‘സംവൃതയുടെ ഭർത്താവ് കലാകാരനായിരുന്നോ’; പിയാനോ വായിച്ചു കയ്യടി നേടി അഖിൽ
![samvritha-akhil samvritha-akhil](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2020/5/26/samvritha-akhil.jpg?w=1120&h=583)
Mail This Article
ഭർത്താവ് അഖിൽ പിയാനോ വായിക്കുന്നതിന്റെ ഹ്രസ്വ വിഡിയോ പോസ്റ്റു ചെയ്ത് സംവൃത സുനിൽ. ഇതിനു മുൻപേ വിഡിയോ ചിത്രീകരിക്കണെന്ന് ആഗ്രഹിച്ചെങ്കിലും ഇതുവരെ അത് സാധ്യമായിരുന്നില്ല എന്ന് താരം കുറിച്ചു. ഒന്നര മിനിട്ടു ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അർച്ചന കവി, ഗൗതമി നായർ തുടങ്ങി പ്രമുഖരുൾപ്പെടെയുള്ളവർ അഖിലിന്റെ പ്രകടനത്തെ പ്രശംസിച്ച് കമന്റുകളിട്ടിട്ടുണ്ട്. ‘സംവൃതയുടെ ഭർത്താവ് കലാകാരനായിരുന്നോ’ എന്ന് നിരവധി പേർ ചോദിച്ചു.
‘അദ്ദേഹം പിയാനോ വായിക്കുന്നതിന്റെ വിഡിയോ പങ്കുവയ്ക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ ഇതുവരെ സാധിച്ചിട്ടില്ല. രണ്ടു കുഞ്ഞുങ്ങളെ നോക്കുന്നതിനിടയിൽ ഇത്തരമൊരു വിഡിയോ ചിത്രീകരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ഇപ്പോൾ അത് സാധിച്ചു’.– വിഡിയോ പങ്കുവച്ചുകൊണ്ട് സംവൃത കുറിച്ചു.
2012–ലാണ് അഖിലും സംവൃതയും വിവാഹിതരായത്. വിവാഹ ശേഷം അഭിനയരംഗത്തു നിന്നും മാറിയ താരം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവു നടത്തിയിരുന്നു. സിനിമാ രംഗത്ത് സജീവമല്ലെങ്കിലും വിശേഷങ്ങളെല്ലാം സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭർത്താവിനും കുട്ടികൾക്കുമൊപ്പം അമേരിക്കയിൽ കഴിയുകയാണ് താരം. ഈ വർഷം ഫെബ്രുവരിയിലാണ് രണ്ടാമതും അമ്മയായതിന്റെ സന്തോഷം സംവൃത ആരാധകരുമായി പങ്കുവച്ചത്.