ADVERTISEMENT

മലയാള സിനിമാ സംഗീത ലോകത്ത് പുത്തനുണർവ് നൽകിയ നിരവധി ഗാനങ്ങളുടെ സ്രഷ്ടാവാണ് സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ‘മദനോത്സവം’ എന്ന ചിത്രത്തിനു വേണ്ടിയാണ് ക്രിസ്റ്റോ ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്നത്. 18 പ്ലസ് എന്ന ചിത്രത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'ഭ്രമയുഗ'ത്തിലുമെത്തി. കൊടുമൺ പോറ്റിയുടെയും ചാത്തന്റെയും മനയുടെ നിഗൂഢതയും ഭീതിയും പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ട് ഈ യുവ സംഗീതസംവിധായകൻ പ്രേക്ഷകരുടെ മനസ്സിലേക്കു കയറിക്കൂടി. സുഷിൻ ശ്യാമിന്റെ പ്രോഗ്രാമർ ആയി സിനിമാരംഗത്തെത്തിയ ക്രിസ്റ്റോ ഇപ്പോൾ സുഷിൻ ശ്യാമിനെപ്പോലെ തന്നെ പുതുതലമുറയുടെ ആവേശമായി മാറിയിരിക്കുകയാണ്. ബേസിൽ ജോസഫ്–നസ്രിയ കോംബോയുടെ സൂക്ഷ്മദർശിനിയിലെ സംഗീതമാണ് ഇപ്പോൾ ക്രിസ്റ്റോയുടേതായി പുറത്തുവന്നിരിക്കുന്നത്. ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടുനടന്ന സ്വപ്ന സാക്ഷാത്കാരമാണ് സംഗീത സംവിധായകവുക എന്നതിലൂടെ നേടിയെടുത്തതെന്നു ക്രിസ്റ്റോ പറയുന്നു. ടോയ് കാറ് വാങ്ങി നൽകാമെന്നു പ്രലോഭിപ്പിച്ച് കലോത്സവ വേദികളിലേക്കു മകനെ തള്ളിവിട്ട അമ്മയാണ് തന്റെ ഏറ്റവും വലിയ പിന്തുണ എന്ന് ക്രിസ്റ്റോ ചെറുചിരിയോടെ, ആത്മാഭിമാനത്തോടെ പറയുന്നു. സംഗീതവിശേഷങ്ങളുമായി ക്രിസ്റ്റോ മനോരമ ഓൺലൈനിനൊപ്പം.

പ്രിയദർശിനിയെ സൂക്ഷ്മദർശിനിയാക്കുന്ന സംഗീതം   

എം.സി.ജിതിന്റെ സൂക്ഷ്മദർശിനി എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. സിനിമയോടൊപ്പം സംഗീതവും പ്രേക്ഷകർ ഏറ്റെടുക്കുന്നത് കാണുമ്പോൾ വലിയ സംതൃപ്തി തോന്നുകയാണ്. എംസി ഈ സിനിമയ്ക്കായി സംഗീതം ചെയ്യണം എന്നുപറഞ്ഞ് എന്നെ തേടി എത്തുമ്പോൾ ഞാൻ അത് ഏറ്റെടുക്കാൻ പറ്റുന്ന ഒരു അവസ്ഥയിൽ ആയിരുന്നില്ല. മമ്മൂക്ക ചിത്രമായ ടർബോയുടെ വർക്ക് തീർക്കുന്ന തിരക്കിലായിരുന്നു. പക്ഷേ എംസി എന്നെ വിടാതെ പിടിച്ചു. ഒടുവിൽ ഈ സിനിമ ഞാൻ തന്നെ ചെയ്യാനായിരുന്നു വിധിച്ചിരുന്നത്. സിനിമയുടെ കഥ പറച്ചിൽ രീതിയിൽ എനിക്ക് തോന്നിയത് ഫാന്റസി മിസ്റ്ററി കാറ്റഗറിയിൽ ഈ സിനിമയ്ക്കു വേണ്ടി സംഗീതം കൊടുക്കാം എന്നാണ്. കള്ളത്തരം ഫീൽ ചെയുന്ന ഒരു സംഗീതം ആയിരിക്കണം എന്നായിരുന്നു എംസിയും സമീറിക്കയും മുന്നോട്ടുവച്ച ആശയം. വെസ്റ്റേൺ ക്ലാസ്സിക്കൽ ചെയ്തിട്ട് അതിൽ എങ്ങനെ പുതുമ കൊണ്ടുവരാം എന്നാണ് നോക്കിയത് .  പ്രിയദർശിനി സൂക്ഷ്മദർശിനി ആകുന്ന പോയിന്റിൽ എങ്ങനെ സംഗീതം കൊണ്ട് പ്രേക്ഷകരിലേക്കു കണക്ട് ചെയ്യാം എന്നാലോചിച്ചാണ് സംഗീതം ഡിസൈൻ ചെയ്തത്.  

ദുരൂഹ മന്ദഹാസമേ... 

സിനിമയിൽ രണ്ടു പാട്ടുകളാണുള്ളത്. ദുരൂഹ മന്ദഹാസമേ എന്ന പാട്ടാണ് ആദ്യം റിലീസ് ചെയ്തത്. അത് പ്രമോഷൻ കണ്ടന്റ് ആയി ചെയ്തു. ഒരു മെലഡി ചെയ്യാൻ തുടങ്ങിയിട്ട് ഇങ്ങനെ നിഗൂഢമായ ഒരു പാട്ട് ചെയ്യാനാണ് തോന്നിയത്. പാട്ടിന്റെ ആദ്യവരി മാത്രമേ ആദ്യം കിട്ടിയുള്ളൂ, അതാണ് ആദ്യം ചെയ്തത്. പിന്നെ കുറെ കഴിഞ്ഞാണ് "ശംഖലീലേ ശംഖലീലേ" എന്ന വരിയൊക്കെ കിട്ടിയത്. പിന്നീട് പാട്ട് മുഴുമിപ്പിക്കാൻ വേണ്ടി വരികൾ ചേർക്കുകയായിരുന്നു. മുഹ്‌സിൻ പരാരി ആണ് ആ പാട്ട് എഴുതിയത്. അജയന്‍ ആലപിച്ചു. പ്രിയലോകമേ എന്ന പാട്ട് വിനായക് ശശികുമാർ ആണ് എഴുതിയത്. സൂരജ് സന്തോഷ് പാടി. 

പ്രതീക്ഷിക്കാത്ത പ്രതികരണങ്ങൾ 

സൂക്ഷ്മദർശിനിയുടെ സംഗീതം ചെയ്യാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി പരിശ്രമിച്ചു. അധ്വാനഫലമായി മികച്ച സംഗീതം സൃഷ്ടിക്കാൻ സാധിച്ചതിലും ആളുകൾ അത് ഏറ്റെടുത്തതിലും സന്തോഷം. ഇങ്ങനെ ഒരു വരവേൽപ് സംഗീതത്തിനു കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ഒട്ടും കേട്ട് പരിചയമുള്ള സംഗീതമല്ല ഇത്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമോ എന്ന പേടി ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ അല്ല പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. സംഗീതത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ കിട്ടുന്നുണ്ട്.

ഭ്രമയുഗത്തിലെ പാട്ടിന് മമ്മൂക്കയുടെ അംഗീകാരം 

സുധീഷ് ഗോപിനാഥ്‌ സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂട് സിനിമ മദനോത്സവത്തിനു വേണ്ടിയാണ് ഞാൻ ആദ്യമായി സംഗീതം നൽകുന്നത്. അതൊരു സറ്റയർ സിനിമയായിരുന്നു. മദനോത്സവം കഴിയുന്നതിനു മുൻപ് തന്നെ നസ്‌ലിൻ അഭിനയിച്ച 18 പ്ലസ് എന്ന സിനിമ വന്നു. അത് നടക്കുമ്പോൾ തന്നെയാണ് ഭ്രമയുഗത്തിലേക്കു ക്ഷണം വന്നത്. ഒരു ഡെമോ സംഗീതം ചെയ്തു കൊടുത്തു അത് അവർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഭ്രമയുഗം ചെയ്തത്. അതിലെ സംഗീതം ചർച്ച ചെയ്യപ്പെട്ടു. മമ്മൂക്കയ്ക്ക് സംഗീതം ഒരുപാട് ഇഷ്ടമായി.  അദ്ദേഹം വളരെ കാര്യമായി സംഗീതത്തെപ്പറ്റി സംസാരിച്ചു. ടർബോയുടെ ലൊക്കേഷനിൽ വച്ചാണ് മമ്മൂക്കയെ കണ്ടത്. അദ്ദേഹം ഞാൻ പറയുന്നതൊക്കെ കേട്ട് വളരെ താല്പര്യത്തോടെ സംസാരിച്ചു. ഭ്രമയുഗത്തിലെ പാട്ടുകളെക്കുറിച്ച് ഒരുപാട് സംസാരിച്ചു. ടർബോയ്ക്കു വേണ്ടി സംഗീതം ചെയ്യുമെന്ന് അന്ന് കരുതിയില്ല. ജസ്റ്റിൻ ചേട്ടൻ തിരക്കിലായതു കൊണ്ടാണ് ഞാൻ ടർബോ ചെയ്തത്. അതും വളരെ കുറച്ചു സമയം കൊണ്ട് ചെയ്ത വർക്കാണ്. ടർബോയുടെ വർക്ക് തീർക്കാനിരിക്കുമ്പോഴാണ് എംസി കഥ പറയാൻ വരുന്നത്. ഞാൻ എംസിയോട് പറഞ്ഞു "മച്ചാനെ ഞാനില്ല, ഈ പണി ഇതുവരെ തീർന്നിട്ടില്ല," ഞാൻ ടർബോ തീർക്കുന്നതിന്റെ പ്രഷറിൽ ആയിരുന്നു. പിന്നെ സമീർ ഇക്ക സൂക്ഷ്മദർശിനിയെപ്പറ്റി പറയാൻ വിളിച്ചു, ഇക്കയോടും ഞാൻ എന്റെ നിസ്സഹായാവസ്ഥയാണ് പറഞ്ഞത്. പിന്നെയും എംസി വന്നു. എന്നാൽ പിന്നെ കഥ കേൾക്കാം എന്ന് കരുതി. രാത്രി ഒരു മണിയോടെയാണ് കഥ കേൾക്കുന്നത്. കഥ കേട്ടപ്പോൾ പിന്നെ വിട്ടുകളയാൻ തോന്നിയില്ല. എംസിയുടെ കഥപറച്ചിൽ കേൾക്കാൻ നല്ല രസമായിരുന്നു. അങ്ങനെ കഥയാണ് എന്നെ ഈ പടത്തിലേക്ക് എത്തിച്ചത്.

ചെയ്യുന്ന പണി വൃത്തിയായി ചെയ്യുക 

ഞാൻ വളരെ കുറച്ചു പടങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു. അതെല്ലാം നല്ല ബാനറിലെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ ആയിരുന്നു. അത്തരം സിനിമകൾ ചെയ്യാൻ കഴിഞ്ഞത് ഭാഗ്യം തന്നെയാണ്. ഭാഗ്യത്തിലുപരി ഞാൻ എന്റെ ഓരോ വർക്കിനും വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്.  നമ്മൾ ചെയ്യുന്ന വർക്ക് നന്നായില്ലെങ്കിൽ പിന്നെ നമ്മളെ ആരും വിളിക്കില്ലല്ലോ. മദനോത്സവം ഒരു നല്ല സിനിമയായിരുന്നു. അതിൽ നന്നായി വർക്ക് ചെയ്തതുകൊണ്ടാണ് അടുത്ത ചിത്രത്തിലേക്കു ക്ഷണം കിട്ടിയത്. ചെയ്യുന്ന പണി വൃത്തിയായി ചെയ്‌താൽ നമ്മളെ എല്ലാവരും അംഗീകരിക്കും എന്നാണ് എനിക്കു തോന്നുന്നത്.

ഇവിടെ എത്തുമെന്ന് തീരുമാനിച്ചിരുന്നു 

ഞാൻ സുഷിൻ ശ്യാമിന്റെ അസിസ്റ്റന്റായി പ്രോഗ്രാമറായി വർക്ക് ചെയ്യുകയായിരുന്നു. ട്രാൻസ് മുതൽ ഭീഷ്മപർവം വരെയുള്ള പടങ്ങളിൽ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തു. അവിടെ ബ്രെയ്ക്ക് ഉള്ള സമയത്ത് മറ്റു സംഗീത സംവിധായകരോടൊപ്പം വർക്ക് ചെയ്യുമായിരുന്നു.  അത്തരത്തിൽ കഴിവുറ്റ സംഗീത പ്രതിഭകളോടൊപ്പം ഉള്ള എക്സ്പീരിയൻസ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സുഷിൻ ചേട്ടനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഞാൻ സംഗീതസംവിധായകൻ തന്നെ ആകണം എന്ന് തീരുമാനിച്ച് വളർന്നു വന്ന ആളാണ്.  എങ്ങനെയൊക്കെയോ ഇവിടെ എത്തി എന്നല്ല, ഞാൻ ഇവിടെ തന്നെ എത്തും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ തീരുമാനിച്ച കാര്യമാണത്. അമ്മ ആയിരുന്നു എനിക്ക് പൂർണ്ണ പിന്തുണ നൽകിയത്. നമ്മൾ ഒരു കാര്യം ആഗ്രഹിച്ച് അതിനു വേണ്ടി കഠിനാധ്വാനം ചെയ്‌താൽ അത് നടക്കും എന്നാണ് അനുഭവം.

ടോയ് കാറ് മോഹിച്ച് സ്റ്റേജിൽ പാടിയ കുട്ടി 

എനിക്ക് പാടാനുള്ള കഴിവുണ്ടെന്ന് കുഞ്ഞായിരുന്നപ്പോൾ തന്നെ അമ്മ മനസ്സിലാക്കിയിരുന്നു. മാതാപിതാക്കൾ എന്നെ സംഗീത ക്ലാസിൽ കൊണ്ടുപോയി ചേർത്തു. സ്കൂളിൽ മത്സരങ്ങൾക്കൊക്കെ അമ്മ ഉന്തിത്തള്ളി പറഞ്ഞു വിടുമായിരുന്നു. എനിക്ക് സ്റ്റേജിൽ കയറാൻ ഭയങ്കര പേടി ആയിരുന്നു. ടോയ് കാർ വാങ്ങി തരാം എന്ന് പ്രലോഭിപ്പിച്ചാണ് അമ്മ എന്നെ സ്റ്റേജിൽ കയറ്റുന്നത്. സമ്മാനം ഒന്നും കിട്ടിയില്ലെങ്കിലും പരിപാടിക്ക് കയറിയാൽ മതി എന്നാണ് അമ്മ പറയുക. കാറ് കിട്ടുമല്ലോ എന്ന പ്രതീക്ഷയോടെ ഞാൻ ഓരോ മത്സരത്തിലും പങ്കെടുത്തു. അങ്ങനെ കുറച്ചധികം ടോയ് കാറുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ കുറെ കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി ഇതാണ് എന്റെ വഴി. പാട്ട് പാടുന്നതിനേക്കാൾ പാട്ട് ഉണ്ടാക്കുകയായിരുന്നു എനിക്കിഷ്ടം. എന്റേതായ എന്തെങ്കിലും ഉണ്ടാക്കി എടുക്കാൻ എനിക്ക് എപ്പോഴും ഇഷ്ടമാണ്. ഒരു സംഗീതസംവിധായകൻ ആകാൻ എന്തൊക്കെ വേണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ മനസ്സിലായി ഉള്ളിൽ സംഗീതം ഉണ്ടായാൽ മാത്രം മതിയെന്ന്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഗിറ്റാർ, കീബോർഡ് ഒക്കെ സുഹൃത്തുക്കളോടൊപ്പം ചേർന്നു പഠിച്ചു തുടങ്ങി. പിന്നെ പതിയെ ഓരോ ട്യൂൺ ചെയ്‌തു നോക്കി. ട്രയൽ ആൻഡ് എറർ ചെയ്താണ് പഠിച്ചത്. ഞാൻ സുഷിൻ ശ്യാമിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ആർഎൽവി കോളജിൽ ബിഎ മ്യൂസിക് പഠിക്കാൻ ജോയിൻ ചെയ്തു. അത് പകുതിയായപ്പോൾ തന്നെ സുഷിൻ ചേട്ടനോടൊപ്പം കൂടി. അങ്ങനെയൊക്കെയാണ് ഇവിടം വരെ എത്തിയത്.  

അമ്മ ഹാപ്പിയാണ്, മോനും

മരടിലാണ് എന്റെ വീട്. വീട്ടിൽ അച്ഛനും അമ്മയും രണ്ടു ചേച്ചിമാരുമാരുമുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞു. ഒരാൾ ദുബായിലും മറ്റേയാൾ ബെംഗളൂരുവിലുമായി കുടുംബത്തോടൊപ്പം താമസിക്കുന്നു. അമ്മ പണ്ട് പള്ളിയിലൊക്കെ ചെറിയ രീതിയിൽ പാടുമായിരുന്നു. അമ്മയുടെ സംഗീതവാസനയാണ് എനിക്ക് കിട്ടിയത്. സംഗീത പരിപാടികൾ എവിടെയുണ്ടെങ്കിലും പോകാം എന്ന് അമ്മ പറയും. അപ്പ ജോലി കഴിഞ്ഞു വരുമ്പോൾ ഞങ്ങൾ ഒരുമിച്ച് പോകും. അങ്ങനെ കുറേ ഓർമകൾ ഉണ്ട്. ഞാൻ പാട്ടുകാരനാകണം എന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒടുവിൽ ഞാൻ അമ്മയുടെ ആഗ്രഹം പോലെ തന്നെ സംഗീത മേഖലയിൽ എത്തിച്ചേർന്നു. ഞാൻ ചെയ്യുന്ന വർക്കുകളിൽ അമ്മയും അപ്പയും മറ്റു കുടുംബാംഗങ്ങളുമെല്ലാം ഹാപ്പിയാണ്.   

   

പുതിയ പ്രോജക്ടുകൾ 

സൂക്ഷ്മദർശിനിക്കു മുൻപായി സ്വർഗവാസൽ എന്നൊരു തമിഴ് പടം ചെയ്യുന്നുണ്ടായിരുന്നു. അത് ഇപ്പോൾ റിലീസ് ആയിട്ടുണ്ട് സംഗീതത്തിനു നല്ല അഭിപ്രായങ്ങൾ കിട്ടുന്നു. ആർജെ ബാലാജി എന്ന നടൻ ആണ് അഭിനയിച്ചിരിക്കുന്നത്. ഒരു ജയിൽ സ്റ്റോറി ആണ്.  ഭ്രമയുഗത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ ചെയ്യുന്ന ചിത്രമാണ് അടുത്തത്. ഇപ്പോൾ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു. തലയിൽ ഇപ്പോൾ ഉള്ളതെല്ലാം കുടഞ്ഞു കളഞ്ഞ് ഫ്രഷ് ആയി പുതിയ വർക്കിലേക്ക് കടക്കണം.

English Summary:

Music director Christo Xavier opens up about Sookshma Darshini movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com