ലൈവായി കൊട്ടിക്കയറി നേടിയ പേരും പെരുമയും; ഇവർക്ക് വർഷം മുഴുവൻ ‘ആട്ടം’, പൂരപ്പറമ്പ് മുതൽ സിനിമ വരെ!
Mail This Article
പൂരവും തിറയും കെട്ടിയാടുന്ന മണ്ണിൽ ചവിട്ടി നിന്ന് അസുരവാദ്യമായ ചെണ്ടയിൽ മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന മാസ്മരിക പ്രകടനം കാഴ്ച വയ്ക്കുന്ന അസാധ്യകലാകാരന്മാരാണ് തൃശൂർ കൊള്ളന്നൂരിലെ ആട്ടം കലാസമിതി. ആനപ്രേമം പോലെ പൂരപ്രേമം സിരകളിലോടുന്നവർക്ക് 'ആട്ടം' എന്ന പേരും അവരുടെ കൊട്ടും ചുവടുകളും അത്രമേൽ പ്രിയം, ആവേശം! യാതൊരു ഗിമിക്കുകളും സാധ്യമല്ലാത്ത പൂരപ്പറമ്പുകളിൽ ലൈവായി കൊട്ടിയും ആടിയും നേടിയെടുത്തതാണ് ആട്ടം കലാസമിതി അതിന്റെ പേരും പെരുമയും. ആട്ടം കലാസമതിയുടെ കൊട്ടിന്റെ മുഴക്കം ഈ ഓണക്കാലത്ത് വൻവിജയമായ ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയിലും ഉയർന്നുകേട്ടപ്പോൾ ആരാധകർക്ക് ഇരട്ടി ആവേശമായി. നാടിന്റെ സ്വന്തം കലാകാരന്മാരുടെ മേളപ്പെരുക്കം വിശ്വപ്രസിദ്ധമായ ബുഡാപെസ്റ്റ് ഓർക്കസ്ട്രയിലെ കലാകാരന്മാർക്കൊപ്പം സമന്വയിപ്പിച്ച് സംഗീതസംവിധായകൻ ദിബു നൈനാൻ തോമസ് പാട്ടൊരുക്കിയപ്പോൾ ആദരിക്കപ്പെട്ടത് ആട്ടം കലാസമിതിയുടെ പ്രതിഭാധനരായ കലാകാരന്മാർ കൂടിയാണ്. ആ അനുഭവങ്ങൾ പങ്കുവച്ച് ആട്ടം കലാസമിതി മനോരമ ഓൺലൈനിൽ.
'ഒറ്റയടിപ്പാത' വെട്ടിത്തന്ന 'കിളിയെ'
ദിബു സർ മുൻപു ചെയ്ത ഒറ്റയടിപ്പാതയിലെ എന്ന പാട്ടിന് ഞങ്ങൾ മുൻപൊരു കവർ ചെയ്തിരുന്നു. രാജേഷ് ചേർത്തലയും ഞങ്ങളും ചേർന്നാണ് അതു ചെയ്തു പുറത്തിറക്കിയത്. ആ ട്രാക്കാണ് ഞങ്ങളെ വിളിക്കാൻ അദ്ദേഹത്തിന് പ്രചോദനമായതെന്നാണ് ഞങ്ങൾക്കു മനസ്സിലാക്കാൻ സാധിച്ചത്. ഈ സിനിമയിൽ ഞങ്ങളും വായിച്ചിട്ടുണ്ട് എന്നത് മലയാളികൾ അറിയാൻ കാരണം ദിബു നൈനാൻ തോമസ് എന്ന സംഗീതസംവിധായകനാണ്. അദ്ദേഹത്തോടുള്ള കടപ്പാട് വളരെ വലുതാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട എല്ല പരിപാടികളിലും അഭിമുഖങ്ങളിലും അദ്ദേഹം ഞങ്ങളുടെ പേരെടുത്തു പരാമർശിച്ചു. ഞങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വലിയ അംഗീകാരമാണ്.
ഉത്സപ്പറമ്പിൽ നിന്ന് വെള്ളിത്തിരയിലേക്ക്
അയ്യന്തോൾ ആയിരുന്നു റെക്കോർഡിങ്. സിനിമയെക്കുറിച്ചോ അതിന്റെ വലുപ്പത്തെക്കുറിച്ചോ ഒന്നും അറിയാതെയാണ് ഞങ്ങൾ റെക്കോർഡിങ്ങിനു പോയത്. റെക്കോർഡിങ് ഞങ്ങൾക്ക് പുതിയതല്ല. ഇതിനു മുൻപ് സിനിമയ്ക്കു വേണ്ടി ഞങ്ങൾ വായിച്ചിട്ടുണ്ട്. ‘ഉയരെ’ സിനിമയ്ക്കു വേണ്ടി ഗോപിസുന്ദർ ഞങ്ങളെ വിളിച്ചിരുന്നു. അതിൽ പാർവതിയും സംഘവും കോളജിൽ ഒരു ഡാൻസ് ചെയ്യുന്ന സീൻ ഉണ്ടല്ലോ. അതിനു വേണ്ടിയാണ് ഞങ്ങൾ കൊട്ടിയത്. ആ ട്രാക്കിൽ ഞങ്ങളും ഭാഗമായിരുന്നു. പിന്നെ, ജേക്സ് ബിജോയ്ക്കു വേണ്ടി ഒരു തെലുങ്ക് സിനിമയിൽ വർക്ക് ചെയ്തു. പക്ഷേ, ഈ സിനിമകളിലൊന്നും ഞങ്ങളുടെ പേര് അങ്ങനെ ശ്രദ്ധിക്കപ്പെട്ടില്ല. ഉത്സപ്പറമ്പുകളിലെ ഞങ്ങളുടെ ലൈവ് പ്രകടനങ്ങളാണ് എന്നും ഞങ്ങളെ ജനങ്ങൾക്കിടയിൽ നിലനിറുത്തിയത്. എന്നാൽ ഇപ്പോൾ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ ഭാഗമായപ്പോൾ ധാരാളം പേർ തിരിച്ചറിഞ്ഞു. അതൊരു പുതിയ അനുഭവമാണ്.
റെക്കോർഡിങ് നീണ്ടത് അറിഞ്ഞതേയില്ല
ലൈവ് പ്രകടനങ്ങളിലൂടെയാണ് മലയാളികൾക്കിടയിൽ ഞങ്ങൾ ചർച്ചയായത്. കൊട്ടിനൊപ്പം നൃത്തം ചെയ്താണ് ഞങ്ങളുടെ പ്രകടനം. ഉത്സപ്പറമ്പുകളിൽ അഞ്ചും ആറും മണിക്കൂറുകൾ തുടർച്ചയായി പെർഫോം ചെയ്യുന്ന ഞങ്ങൾക്ക് റെക്കോർഡിങ് വെല്ലുവിളി ഉയർത്തുന്നതായിരുന്നില്ല. 30 പേരടങ്ങുന്ന ടീമായിരുന്നു റെക്കോർഡിങ്ങിന് ഉണ്ടായിരുന്നത്. രാവിലെ തുടങ്ങിയ റെക്കോർഡിങ് വൈകുന്നേരം ആറു മണി കഴിഞ്ഞും തുടർന്നു. നല്ല അനുഭവമായിരുന്നു അത്. സർ പറയും, അതു ഞങ്ങൾ വായിക്കും. അങ്ങനെ സമയം പോയതു പോലും അറിഞ്ഞില്ല. ഗംഭീര അനുഭവമായിരുന്നു. സിനിമയിൽ പലയിടങ്ങളിലായി ഞങ്ങളുടെ കൊട്ട് ഉപയോഗിച്ചിട്ടുണ്ട്. കിളിയെ എന്ന പാട്ടിൽ മാത്രമല്ല ക്ലൈമാക്സ് സീക്വൻസിലും ഞങ്ങളുടെ കൊട്ട് വരുന്നുണ്ട്. സിനിമയിൽ അഭിനയിക്കാനും ഞങ്ങളെ ക്ഷണിച്ചിരുന്നു. പക്ഷേ, നാട്ടിൽ ഉത്സവ സീസൺ ആയിരുന്ന സമയത്തായിരുന്നു ഷൂട്ട്. അതുകൊണ്ട് ഷൂട്ടിനു പോകാൻ കഴിഞ്ഞില്ല. പക്ഷേ, പശ്ചാത്തലസംഗീതത്തിലുള്ള ഞങ്ങളുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടപ്പോൾ വലിയ സന്തോഷം.
സിഗ്നേച്ചർ സ്റ്റെപ്പുകൾക്ക് പിന്നിൽ
നൃത്തം ചെയ്തുള്ള ഞങ്ങളുടെ കൊട്ടിനാണ് ആരാധകർ ഏറെയുള്ളത്. പല സമിതികളും വായിക്കുന്ന വാദ്യം മാറ്റി വച്ചാണ് ചുവടുകൾ വയ്ക്കുക. പക്ഷേ, ഞങ്ങൾ അങ്ങനെയല്ല. ഏത് വാദ്യോപകരണമാണോ വായിക്കുന്നത് അതു കയ്യിൽ വച്ചു തന്നെയാണ് ഞങ്ങൾ ചുവടുകൾ വയ്ക്കുക. അതു മാറ്റി വച്ചുള്ള പരിപാടിയില്ല. കൊട്ടിന് അനുസരിച്ചുള്ള ചുവടുകൾ വാദ്യോപകരണങ്ങൾ വായിച്ചു കൊണ്ടു തന്നെ ചെയ്യും. അതു കാണികൾക്ക് ഇഷ്ടമാണ്. കൂടാതെ, കാണികളെ ഉൾപ്പെടുത്തിയുള്ള ചുവടുകളും ചെയ്യും. അതാണ് കൂടുതൽ ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ കളിക്കുന്നവർ വെറും കാഴ്ചക്കാരല്ലാതായി മാറും. അവരും ഞങ്ങൾക്കൊപ്പം ചേരും. അവരും ഞങ്ങളും ഒന്നാകുമ്പോൾ പരിപാടി ഗംഭീരമാകും.
വർഷം മുഴുവൻ 'ആട്ടം'
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഞങ്ങൾ പ്രാക്ടീസ് ചെയ്യാനും പരിപാടി സെറ്റ് ചെയ്യാനും ഇരിക്കുന്നത്. ഓണത്തോടെ സീസൺ തുടങ്ങും. അത് മേയ് മാസം വരെ നീളും. കുറച്ചു വർഷങ്ങൾ മുൻപു വരെ കൊട്ടിനൊപ്പം വേറെ ജോലികൾക്കും ഞങ്ങൾ പോയിരുന്നു. കാരണം, ഉത്സവസീസണിൽ മാത്രമായിരുന്നു ഞങ്ങൾക്ക് ഈ വർക്ക് ഉണ്ടായിരുന്നത്. പക്ഷേ, ഇപ്പോൾ ഏകദേശം വർഷം മുഴുവൻ ഞങ്ങൾക്ക് പരിപാടികൾ കിട്ടുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഞങ്ങളുടെ പ്രകടനങ്ങൾ വൈറലായതോടെയാണ് കൂടുതൽ പരിപാടികൾ കിട്ടാൻ തുടങ്ങിയത്. മണികണ്ഠൻ അയ്യപ്പ സംഗീതം ചെയ്ത ‘പൂതൻ’ എന്ന മ്യൂസിക് ആൽബം ആട്ടം കലാസമിതിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാക്കാണ്.