സിത്താര വിളിച്ചു, ‘ചേച്ചീ...’, കണ്ണ് നിറഞ്ഞ് സന്ധ്യ; ഇതിലും വലിയ സന്തോഷം കിട്ടാനില്ലെന്ന് മറുപടി
Mail This Article
അതിരമ്പുഴ ആനമല കോട്ടമുറി കുമ്മണ്ണാടത്ത് വീട്ടിൽ സന്ധ്യ സുരേഷ് (48) ഇന്ന് വലിയൊരു സ്വപ്നസാഫല്യത്തിന്റെ നിർവൃതിയിലാണ്. ഉപജീവനമാർഗത്തോടൊപ്പം സംഗീതത്തെയും കൂട്ടുപിടിക്കുന്ന സന്ധ്യയ്ക്ക് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഗായിക സിത്താര കൃഷ്ണകുമാറുമായി സംസാരിക്കണമെന്നും താൻ എഴുതിയ കവിത സിത്താര ആലപിക്കണമെന്നുമായിരുന്നു.
‘സംഗീതത്തേരിലേറി കക്കയിറച്ചി വിൽപന’ എന്ന തലക്കെട്ടോടെ ഏതാനും ദിവസങ്ങൾക്കു മുൻപ് മലയാള മനോരമ പത്രത്തിൽ വന്ന വാർത്ത കണ്ട് സിത്താര, തന്റെ പ്രിയ ആരാധികയായ സന്ധ്യയെ ഫോണിൽ വിളിച്ചു സംസാരിച്ചു. ഫോണിന്റെ മറുതലയ്ക്കൽ തന്റെ ഇഷ്ടഗായികയാണെന്നറിഞ്ഞപ്പോൾ സന്തോഷത്താൽ സന്ധ്യ അറിയാതെ കരഞ്ഞു. വാക്കുകൾ തൊണ്ടയിൽ കുടുങ്ങിക്കിടക്കും പോലെ. ഒരുവിധത്തിൽ നന്ദിയും സ്നേഹവും പറഞ്ഞൊപ്പിച്ചു. സന്ധ്യ എഴുതിയ വരികൾ പാടുമെന്നും തീർച്ചയായും നേരിൽ കാണാമെന്നും ഉറപ്പ് നൽകിയാണ് സിത്താര സംഭാഷണം അവസാനിപ്പിച്ചത്. ഇതിൽ കൂടുതൽ സന്തോഷമൊന്നും തനിക്കു ജീവിതത്തിൽ കിട്ടാനില്ലെന്ന് സന്ധ്യ പ്രതികരിച്ചു.
3 വർഷമായി അതിരമ്പുഴ മുണ്ടുവേലിപ്പടി സെന്റ് റീത്താസ് പള്ളിക്കു മുൻവശം റോഡരികിൽ കക്കയിറച്ചി വിൽക്കുകയാണു സന്ധ്യ സുരേഷ്. മധുരമുള്ള പാട്ടുകൾക്കൊപ്പമാണു സന്ധ്യയുടെ കച്ചവടം. സാധനം വാങ്ങാനെത്തുന്നവർ ആവശ്യപ്പെട്ടാൽ അവർക്കിഷ്ടമുള്ള പാട്ട് 4 വരി മൂളാൻ സന്ധ്യ തയാറാണ്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും സന്ധ്യയ്ക്കു ചെറുപ്പം മുതൽ സംഗീതം ഇഷ്ടമായിരുന്നു. ഇരുപതോളം പാട്ടുകൾ എഴുതിയിട്ടുണ്ട്. സിത്താരയെ നേരിൽ കാണാമെന്ന പ്രതീക്ഷയിൽ സന്ധ്യ പാട്ടും വഴിയോര കച്ചവടവുമായി വീണ്ടും മുന്നോട്ട്.