ADVERTISEMENT

മാലിന്യം വലിച്ചെറിഞ്ഞും അഴുക്കുചാലുകൾ തുറന്നുവച്ചും പുഴയെ മലിനമാക്കുമ്പോൾ നാം ഓർക്കാറുണ്ടോ, ഇത് അനേകരിലേക്ക് തിരികെയെത്തേണ്ടതാണെന്ന് ? കയ്യേറ്റങ്ങളിലൂടെ ശ്വാസംമുട്ടിച്ച് കൊല്ലുമ്പോൾ, വെള്ളത്തിനായി അലയേണ്ടിവരുന്ന നാളത്തെ തലമുറയെക്കുറിച്ച് ചിന്തിക്കാറുണ്ടോ ? ജലവിതരണത്തിനു ജല അതോറിറ്റി ആശ്രയിക്കുന്ന നീരുറവകളെക്കുറിച്ച് നടത്തിയ അന്വേഷണം...

പ്രളയകാലത്ത് നിറഞ്ഞും വേനലിൽ വറ്റിവരണ്ടും

മീനച്ചിലാർ

കോട്ടയം ജില്ലയിലെ പ്രധാന ശുദ്ധജല സ്രോതസ്സായ മീനച്ചിലാറ്റിൽ അടിഞ്ഞു കൂടിയ ചെളിയും കല്ലുകളും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു. ബജറ്റിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളപ്പൊക്കം തടയാനുള്ള പദ്ധതിക്കായി അനുവദിച്ച 33 കോടി രൂപ കൂടി ഉപയോഗപ്പെടുത്തും. ചെളി മാറ്റുന്നതിനും വെള്ളത്തിന്റെ ഒഴുക്കിനു തടസ്സമായ തുരുത്തുകൾ അടക്കം മാറ്റി ആഴം കൂട്ടുന്നതിനുമുള്ള നടപടികൾ വിവിധ പഞ്ചായത്ത് പരിധികളിൽ ആരംഭിച്ചു. ഒക്ടോബറിൽ നിറഞ്ഞൊഴുകിയ നദി ജനുവരി ആദ്യത്തോടെ വറ്റാൻ തുടങ്ങി. ഇപ്പോൾ പല സ്ഥലങ്ങളിലും ഇടമുറി‍ഞ്ഞിട്ടുണ്ട്. 

A-4
ഭരണങ്ങാനം അമ്പാറയ്ക്ക് സമീപത്തു നിന്നുള്ള മീനച്ചിലാറിന്റെ ദൃശ്യം.

മീനച്ചിലാർ പതിക്കുന്ന പഴുക്കാനില കായൽ പ്രളയരഹിത കോട്ടയത്തിന്റെ ഭാഗമായി ശുചീകരിക്കാനും കായലിലെ മൺതിട്ടകൾ കോരി മാറ്റാനും 107.88 കോടി രൂപയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കുന്നുണ്ട്. സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ ഇതുൾപ്പെടുത്തി. 

പ്രഖ്യാപനങ്ങൾ പലത്, പക്ഷേ...

പമ്പാനദി 

ശുചീകരണത്തിനു കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ 300 കോടി രൂപയുടെ പദ്ധതി തയാറാക്കിയെങ്കിലും ശബരിമല ഭാഗത്ത് മൂന്നു തടയണ, ത്രിവേണിയിൽ കുളിക്കടവ് എന്നിവയുടെ നിർമാണത്തിൽ ഒതുങ്ങി. പമ്പയുടെ കൈവഴിയായ അരീത്തോട് വൻതോതിൽ കയ്യേറിയതിനാൽ പലയിടത്തും ഒഴുക്കു നിലച്ചിരിക്കുന്നു. ഇതാണു പടിഞ്ഞാറൻമേഖലയിൽ വെള്ളപ്പൊക്കത്തിനു വഴിവയ്ക്കുന്നതെന്നു പരാതിയുമുണ്ട്. ആദിപമ്പയുടെ ഭാഗമായ ഇടനാട്ടിൽ ഒഴുക്കു പുനഃസ്ഥാപിച്ചു നീരൊഴുക്കു സുഗമമാക്കാൻ മണലെടുക്കുന്നതിന്റെ മറവിൽ വൻതോതിൽ മണൽകടത്തു നടക്കുന്നതായും ആരോപണമുണ്ട്.  പമ്പയെയും മണിമലയാറിനെയും ബന്ധിപ്പിക്കുന്ന കോലറയാറും ഒഴുക്കുനിലച്ച സ്ഥിതിയിൽ. മാലിന്യം തള്ളലാണു പ്രധാന പ്രശ്നം.  

A-8
പെരുന്തേനരുവിക്കു താഴെ ഉന്നത്താനി ഭാഗത്തുനിന്നുള്ള പമ്പയുടെ ദൃശ്യം.

പത്തനംതിട്ട ജില്ലാ പരിസ്ഥിതി പദ്ധതി അനുസരിച്ച് പമ്പാനദി സംരക്ഷണത്തിന് 1.92 കോടിയുടെ  ആറു പദ്ധതികളും മണിമലയാർ സംരക്ഷണത്തിന് 1.08 കോടിയുടെ മൂന്നു പദ്ധതികളും ഇറിഗേഷൻ വിഭാഗം സമർപ്പിച്ചിട്ടുണ്ട്. 

പമ്പ, മണിമല, അച്ചൻകോവിൽ, മീനച്ചിൽ തുടങ്ങിയ പ്രധാന നദികൾ വന്നുചേരുന്ന വേമ്പനാട്ടു കായലിന്റെയും നദികളുടെയും സംരക്ഷണത്തിനായി ഒന്നാം പിണറായി സർക്കാർ നദിക്കൊര‍ിടം പദ്ധതി പ്രഖ്യാപിച്ചിരുന്നു. കുട്ടനാട്ടിലെ ജലവ്യവസ്ഥയെ മൂന്നായി തിരിച്ചു പദ്ധതി നടപ്പാക്കാനായിരുന്നു നീക്കം. ഒന്നും രണ്ടും ഘട്ടങ്ങൾ ‘നദിക്കൊരിടം’ പദ്ധതി. ഇതിൽ ആദ്യഘട്ടം ‘പമ്പയ്ക്കൊരിടം’ എന്ന പേരിൽ ആരംഭിക്കുമെന്നും ആദ്യപടിയായി 60 കോടി രൂപ വകയിരുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 2019ൽ. ജനപങ്കാളിത്തത്തോടെ ശുച‍ീകരിക്കാനും പ്രളയകാലത്ത് കരകവിയുന്നത് ഒഴിവാക്കാനുമായിരുന്നു ലക്ഷ്യം. 

A-1
പമ്പാനദിയുടെ കൈവഴിയിൽ മാലിന്യങ്ങൾ അടിഞ്ഞ നിലയിൽ. എടത്വ പാലത്തിനു സമീപത്തുനിന്നുള്ള കാഴ്ച.

അതോടൊപ്പം പ്രഖ്യാപിച്ചതാണ് വേമ്പനാട് കായലിന്റെ വിസ്തൃതി സംരക്ഷിക്കാൻ ‘വേമ്പനാടിനൊരിടം’ എന്ന പദ്ധതിയും. പ്രഖ്യാപനങ്ങളല്ലാതെ പ്രവൃത്തിയുണ്ടായില്ല.  

വേമ്പനാട്ടു കായൽ സംരക്ഷണത്തിനു ‘വേമ്പനാട് സഭ’ എന്ന പേരിൽ പദ്ധതി 2017 നവംബറിൽ മലയാള മനോരമ ആലപ്പുഴയിൽ സംഘടിപ്പിച്ച ആശയരൂപീകരണ സദസ്സിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ബജറ്റിൽ തുക വകയിരുത്തിയെങ്കിലും പിന്നീടൊന്നും നടന്നില്ല. 

മലിനീകരണത്തിൽ ഒന്നാമൻ

കരമനയാർ 

മലിനീകരണം രൂക്ഷമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ കണ്ടെത്തിയ സംസ്ഥാനത്തെ 21 നദികളിൽ ഒന്നാം സ്ഥാനം. കരമന‍യാറ്റിലെ ജലത്തിൽ അംമ്ലാംശത്തിന്റെ തോത് വളരെ കൂടുതലാണെന്നു ഫിഷറീസ് വകുപ്പ് കഴിഞ്ഞവർഷം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.  

A-5

തലസ്ഥാന നഗരത്തിന്റെ ജീവനാ‍ഡിയായിരുന്നു ഒരുകാലത്ത് കരമന‍യാർ. ചെമ്മുഞ്ഞി‍മലയിൽ ഉദ്ഭവിച്ച് കാവി‍യാർ, അട്ട‍യാർ, വാ‍യപ്പാടിയാർ, തോ‍ടയാർ എന്നീ അരുവി‍കളിലായി ഒഴുകിയിറങ്ങി ഒന്നുചേരുന്നു. മലീമസമായ കരമനയാറിനെ പുന‍രുജ്ജീവിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കരമന നദിയോര സംരക്ഷണം പദ്ധതി നടപ്പാക്കുമെന്നു അറിയിച്ചിരുന്നെങ്കിലും നടന്നില്ല. 

പൈപ്പ് വഴി ഒഴുകി 8.5 കോടി

ശാസ്താംകോട്ട കായൽ 

A-9

കായലിലെ ജലം മികച്ചതെന്നു കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ കേന്ദ്രത്തിന്റെ (സിഫ്ട്) പഠനത്തിൽ കണ്ടെത്തിയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർ‍ഡിന്റെ മാനദണ്ഡമനുസരിച്ചും ജലത്തിന്റെ നിലവാരം തൃപ്തികരമാണ്. മൈക്രോ ബയോളജിക്കൽ നിലവാരം ക്ലാസ് എയിൽ ആണ്. കോളിഫോം സാന്നിധ്യം നിയന്ത്രിതപരിധിയിലും. 2018ൽ കായൽ ശുചീകരണത്തിനു കേന്ദ്ര സർക്കാർ 2 കോടി രൂപ അനുവദിച്ചെങ്കിലും പദ്ധതി നടപ്പായില്ല. 2013ൽ ബദൽ ശുദ്ധജല പദ്ധതിക്കായി അനുവദിച്ച 14 കോടിയിൽ പൈപ്പിടാനും മറ്റുമായി 8.5 കോടി ചെലവഴിച്ചെങ്കിലും പിന്നീട് പ്രവർത്തനം നിലച്ചു. അഴിമതി ആരോപണത്തെത്തുടർന്ന് അന്വേഷണം നടന്നെങ്കിലും നടപടി ഉണ്ടായില്ല. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ കായൽ ശുചീകരണത്തിന് ഒരു കോടി അനുവദിച്ചിട്ടുണ്ട്. 

പതിറ്റാണ്ടുകളായി പഴയപടി

ചാലക്കു‌ടിപ്പുഴ 

A-3
തൃശൂർ കൊന്നക്കുഴി വിരിപ്പാറ ഭാഗത്ത് ചാലക്കുടിപ്പുഴ നീരൊഴുക്കു കുറഞ്ഞ നിലയില്‍.

വേനലിൽ കടുത്ത ജലക്ഷാമം നേരിടുന്ന ചാലക്കുടിപ്പുഴയിൽ നീരൊഴുക്കു വർധിപ്പിക്കാനും പുഴയുടെ സംരക്ഷണത്തിനുമായി മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനത്തിന്റെ തുടർപ്രവർത്തനങ്ങൾ മെല്ലെപ്പോക്കിലാണ്. നേരത്തേ പുഴപഠനത്തിനായി ആക്‌ഷൻ പ്ലാൻ ചർച്ച ചെയ്യുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്തെങ്കിലും പതിറ്റാണ്ടുകളായി ഒന്നും നടക്കുന്നില്ല. തുടർച്ചയായി 3 വർഷം ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകി പല ഭാഗത്തും വലിയ മരങ്ങൾ തടഞ്ഞുനിന്ന് സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. ഇരുകരകളിലും കരയിടിച്ചിലും വ്യാപകം.  ഏക്കർ കണക്കിനു സ്ഥലവും അതിലുണ്ടായിരുന്ന നിർമിതികളും പുഴയിലേക്ക് ഇടിഞ്ഞു വീണിട്ടുണ്ട്. 

ഹരിത ട്രൈബ്യൂണൽ പലതവണ ഇടപെട്ടിട്ടും...

പെരിയാർ 

പെരിയാറിന്റെ മലിനീകരണം തടയാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ പല തവണ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും സ്ഥിതിക്കു മാറ്റമില്ല. പെരിയാറിലെ വെള്ളം പ്രധാനമായും ആലുവ പമ്പ് ഹൗസിൽ ശുദ്ധീകരിച്ചാണു വിതരണത്തിനെത്തിക്കുന്നത്. മഴക്കാലമായാൽ വെള്ളം കലങ്ങിമറിയും. അറവുശാലാ മാലിന്യങ്ങൾ വലിയ തോതിൽ പെരിയാറിലേക്കു തള്ളിവിടുന്നുണ്ട്.

A-2
കൊച്ചി ഏലൂർ പാതാളം റഗുലേറ്റർ ബ്രിജിന്റെ ലോക്ക്‌ഷട്ടറിനു മുന്നിൽ പെരിയാറിൽ മാലിന്യം കെട്ടിക്കിടക്കുന്നു.

ശുചിമുറി മാലിന്യം ഒഴുക്കുന്നതു കാരണം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കൂടുതലാണ്. ഏലൂർ– എടയാർ വ്യവസായ മേഖലയിലെ യൂണിറ്റുകളിൽനിന്നു രാസമാലിന്യമുൾപ്പെടെയുള്ളവ പെരിയാറിലേക്കു നേരിട്ടു തുറന്നുവിടുന്നു. ഇവിടെ പുഴ പലപ്പോഴും കടുംനിറമാകും.

പുഴയിൽ അനുവദനീയമായതിൽ കൂടുതൽ രാസമാലിന്യത്തിന്റെ സാന്നിധ്യമുണ്ടെന്നു സമിതി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണപ്പിള്ള റിപ്പോർട്ട് നൽകിയിരുന്നു.

പെരിയാർ റിവർ അതോറിറ്റി രൂപീകരിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. പെരിയാർ നദീ പുനരുദ്ധാരണ കർമ പദ്ധതിയുടെ അന്തിമ കരടും തയാറായിട്ടില്ല.

പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും കൈവഴികളിലെയും എക്കലും മണലും നീക്കം ചെയ്ത് ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കാനായി ‘ഓപ്പറേഷൻ വാഹിനി’ എന്ന പദ്ധതിക്കു ജില്ലാ ഭരണകൂടം ഫെബ്രുവരിയിൽ തുടക്കമിട്ടിട്ടുണ്ട്. 

നേര്യമംഗലം മുതൽ വടുതല വരെ പെരിയാറിലെ എക്കലും പ്ലാസ്റ്റിക് മാലിന്യവും പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്യും. 

244 കിലോമീറ്റർ ദൈർഘ്യമുള്ള പെരിയാർ ഇടുക്കി ജില്ലയിൽ വേനൽ ആരംഭത്തിൽതന്നെ വറ്റിവരണ്ടു തുടങ്ങി. നീരൊഴുക്ക് ഇപ്പോഴും സജീവമായ ഇടങ്ങൾ അപൂർവം. ഒഴുക്കു നിലച്ചതോടെ മാലിന്യവും കുമിഞ്ഞുകൂടി. പലയിടങ്ങളിലും കൈത്തോടുപോലെ ശോഷിച്ച നദിയിലൂടെ ഒഴുകുന്നതു മലിനജലമാണ്. ചെറുതോണി അണക്കെട്ടിനു താഴെ പെരിയാർ ഇപ്പോൾ പാറക്കൂട്ടം മാത്രമാണ്. കുഴികളിൽ മലിനജലം കെട്ടിനിൽക്കുന്നുണ്ട്.  

അഴുക്കിലാണ് ഇപ്പോഴും

വളപട്ടണം പുഴ

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘അഴുക്കിൽനിന്ന് അഴകിലേക്ക്’ എന്ന പദ്ധതിക്ക് 2017 ഡിസംബറിൽ തുടക്കമിട്ടിരുന്നെങ്കിലും പൂർണമായും വിജയകരമായിട്ടില്ല. ആദ്യഘട്ടത്തിൽ നടത്തിയ ജനകീയ ശുചീകരണം വൻ വിജയമായിരുന്നു. പിന്നീടു തുടർച്ചയുണ്ടായില്ല. പുഴയോരത്ത് കൈത, മുള, ചണക്കൂവ തുടങ്ങിയവ നട്ടുപിടിപ്പിക്കുമെന്നും തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് കയർഭൂവസ്ത്രം ഉപയോഗിച്ച് തീരം സംരക്ഷിക്കുമെന്നുമെല്ലാം പ്രഖ്യാപിച്ചിരുന്നു. 

അഞ്ചരക്കണ്ടി പുഴ

‘അഴുക്കിൽനിന്ന് അഴകിലേക്ക്’ എന്ന പദ്ധതി ഇത്തവണ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. അഞ്ചരക്കണ്ടി പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സഹായത്തോടെ ജില്ലാ പഞ്ചായത്ത് സമഗ്ര പഠന റിപ്പോർട്ട് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിഡബ്ല്യുആർഡിഎം തയാറാക്കുന്ന ഡിപിആർ പ്രകാരമായിരിക്കും പദ്ധതി നടപ്പാക്കുക. നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 5.75 കോടി ചെലവഴിച്ചാണ് പ്രവർത്തനം നടത്തുക.

ചെറുതോടുകൾ നികത്തി ചാലിയാറിനെ കൊല്ലുന്നു

ചാലിയാർ 

മലപ്പുറത്ത്,  ചാലിയാർ സംരക്ഷണത്തിനും ജലസംഭരണത്തിനുമായുള്ള പദ്ധതിക്ക് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തുടക്കത്തിൽ ബേപ്പൂർ റിവർ പ്രോജക്ട് എന്നായിരുന്നു പേര്. അരീക്കോട്ട് അണക്കെട്ടു നിർമിക്കാനുള്ള ആദ്യതീരുമാനം ജനവാസ മേഖല മുങ്ങിപ്പോകുമെന്നുകണ്ട്  എടവണ്ണയ്ക്കു മാറ്റി. അതും പ്രായോഗികമല്ലെന്നു കണ്ടു. അതിനിടെ ചാലിയാർ റിവർ പ്രോജക്ട് എന്നു പേരുമാറ്റി. പോത്തുകല്ലിൽ അണക്കെട്ട് നിർമിക്കാൻ പദ്ധതി തയാറാക്കി. വലിയ വിഭാഗത്തിനു ദോഷകരമെന്നു കണ്ട് പദ്ധതി ഉപേക്ഷിച്ചു. നദിയിൽ ഉൾക്കൊള്ളാവുന്ന വിധം ജലം സംഭരിക്കാൻ കഴിയുന്ന ചെറുകിട പദ്ധതികൾ ആവിഷ്കരിച്ചു. ഓടായ്ക്കലിൽ 600 ഹെക്ടറിൽ ജലസേചനത്തിന് 10 കോടി രൂപയുടെ പദ്ധതി സർക്കാരിനു സമർപ്പിച്ചു അനുമതി കാത്തിരിക്കുന്നു. 2018, 19 വർഷങ്ങളിലെ പ്രളയങ്ങളിൽ അടിഞ്ഞ കല്ല്, മണൽ, എക്കൽ എന്നിവ നീക്കം ചെയ്തു സ്വാഭാവിക ഒഴുക്ക് വീണ്ടെടുത്തിട്ടില്ല.  

A-7

കയ്യേറ്റവും മാലിന്യം തള്ളലുമാണു കോഴിക്കോട് മേഖലയിൽ ചാലിയാർ നേരിടുന്ന പ്രധാന വെല്ലുവിളികൾ. കയ്യേറ്റം വ്യാപകമായതോടെ 2012ൽ ഒളവണ്ണ, മൂർക്കാനാട് മേഖലകളിൽ സർവേ നടത്തുകയും കല്ലുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. തെങ്ങുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പലയിടങ്ങളും പുഴയുടെ പുറമ്പോക്കാണെന്നു കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ സർവേക്കല്ലുകൾ കാണാനില്ല. പുഴയോരം കയ്യേറിയുള്ള വാഴക്കൃഷിയും വ്യാപകം. 

ചാലിയാറിൽ നിന്നു തുടങ്ങുന്നതും ചാലിയാറിലേക്ക് എത്തുന്നതുമായ നൂറുകണക്കിനു ചെറുതോടുകൾ നികത്തപ്പെട്ടെന്നു കേരള നദീസംരക്ഷണസമിതി  നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പുഴയോരത്തുണ്ടായിരുന്ന കാടുകൾ ഇല്ലാതായതോടെ തീരങ്ങൾ ഇടിഞ്ഞുതുടങ്ങി.  

മലിനീകരണവും മണലെടുപ്പും രൂക്ഷം

ചന്ദ്രഗിരിപ്പുഴ

കാസർകോട് ജില്ലയിൽ‌ തെക്കിൽ വരെ പഴസ്വനിപ്പുഴയായും തെക്കിൽ മുതൽ‌ ചെർക്കള വരെ ചന്ദ്രഗിരിപ്പുഴയായും ആണ് ഈ നദി ഒഴുകുന്നത്. മുളിയാർ പഞ്ചായത്തിലെ ബാവിക്കര ജലസംഭരണിയിൽ നിന്നാണ് കാസർകോട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ജല അതോറിറ്റി പൈപ്‌ലൈൻ വഴി വെള്ളം എത്തിക്കുന്നത്. ബാവിക്കര തടയണയ്ക്കു പടിഞ്ഞാറ് ഭാഗത്ത് പുഴയിൽ വെള്ളത്തിന് ഉപ്പുരസം ആണ്. വേലിയേറ്റത്തിൽ കടൽ ജലം കയറുന്നതാണ് കാരണം. പുഴ സംരക്ഷണത്തിനു വിപുലമായ പദ്ധതികൾ നിലവിൽ ഇല്ല. മലിനീകരണം വ്യാപകമാണ്. രാത്രി അനധികൃത മണലെടുപ്പ് നടക്കുന്നുവെന്ന പരാതിയും ഉണ്ട്. മണ്ണിട്ടു നികത്തിയും മറ്റും കയ്യേറുന്നുമുണ്ട്. സമീപത്തെ കിണറുകളിൽ ജലവിതാനം കുറയുന്നതും വെള്ളം മലിനപ്പെടുന്നതും പതിവ്. 

വേനലിനെ പേടിച്ച്, ഒഴുകാൻ മടിച്ച്

ഭാരതപ്പുഴ

പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ ദാഹം അകറ്റേണ്ട ഭാരതപ്പുഴ ഓരോ വേനലിലും കൂടുതൽ വറ്റിവരളുകയാണ്. നിറയെ പുൽക്കാടുകളും മൺതുരുത്തുകളും നിറഞ്ഞ് നിളയുടെ രൂപം മാറിക്കഴിഞ്ഞു. മൂന്നു ജില്ലകളിലെ ഒട്ടേറെ ശുദ്ധജല പദ്ധതികളും പ്രതിസന്ധിയിൽ. പൊന്നാനി ചമ്രവട്ടം റഗുലേറ്റർ കം ബ്രിജിന്റെ ചോർച്ചയെത്തുടർന്ന് മലപ്പുറം ജില്ലയിലെ ജലസംഭരണം സാധ്യമായിട്ടില്ല. ഭാരതപ്പുഴയുടെ സംരക്ഷണത്തിനും വീണ്ടെടുപ്പിനുമായി ഒട്ടേറെ പദ്ധതികൾ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ചെങ്കിലും ഒന്നും നടന്നില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ‘പുഴ മുതൽ പുഴ വരെ’ പദ്ധതിയും കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടപ്പാക്കാൻ ഉദ്ദേശിച്ച ‘താളം നിലയ്ക്കാത്ത നിള’ എന്ന 5 കോടി രൂപയുടെ പദ്ധതിയും മുന്നോട്ടു പോയില്ല. റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് ഭാരതപ്പുഴയിലെ പുൽക്കാടുകൾ നീക്കം ചെയ്യുമെന്ന് വിവിധ എംഎൽഎമാർ പ്രഖ്യാപിച്ചെങ്കിലും അതും നടപ്പായില്ല. 

A-6
ഭാരതപ്പുഴയിലേക്ക് മാലിന്യം തള്ളിയ നിലയിൽ. തിരൂർ ചമ്രവട്ടം പാലത്തിനു സമീപത്തെ ദൃശ്യം.

പാലക്കാട്ട്, ഇനി ഞാൻ ഒഴുകട്ടെ’ എന്ന പേരിലാണ് പുഴ സംരക്ഷണ നടപടികളെങ്കിലും വേനലിന്റെ സൂചനയുണ്ടായാൽ ഒഴുക്കു നിലയ്ക്കുന്ന സ്ഥിതി. കൈവഴികളിൽ മിക്കതും മാലിന്യം നിറഞ്ഞും മണ്ണടിഞ്ഞും വഴിമുട്ടിയ നിലയിലാണ്. മഴക്കാലത്ത് ഇവയെല്ലാം കുത്തിയെ‍ാലിച്ചെത്തുമ്പേ‍ാൾ പുഴയുടെ ഒഴുക്കുശേഷി വീണ്ടും കുറയുകയാണ്. ഭാരതപ്പുഴതടം കേന്ദ്രീകരിച്ച് പ്രളയഭൂപടമുണ്ടാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പാലക്കാട് ഐഐടിയുടെ ഗവേഷണസംഘം കഴിഞ്ഞ ദിവസം അതിന് നടപടി ആരംഭിച്ചു.  

സർക്കാർ പദ്ധതിയനുസരിച്ച് 2017 മുതൽ 2021 വരെ ജില്ലാപഞ്ചായത്ത് രണ്ടരക്കേ‍ാടിയിലധികം രൂപയാണു ഭാരതപ്പുഴ സംരക്ഷണത്തിന് അനുവദിച്ചത്. എന്നാൽ മേഖലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം ഏകേ‍ാപിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായി. ഭാരതപ്പുഴ സംരക്ഷണ അതേ‍ാറിറ്റിയെക്കുറിച്ച് ഇപ്പേ‍ാൾ ഒന്നും കേൾക്കാനുമില്ല. 

അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ 33 നീർത്തടങ്ങൾ പുനരുജ്ജീവിപ്പിക്കാൻ അഹാഡ്സിന്റെ പ്രവർത്തനം വിജയിച്ചെങ്കിലും അവ നിലനിർത്താൻ കഴിയാതായതേ‍ാടെ പുഴയുടെ പല നീർച്ചാലുകളുടെയും ഒഴുക്കു നിലച്ചു. ഗായത്രിപുഴയുടെ തടങ്ങളുടെ സംരക്ഷണത്തിന് ഏഴരക്കേ‍ാടി രൂപയുടെ പ്രവർത്തനമാണ് ആവിഷ്കരിച്ചതെങ്കിലും സാമ്പത്തിക പ്രതിസന്ധി തടസ്സമായി.  

 

English Summary: World water day special story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com