പ്രചാരണത്തിനില്ല; ഉമാഭാരതി ഹിമാലയത്തിലേക്ക്
Mail This Article
ഇത്തവണ ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങില്ല, പകരം പ്രാർഥിക്കുമെന്നു മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഉമാഭാരതി. അതിനായി ഹിമാലയത്തിലേക്കു പോവുകയാണെന്നും അവർ പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധത്തിലല്ല ഉമാ ഭാരതി. അവരുടെ മരുമകൻ രാഹുൽ സിങ് ലോധിയെ 2 മാസം മുൻപു ശിവ്‌രാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ അംഗമാക്കിയിരുന്നു. ഇടക്കാലത്തു സജീവ രാഷ്ട്രീയത്തിൽനിന്നു വിട്ടു നിൽക്കുകയാണെന്നു പ്രഖ്യാപിച്ച ഉമ പിന്നീടു തിരിച്ചുവരവും പ്രഖ്യാപിച്ചു. വനിതാ സംവരണബിൽ പാസാക്കിയപ്പോൾ അതിൽ ഒബിസി സംവരണം വേണമെന്ന് അടുത്ത കാലത്ത് ഉമാഭാരതി ആവശ്യപ്പെട്ടത് ബിജെപിയെ വെട്ടിലാക്കിയിരുന്നു.
കമൽനാഥിലൂടെ രാമക്ഷേത്രം ചർച്ചയാക്കി ബിജെപി
വികസന ചർച്ചകൾക്കൊപ്പം മൃദുഹിന്ദുത്വവും കൂടി കോൺഗ്രസ് പയറ്റുന്ന മധ്യപ്രദേശിൽ, രാമക്ഷേത്രം വീണ്ടും ചർച്ചയാക്കി ബിജെപി. രാമക്ഷേത്രം ബിജെപിയുടേതു മാത്രമല്ല, എല്ലാവരുടേതുമാണെന്ന കോൺഗ്രസ് നേതാവ് കമൽനാഥിന്റെ പ്രസ്താവന ബിജെപി വലിയ ചർച്ചയാക്കി ഉയർത്തിക്കൊണ്ടുവരികയാണ്.
കമൽനാഥിന് ഇപ്പോഴാണോ രാമക്ഷേത്രം എല്ലാവരുടേതുമാണെന്നു ബോധ്യമുണ്ടായതെന്നു ബിജെപി എംഎൽഎ രാമേശ്വർ ശർമ ചോദിച്ചു. അങ്ങനെയാണെങ്കിൽ ഗ്യാൻവ്യാപി മസ്ജിദ് പൊളിക്കാനും മഥുരയിലെ പള്ളി പൊളിക്കാനും ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തെ സനാതന ധർമത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയുമാണു രാമക്ഷേത്രമെന്നായിരുന്നു കമൽനാഥിന്റെ അഭിപ്രായം. ബിജെപി അവരുണ്ടാക്കിയതാണെന്ന മട്ടിലാണു കൊണ്ടു നടക്കുന്നത്. ഇതുപയോഗിച്ച് സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനാണു ശ്രമമെന്നും അദ്ദേഹം ചിന്ദ്‌വാഡയിൽ പറഞ്ഞിരുന്നു.