മഞ്ഞിൽ വിരിഞ്ഞ പാട്ടുകളുടെ കൂട്ടുകാരന് ഇന്ന് പിറന്നാൾ!

Mail This Article
മഞ്ഞണിക്കൊമ്പത്തെ കിളിയുടെ പാട്ടിന്, ഒരുങ്ങി നിന്ന മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ആയിരം കണ്ണുമായി കൊച്ചുമകളെ കാത്തിരുന്ന മുത്തശ്ശിയമ്മയ്ക്ക് പാട്ടുകളൊരുങ്ങിയ ആ വസന്ത കാലത്തെ സംഗീത സംവിധായകനാണ് ജെറി അമൽദേവ്. ലളിതവും സുന്ദരവുമായ സംഗീതമെന്ന് ഒറ്റവാക്യത്തിൽ പറയാം ജെറി മാസ്റ്ററിട്ട ആ ഈണങ്ങളെ. അവയെ മനസ്സിനുള്ളിൽ മൂളിക്കൊണ്ട് ആശംസകൾ നേരാം അദ്ദേഹത്തിന്, ജെറി മാസ്റ്ററുടെ 86ാം പിറന്നാളാണ് ഇന്ന്.
1939ന് ഏപ്രിൽ 15നാണ് ജെറി അമൽദേവ് ജനിച്ചത്. സംഗീതലോകത്തോട് ബാല്യത്തില്‍ തന്നെ അടുപ്പം തുടങ്ങി. ഇതിഹാസ സംഗീതജ്ഞൻ നൗഷാദിനു കീഴിൽ ദീർഘകാലം സംഗീത പഠനം. പിന്നീട് അമേരിക്കയിലേക്ക് തുടർ പഠനത്തിനായി യാത്ര തിരിച്ചു. അവിടെ തന്നെ അധ്യാപകനുമായി. അതിനിടയിലാണ് ഫാസിലിന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്കെത്തുന്നത്. ആദ്യ ചിത്രത്തിനു തന്നെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം നേടി. എത്ര കേട്ടാലും മതിവരാത്ത, കാലമെത്ര കടന്നാലും മറന്നു പോകാത്ത എത്രയോ ഗീതങ്ങൾ പിന്നീട് ആ സംഗീതസംവിധായകനിലൂടെ നമ്മിലേക്കെത്തിയിരിക്കുന്നു.
നിരവധി പാട്ടുകൾക്കു സംഗീതം പകർന്ന ജെറി അമൽദേവിന് 1990ൽ ‘അപരാഹ്നം’ എന്ന ചിത്രത്തിലെ പാട്ടുകൾക്കും 1995ൽ ‘കഴകം’ എന്ന സിനിമയിൽ പശ്ചാത്തല സംഗീതമൊരുക്കിയതിനും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.