ഗ്വാളിയറിലെ ഗ്രാമങ്ങളിൽ കോൺഗ്രസ് കാറ്റ്

Mail This Article
ഗ്വാളിയർ–ഡൽഹി ദേശീയ പാതയിൽ 10 കിലോമീറ്റർ പിന്നിട്ടു കാണണം. കാറിന്റെ മുൻ സീറ്റിലിരുന്ന് ഏകതാ പരിഷത് നേതാവ് രൺസിങ് പർമർ വലതു വശത്തേക്കു കൈ ചൂണ്ടി.‘ഇതാണു വഴി’.കാർ തിരിഞ്ഞപ്പോൾ, സിനിമയിലെ ഫ്ലാഷ് ബാക്ക് രംഗം പോലെ കാലം പെട്ടെന്നു പിന്നിലേക്കോടി.
ടാറിടാത്ത,ചരൽക്കല്ലു നിറഞ്ഞ റോഡ്. ഇരുവശത്തും തരിശായിക്കിടക്കുന്ന വിശാലമായ പാടം. അതിന്റെ അതിർത്തി നിർണയിക്കുന്ന മുൾച്ചെടികൾ റോഡ് കയ്യേറിത്തുടങ്ങിയിരിക്കുന്നു. വഴി ചെന്നുനിൽക്കുന്നതു കാംസേർ ഗ്രാമത്തിലാണ്.
ഗ്വാളിയർ ജില്ലയിലെ 6 നിയമസഭാ മണ്ഡലങ്ങളിലൊന്നായ ഭിതഡ്‌വയിലുൾപ്പെടുന്ന ആദിവാസിഗ്രാമം. മധ്യപ്രദേശിലുടനീളം ആയിരണക്കിന് ആദിവാസി ഗ്രാമങ്ങളുണ്ട്. പേരുകൾ മാറും. ജീവിതസാഹചര്യങ്ങൾ പക്ഷേ, എല്ലാം ഒരേ അച്ചിൽ വാർത്തവയാകും.
കാംസേർ ഗ്രാമത്തിലെ അങ്കണവാടിയുടെ മുറ്റത്ത് വളർന്നു പന്തലിച്ച വേപ്പുമരമുണ്ട്. അതിന്റെ തണലിൽ മുതിർന്നവരും സ്ത്രീകളും യുവാക്കളുമടങ്ങിയ ആൾക്കൂട്ടം കാത്തിരിക്കുന്നു. സമീപത്തെ വീടെന്നു വിളിക്കുന്ന ചെറിയ ഇഷ്ടിക കൊണ്ടു നിർമിച്ച രൂപങ്ങൾക്കു മുകളിൽ ബിഎസ്‌പിയുടെയും കോൺഗ്രസിന്റെയും പതാകകൾ പാറുന്നുണ്ട്. രൺസിങ് പർമറിനെക്കണ്ടപ്പോൾ ‘ഏകതാ പരിഷത് സിന്ദാബാദ്’ വിളികൾ അന്തരീക്ഷത്തിൽ മുഴങ്ങി.
ആദിവാസികൾക്കിടയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സംഘടനായ ഏകതാ പരിഷത്, തിരഞ്ഞെടുപ്പു സമയത്തു മുന്നോട്ടുവയ്ക്കേണ്ട ആവശ്യങ്ങൾക്കു രൂപം നൽകാനായി ആദിവാസി ഗ്രാമങ്ങളിലെ പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തിരിക്കുകയാണ്.
വനഭൂമി ആദിവാസികൾക്ക് പതിച്ചുനൽകുന്നതിനു സംസ്ഥാനത്തു നിയമമുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണു ഭൂരിഭാഗത്തിന്റെയും പരാതി. കാംസേർ ഗ്രാമത്തിൽ തന്നെ അതിന് ഉദാഹരണമുണ്ട്. ഗ്രാമത്തിലെ 80 ആദിവാസി കുടുംബങ്ങൾക്കു പതിച്ചുനൽകിയ ഏക്കർ കണക്കിനു കൃഷിഭൂമി ഇവിടെയുണ്ട്. കടുകാണു മേഖലയിലെ പ്രധാന കൃഷി. എന്നാൽ, വെള്ളമില്ലാത്തതു കാരണം ഭൂമി തരിശായി കിടക്കുന്നു. യോഗത്തിനെത്തിയ പലരോടും രഹസ്യമായി ചോദിച്ചു.
തിരഞ്ഞെടുപ്പ് എന്താകും? ഭൂരിഭാഗവും പറഞ്ഞത് ഒരേ ഉത്തരം; കാറ്റ് കോൺഗ്രസിന് അനുകൂലമാണ്. രണ്ടു കാരണമാണ് അവർ പറയുന്നത്. അധികാരത്തിലേറിയാൽ ആദിവാസി ഭൂരിപക്ഷ മേഖലകളിൽ ഭൂമിയിൽ പ്രത്യേക അധികാരം നൽകുന്ന നിയമം പാസാക്കുമെന്ന വാഗ്ദാനമാണ് ഒന്ന്. ആദിവാസി സ്ത്രീകൾക്കു ബിജെപി സർക്കാർ നൽകിയിരുന്ന പ്രത്യേക ധനസഹായം മാസങ്ങളായി നിലച്ചതിന്റെ രോഷം രണ്ടാമത്തേത്.
മധ്യപ്രദേശിൽ 47 ആദിവാസി സംവരണ മണ്ഡലങ്ങളുണ്ട്. 40 ജനറൽ സീറ്റുകളിൽ അവരുടെ വോട്ടു നിർണായകമാണ്.
അധികാരത്തിലേക്കുള്ള വഴി ആദിവാസി മണ്ഡലങ്ങളിലൂടെയാണെന്നു സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രം പറയുന്നു. 2003 ൽ ബിജെപി അധികാരം പിടിച്ചപ്പോൾ 41 സംവരണ സീറ്റുകൾ അവർക്കൊപ്പമായിരുന്നു. 2008ലും (29 സീറ്റ്) 2013ലും (31) അധികാരം അവർക്കൊപ്പം നിന്നു.
2018ൽ അധികാരം തിരിച്ചുപിടിച്ച കോൺഗ്രസ് ആദിവാസി മണ്ഡലങ്ങളിലും കരുത്തു കാട്ടി (31). കാംസേറിലെ യോഗത്തിൽ ഇടയ്ക്കിടെ ഉച്ചത്തിൽ മുദ്രാവാക്യം മുഴങ്ങി.‘ ജൽ, ജംഗിൾ, ജമീൻ...വോ ഹമാരാ ഹഖ് ഹേ’ (ജലം, വനം,ഭൂമി... അവ ഞങ്ങളുടെ അവകാശമാണ്). ഈ തിരഞ്ഞെടുപ്പു കാലത്തു മധ്യപ്രദേശിലെ ആദിവാസി ഊരുകളിലെല്ലാം അതിന്റെ പ്രതിധ്വനി കേൾക്കാം.