ADVERTISEMENT

മുംബൈ ∙ പ്രഭാതങ്ങളിൽ മുഹമ്മദ് റഫിയുടെ ആഹ്ലാദഗാനങ്ങൾ ചിത്രശലഭങ്ങളെപ്പോലെ ചിറകടിക്കുന്നു. ഏകാന്ത സന്ധ്യകളിൽ വിഷാദത്തിന്റെ അസ്തമനച്ചോപ്പുമായി അവ അരികിലെത്തുന്നു. റഫിയുടെ ഗാനങ്ങൾക്കും അതുണർത്തിയ വികാരങ്ങൾക്കും മരണമില്ല. എന്നിട്ടും ചരിത്രം പറയുന്നു മുഹമ്മദ് റഫി വിടവാങ്ങിയിട്ട് ഇന്ന് 40 വർഷം. 

1980 ജൂലൈ 31നു രാവിലെ കാളി മാതാവിനെപ്പറ്റിയുള്ള ബംഗാളി ഭജൻ റിഹേഴ്സൽ ചെയ്യുന്നതിനിടെയാണു റഫിക്കു നെഞ്ചുവേദന അനുഭവപ്പെട്ടത്. അന്നു രാത്രി 10.25ന് ആ ഗാനം നിലച്ചു. തോരാമഴയിൽ മുംബൈ മുങ്ങിപ്പോയ ദിനം. 

1949ൽ റിലീസ് ചെയ്ത ജൂഗ്നു എന്ന ചിത്രത്തിലെ ‘യഹാംബദ്‌ല’ എന്ന ഗാനത്തോടെയാണു റഫി സംഗീതരംഗത്തു വേരുറപ്പിക്കുന്നത്. 14 ഇന്ത്യൻ ഭാഷയിലും 4 വിദേശ ഭാഷയിലും അദ്ദേഹം പാടി. പക്ഷേ, ഒരേയൊരു ദേശീയ അവാർഡേ ലഭിച്ചുള്ളൂ. ‘ക്യാ ഹുവാ തേരാ വാദാ...’ (ഹം കിസീസേ കം നഹീം–1977) എന്ന ഗാനത്തിന്.

അക്കാലത്തു ഹിന്ദി സിനിമയിൽ വന്നുപോയ ദിലീപ് കുമാർ, ദേവാനന്ദ്, ഷമ്മി കപൂർ, രാജേന്ദ്ര കുമാർ, സുനിൽ ദത്ത്, ജിതേന്ദ്ര, ജോയ് മുഖർജി, സഞ്‌ജയ് ഖാൻ തുടങ്ങി എല്ലാ നായകന്മാർക്കും ഇണങ്ങുന്ന ഒരൊറ്റ ശബ്‌ദം റഫിയുടേതായിരുന്നു. ഉച്ചാരണം വഴങ്ങാത്തതിനാൽ മലയാളത്തിൽ അദ്ദേഹം പാടിയില്ല. പക്ഷേ, ‘തളിരിട്ട കിനാക്കൾ’ എന്ന സിനിമയിൽ റഫിയെക്കൊണ്ട് ഒരു ഹിന്ദി ഗാനം പാടിച്ചു ചേർത്തു. 

അദ്ദേഹത്തിന്റെ ഹിറ്റ് ഗാനമായ ‘ചൗദ്‌വീൻ കാ ചാന്ദ്ഹോ’യ്ക്ക് ഈ വർഷം 60 തികയുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com