ADVERTISEMENT

പ്രളയവും മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കുന്ന  അതിതീവ്രമഴയും പതിവാകുമ്പോഴും  കേരളത്തിൽ കാലവർഷത്തിന്റെ തോത് കുറയുന്നുവെന്ന് കണക്കുകൾ... 

ഉരുൾപൊട്ടലും പ്രളയവുമൊക്കെ ദുരന്തംവിതച്ച് പിന്നാലെ എത്തിയെങ്കിലും, കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ മൺസൂണിന്റെ തുടക്കത്തിൽ കേരളം മഴക്കുറവിന്റെ നിഴലിലായിരുന്നു. ഈ വർഷവും സ്ഥിതി വ്യത്യസ്തമല്ല. ജൂൺ 1 മുതൽ ജൂലൈ 22 വരെ പെയ്ത മഴയുടെ അളവു പരിശോധിച്ചാൽ മനസ്സിലാക്കാം – 25 ശതമാനത്തോളം മഴ കുറവാണ്. നെല്ലുൽപാദനത്തെ ഇതു സാരമായി ബാധിക്കാനിടയുണ്ട്. ഭാവിയിലും മൺസൂൺ മഴയുടെ തോതു കുറയാൻ സാധ്യതയുണ്ടെന്നാണു പഠനങ്ങൾ പറയുന്നത്.

അളവും താളവും തെറ്റി

ഒരുവർഷം കേരളത്തിൽ ശരാശരി 2817 മില്ലിമീറ്റർ വരെ മഴ ലഭിക്കാറുണ്ട്. ഇപ്പോഴത്തെ പ്രവണത പരിശോധിക്കുമ്പോൾ മഴ സാരമായി കുറഞ്ഞുവരികയാണെന്നു കാണാം. കേരളത്തിലെ കഴിഞ്ഞ 100 വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ അളവുകൾ മാത്രം പരിശോധിച്ചാൽ ഏതാണ്ട് 256.1 മില്ലിമീറ്ററോളം മഴ കുറഞ്ഞിരിക്കുന്നതായി കാണാം.

കഴിഞ്ഞ 135 വർഷത്തെ മഴയുടെ തോത് ഉപയോഗിച്ച് ഡോ. കെ.എൻ.കൃഷ്ണകുമാറും സംഘവും (കേരള കാർഷിക സർവകലാശാല) നടത്തിയ പഠനത്തിൽ കണ്ടെത്തിയത്, കേരളത്തിൽ മൺസൂൺ സമയത്തു പെയ്യുന്ന മഴയിൽ വർഷംതോറും 1.7 മില്ലിമീറ്റർ വീതം കുറവു വരുന്നുണ്ടെന്നാണ്. ഈ നൂറ്റാണ്ടിന്റെ അവസാനകാലത്തും മഴലഭ്യത കുറയുമെന്നാണു പഠനം.

മഴക്കരുത്തു ചോർന്ന് പശ്ചിമഘട്ടം

പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറൻ തീരപ്രദേശത്ത്, പ്രത്യേകിച്ച് കേരളത്തിൽ മൺസൂൺ മഴ കുറയുന്നതിന്റെ ഒരു കാരണം ആഗോളതാപനം മൂലം അന്തരീക്ഷത്തിന്റെ മുകൾഭാഗത്തു താഴ്ഭാഗത്തെക്കാൾ ചൂടു കൂടുന്ന പ്രതിഭാസമാണ്. ഉയരത്തിലേക്കു പോകുമ്പോൾ ചൂടു കുറയുക എന്ന പൊതുവിലുള്ള അന്തരീക്ഷ സ്വഭാവത്തെ ഇതു മാറ്റിമറിക്കും.

ഇതു മൺസൂൺ സമയത്തെ പ്രാദേശിക വായുപ്രവാഹത്തെ കുറയ്ക്കുന്നതിനാൽ പശ്ചിമഘട്ടത്തിലേക്കുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിന്റെ ശക്തി ക്രമേണ ദുർബലമാകും. ജലകണികകളുടെ ഈ ഭാഗത്തേക്കുള്ള സഞ്ചാരവും മലനിരകളിലൂടെ മുകളിലേക്കുള്ള കാറ്റിന്റെ സഞ്ചാരത്തിന്റെ ശക്തിയും കുറയുകയും ഇതു മഴയുടെ അളവു കുറയാൻ കാരണമാകുകയും ചെയ്യും.

jayasankar
ഡോ. സി.ബി.ജയശങ്കർ

പിന്നിൽ എൽനിനോയും

ആഗോളതാപനത്തിന്റെ ഫലമായി ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില വർധിക്കുന്നതാണ് ഇന്ത്യയിൽ മഴ കുറയാൻ മറ്റൊരു കാരണം. ചില വർഷങ്ങളിൽ ശാന്തസമുദ്രത്തിൽ ഉണ്ടാകുന്ന എൽനിനോ പ്രതിഭാസവും മഴ കുറയാൻ കാരണമാകുന്നുണ്ട്. കഴിഞ്ഞ 50 വർഷത്തിനിടെ, എൽനിനോ പ്രതിഭാസം വർധിച്ചത് മൺസൂൺ മഴയുടെ ലഭ്യത വല്ലാതെ കുറച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടിൽ ശക്തമായ എൽനിനോകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നു പഠനങ്ങൾ പറയുന്നു.

പേമാരി കൊണ്ട് പ്രയോജനമില്ല

കഴിഞ്ഞ വർഷങ്ങളിൽ നാം കണ്ടത്, ആദ്യ മൺസൂൺ മാസങ്ങളിൽ കുറഞ്ഞ മഴ ലഭിക്കുകയും പെട്ടെന്ന് മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കുന്ന ശക്തമായ മഴ പെയ്യുകയും ചെയ്യുന്ന അവസ്ഥയാണ്. ഈ അവസ്ഥ വെള്ളപ്പൊക്കത്തിനു കാരണമാകുകയും ഒരുപാടു നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഭൂഗർഭ ജലനിരപ്പിന് ഇതുകൊണ്ടു ഗുണവുമില്ല. കാരണം, ചെറിയ സമയത്തിനുള്ളിൽ ശക്തമായ മഴ പെയ്യുമ്പോൾ വെള്ളം ഭൂമിയിലേക്ക് ആഗിരണം ചെയ്യപ്പെടാതെ മുഴുവൻ ഒഴുകിപ്പോകുകയാണ്.

ജലസംരക്ഷണത്തിന് ഊന്നൽ നൽകണം

ഭൂഗർഭ ജലത്തിന്റെ അമിത ഉപയോഗത്താലും മഴവെള്ളം ഒഴുകിപ്പോകുന്നതിനാലും മണ്ണിനടിയിൽ ജലത്തിന്റെ അളവു ക്രമാതീതമായി കുറഞ്ഞുവരുന്നു. വരൾച്ചയെ നേരിടണമെങ്കിൽ മഴവെള്ളം സംഭരണികളിലോ മഴക്കുഴികളിലോ തടഞ്ഞുനിർത്തി മണ്ണിലേക്ക് ഇറക്കിവിടണം. ജല ദുരുപയോഗം തടയണം. ഭൂഗർഭജലം കുഴൽക്കിണറുകൾ വഴി ഊറ്റി അമിതമായി ഉപയോഗിക്കുന്നതും നിയന്ത്രിക്കണം. ഇക്കാര്യങ്ങളിൽ ഓരോ വ്യക്തിയെയും ബോധവാന്മാരാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

(ബെംഗളൂരു സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്നോളജി ആൻഡ് പോളിസിയിലെ (സിഎസ്ടിഇപി) സീനിയർ റിസർച് എൻജിനീയറാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com