‘ക്ഷണിച്ചത് നിർമാതാക്കൾ, പുഷ്പ 2 ഹെവി’; ദേവി ശ്രീ പ്രസാദിനു പകരക്കാരനായി എത്തിയ സാം സി.എസ്. - അഭിമുഖം
Mail This Article
അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2ന്റെ പശ്ചാത്തലസംഗീതവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ശക്തമാകുന്നതിന് ഇടയിലാണ് സിനിമയുടെ ഭാഗമാകാനുള്ള അവസരം ലഭിച്ചെന്നു വെളിപ്പെടുത്തി സംഗീതസംവിധായകൻ സാം സി.എസ് രംഗത്തെത്തുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്തിന് സംഗീതമൊരുക്കിയ ദേവി ശ്രീ പ്രസാദ് അതിലൂടെ ദേശീയ പുരസ്കാരം വരെ നേടിയിരുന്നു. എന്നാൽ, രണ്ടാം ഭാഗത്തിൽ പശ്ചാത്തലസംഗീതം നിർവഹിക്കാൻ അവസാന നിമിഷം നിർമാതാക്കൾ മറ്റു ചിലരെ സമീപിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. എന്തായാലും, ഔദ്യോഗികമായി സിനിമയുടെ ഭാഗമായെന്ന് അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ സാം സി.എസ് പങ്കുവച്ച കുറിപ്പ് വൈറലായി. ഇന്ത്യയൊന്നാകെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ ലഭിച്ച അവസരത്തെക്കുറിച്ചു തുറന്നു പറഞ്ഞ് സാം സി.എസ്. മനോരമ ഓൺലൈനിൽ.
ക്ഷണിച്ചത് നിർമാതാക്കൾ
ദേവി ശ്രീ പ്രസാദ് സർ ആണ് ചിത്രത്തിലെ പാട്ടുകളെല്ലാം ചെയ്തിരിക്കുന്നത്. റിലീസ് ഡേറ്റ് അടുത്തു വന്നപ്പോൾ പ്രൊഡക്‌ഷന്റെ ഭാഗത്തു നിന്ന് നല്ല സമ്മർദമുണ്ടായിരുന്നു. സിനിമ വേഗം തീർക്കണം. എന്നാൽ, ക്വാളിറ്റിയിൽ യാതൊരു ഒത്തുതീർപ്പും പറ്റില്ല. സിനിമ 3 മണിക്കൂർ 24 മിനിറ്റുണ്ട്. അങ്ങനെയാണ് അവർ എന്നെ സമീപിക്കുന്നത്. ഈയടുത്ത് ഞാൻ ചെയ്ത വർക്കുകളെല്ലാം ഹിറ്റടിച്ചിരുന്നു. മലയാളത്തിൽ പണി, തമിഴിൽ ഡിമോണ്ടെ കോളനി, തെലുങ്കിൽ ‘ക’ എന്നിങ്ങനെ നിരവധി ശ്രദ്ധിക്കപ്പെട്ട വർക്കുകൾ വന്നിരുന്നു. ഇതെല്ലാം ഈ ആറു മാസത്തിൽ ഹിറ്റടിച്ച സിനിമകളാണ്. ഇതുകൊണ്ടായിരിക്കാം എന്നെ പുഷ്പ 2ന് വേണ്ടി സമീപിച്ചത്. മുഴുവൻ സിനിമയും ഇപ്പോൾ വർക്ക് ചെയ്തു തീർത്തു. ദേവി ശ്രീ പ്രസാദ് സാറിന്റെയും മ്യൂസിക് സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും 90 ശതമാനം സ്കോറും ഞാനാണ് ചെയ്തിരിക്കുന്നത്.
ഈ സമ്മർദം ശീലമാണ്
എന്നെ സംബന്ധിച്ചിടത്തോളം കരിയറിലെ ഒരു നാഴികക്കല്ലാണ് ഈ ചിത്രം. വലിയ പടങ്ങൾ ഇതിനു മുൻപും ചെയ്തിട്ടുണ്ടെങ്കിലും ‘പുഷ്പ’ പോലെ ഇന്ത്യയൊന്നാകെ കാത്തിരിക്കുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സിനിമയിൽ മിക്കവാറും അവസാന നിമിഷത്തിലാണ് സി.ജി എല്ലാം ചെയ്തു വരിക. അതുകൊണ്ട്, വലിയ സമ്മർദങ്ങൾക്കിടയിൽ നിന്ന് ജോലി ചെയ്ത് ശീലമുണ്ട്. എന്നാൽ, സാധാരണ ഉള്ളതിനേക്കാൾ സമ്മർദം ഈ ചിത്രത്തിനുണ്ടായിരുന്നു. കാരണം, ആളുകൾക്ക് അത്രയും പ്രതീക്ഷയുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നിങ്ങനെ എല്ലാ പ്രധാനപ്പെട്ട ഭാഷകളിലും ചിത്രം ഇറങ്ങുന്നുണ്ടല്ലോ. അതാണ് ഇത്രയും പ്രതീക്ഷയും സമ്മർദവും. ആർഡിഎക്സ് ചെയ്യുമ്പോഴും ഈ സമ്മർദമുണ്ടായിരുന്നു. പക്ഷേ, വർക്കിന് ഇരിക്കുമ്പോൾ മനസ്സിലേക്കു വരിക ആ സമ്മർദമൊന്നും ആകില്ല. ആ സിനിമ, അതിലെ കഥാപാത്രങ്ങൾ... ഒക്കെയാണ്. ശരിക്കും ഇനിയും 10–15 ദിവസം കിട്ടിയിരുന്നെങ്കിൽ ഇതിലും ഗംഭീരമാക്കാമായിരുന്നു.
സിനിമ ഹെവി
ഹെവിയാണ് സിനിമ. ആ സ്കെയിലിലാണ് സിനിമ ചെയ്തിരിക്കുന്നത്. റസൂൽ പൂക്കുട്ടിക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് പുതിയൊരു അനുഭവം ആയിരുന്നു. ഞാൻ ആദ്യമായാണ് അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത്. പുഷ്പ 1ൽ അദ്ദേഹം ഉണ്ടായിരുന്നു. രണ്ടാം ഭാഗത്തിൽ അതിഗംഭീര വർക്കാണ് അദ്ദേഹം ചെയ്തു വച്ചിരിക്കുന്നത്. പുഷ്പ യഥാർഥത്തിൽ ഒരു റോ കൈൻഡ് ഓഫ് മാസ് (raw kind of mass) പടമാണ്. കാടിന്റെ വന്യത മനോഹരമായി സിനിമയിൽ വരുന്നുണ്ട്. അതു സാധ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. കാടിന്റെ ശബ്ദങ്ങൾ അത്രയും മനോഹരമായി സിനിമയിൽ വന്നിട്ടുണ്ട്.
‘ഹൈ’ നൽകുന്ന സ്കോർ
സിനിമയിലെ ഇമോഷൻസിനെ പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നുണ്ട് ഇതിലെ മ്യൂസിക്. ഒരു ബ്രഹ്മാണ്ഡ ഫീലാണ് മൊത്തത്തിൽ ചിത്രത്തിനു കൊടുത്തിരിക്കുന്നത്. അല്ലു അർജുൻ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതെല്ലാം ഡ്രമാറ്റിക് ആണ്. സാധാരണ പടത്തിൽ ഹീറോയുടെ എൻട്രിക്ക് മാത്രമേ പഞ്ച് മ്യൂസിക് കൊടുക്കാറുള്ളൂ. പുഷ്പ 2ൽ ഹീറോ വരുന്നതെല്ലാം എൻട്രി സീക്വൻസ് പോലെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് പ്രേക്ഷകർക്ക് എല്ലായ്പ്പോഴും ഒരു ‘ഹൈ’ ഫീൽ കിട്ടും. ക്ലൈമാക്സ് വരെ ആ ലെവലിലാണ് ചിത്രം കൊണ്ടുപോകുന്നത്. ഹീറോയുടെ ഓരോ മിഷനും, സംഘട്ടനവുമെല്ലാം ഓപ്പണിങ് ബിൽഡപ്പിന് സമാനമായിട്ടാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. മുഴുവൻ പടം അങ്ങനെയൊരു ഹൈ ഫീലാണ് തരിക.
ഫഹദിന്റെ ഫൺ
ഞാനും ഫഹദ് ഫാസിലിന്റെ ആരാധകനാണ്. പെർഫോൻസും അഭിനയവുമെല്ലാം പോട്ടെ... അദ്ദേഹം സ്ക്രീനിൽ വന്നു നിൽക്കുമ്പോൾ തന്നെ ബ്രഹ്മാണ്ഡം ഫീലാണ്. അതിനൊപ്പം അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡും അഭിനയവുമെല്ലാം വേറെ ലെവലാണ്. മലയാളത്തിൽ കണ്ടിട്ടുള്ളതിനെക്കാൾ ഹൈ പെർഫോമൻസാണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്. ഹീറോയുമായുള്ള സംഘർഷം ഒരു ഫൺ മോഡിലാണ് ഫഹദ് ചെയ്തിരിക്കുന്നത്. അത് നല്ല രസമുണ്ട്, കാണാൻ! അദ്ദേഹം വരുന്ന എല്ലാ സീനും നല്ല എൻഗേജിങ് ആണ്. ഫഹദിന് ചിത്രത്തിൽ ഗ്രേ ഷേഡുള്ള കഥാപാത്രമാണ്. പക്ഷേ, അദ്ദേഹത്തിന്റെ പ്രകടനമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം എന്നു പറയാം. വേറെ ലെവൽ പെർഫോമൻസ്! അല്ലു അർജുനും ഫഹദിനും തുല്യ പ്രാധാന്യമാണ് സിനിമയിൽ.
അഭിമാനം, സന്തോഷം
വിജയ് സാറിനും അല്ലു അർജുൻ സാറിനും കേരളത്തിൽ ധാരാളം ആരാധകരുണ്ട്. ഞാൻ പഠിച്ചതും വളർന്നതും കേരളത്തിൽ ആയതിനാൽ എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഇവിടെയുണ്ട്. അവർക്കൊക്കെ ഞാൻ ഒരു അല്ലു അർജുൻ പടത്തിന്റെ ഭാഗം ആകുകയാണെന്ന് അറിയുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അവരുടെ മെസജുകളിലും പ്രതികരണങ്ങളിലും ആ സന്തോഷം പ്രകടമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാന നിമിഷം ആണ്.
മലയാളം എന്നും ഇഷ്ടം
കൂടുതൽ പാട്ടുകൾ എനിക്ക് മലയാളത്തിൽ ചെയ്യാൻ ആഗ്രഹമുണ്ട്. അതിനുള്ള അവസരങ്ങൾ കുറവാണ്. കഴിഞ്ഞ വർഷം എനിക്ക് ‘നീല നിലവെ’ ഉണ്ടായിരുന്നു. അതുപോലെയുള്ള സിനിമകൾ ആഗ്രഹിക്കുന്നുണ്ട്. മലയാളം ഇപ്പോൾ പാൻ ഇന്ത്യൻ ആയിക്കഴിഞ്ഞു. ഇവിടെ കൂടുതൽ പടങ്ങൾ ചെയ്യാൻ ഞാനും കാത്തിരിക്കുന്നു.