‘വിപ്ലവത്തിൽ നിന്നു മാറി, സോഫ്റ്റ് ഗാനങ്ങളും ചെയ്യാൻ പറ്റുമെന്ന് തെളിയിച്ചു; ബാല്യത്തെ ഓർമിപ്പിച്ച പല്ലൊട്ടി’!
Mail This Article
കണ്ണൻ, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്‌കളങ്കമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥപറയുന്ന ചിത്രമാണ് പല്ലൊട്ടി 90സ് കിഡ്സ്. ജിതിൻ രാജ് സംവിധാനം ചെയ്ത ചിത്രം തൊണ്ണൂറുകളിലുള്ള തലമുറയ്ക്ക് മനോഹര ഓർമകൾ നൽകുന്നതിനൊപ്പം പുതിയ തലമുറയിലെ കുട്ടികളെക്കൂടി ആകർഷിക്കുന്നുണ്ട്. മണികണ്ഠൻ അയ്യപ്പ എന്ന സംഗീതസംവിധായകൻ ഈണം നൽകിയ പാട്ടുകളാണ് പല്ലൊട്ടിയെ ഒന്നുകൂടി ആകർഷകമാക്കിയത്. ഗായകൻ കപിൽ കപിലന് 2023ലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരവും ഈ ചിത്രത്തിലെ പാട്ടുകളിലൂടെ ലഭിച്ചിരുന്നു. പല്ലൊട്ടിയാണ് ആദ്യം സംഗീതസംവിധാനവും ഗാനങ്ങളും ഒരുമിച്ച് ചെയ്‌ത ചിത്രമെന്നു പറയുകയാണ് സംഗീതസംവിധായകൻ മണികണ്ഠൻ അയ്യപ്പ. അഞ്ചക്കള്ളകൊക്കാനിലെ ത്രസിപ്പിക്കുന്ന ഗാനങ്ങൾക്ക് ഈണം പകർന്ന സംഗീതജ്ഞൻ എന്ന നിലയിലാണ് മലയാളികൾ മണികണ്ഠൻ അയ്യപ്പയെ തിരിച്ചറിഞ്ഞത്. പല്ലൊട്ടിയിലെ പാട്ടുവിശേഷവുമായി മനോരമ ഓൺലൈനിനൊപ്പം ചേരുകയാണ് സംഗീതസംവിധായകൻ മണികണ്ഠൻ അയ്യപ്പ.
പാട്ടും പശ്ചാത്തലസംഗീതവും ഒരുമിച്ച് പല്ലൊട്ടിയിൽ
2018ൽ ആണ് ഞാൻ ആദ്യത്തെ സിനിമ ചെയ്യുന്നത്, ഒരു മെക്സിക്കൻ അപരത! അതിലെ പാട്ടുകൾ ഞാനും പശ്ചാത്തല സംഗീതം ഗോപിസുന്ദറും ആണ് ചെയ്തത്. പശ്ചാത്തല സംഗീതം എന്ന കാര്യത്തോട് കുറച്ച് പേടി ഉണ്ടായിരുന്നു. അതുകൊണ്ട് ആ സമയത്തൊന്നും പശ്ചാത്തല സംഗീതം ഞാൻ ചെയ്തിട്ടില്ല. ജാലിയൻ വാലാബാഗ് എന്ന സിനിമയിലും പാട്ടുകൾ ആണ് ചെയ്തത്. അതുകഴിഞ്ഞ് ജെയ്ക്സ് ബിജോയിയുടെ സിനിമകളിൽ പശ്ചാത്തല സംഗീതത്തിൽ അസിസ്റ്റ് ചെയ്യാൻ തുടങ്ങി. പാട്ടുകൾ അപ്പോഴും ചെയ്യുന്നുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് പല്ലൊട്ടി എന്ന സിനിമയ്ക്ക് വേണ്ടി എന്നെ സമീപിക്കുന്നത്. ആ സിനിമയിൽ പാട്ടുകളും പശ്ചാത്തല സംഗീതവും ചെയ്യണം എന്ന് പറഞ്ഞു. അങ്ങനെ അത് ഞാൻ ചെയ്തു. എന്റെ മാത്രം സംഗീതത്തിൽ ഒരു സിനിമ ആദ്യമായി ചെയ്തത് പല്ലൊട്ടി ആണ്. ഈ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരാൾ തന്നെ ചെയ്യുമ്പോൾ ഉണ്ടാകുന്ന സിങ്ക് അനുഭവിച്ചത് ആ സിനിമയിലാണ്. സിനിമയിൽ അത് നന്നായി അലിഞ്ഞു ചെർന്നു. സിനിമയുടെ സംവിധായകൻ ജിതിൻ രാജ്, ക്യാമറ ചെയ്ത ഷാരോൺ ശ്രീനിവാസ്, എഡിറ്റർ രോഹിത് വി എസ്, തിരക്കഥാകൃത്ത് ദീപക് വാസൻ, ഞങ്ങൾ എല്ലാവരും ഒരേ പ്രായക്കാരാണ്. ഞങ്ങൾ തമ്മിൽ വളരെ നല്ല ഒരു സിങ്ക് ഉണ്ടായിരുന്നു.
ബാല്യത്തെ ഓർമിപ്പിച്ചു പല്ലൊട്ടി
പല്ലൊട്ടി സിനിമയിൽ പറയുന്ന എല്ലാ കാര്യങ്ങളും ഞങ്ങളെല്ലാം മുൻപ് ചെയ്തിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമാണ്. അതുകൊണ്ട് ഇത് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. കണ്ണൻ എന്ന കഥാപാത്രത്തിന്റെ ബാല്യകാലം പോലെയായിരുന്നു എന്റെയും ബാല്യം. ചെറുപ്പത്തിലുള്ള ഒറ്റയ്ക്ക് നടത്തിയ ചില പരീക്ഷണങ്ങൾ, അതൊക്കെ ഈ സിനിമയിലെപോലെ തന്നെയായിരുന്നു എന്റെയും ജീവിതം. അതുകൊണ്ട് തന്നെ എനിക്കേറ്റവും പ്രിയപ്പെട്ട സിനിമയാണ് പല്ലൊട്ടി. ഈ പശ്ചാത്തല സംഗീതം ചെയ്യുമ്പോൾ അത് എന്റെ ജീവിതമാണ് എന്ന് ഓർത്താണ് സ്കോർ ചെയ്തത്. അപ്പോൾ അത് കൂടുതൽ വ്യക്തിപരമായി മാറി. പല തരത്തിലുള്ള പാട്ടുകൾ പല്ലൊട്ടിയിൽ ഉണ്ട്. സുഹൈൽ കോയ ആണ് എല്ലാ പാട്ടുകളും എഴുതിയത്. എല്ലാം ജനങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് അറിയുമ്പോൾ ഭയങ്കര സന്തോഷം.
അഞ്ചക്കള്ളകോക്കാനിലൂടെ കിട്ടിയ സ്വീകാര്യത
അഞ്ചക്കള്ളകോക്കാൻ എന്ന സിനിമയിലൂടെയാണ് ആസ്വാദകർ എന്റെ പേര് കേൾക്കുന്നത്. ആ സിനിമയ്ക്ക് ശേഷമാണ് എന്റെ വർക്കുകൾ കൂടുതൽ ആളുകൾ അറിയുന്നത്. പല്ലൊട്ടി ഇപ്പോൾ ഇറങ്ങിയപ്പോൾ എല്ലാവരും അഞ്ചക്കള്ളകോക്കാൻ ചെയ്ത മണികണ്ഠൻ എന്ന് പറഞ്ഞു വിളിക്കാറുണ്ട്. അതൊരു സന്തോഷമാണ്. അത് കഴിഞ്ഞിറങ്ങിയ സിനിമയും ജനകീയമായി എന്നറിയുമ്പോൾ സന്തോഷം. പല്ലൊട്ടിയിൽ പന്ത്രണ്ടോളം ചെറിയ പാട്ടുകളുണ്ട്. അഞ്ചക്കള്ളകോക്കാൻ, മെക്സിക്കൻ അപാരത, കൊത്ത്, കുമാരി എന്നിവയിലൊക്കെ രൗദ്ര ഭാവം കൂടുതലായിരുന്നു. വിപ്ലവം, ചോര, ഇടി, കുത്ത് ഇതൊക്കെയുള്ള സിനിമകളായിരുന്നു അവ. ഇത് കുട്ടികളുടെ സിനിമയാണ് അതിൽ വളരെ സോഫ്റ്റ് ആയ പാട്ടുകളാണ്. ഇത്തരത്തിലുള്ള പാട്ടുകളും എനിക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാൻ പറ്റി.
ലിജോ ജോസ് പെല്ലിശ്ശേരി ഫാക്ടർ
മലയാളസിനിമയുടെ അഭിമാനമായ ലിജോ ജോസ് പെല്ലിശേരിയാണ് ഈ സിനിമ പ്രസന്റ് ചെയ്തത്. അദ്ദേഹം ഒന്നും കാണാതെ ഒരു സിനിമ പ്രസന്റ്റ് ചെയ്യില്ലല്ലോ. സജിത് യാഹിയയും നിതിൻ രാധാകൃഷ്ണനും കൂടിയാണ് പല്ലൊട്ടി നിർമിച്ചത്. ആ സമയത്ത് ഞാൻ പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുമിച്ച് ചെയ്തിട്ടില്ലെങ്കിലും എന്നെ വിശ്വസിച്ച് ഈ സിനിമ ഏൽപ്പിച്ചത് അവരാണ് അവരോടും സി പി പ്രൊഡക്‌ഷൻസിനോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്.
കപിൽ കപിലന്‍ മികച്ച ഗായകനായപ്പോൾ
പല്ലൊട്ടിയിലെ പാട്ട് പാടിയതിന് കപിൽ കപിലന് 2023ൽ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‍കാരം കിട്ടി. ഞാൻ സംഗീതം ചെയ്ത പാട്ട് വളരെ മനോഹരമായി കപിൽ കപിലൻ പാടിയിട്ടുണ്ട്. പിന്നെ മികച്ച ബാലതാരം, മികച്ച കുട്ടികളുടെ സിനിമ തുടങ്ങി മൂന്ന് സംസ്ഥാന സംസ്ഥാന അവാർഡുകൾ നേടി. ഇപ്പോൾ ജനങ്ങളിൽ സിനിമ എത്തി. വളരെ കുറച്ച് തിയറ്ററുകളിൽ മാത്രമേ റിലീസ് ചെയ്തുള്ളൂ. എങ്കിലും വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. എന്തുകൊണ്ടാണ് സംവിധായകനായ ജിതിന് ഈ സിനിമയെപ്പറ്റി ആത്മവിശ്വാസം ഉണ്ടായിരുന്നത് എന്ന് ഇപ്പോൾ മനസ്സിലായി. ലാലേട്ടൻ, മമ്മൂക്ക ഉൾപ്പടെ മലയാളത്തിലെ മിക്ക സിനിമാപ്രവർത്തകരും സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. വളരെ നല്ല ഒരു സിനിമയുടെ ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.