നാട്ടുകാഴ്ചയും പാട്ടും; മറക്കില്ല അഭിമന്യു

Mail This Article
"കൈതോല ചുറ്റും കെട്ടി, കിഴക്കൂന്നാരോ വന്നേ
ചെമ്പട്ടും ചുറ്റിക്കൊണ്ടെ പുലരി കതിരോൻ ആണേ"
നാട്ടുകാഴ്ചയുടെ സൗന്ദര്യം വരച്ചിട്ട് നാൻ പെറ്റ മകനെ എന്ന ചിത്രത്തിലെ വിഡിയോ ഗാനമെത്തി. മഹാരാജാസ് കോളേജിലെ സംഘർഷത്തിനിടയിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി നേതാവ് അഭിമന്യുവിന്റെ വട്ടവടയിലെ ജീവിതവും ക്യാമ്പസിലെ സൗഹൃദങ്ങളും അടയാളപ്പെടുത്തുന്ന മനോഹരഗാനമാണ് കൈതോല ചുറ്റും കെട്ടി എന്നു തുടങ്ങുന്ന ഗാനം.
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിപാലാണ്. സഞ്ജയ് സതീഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വട്ടവടയുടെ സൗന്ദര്യം ഓരോ ഫ്രെയിമിലും പകർത്തി വച്ച അനുഭവമാണ് ഗാനത്തിന്റെ ദൃശ്യങ്ങൾ സമ്മാനിക്കുന്നത്. അഭിമന്യുവായി വേഷമിടുന്ന മിനോണും അതിശയകരമായ പകർന്നാട്ടമാണ് കാഴ്ച വച്ചിരിക്കുന്നത്.
മഹാരാജാസ് ക്യാമ്പസിന് പ്രിയങ്കരനായ അഭിമന്യുവിന്റെ ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകും വിധമാണ് പാട്ടിന്റെ ചിത്രീകരണം. അഭിമന്യു ക്യാമ്പസിൽ പാടാറുള്ള നാടൻ പാട്ടുകളെ ഓർമ്മിപ്പിക്കുന്നുണ്ട് ഈ ഗാനം. സജി പാലമേലാണ് ചിത്രത്തിന്റെ സംവിധായകൻ.