‘ഈ കുട്ടി ഇവിടെങ്ങും നിൽക്കേണ്ട ആളല്ല സർ’; അന്നത്തെ നീർക്കോലി പെൺകുട്ടിയെ കുറിച്ച് ഗോപി സുന്ദർ
Mail This Article
ആദ്യകാല കണ്ടുമുട്ടലുകളും സംഗീതാനുഭവങ്ങളും പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക ജ്യോത്സ്നയും. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ സൂപ്പർ 4ന്റെ വേദിയിൽ വച്ചാണ് ഇരുവരും പഴയകാല ഓർമകൾ പങ്കുവച്ചത്. പരിപാടിയിലെ വിധികർത്താക്കളിൽ ഒരാളാണു ജ്യോത്സ്ന. വേദിയിൽ അതിഥിയായെത്തിയതായിരുന്നു ഗോപി സുന്ദർ. സംഗീതസംവിധായകൻ ഔസേപ്പച്ചന്റെ കീഴിലാണ് ഗോപി സുന്ദർ സംഗീത ജീവിതം ആരംഭിച്ചത്. വർഷങ്ങൾക്കു മുൻപ് ഔസേപ്പച്ചനൊപ്പം പ്രവർത്തിക്കുന്ന സമയത്താണ് ജ്യോത്സ്നയെ ആദ്യമായി കാണുന്നത്. ആ അനുഭവത്തെക്കുറിച്ച് ഗോപി സുന്ദർ പറയുന്നതിങ്ങനെ:
‘ഒരു കറുത്ത നിറത്തിലുള്ള ജീൻസും ടീ ഷർട്ടും ധരിച്ച് മെലിഞ്ഞ് ഉണങ്ങി നീർക്കോലി പോലെയിരിക്കുന്ന ഒരു പെൺകുട്ടിയായാണ് ഞാൻ ജ്യോത്സ്നയെ ആദ്യമായി കാണുന്നത്. അന്ന് ജ്യോത്സ്നയുടെ പാട്ട് കേട്ടിട്ട് ഞാൻ ഔസേപ്പച്ചൻ സാറിനോടു പറഞ്ഞു, സർ ഈ കുട്ടി ഇവിടെയെങ്ങും നിൽക്കേണ്ട ആളല്ല. അവൾ ഇവിടെ നിന്ന് ഉയരങ്ങളിലേയ്ക്കു പറക്കും എന്ന്. സാറും എന്റെ വാക്കുകൾ ശരിവച്ചു. അദ്ദേഹം പറഞ്ഞു. ശരിയാണ് നല്ല കുട്ടിയാണ് മികച്ച രീതിയിൽ പാടും എന്ന്. അന്നു മുതൽ ഞങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കുന്ന ഗായികയാണ് ജ്യോത്സ്ന’.
പഴയകാല അനുഭവങ്ങളെക്കുറിച്ച് ജ്യോത്സ്ന പങ്കുവച്ച കാര്യങ്ങളും അതിനു ഗോപി സുന്ദർ നൽകിയ മറുപടിയും വേദിയിൽ ചിരി പടർത്തി. ജ്യോത്സ്നയുടെ വാക്കുകൾ ഇങ്ങനെ: ‘അന്നൊക്കെ കോറസും സിനിമകളുടെ റീ റെക്കോർഡിങ് വോയ്സും ഒക്കെ പാടാനായി ഞങ്ങൾ പെൺകുട്ടികളുട ഒരു കൂട്ടം തന്നെയുണ്ടാകും ചേതനയിൽ. മുഴുവൻ സമയവും അവിടെ തന്നെയാണ് ക്ലാസിൽ കയറലൊന്നും പതിവില്ല. സ്റ്റുഡിയോയിൽ ഔസേപ്പച്ചൻ സാറിന്റെ പാട്ട് റെക്കോർഡിങ് നടക്കുന്നു എന്നറിയുമ്പോൾ ഞങ്ങൾ പെൺകുട്ടികൾക്ക് ഒരു പ്രത്യേക താത്പര്യമായിരുന്നു. കാരണം, സാറിന്റെ കൂടെ ഗോപി ചേട്ടൻ ഉണ്ടാകുമെന്ന് ഞങ്ങൾക്കൊക്കെ അറിയാമായിരുന്നു’, ജ്യോത്സ്ന പറഞ്ഞു നിർത്തിയതിനു പിന്നാലെ രസകരമായ മറുപടിയുമായി ഗോപി സുന്ദറും എത്തി. അക്കാര്യം താൻ അന്ന് അറിയാതിരുന്നത് നന്നായി എന്നായിരുന്നു ഗോപി സുന്ദർ തമാശ രൂപേണ പറഞ്ഞത്.