‘ഇസബെല്ലാ’ പാടി മോഹൻലാൽ; ഹൃദയം നിറച്ച് ബറോസിലെ ആദ്യ ഗാനം
Mail This Article
മോഹൻലാലിന്റെ ആദ്യ സംവിധാനസംരംഭമായ ബറോസിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടു. മലയാളത്തിൽ മോഹൻലാൽ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതവിസ്മയമായി അറിയപ്പെടുന്ന ലിഡിയൻ നാദസ്വരമാണ് ഗാനം ചിട്ടപ്പെടുത്തിയത്. വിനായക് ശശികുമാറിന്റേതാണ് വരികൾ.
ലോകത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരെ അണിനിരത്തിയാണ് ലിഡിയൻ ബറോസിനു വേണ്ടി ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ‘ഇസബെല്ലാ’ എന്നു തുടങ്ങുന്ന ഗാനത്തിനായി മാസിഡോണിയയിലെ ഫെയിംസ് ഓർക്കസ്ട്രയാണ് അണിചേർന്നത്. പെർകഷനിസ്റ്റ് എ.ശിവമണി, വയലിനിസ്റ്റ് അനന്ത് കൃഷ്ണൻ, ബാംസുരിയും ഫ്ലൂട്ടുമായി അമൃതവർഷിണിയും ആകാശും തുടങ്ങി ഓരോ മേഖലയിലും പ്രാഗൽഭ്യം തെളിയിച്ചവർ ഒത്തുചേർന്നപ്പോൾ ആസ്വാദകർക്ക് പുതിയ അനുഭവമായി. ഹിന്ദിയിൽ ബോളിവുഡ് ഗായകൻ ഷാൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് ആസ്വാദകരിൽ നിന്നു ലഭിക്കുന്നത്. മോഹൻലാൽ ഇതുവരെ പാടിയ ഗാനങ്ങളിൽ ഏറ്റവും മികച്ചത് എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഗാനത്തിന്റെ പ്രൊഡക്ഷൻ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രണ്ടു മില്യൻ ആളുകളാണ് വിഡിയോ യുട്യൂബിൽ മാത്രം കണ്ടത്. ലിഡിയന്റെ ചെന്നൈയിലെ വീട്ടിൽ ഒരുക്കിയ കൊച്ചു സ്റ്റുഡിയോയിൽ നിന്ന് പാട്ടുപാടുന്ന മോഹൻലാലിനെ വിഡിയോയിൽ കാണാം. പാട്ടിനൊടുവിൽ ലിഡിയനെ സ്നേഹപൂർവം ആശ്ളേഷിക്കുന്ന മോഹൻലാൽ ആരാധകർക്ക് ഹൃദയസ്പർശിയായ കാഴ്ചയായി.
പത്തൊൻപതുകാരനായ ലിഡിയൻ നാദസ്വരം ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന സിനിമയാണ് ബറോസ്. ഇളയരാജയുടെ ഹിറ്റ് ഗാനങ്ങളിലൊന്ന് ലിഡിയൻ റിക്രിയേറ്റ് ചെയ്തതു കണ്ടാണ് മോഹൻലാൽ തന്റെ സിനിമയിലേക്ക് ഈ കൊച്ചുസംഗീതജ്ഞനെ ക്ഷണിച്ചത്. കുട്ടികൾക്കു വേണ്ടിയുള്ള ഫാന്റസി സിനിമയ്ക്കു അനുയോജ്യമായ സംഗീതമൊരുക്കാൻ ലിഡിയനു കഴിയുമെന്ന മോഹൻലാലിന്റെ വിശ്വാസമാണ് ലിഡിയനെ ഈ ചെറുപ്രായത്തിൽ സിനിമയിലേക്കെത്തിച്ചത്. ഈ പ്രൊജക്ടിലേക്ക് ക്ഷണിക്കുമ്പോൾ വെറും 15 വയസ്സായിരുന്നു ലിഡിയന്റെ പ്രായം. ആരാധകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഡിസംബർ 25ന് തിയറ്ററുകളിലെത്തും.