പ്രണയവും വിരഹവും പറഞ്ഞ് ‘ഗില’; മനസ്സിൽ പതിഞ്ഞ് വിഡിയോ ഗാനം

Mail This Article
നവാഗതനായ മനു കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ഗില’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘നിറയുന്നു’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. സംവിധായകൻ മനു കൃഷ്ണ സംഗീതം പകർന്ന ഗാനം ദിവ്യ എസ് മേനോന്‍ ആലപിച്ചിരിക്കുന്നു. ബിനി പ്രേംരാജ് പാട്ടിനു വരികൾ കുറിച്ചു. പ്രണയ–വിരഹ രംഗങ്ങളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. അശ്വിൻ കുമാർ ആണ് പാട്ടിന്റെ മിക്സിങ് നിർവഹിച്ചത്. ഫ്രാൻസിസ് സേവ്യറും സനുവും ചേർന്ന് വയലിനിലും ഗിത്താറിലും ഈണമൊരുക്കി.
ഇന്ദ്രൻസ്, കൈലാഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഗില’. അനഘ മരിയ വർഗീസ്, ശ്രിയ ശ്രീ, റിനാസ്, ബീന സുശാന്ത്, സുഭാഷ്, ഗഫൂർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. മനു കൃഷ്ണ തന്നെയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ശ്രീകാന്ത് ഈശ്വർ ക്യാമറ കൈകാര്യം ചെയ്യുന്നു. ഷമീർ മുഹമ്മദാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.