഗീതപരിപാടിക്കായുള്ള യാത്രയ്ക്കിടെ മനോരമ ഓൺലൈനോട് സന്നിധാനന്ദൻ മനസു തുറന്നപ്പോൾ.
കുഞ്ഞുനാൾ മുതൽ കേൾക്കുന്ന കമന്റുകൾ
ഒരു വിഷമഘട്ടം എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്റെ അച്ഛൻ മരിച്ചു. അതുപോലെ എന്റെ ഭാര്യയുടെ അച്ഛനും മരിച്ചു. ആ മരണങ്ങളും പിന്നെ വേറെ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ആ വിഷമഘട്ടം തരണം ചെയ്തു വന്നപ്പോഴേക്കും മുടി വളർന്നു. അപ്പോൾ അത് അങ്ങനെ തന്നെ നിൽക്കട്ടെ എന്നു തോന്നി. എന്റെ ഫോട്ടോ വച്ചു പറഞ്ഞോട്ടെ. എനിക്കു പ്രശ്നമില്ല. കുഞ്ഞുനാൾ മുതൽ ഇതുപോലുള്ള കമന്റുകൾ കേട്ടിട്ടുള്ള ആളാണ് ഞാൻ. പലതരത്തിലുള്ള പരിഹാസങ്ങളും വേദനകളും നേരിടേണ്ടി വന്നിട്ടുണ്ട്. ക്ലെഫ്റ്റ് ചുണ്ട് ആയതുകൊണ്ടൊക്കെയാണ് അങ്ങനെ സംഭവിച്ചത്. അതെല്ലാം അതിജീവിച്ചാണ് ഞാൻ ഇവിടെ എത്തിയത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനെന്റെ സംഗീതവുമായി മുൻപോട്ടു പോകും. അതിൽ തർക്കമില്ല. പക്ഷേ, ആ വ്യക്തി പോസ്റ്റിട്ടത് എന്റെ മാത്രം ഫോട്ടോ വച്ചല്ല, എന്റെ ഭാര്യയുടെ കൂടെ ചിത്രം അതിൽ ചേർത്തിരുന്നു. എന്റെ ഭാര്യ ആശ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ചെയ്യുന്നതിന്റെ ഭാഗമായി അവിടെ പോയപ്പോൾ ഞങ്ങളൊരുമിച്ച് ഏറെ സന്തോഷത്തോടെ എടുത്ത സെൽഫിയായിരുന്നു അത്. ആ ചിത്രം ഇങ്ങനെയൊരു പോസ്റ്റിനൊപ്പം കണ്ടപ്പോൾ ഒരുപാടു വേദന തോന്നി.
ഇവരെ ലോകത്തിനു പരിചയപ്പെടുത്തണ്ടേ?
ഇങ്ങനെയൊരു പോസ്റ്റ് സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഞാൻ ആദ്യം പറഞ്ഞത്, 'ഒന്നും പറയണ്ട, അവർ അങ്ങനെ പറഞ്ഞു പോകട്ടെ' എന്നായിരുന്നു. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് എന്റെ ഭാര്യയുടെ മൊബൈലിലുമെത്തി. ഇതു കണ്ട് അവർ ഞെട്ടിപ്പോയി. അവർക്ക് അത് മാനസിക വിഷമമുണ്ടാക്കി. ഭാര്യ ആശാ രാജൻ ഗവേഷണം പൂർത്തിയാക്കി ഗസ്റ്റ് ലക്ചററായി പ്രവർത്തിക്കുകയാണ്. ഗൗരിയമ്മയെക്കുറിച്ച് പുസ്തകം തയാറാക്കിയിട്ടുള്ള കക്ഷിയാണ് ആശ. പരമാവധി ഒതുങ്ങിക്കൂടി ജീവിക്കുന്ന കക്ഷിയാണ് അവർ. അവർക്കൊരു വിഷമമുണ്ടാക്കിയെന്നു തിരിച്ചറിഞ്ഞപ്പോഴാണ് ഞാൻ പ്രതികരിച്ചത്. ഇങ്ങനെ പറയുന്നവർ ഇപ്പോഴുമുണ്ടെന്ന് ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കണമെന്നു തോന്നി.
ഇതെന്റെ സാംസ്കാരിക കടമ
എല്ലാവരും ഒരേ ജീവിതസാഹചര്യങ്ങളിൽ ആയിരിക്കില്ല വളരുന്നത്. പരമാവധി മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക. അതാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്. കുറച്ചു കാലം ജീവിക്കാൻ ഈ ഭൂമിയിൽ വന്നവരാണ് നമ്മൾ. അതു കഴിഞ്ഞാൽ നമ്മൾ ഇവിടെ നിന്നു പോകും. ആ കുറച്ചു സമയം എല്ലാവരെയും സ്നേഹിക്കാൻ ശ്രമിക്കുന്നതല്ലേ നല്ലത്. ഇത്തരം കാര്യങ്ങളിൽ പ്രതികരിച്ചെങ്കിൽ മാത്രമെ, ഇതുപോലെ പറയാൻ ശ്രമിക്കുന്നവരുടെ നാവ് പിൻവാങ്ങുകയുള്ളൂ. എന്റെ സാംസ്കാരികമായ കടമയാണ് ഞാൻ ഇതിലൂടെ നിർവഹിച്ചത്. ഇവിടെ സൗന്ദര്യമില്ലാത്തവർക്കും ജീവിക്കണം. മുടി നീട്ടി വളർത്തുന്നവർക്കും കറുത്തവർക്കും വെളുത്തവർക്കുമെല്ലാം ജീവിക്കണം. എല്ലാവരും സന്തോഷമായി ജീവിക്കണം. ഇങ്ങനെ പറയുന്നവരുണ്ടെന്ന് സമൂഹത്തിന് ബോധ്യം വരണം. ഒരു പാമ്പ് മാളത്തിലുണ്ടെങ്കിൽ, ആ വഴിയിൽ പോകുന്നവരോട് നമ്മൾ പറയില്ലേ, അവിടെയൊരു പാമ്പുണ്ടെന്ന്! ഞാനും അത്രയേ കരുതുന്നുള്ളൂ. കലാകാരന് അനുഭവങ്ങളുണ്ടാകണമെന്നു പറയുമല്ലോ. ശരിയാണ്. പക്ഷേ, അത് ഞാനെന്ന വ്യക്തി അല്ലെങ്കിൽ ഗായകൻ അനുഭവിച്ചാൽ പോരെ? എന്റെ വീട്ടിലുള്ളവർ അനുഭവിക്കണ്ടല്ലോ! ഇതെല്ലാം ഓരോ അനുഭവങ്ങളാണ്. ഇനിയും ഞാൻ നല്ല രീതിയിൽ നടക്കണം. നല്ല രീതിയിൽ ജനങ്ങളുമായി ഇടപെടണം. എന്റെ പാട്ടിൽ ഇനിയും ശ്രദ്ധിക്കണം എന്ന രീതിയിലാണ് ഞാനിപ്പോഴത്തെ സംഭവങ്ങളെ കാണുന്നത്.