ആശംസകൾ നേരാം, പക്ഷേ ഏറ്റുവാങ്ങാൻ പിറന്നാളുകാരൻ ഇല്ലല്ലോ! നോവായി എസ്പിബി
Mail This Article
പിറന്നാൾ വാഴ്ത്തുകൾ നേരാൻ പാട്ടുകാരനില്ല.. എസ്പിബി യാത്രയായതിനുശേഷം വരുന്ന മൂന്നാം പിറന്നാളാണിത്. ഈ ദിനവും ആരാധകരുടെ മനസ്സിൽ നൊമ്പരമായി ബാക്കിയാകുന്നു. ഒരു പുതിയ പല്ലവി കൊണ്ടുപോലും തൊട്ടുണർത്താതെ, ഒരു പുതിയ പാട്ടീണം കൊണ്ടുപോലും കാതുകളെ ഉമ്മവയ്‌ക്കാതെ... സംഗീതലോകത്തെ എസ്പിബിയില്ലാക്കാലം 4 വർഷത്തോട് അടുക്കുന്നുവെന്ന് കലണ്ടർ താളുകൾ ഓർമിപ്പിക്കുമ്പോഴും നാം ഇന്നും അദ്ദേഹത്തിന്റെ ഈണങ്ങളെ ചേർത്തുപിടിച്ചുകൊണ്ടിരിക്കുന്നു...
ശ്രീപതി പണ്ടിതരാധ്യലു ബാലസുബ്രഹ്‌മണ്യം. പാട്ടുകൊണ്ടു ദേശങ്ങളെയും തലമുറകളെയും കീഴടക്കിയ സ്വരചക്രവർത്തി. ലോകഭൂപടത്തിൽ തെന്നിന്ത്യയ്ക്കു മധുരിക്കുന്നൊരു പാട്ടുവിലാസം പതിച്ചുനൽകിയ ഗായകൻ. കോടിക്കണക്കിന് ആരാധകരുടെയും അനുരാഗികളുടെയും പ്രിയപ്പെട്ട ബാലു 2020 സെപ്റ്റംബറിൽ ആണ് നമ്മെ വിട്ടുപിരിഞ്ഞത്. വെറും പാട്ടീണം കൊണ്ടു മാത്രമായിരുന്നില്ലല്ലോ എസ്‌പിബി നമ്മുടെ ഹൃദയത്തെ തൊട്ടത്! അതുകൊണ്ടു തന്നെയാണ് ആ നിശ്ശബ്‌ദത ഇത്ര ഉച്ചത്തിലുച്ചത്തിൽ നമ്മുടെ കാതിനെ നഷ്‌ടബോധത്തിലാഴ്‌ത്തുന്നത്. അനായാസമായ ആലാപനമാണ് എസ്‌പിബിയുടെ സ്വരമുദ്ര. ഏതു രാഗവും ഏതു ഭാവവും അദ്ദേഹത്തിന് എളുപ്പത്തിൽ വഴങ്ങുന്നു. അദ്ദേഹം പാട്ടു പാടുന്നതു കണ്ടിട്ടില്ലേ... നമ്മൾ പാട്ടു കേൾക്കുന്നതുപോലെ അത്രയും അനായാസമായാണ് ആ ആലാപനം! ആ വലിയ ശരീരംതന്നെ ചിലപ്പോൾ പാട്ടുപാടുന്നതുപോലെയോ സ്വയം പാട്ടാവുന്നതുപോലെയോ തോന്നും. അപൂർവമായിമാത്രം ഗായകർക്കു കൈവരുന്ന സൗഭാഗ്യമാണത്. ഒരർഥത്തിൽ, സ്‌റ്റേജിൽ നിന്നയിടത്തുനിന്നു മാറാതെയുള്ള, ശരീരത്തിന്റെ ലളിതനൃത്തം... സിനിമയ്‌ക്കുവേണ്ടി ബാലു അഭിനയിച്ചുപാടുമ്പോൾ ഈ നൃത്തം, അഥവാ ശരീരം കൊണ്ടുകൂടി പാടുന്ന ആ പാട്ട് നമുക്കു കൃത്യമായി മനസ്സിലാകുന്നു. 'കേളാടി കണ്മണി' എന്ന സിനിമയിലെ മണ്ണിൽ ഇന്ത കാതൽ... എന്ന ക്ലേശഗാനം ഏതോ കടലോരത്ത് ബാലു പ്രണയാർദ്രനായി നായികയ്‌ക്കു മുന്നിൽ പാടുന്നത് ഓർമയുണ്ടോ? അദ്ദേഹത്തിന്റെ ശരീരം മുഴുവൻ പാട്ടായി മാറുന്നതുപോലെ തോന്നാറുണ്ട്, അതു കേൾക്കുമ്പോൾ...
ഒരേ ബാലുവിൽ എത്ര ബാലുമാർ! ഗായകനെക്കൂടാതെ നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്‌റ്റ്... അങ്ങനെ എത്രയെത്ര വേഷപ്പകർച്ചകൾ! തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി അങ്ങനെ ഒട്ടേറെ ഭാഷകളിലേക്കു പടർന്നുകിടക്കുന്നു എസ്‌പിബിയുടെ സ്വരാക്ഷരമാല! നാൽപതു വർഷം കൊണ്ട് അദ്ദേഹം പാടിത്തീർത്തത് 40,000ൽ അധികം പാട്ടുകൾ. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ ലോകത്തുണ്ടായിട്ടില്ല! നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം (അതും മറ്റൊരു റെക്കോർഡ്!) ആറു തവണ തേടിയെത്തിയ പ്രതിഭ. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച സംഗീത ചക്രവർത്തി.
പാട്ടു പാടുന്നതിലെ അനായാസതയുടെ പേരുമാത്രമല്ല എസ്‌പിബി, പാട്ടു പഠിച്ചെടുത്തു പാടുന്നതിലെ അദ്ഭുതവേഗത്തിന്റെ പേരുകൂടിയാണ്. കന്നഡ സംഗീതസംവിധായകനായ ഉപേന്ദ്രകുമാറിനു വേണ്ടി 1981 ഫെബ്രുവരി എട്ടാം തീയതി ബെംഗളൂരുവിലെ ഒരു റെക്കോർഡിങ് തിയറ്ററിൽ രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെയുള്ള പന്ത്രണ്ടു മണിക്കൂർ നേരം കൊണ്ട് എസ്‌പിബി പാടിത്തീർത്തത് 21 പാട്ടുകളായിരുന്നു! ഇത്തരം സാഹസങ്ങൾ അദ്ദേഹം പിന്നീടും തുടർന്നു. ഒറ്റദിവസം കൊണ്ടു 19 തമിഴ് ഗാനങ്ങൾ, മറ്റൊരിക്കൽ 16 ഹിന്ദി ഗാനങ്ങൾ... അങ്ങനെ പാട്ടുകളുടെ എണ്ണത്തിൽ എസ്‌പിബി എല്ലാ മുൻകാല റെക്കോർഡുകളും കടത്തിവെട്ടിക്കൊണ്ടേയിരുന്നു. ഒരു ദിവസം ശരാശരി ആറു ഗാനങ്ങൾ... അങ്ങനെ, വർഷത്തിൽ രണ്ടായിരത്തിലധികം ഗാനങ്ങൾ! എത്ര മറന്നാലും ഓർമക്കാറ്റുകളിൽ പിന്നെയും പിന്നെയും പൂമണമായെത്തിക്കൊണ്ടേയിരിക്കുന്നു എസ്‌പിബിയുടെ പാട്ടീണങ്ങൾ.
ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്‌തതിന്റെ ഗിന്നസ് മുദ്രകൂടി സ്വന്തമാക്കിയിട്ടാണ് എസ്‌പിബി നിശബ്‌ദതയുടെ ഇടവേളയിലേക്ക് ഏതോ മൂളിപ്പാട്ടുപാടി കുസൃതിച്ചിരിയോടെ പിൻനടന്നത്. ഇളയനിലാ പൊഴികിറതേ... ഒറ്റ ഗിറ്റാറിന്റെ കൈപിടിച്ച് എസ്‌പിബി പ്രണയം പാടി തൊട്ട ആകാശം ഇന്നും ഒഴിഞ്ഞുകിടക്കുന്നു, ആ ഗന്ധർവന്റെ ഇനിയില്ലാവരവും കാത്ത്...