അന്ന് വാനതി, ഇന്ന് റോക്സി! പാട്ട് മാത്രമല്ല ഇവിടെ ഡബ്ബിങ്ങും വഴങ്ങും; ജൂഡിത്ത് ആൻ അഭിമുഖം
Mail This Article
ബോക്സ്ഓഫിസിൽ റെക്കോർഡുകൾ ഭേദിച്ച് കൽക്കി 2898 എന്ന പാൻ ഇന്ത്യൻ ചിത്രം വിജയവഴിയിൽ മുന്നേറുമ്പോൾ മലയാളിക്കും അഭിമാനിക്കാൻ വകയേറെയുണ്ട്. കൽക്കിയിലെ ശക്തയും സുന്ദരിയുമായ റോക്സി എന്ന കഥാപത്രത്തിനു മലയാളത്തിൽ ശബ്ദം പകർന്നത് ഗായികയായ ജൂഡിത്ത് ആൻ ആണ്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ പിന്നണി പാടിത്തുടങ്ങിയ ജൂഡിത്ത്, അടുത്തിടെ ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിൽ ആലപിച്ച ‘നാം ചേർന്ന വഴികളിൽ’ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. പാട്ട് കൂടാതെ ഡബ്ബിങ്ങിലും സജീവമായ ജൂഡിത്ത്, പൊന്നിയിൻ സെൽവൻ മലയാളം പതിപ്പിൽ ശോഭിത ധൂലിപാലയുടെ വാനതി എന്ന കഥാപാത്രത്തിനു ശബ്ദം നൽകി. നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിക്കുമ്പോഴും നായികമാരുടെ ശബ്ദസാന്നിധ്യമായി തിയറ്ററുകളിൽ നിറയുന്നതിന്റെ സന്തോഷം മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ജൂഡിത്ത് ആൻ.
വോക്‌സ്കോമിലൂടെ കൽക്കിയിലേക്ക്
ഞാൻ മുംബൈയിൽ ഒരു വർക്കിന്റെ ഓഡിഷന് പോയ സമയത്താണ് എനിക്ക് വോക്‌സ്കോം എന്ന പ്രൊഡക്‌ഷൻ ഹൗസിൽ നിന്ന് കോൾ വരുന്നത്. കൽകിയിലെ ഒരു കഥാപാത്രത്തിനു വേണ്ടി ശബ്ദം കൊടുക്കാനാണെന്നു കേട്ടപ്പോൾ ഏറെ സന്തോഷം തോന്നി. എബ്രഹാം ഓസ്‌ലർ എന്ന സിനിമയിലെ ദിവ്യ എന്ന കഥാപാത്രത്തിനു വേണ്ടി ഞാൻ ശബ്ദം കൊടുത്തിരുന്നു. അതു കേട്ടിട്ടാണ് അവർ കൽക്കിക്കു വേണ്ടി എന്നെ വിളിച്ചത്. സമയം വളരെ കുറവാണെന്നും എത്രയും പെട്ടെന്ന് വന്നു ചെയ്യണമെന്നും പറഞ്ഞിരുന്നു. ഞാൻ മുംബൈയിൽ നിന്ന് പെട്ടെന്ന് തന്നെ തിരിച്ചെത്തി വോക്‌സ്‌കോമിലേക്കു പോയി. ദിഷ പഠാനിയുടെ കഥാപാത്രത്തിനു വേണ്ടി ശബ്ദം കൊടുക്കാനാണ് എന്നെ വിളിച്ചത്. വളരെ സ്ട്രോങ് ആയ എന്നാൽ ഗ്രേയ്‌സുമുള്ള ഒരു കഥാപത്രയിരുന്നു അത്. വോക്‌സ്‌കോമിലെ അരുൺ ചേട്ടനും അജിത് ചേട്ടനും കഥാപത്രത്തിന്റെ ഇമോഷന്‍ എന്തൊക്കെയാണെന്നു ഭംഗിയായി വിശദീകരിച്ചു തന്നു. അതോടെ റോക്സിയുടെ ശബ്ദമാവുക എന്ന ജോലി പകുതി കഴിഞ്ഞു.
റൊമാന്റിക് റോക്സി
റോക്സി വളരെ ശക്തയും അതോടൊപ്പം തന്നെ ഇമോഷനലുമായ കഥാപാത്രമാണ്. കഥാപാത്രത്തിന്റെ ശക്തിയും ശബ്ദത്തിലെ ആഴവും നിലനിർത്തണം. അവരെ വളരെ ശക്തയായിട്ടാണ് അവതരിപ്പിക്കുന്നത്. റൊമാന്റിക് സീനിൽ അതിനനുസരിച്ച് വൈകാരികമായി സംസാരിക്കണം ഇത് രണ്ടും ഒരുപോലെ കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇത്രയും വലിയ താരങ്ങൾ അണിനിരക്കുന്ന സിനിമയില്‍ ശബ്ദം കൊടുക്കാനാണ് വിളിച്ചതെന്ന് ഡബ്ബിങ് വേളയിലാണ് ഞാൻ തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ വലിയൊരു അവസരം കിട്ടിയതിൽ സന്തോഷമുണ്ട്.
പാട്ടിന്റെ കൂട്ട്
ഞാൻ ഒരുപാടുകാലം കഠിനാധ്വാനം ചെയ്താണ് ഗായിക എന്ന നിലയിൽ ഇൻഡസ്ട്രിയിൽ എത്തിച്ചേർന്നത്. ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് പാട്ട് പഠിച്ചു തുടങ്ങിയത്. ചെറുപ്പം മുതൽ പാടാൻ ഇഷ്ടമാണെങ്കിലും പഠിക്കാൻ പോയിരുന്നില്ല. എട്ടു വയസ്സ് മുതൽ പള്ളി ക്വയറിൽ പാടുമായിരുന്നു. പന്ത്രണ്ടാം ക്ലാസ് വരെ പള്ളിയിലെ ഫാദർ ആണ് എന്നെ പിയാനോയും പാട്ടുമൊക്കെ പരിശീലിപ്പിച്ചിരുന്നത്. ട്രിനിറ്റി ഗ്രേഡ് എക്സാംസ് ആണ് ഇപ്പോൾ ചെയ്യുന്നത്. കർണാട്ടിക് പഠിക്കുന്നുണ്ട്. ആദ്യമായി സംഗീതം പഠിച്ചതു ബിന്നി കൃഷ്ണകുമാർ മാഡത്തിന്റെ അടുത്തുനിന്നാണ്. അൽഫോൻസ് ജോസഫ് സർ വെസ്റ്റേൺ പഠിപ്പിച്ചു. കഴിഞ്ഞ ട്രിനിറ്റി വെസ്റ്റേൺ ക്ലാസ്സിക്കൽ എക്‌സാമിൽ നൂറിൽ നൂറു മാർക്കും വാങ്ങിയിരുന്നു. അത് അപൂർവനേട്ടമായി കരുതുന്നു. പാട്ടിനൊപ്പം ഡബ്ബിങ്ങും ചെയ്യുന്നതിൽ സന്തോഷമുണ്ട്.
അന്ന് വാനതി ഇന്ന് റോക്സി
പൊന്നിയിൻ സെൽവൻ മലയാളം പതിപ്പിൽ ശോഭിത ധൂലിപാലയുടെ വാനതിക്കു വേണ്ടി ശബ്ദം കൊടുത്തിരുന്നു. ഇപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആവേശത്തോടെ വരവേൽക്കുന്ന കൽക്കിയുടെ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ഈ വർഷം തുടങ്ങിയതിനു ശേഷം സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഞാൻ എല്ലാ മാസവും തിയറ്ററിൽ പോയി ഞാൻ ചെയ്ത സിനിമകൾ കാണുകയും എന്റെ ശബ്ദം കേൾക്കുകയും ചെയ്യും അത് എനിക്ക് തരുന്ന ഊർജം വലുതാണ്. എന്റെ ശബ്ദം ഫോണിൽ കേൾക്കുമ്പോൾ പലരും പറയാറുണ്ട് എവിടെയോ കേട്ടിട്ടുണ്ട് എന്ന് അത് പരസ്യങ്ങളിലോ സിനിമയിലെ ഡയലോഗിന്റെ പാട്ടിലോ ഒക്കെ ആയിരിക്കും. അടുത്തിടെ ലിറ്റിൽ ഹാർട്സ് എന്ന സിനിമയിലെ ‘നാം ചേർന്ന വഴികളിൽ’ എന്ന ഞാൻ പാടിയ ഗാനം ഹിറ്റ് ആയിരുന്നു. എന്റെ മുഖം ആരും തിരിച്ചറിഞ്ഞില്ലെങ്കിലും എന്റെ ശബ്ദം ആളുകൾ തിരിച്ചറിയണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.