ADVERTISEMENT

കാലത്തിന്റെ പാട്ടുപുസ്തകത്തില്‍ പുതിയ പാട്ടുകള്‍, പാട്ടുകാര്‍... അപ്പോഴും മടുപ്പിന്റെ ചിതലരിക്കാത്ത പേജുകളില്‍ മോഹന്‍ സിത്താരയുടെ പേരുണ്ടാകും. അത്രമേല്‍ മലയാള സിനിമ സംഗീതത്തെ അലങ്കരിച്ച പാട്ടുകളായിരുന്നു ആ ഈണത്തില്‍ പിറന്നവ ഏറെയും. കസെറ്റില്‍ നിന്ന് സിഡിയിലേക്കെന്നപോലെ പാട്ടിന്റെ പരിവര്‍ത്തനകാലത്തെ സംഗീതപരമായും സാങ്കേതികപരമായും ചേര്‍ത്തുപിടിക്കാന്‍ ആ ഈണങ്ങള്‍ക്കായി. പാട്ടിന്റെ സുവര്‍ണകാലത്തിന് ഇടവേളയെങ്കിലും നല്ല പാട്ടിന്റെ കൈപിടിച്ച് മോഹന്‍ സിത്താര തന്റെ യാത്ര തുടരുകയാണ്.

ഒന്‍പതാം വയസ്സില്‍ തുടങ്ങിയ സംഗീത ജീവിതം. പിന്നിട്ട വഴികളില്‍ കാത്തിരുന്നതൊക്കെ അപ്രതീക്ഷിതവും അദ്ഭുതവും നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍. ഇല്ലായ്മയുടെ കൊടുമുടി കയറിയ ബാല്യത്തെ പാട്ടുകൊണ്ട് തോല്‍പ്പിച്ച സംഗീതജ്ഞനാണ്. ജീവിതം മുഴുവന്‍ സംഗീതമയമാക്കിയ മോഹന്‍ സിത്താരയ്ക്ക് മൂളാന്‍ ഇനിയും ഈണങ്ങളേറെയുണ്ട്... പോയകാലത്തിന്റെ നനവുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഒരു താരാട്ടുപോലെ മോഹന്‍ സിത്താര.

ഇതളൂര്‍ന്നുവീണ ബാല്യം

ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞൊരു വീട്ടിലാണ് എന്റെ ജനനം. അച്ഛന്‍ കുമാരന്‍ പൊറാട്ട് നാടകങ്ങളിലൊക്കെ പാടുമായിരുന്നു. സംഗീതവുമായി എനിക്കുള്ള ഏക ബന്ധം അക്കാലത്ത് അതായിരുന്നു. സംഗീതമാകും എന്റെ ജീവിതവഴിയെന്ന് സ്വപനത്തില്‍പോലും ഞാന്‍ കരുതിയിട്ടില്ല. അത്രത്തോളം മോശമായിരുന്നു എന്റെ സാഹചര്യങ്ങള്‍. കട്ടന്‍കാപ്പിയും കപ്പയുമായിരുന്നു മിക്ക ദിവസങ്ങളിലും ഭക്ഷണം. വിശന്ന് വിശന്ന് പിന്നെ വിശപ്പ് ഒരു പ്രശ്നമേ അല്ലാതായ ദിവസങ്ങള്‍... സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉച്ചഭക്ഷണത്തിന്റെ സമയം ആകുന്നതേ വല്ലാത്ത ആദിയായിരുന്നു. കൂട്ടുകാരൊക്കെ അവരുടെ ചോറ്റുപാത്രവും പൊതിയുമൊക്കെ തുറക്കുമ്പോള്‍ ഭക്ഷണത്തിന്റെ നല്ല മണം വരും. സത്യത്തില്‍ കൊതിയേക്കാള്‍ വലിയ സങ്കടമാണ് അപ്പോള്‍ തോന്നാറുള്ളത്. വിശന്ന് സ്‌കൂളിലെ ഡസ്‌ക്കില്‍ എത്രയോ ദിവസങ്ങള്‍ ഞാന്‍ കമഴ്ന്നു കിടന്നിട്ടുണ്ടെന്നോ. വിശപ്പ് കൂടി വരുമ്പോള്‍ സ്‌കൂള്‍ കിണറ്റിലെ വെള്ളം കുടിക്കും. അന്ന് സ്‌കൂളിനടുത്തൊരു ശിവക്ഷേത്രമുണ്ട്. എല്ലാ ദിവസവും ഞാനവിടേക്ക് നോക്കി പ്രാർഥിച്ചത് ഈ വിശപ്പ് എന്നെങ്കിലും മാറ്റിത്തരണേ ദൈവമേ എന്നു മാത്രമാണ്. മൂടുകിറീയ നിക്കറിനേക്കാളും മുഷിഞ്ഞ ഷര്‍ട്ടിനേക്കാളും എനിക്ക് വലുത് എന്റെ വിശപ്പു തന്നെയായിരുന്നു. അവിടുന്നൊക്കെ ആ ദൈവം എന്നെ ഇത്രയൊക്കെ വളര്‍ത്തിയില്ലേ....

നീര്‍മിഴിപ്പീലിയില്‍

പെരുവല്ലൂരിലെ എന്റെ വീട്ടില്‍ നിന്ന് പാങ്ങിലേക്ക് വലിയ ദൂരമൊന്നും ഇല്ല. അവിടെയാണ് ഹിന്ദുസ്ഥാനി സംഗീതത്തില്‍ പണ്ഡിതനായ കെ.ജി.സത്താറിന്റെ വീട്. ഒന്‍പതു വയസ്സുള്ളപ്പോള്‍ ചേട്ടന്‍ സുബ്രഹ്‌മണ്യനാണ് സത്താര്‍ മാഷിന്റെ അടുത്ത് എന്നെ സംഗീതം പഠിക്കാന്‍ കൊണ്ടാക്കുന്നത്. ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു അത്. മാഷിന്റെ അടുത്ത് നിന്ന് വയലിനും ബോംഗോസുമൊക്കെ വായിക്കാന്‍ പഠിച്ചു. അദ്ദേഹമന്ന് നടത്തുന്ന ചെറിയ ഗാനമേളകളിലൊക്കെ വയലിന്‍ വായിക്കാന്‍ എന്നെയും കൊണ്ടുപോകുമായിരുന്നു. അക്കാലത്ത് തൃശൂരില്‍ ഡെസ്ലി പീറ്റര്‍ മാഷ് പാശ്ചാത്യ സംഗീതത്തില്‍ തിളങ്ങി നില്‍ക്കുന്ന കാലമാണ്. അദ്ദേഹത്തിന്റെ ശിഷ്യനായും കുറച്ചുനാള്‍ കൂടി. പിന്നീട് ഗുരുവായൂരിലുള്ള പോള്‍സണ്‍ ചാലിശേരി മാഷിന്റെ അടുത്ത് നിന്ന് വയലിന്‍ കുറച്ചുകൂടി കാര്യമായി പഠിച്ചു.

ചേട്ടന്‍ സുബ്രഹ്‌മണ്യന്‍ യേശുദാസിന്റെ തരംഗ നിസരി സ്‌കൂള്‍ ഓഫ് മ്യൂസിക്കിലെ സിത്താര്‍ അധ്യാപകനായിരുന്നു. അങ്ങനെ സംഗീതം പഠിക്കാനായി എന്നേയും അവിടെ ചേര്‍ത്തു. രഘുനാഥ് മാഷിന്റെയും ചാള്‍സ് മാഷിന്റെയും ശിഷ്യണത്തില്‍ വയലിന്‍ പഠനം. എനിക്കന്ന് പതിനഞ്ച് വയസ്സേ ആയിട്ടുള്ളു. പിന്നെ രണ്ട് വര്‍ഷം പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ് മാഷിന്റെ ശിഷ്യണത്തില്‍ കര്‍ണാടക സംഗീതവും പഠിച്ചു. സംഗീതമല്ലാതെ അന്ന് എനിക്ക് മറ്റൊരു ചിന്തയില്ല. മറ്റു കൂട്ടുകാരൊക്കെ തിരുവനന്തപുരത്ത് കറങ്ങാനും സിനിമ കാണാനും പോകും. എനിക്ക് അത്തരം സാഹചര്യങ്ങളൊന്നുമില്ലാത്തതുകൊണ്ട്് സംഗീതം മാത്രമായിരുന്നു ചിന്ത. ഇതിനിടയിലാണ് സിത്താര മ്യൂസിക്ക് ക്ലബ്ബില്‍ വയലിനിസ്റ്റായിട്ട് പോകുന്നത്. അപ്പോഴാണ് എന്റെ ഭാഗ്യംപോലെ ദാസേട്ടന്‍ അന്ന് തരംഗിണി സ്റ്റുഡിയോ ആരംഭിക്കുന്നത്. വയലിനിസ്റ്റായിട്ട് എന്നേയും ക്ഷണിച്ചു. പിന്‍നിരയില്‍ നിന്നു അതിവേഗം ഞാന്‍ മുന്‍നിരയിലെത്തി. വളരെ ചെറുപ്പമല്ലേ, അതുകൊണ്ടു തന്നെ എല്ലാവരുടെയും സ്നേഹവും കരുതലും ആവോളം എനിക്ക് കിട്ടി.

സംഗീതസംവിധായകന്‍ അയിരൂര്‍ സദാശിവന്‍ ചേട്ടന്റെ അസിസ്റ്റന്റായി ഇതിനിടയില്‍ പ്രവര്‍ത്തിച്ചത് മറ്റൊരു തുടക്കമായി. പിന്നീട് മലയാളത്തിലെ അക്കാലത്തെ ഭൂരിഭാഗം സംഗീതസംവിധായകരുടെയും സഹായിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അതൊക്കെ വലിയ അനുഭവങ്ങളായിരുന്നു. അങ്ങനെ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് മാത്രം സഞ്ചരിക്കുന്ന കാലമായിരുന്നു അത്. അക്കാലത്ത് ഓര്‍ക്കസ്ട്ര നന്നായി കൈകാര്യം ചെയ്യാന്‍ എനിക്ക് കഴിഞ്ഞിരുന്നു. അതൊരു വലിയ മുതല്‍ക്കൂട്ടായി. ഇതിനിടയിലാണ് ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്. ഒഴിഞ്ഞു മാറിയും ഒളിച്ചിരുന്നുമൊക്കെ ആ ചിത്രത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ടി.കെ.രാജീവ്കുമാര്‍ വിട്ടില്ല. അങ്ങനെ അപ്രതീക്ഷിതമായി ഞാന്‍ സംഗീതസംവിധായകനായി. മോഹന്‍ എന്ന പേരിനൊപ്പം സിത്താരയും ചേര്‍ത്ത് മോഹന്‍ സിത്താരയായി. പിന്നെ അങ്ങോട്ട് എത്ര സിനിമകള്‍... സത്യത്തില്‍ എനിക്ക് നേടാന്‍ കഴിഞ്ഞതൊക്കെ വലിയ ഭാഗ്യങ്ങളല്ലേ...

ചഞ്ചല ധ്രുതപദതാളം...

എന്റെ നല്ല പാട്ടുകളൊക്കെയും അതിവേഗത്തില്‍ സംഭവിച്ചതാണ്. ദൈവത്തിന്റെ സമ്മാനം തന്നെയാണ് അതെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ദൈവം എനിക്കങ്ങനെ തന്ന നല്ല കാലത്തെ ഞാന്‍ കൃത്യമായി ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. നല്ലൊരു സംഗീതജ്ഞനാവാന്‍ സംഗീതം മാത്രം അറിഞ്ഞാല്‍ പോരല്ലോ. അനുഭവങ്ങളും ആവോളം വേണം. ആ അനുഭവങ്ങളിലെ ഭാവങ്ങളെ പാട്ടിലേക്കു പകര്‍ത്താന്‍ അപ്പോള്‍ നമുക്കു കഴിയും. എന്റെ ഓരോ പാട്ടിലും ഞാനെന്റെ അനുഭവങ്ങളെയും ചേര്‍ത്തുവയ്ക്കുമായിരുന്നു.

നല്ല പാട്ടുകള്‍ ചെയ്യണമെന്ന ആഗ്രഹമായിരുന്നു എപ്പോഴും. പാട്ടിലെ മാറ്റങ്ങളും ട്രെന്‍ഡുകളുമൊക്കെ കൃത്യമായി അറിയാന്‍ ശ്രമിച്ചിരുന്നു. പല പാട്ടുകളും ഹിറ്റായതിന്റെ ഒരു പ്രധാന കാരണവും അതായിരുന്നു. ഞാനിങ്ങനെ എന്റെ പാട്ടുകളുടെ മാത്രം ലോകത്ത് സഞ്ചരിക്കുമ്പോഴാണ് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. ഒരിക്കലും ഒരു പുരസ്‌കാരവും ആഗ്രഹിച്ചിരുന്ന ഒരാളല്ല ഞാന്‍. അങ്ങനെയുള്ള എന്നോട് സംസ്ഥാന പുരസ്‌കാരം കിട്ടാന്‍ വൈകിപോയോ എന്ന ചോദ്യം പലരും ചോദിക്കുമായിരുന്നു. പക്ഷെ ഒരു സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോഴാണ് ആളുകള്‍ എന്നെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഒരാഴ്ചയോളം നിലയ്ക്കാത്ത ഫോണ്‍ വിളികളായിരുന്നു. പുരസ്‌കാരത്തേക്കാള്‍ വലിയ സന്തോഷമായിരുന്നു അക്കാലത്തെ ആ ഫോണ്‍ വിളികള്‍.

മറക്കാം എല്ലാം മറക്കാം...

അവസരങ്ങള്‍ ചോദിച്ച് വിളിക്കുന്ന എല്ലാ ഗായകരേയും ഗായികമാരേയും ഞാന്‍ ഓര്‍ത്തുവയ്ക്കാറുണ്ട്. അവസരം വരുമ്പോള്‍ അവരെ അങ്ങോട്ട് വിളിക്കുകയുമാണ് പതിവ്. അവരൊക്കെ പാടാന്‍ വരുമ്പോള്‍ അവരേക്കാള്‍ പ്രതീക്ഷ എനിക്കാണ്. സത്യത്തില്‍ അവര്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ പ്രാർഥിക്കുന്നതും ഞാനാണ്. എത്ര പ്രതീക്ഷയോടെയാകും അവര്‍ എന്റെ അടുത്തേക്ക് വരുന്നത്. എത്രപേരോട് അവരിത് പറഞ്ഞിട്ടുണ്ടാവും... അതുകൊണ്ടുതന്നെ എന്തെങ്കിലും ശരിയാകാതെ വന്നാല്‍ അവരെ നിരാശരാക്കി അയക്കുന്നത് വലിയ സങ്കടമല്ലേ. അങ്ങനെ നിരാശരായി അവരു പോകുന്നത് കാണാന്‍ എനിക്കും ഇഷ്ടമല്ല. ശരിയാകാതെ വന്നാലും പരമാവധി ശ്രമിക്കും. ഓരോരുത്തരേയും ഞാന്‍ കൈപിടിച്ച് കൊണ്ടുവന്നത് അങ്ങനെയാണ്. എന്നിട്ടും ചില ആളുകളെ എനിക്ക് പാടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ അതൊരു സങ്കടമാണ്.

എത്രയെത്ര പുതിയ ആളുകളാണ് അങ്ങനെ വന്നത്. പിന്നെ അവരൊക്കെ വലിയ തിരക്കുള്ളവരായി മാറുന്നതു കാണുന്നതു തന്നെ ഒരു സന്തോഷമല്ലേ. ചിലരൊക്കെ ഇപ്പോഴും വിളിക്കും. ചിലരെയൊക്കെ ഞാനങ്ങോട്ടും വിളിക്കും. മനുഷ്യരല്ലേ... അവരിങ്ങനെ അവരുടെ തിരക്കുകളില്‍ പോകും. ആര്‍ക്കും ആരേയും കുറ്റം പറയാന്‍ കഴിയില്ലല്ലോ...

സ്‌നേഹത്തിന്‍ പൂനുള്ളി...

നല്ലൊരു പാട്ട് ഒരു സംഗീതസംവിധായകനും ഗാനരചയിതാവും മാത്രം വിചാരിച്ചാല്‍ സംഭവിക്കുന്നതല്ല. നമ്മളൊരു ട്യൂണ്‍ ഉണ്ടാക്കുമ്പോള്‍ അത് കേട്ട് ആദ്യം ഇഷ്ടപ്പെടേണ്ടത് അതിന്റെ സംവിധായകനാണ്. അദ്ദേഹം ഓക്കെ പറഞ്ഞാല്‍ മാത്രം സംഭവിക്കുന്നതാണ് ഓരോ ഗാനവും. എല്ലാകാലത്തും പാട്ടുകള്‍ നന്നാവുന്നതിന്റെയും മോശമാകുന്നതിന്റെയുമൊക്കെ ഒരു പ്രധാന കാരണം ആ സിനിമയുടെ സംവിധായകനാണ്. നമുക്കൊരു പാട്ടുണ്ടാക്കാന്‍ നല്ല സന്ദര്‍ഭവവും ദൃശ്യങ്ങളുമൊക്കെ പറഞ്ഞു തരേണ്ടത് അവരാണ്. പുതിയ ഗാനങ്ങളെ പലരും വിമര്‍ശിക്കുന്നത് കാണാം. അതിന് സംഗീതസംവിധായകരെ മാത്രം വിമര്‍ശിച്ചിട്ട് കാര്യമില്ലല്ലോ.

ഞാനൊക്കെ പാട്ടു ചെയ്യുമ്പോള്‍ പല ടൈപ്പിലുള്ള പാട്ടുകള്‍ ഒരേ സിനിമയില്‍ തന്നെ ചെയ്യാന്‍ ശ്രമിക്കുമായിരുന്നു. ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകുന്നതിനേക്കാള്‍ പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്.

ഇനി ഒരിക്കലും പിരിയില്ല ഞങ്ങള്‍....

പാട്ടിനൊക്കെ ഇടവേള നല്‍കി അസുഖബാധിതനായി ഞാന്‍ ആശുപത്രിയില്‍ കിടന്ന കുറേ നാളുകളുണ്ട്. ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയത് അപ്പോഴാണ്. ഒരു സങ്കടത്തോടെ മാത്രമേ എനിക്കാ കാലമൊക്കെ ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുള്ളു. തിരക്കുകളില്ലാത്ത ലോകത്ത് നിശബ്ദനായി ഞാന്‍ കിടക്കുകയാണ്. സിനിമാ ലോകത്തുനിന്ന് പ്രതീക്ഷിച്ച പലരും വിളിച്ചില്ല.

നമുക്കെല്ലാവര്‍ക്കും ഒരു നല്ല കാലമുണ്ട്. ആ സമയത്തൊക്കെ വെറുതേ ഡെസ്‌ക്കിലടിച്ചൊരു ട്യൂണ്‍ ചെയ്താലും ഹിറ്റാവും. അല്ലാത്ത കാലത്ത് എത്ര സമയമെടുത്ത് ചെയ്‌തെന്നു പറഞ്ഞാലും ഒന്നും ശരിയാകില്ല. അതങ്ങനെയാണ്. അസുഖം വന്നതോടെ പിന്നെ ആര്‍ക്കും നമ്മളെ വേണ്ടല്ലോ. പക്ഷേ അക്കാലത്ത് എന്നെ കാണാന്‍ വന്നത് കൈതപ്രം മാത്രമാണ്. ഒരിക്കലല്ല പലവട്ടം വന്നു. തൃശൂര് ഏതെങ്കിലും പാട്ടുകളുടെ കമ്പോസിങിന് വന്നാല്‍ എന്നെയും വന്നു കാണും. ആ വര്‍ക്കിന് കിട്ടുന്ന പ്രതിഫലം മുഴുവന്‍ അദ്ദേഹം നിറഞ്ഞ മനസ്സോടെ എനിക്ക് തരികയും ചെയ്യുമായിരുന്നു. അങ്ങനെയും നല്ല മനുഷ്യരുണ്ടേ....

English Summary:

Interview with musician Mohan Sithara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com