മോദിയെക്കാൾ ചെറുപ്പം; എന്നിട്ടും തഴഞ്ഞെന്ന് ഉമാഭാരതി
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാൾ താൻ ചെറുപ്പമാണെന്നും മധ്യപ്രദേശിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു റാലിക്കു ക്ഷണിക്കാതിരുന്നതു ശരിയായില്ലെന്നും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും തീപ്പൊരി നേതാവുമായിരുന്ന ഉമാഭാരതി പറഞ്ഞു.
‘ഞാൻ പങ്കെടുത്താൽ ജനശ്രദ്ധ മുഴുവൻ എന്നിലേക്കാകുമെന്നു കരുതിയായിരിക്കും നേതാക്കൾ അങ്ങനെ ചെയ്തത്’ എന്നും അവർ പ്രതികരിച്ചു. 2020ൽ ജ്യോതിരാദിത്യ സിന്ധ്യയാണ് ഭൂരിപക്ഷമുണ്ടാക്കിക്കൊടുത്തതെങ്കിൽ 2003ൽ താനാണ് വലിയ ഭൂരിപക്ഷം നേടിക്കൊടുത്തതെന്നും ഉമ പറഞ്ഞു. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ പറഞ്ഞാൽ പ്രചാരണത്തിൽ പങ്കെടുക്കും. ഉമാഭാരതിയുടെ മരുമകൻ രാഹുൽ സിങ് ലോധിയെ കഴിഞ്ഞ ദിവസം മന്ത്രിസഭയിൽ അംഗമാക്കിയിരുന്നു.
ബിജെപി ഉമാഭാരതിയുടെ പ്രസ്താവനയെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. രാമജന്മഭൂമി പ്രക്ഷോഭം നയിച്ച നേതാവിനെ ബിജെപി ഒതുക്കിയെന്ന് കോൺഗ്രസ് പരിഹസിച്ചു.
2018ൽ 3 വർഷത്തേക്ക് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുകയാണെന്ന് ഉമാഭാരതി പ്രഖ്യാപിച്ചിരുന്നു. ശാരീരികാസ്വാസ്ഥ്യം കാരണമായിരുന്നു ഇത്. 2024ൽ ലോക്സഭയിലേക്ക് അവർ മത്സരിക്കാൻ സാധ്യതയുണ്ട്.
English Summary : Former Madhya Pradesh Chief Minister Uma Bharti said that she was younger than Narendra Modi and it was not right that not invited to BJP's election rally in Madhya Pradesh.