അഞ്ചോടിഞ്ച്: പാതി ദൂരം പിന്നിട്ട് പ്രചാരണം
Mail This Article
ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിക്കുന്നതിനു മുൻപേ തന്നെ ഭൂരിഭാഗം രാഷ്ട്രീയകക്ഷികളും ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന്റെ പകുതി ദൂരം പിന്നിട്ടിരുന്നു. 4 വട്ടം മുഖ്യമന്ത്രിയായ മായാവതി നയിക്കുന്ന ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മാത്രമാണ് ഇതിനൊരു അപവാദം. അവർ യുപിയിൽ ഇതുവരെ ഒരു റാലി പോലും സംഘടിപ്പിച്ചിട്ടില്ല.
അഞ്ചിൽ 4 സംസ്ഥാനങ്ങളിലും ഭരണകക്ഷിയായ ബിജെപിയാണു പ്രചാരണത്തിൽ മുന്നിൽ. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ റാലികളിൽ വൻപദ്ധതികളുടെ പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടാണു വോട്ടർമാരുടെ ശ്രദ്ധ ആകർഷിക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ കക്ഷി ഭരിക്കുന്നതു വികസനം ത്വരിതഗതിയിലാക്കുമെന്നു ജനങ്ങളെ ഓർമിപ്പിച്ചുകൊണ്ട് മോദിക്കൊപ്പം മുഖ്യമന്ത്രിമാരും മന്ത്രിമാരും വേദി പങ്കിടുന്നു. പദ്ധതി പ്രഖ്യാപനങ്ങളുമായി പാർട്ടിക്കൊടി വീശി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നു. ഒരു ഹൈവേ ഉദ്ഘാടനത്തിനു ജനക്കൂട്ടത്തിനു നടുവിലേക്കു മോദി വന്നിറങ്ങിയതു വ്യോമസേനാ വിമാനത്തിലാണ്.
മോദിക്കു പുറമേ മുതിർന്ന കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവരും സംസ്ഥാനങ്ങളിൽ ഒട്ടേറെ റാലികളിൽ പ്രസംഗിച്ചുകഴിഞ്ഞു. പഞ്ചാബിൽ, കോൺഗ്രസ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയും ഇതേ പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. പ്രതിപക്ഷ നേതാക്കളും പ്രചാരണത്തിൽ ഒട്ടും പുറകിലല്ല.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ മുഖ്യഎതിരാളിയായ സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ് വൻ ജനക്കൂട്ടം പങ്കെടുക്കുന്ന റാലികളുമായി നേരത്തേ സജീവമാണ്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പലവട്ടം റോഡ് ഷോകൾ നടത്തി. അമേഠിയിലെ റാലിയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പം ചേർന്നു. മണിപ്പുർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ നഗരമേഖലകളിലെ മറ്റൊരു പ്രധാന സന്ദർശകൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആണ്. ഡൽഹിക്ക് അപ്പുറം പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, യുപി എന്നിവിടങ്ങളിലേക്കും ആം ആദ്മി പാർട്ടിയുടെ അടിത്തറ വിപുലമാക്കുകയാണു ലക്ഷ്യം.
ഒമിക്രോൺ വ്യാപന ഭീഷണി പരിഗണിച്ചാണു 15 വരെ റാലികളും റോഡ് ഷോകളും വിലക്കി തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടത്. പ്രചാരണവിലക്കിന്റെ ഈ ഇടവേളയിൽ സ്ഥാനാർഥി നിർണയം അടക്കം കാര്യങ്ങളിലേക്കു കക്ഷികൾക്കു ശ്രദ്ധ തിരിക്കാനാവും. 680 മണ്ഡലങ്ങളിൽ 7 ഘട്ടമായാണു തിരഞ്ഞെടുപ്പ്.
5 വർഷം മുൻപ് പഞ്ചാബ് ഒഴികെയുള്ള 4 സംസ്ഥാനങ്ങളിലും പ്രതിപക്ഷ പ്രതിരോധം തകർത്ത് ആധിപത്യം ഉറപ്പിക്കുകയാണു ബിജെപി ചെയ്തത്. ഇത്തവണ ഉത്തർപ്രദേശ് അടക്കം സംസ്ഥാനങ്ങളിൽ പിന്തുണയും ബലവും കുറഞ്ഞിട്ടില്ലെന്നു തെളിയിക്കുന്ന ഭൂരിപക്ഷമാണു ബിജെപി ലക്ഷ്യമിടുന്നത്. 2014 മുതലുള്ള 2 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും യുപിയിൽ മോദി തരംഗം സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, കോൺഗ്രസ്, ആർഎൽഡി എന്നീ കക്ഷികളെ തകർത്തെറിയുകയായിരുന്നു. മാഫിയ വിരുദ്ധ നടപടികളും വികസന പദ്ധതികളും തങ്ങളുടെ നേട്ടമായി യോഗി ആദിത്യ നാഥ് സർക്കാർ ഉയർത്തിക്കാട്ടുന്നു. എന്നാൽ പടിഞ്ഞാറൻ യുപിയിൽ അണപൊട്ടിയ കർഷക രോഷം എന്തുമാത്രം പ്രത്യാഘാതം ഉണ്ടാക്കുമെന്ന കാര്യത്തിൽ പാർട്ടിക്കു വ്യക്തതയില്ല.
2 വർഷമായിട്ടും ശമിക്കാത്ത കോവിഡ് മൂലം സാധാരണക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണു മറ്റൊരു വെല്ലുവിളി. രാമക്ഷേത്ര നിർമാണം, കാശി വിശ്വനാഥ ക്ഷേത്ര പരിസര ശുചീകരണം എന്നിവയിൽ മോദി വാഗ്ദാനം നിറവേറ്റി. പക്ഷേ, 3 വർഷം മുൻപ് വിജയകരമായി പരീക്ഷിച്ച ദേശീയതാ കാർഡിനു ചൈനയുമായുള്ള പ്രശ്നം നീറിനിൽക്കുന്നതിനാൽ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ അനുയായികൾ അദ്ദേഹത്തെ മോദിയുടെ പിൻഗാമിയായാണു കാണുന്നത്. അതിനാൽ യുപി വിജയം അവർക്കും നിർണായകമാണ്.
യോഗിക്കു വെല്ലുവിളിയായി രംഗത്തുള്ളതു 3 നേതാക്കളാണ്–അഖിലേഷ് യാദവ്, മായാവതി, പ്രിയങ്ക ഗാന്ധി. യോഗിയെ താഴെയിറക്കാൻ കഴിഞ്ഞാൽ ഇവരുടെ പ്രസക്തി സംസ്ഥാനത്തിനകത്തും പുറത്തും വർധിക്കും. എന്നാൽ, തനിച്ചു മത്സരിക്കുന്നതിലൂടെ ഈ നേതാക്കൾ ബിജെപിവിരുദ്ധ വോട്ടുകൾ വിഭജിക്കുന്നു. എസ്പിക്കും ബിഎസ്പിക്കും തനതു ശക്തികേന്ദ്രങ്ങളുണ്ട്. സംഘടനാബലവുമുണ്ട്. കോൺഗ്രസാകട്ടെ പ്രിയങ്കയുടെ പ്രഭവത്തെ മാത്രമാണ് ആശ്രയിക്കുന്നത്. വനിതകൾക്കു 40 % സീറ്റ് സംവരണം അടക്കം വാഗ്ദാനങ്ങൾ നിരത്തി പ്രിയങ്ക യുവാക്കളെയും സ്ത്രീകളെയും കയ്യിലെടുക്കാനാണു നോക്കുന്നത്.
കഴിഞ്ഞ 4 മാസത്തിനിടെ ഏറ്റവും നാടകീയമായ രാഷ്ട്രീയമാറ്റങ്ങളിലൂടെ കടന്നുപൊയ സംസ്ഥാനമാണു പഞ്ചാബ്. മുഖ്യമന്ത്രി അമരിന്ദർ സിങ്ങിനെ കോൺഗ്രസ് ഹൈക്കമാൻഡ് പൊടുന്നനെ പുറത്താക്കി. പിൻഗാമിയായി വന്ന ചരൺജിത് സിങ് ഛന്നിയും പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും പാർട്ടിയിലെ ഹിന്ദുനേതാക്കളും തമ്മിലുള്ള വടംവലിയാണു മറ്റൊരു പ്രശ്നം. ഒരു വർഷം നീണ്ട കർഷക സമരത്തിനൊടുവിൽ നാടകീയമായാണു നരേന്ദ്രമോദി കൃഷി നിയമങ്ങൾ പിൻവലിച്ചത്. എങ്കിലും സംസ്ഥാനത്തു ബിജെപിക്കെതിരായ കർഷകരോഷത്തിനു ശമനമില്ല. കഴിഞ്ഞ ദിവസം പഞ്ചാബിൽ കർഷകരുടെ പ്രതിഷേധം മൂലം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മേൽപാലത്തിൽ കുടുങ്ങിയതു വലിയ വിവാദമായി.
ബിജെപിയുമായുള്ള നീണ്ട സഖ്യം അവസാനിപ്പിച്ച അകാലിദൾ ഇത്തവണ ബിഎസ്പിയുമായി സഖ്യത്തിലാണ്. കോൺഗ്രസിന്റെ ദലിത് മുഖ്യമന്ത്രിയായ ഛന്നി ഉയർത്തുന്ന ഭീഷണി നേരിടാൻ ബിഎസ്പി സാന്നിധ്യം സഹായകരമാകുമെന്ന് അവർ കരുതുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് 25% വോട്ട് നേടി മുഖ്യപ്രതിപക്ഷമാകാനായി. ഇത്തവണ കോൺഗ്രസിലെ ഭിന്നത മുതലെടുത്തു പഞ്ചാബിൽ വലിയ നേട്ടമുണ്ടാക്കാനാവുമെന്ന് അവർ കണക്കുകൂട്ടുന്നു.
ഗോവയിൽ ബിജെപിക്കും കോൺഗ്രസിനും പുറമേ ഗോവ ഫോർവേഡ് പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ശിവസേന, എഎപി, എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ കക്ഷികളും 40 അംഗ നിയമസഭ പിടിക്കാൻ രംഗത്തുണ്ട്. ബംഗാളിൽ ബിജെപിയെ തറപറ്റിച്ചു ഭരണം നിലനിർത്തിയതിനു പിന്നാലെ ഗോവ, ത്രിപുര തുടങ്ങിയ ചെറു സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാനുള്ള നീക്കത്തിലാണു മമത ബാനർജി. എന്നാൽ, ഗോവയിൽ തുടക്കത്തിൽ തൃണമൂലിലേക്കു വന്ന പല നേതാക്കളും ഇപ്പോൾ പാർട്ടി വിട്ടുപോകുന്ന സാഹചര്യമാണുള്ളത്.
ഭീകരാക്രമണത്തിൽ കേണൽ കൊല്ലപ്പെട്ടതു അതിർത്തി സംസ്ഥാനമായ മണിപ്പുരിൽ അസ്വസ്ഥത പടർത്തിയിരുന്നു. അയൽസംസ്ഥാനമായ നാഗാലാൻഡിൽ സൈന്യം നിരപരാധികളായ 7 ഗ്രാമീണരെ വെടിവച്ചുകൊന്നതിന്റെ രോഷം നിലനിൽക്കുന്നു. സംസ്ഥാനത്തു ത്രികോണ പോരാട്ടമാണ്. മുഖ്യമന്ത്രി ബിരേൻ സിങ് ബിജെപിയെ നയിക്കുന്നു. 2017 ൽ തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ടുപിടിച്ചാണു ബിരേൻ ഭൂരിപക്ഷമുറപ്പിച്ചതെന്നു കോൺഗ്രസ് പറയുന്നു. നാഗാ വംശജർ കൂടുതലുള്ള ജില്ലകളിൽ സ്വാധീനശക്തി നാഗാ പീപ്പിൾസ് ഫ്രണ്ട് ആണ്.
തിരഞ്ഞെടുപ്പു തീയതികൾ പാർലമെന്റിന്റെ ബജറ്റ് സമ്മേളനവുമായി ചേർന്നുവരുന്നുവെന്നതാണു മറ്റൊരു കൗതുകം. നരേന്ദ്ര മോദി, രാജ്നാഥ് സിങ് എന്നിവരുടേത് അടക്കം 102 ലോക്സഭാ മണ്ഡലങ്ങളാണ് 5 സംസ്ഥാനങ്ങളിലായി ഉള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ചു തിരഞ്ഞെടുപ്പു നടത്തുക എന്നതു കമ്മിഷനും സർക്കാരുകൾക്കും കക്ഷികൾക്കും വെല്ലുവിളി തന്നെയാണ്.
Content Highlight: Assembly Elections 2022