ഇന്ത്യ എന്ന പേരുമാറ്റാൻ കേന്ദ്രനീക്കം; ഭാരത് മാത്രം

Mail This Article
ന്യൂഡൽഹി ∙ ‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചത് ഇതിനു സൂചനയായി. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നാക്കി. തങ്ങളുടെ മുന്നണിക്ക് ‘ഇന്ത്യ’യെന്നു പേരിട്ടതോടെ വിറളി പിടിച്ചാണു രാജ്യത്തിന്റെ പേരിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നതെന്നു പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ നേതാക്കൾ ആരോപിച്ചു.

‘ഇന്ത്യ അതായത്, ഭാരത് സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുന്നതാണ്’ എന്നാണു ഭരണഘടനയുടെ ഒന്നാം വകുപ്പ്. എന്നാൽ, ഇന്ത്യയെന്നത് ബ്രിട്ടിഷുകാർ നൽകിയ പേരാണെന്നും സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലത്തിന്റെ നീക്കിയിരിപ്പായ ഈ പേര് ഉപേക്ഷിക്കണമെന്നും ബിജെപി വാദിക്കുന്നതാണ്. ഗുജറാത്തിൽനിന്നുള്ള ബിജെപി അംഗമായ മിതേഷ് പട്ടേൽ ഈ ആവശ്യം കഴിഞ്ഞ ഡിസംബറിൽ ലോക്സഭയിൽ ഉന്നയിക്കുകയും ചെയ്തു.
ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഭാരത് എന്നു പ്രയോഗിച്ചു തുടങ്ങണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം അസമിൽവച്ച് ആഹ്വാനം ചെയ്തു. അതിനു പിന്നാലെയാണ് ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പ്രയോഗമുള്ള ക്ഷണക്കത്ത് പുറത്തുവന്നത്. തനിക്കു ലഭിച്ച ക്ഷണക്കത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തി. ഭാരത് എന്നു മാത്രമാക്കുന്നതിനെ അനുകൂലിച്ച് വിഎച്ച്പി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളും രംഗത്തെത്തി. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കണമെന്ന പൊതുതാൽപര്യ ഹർജി 2016 ലും 2020 ലും സുപ്രീം കോടതി തള്ളിയിരുന്നു.
ലഘുലേഖയിലും ‘ഭാരത്’
ഭാരത് രാജ്യത്തിന്റെ ഔദ്യോഗിക പേരാണെന്ന് ജി20 പ്രതിനിധികൾക്കുള്ള ‘ഭാരത്: ദ് മദർ ഓഫ് ഡെമോക്രസി’ എന്ന ലഘുലേഖയുടെ ആമുഖത്തിൽ പറയുന്നുണ്ട്. ചരിത്രാതീതകാലം മുതൽ തന്നെ ഭാരത് ജനാധിപത്യക്രമം പിന്തുടർന്നിരുന്നുവെന്നും ശ്രീരാമൻ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രാജാവുമായിരുന്നുവെന്നും ലഘുലേഖയിൽ പറയുന്നു.
English Summary: Government of India move to change the name of India to Bharat