മണിപ്പുരിൽ 9 മെയ്തെയ് സംഘടനകളെ നിരോധിച്ചു; നിരോധനം യുഎപിഎ നിയമപ്രകാരം

Mail This Article
ന്യൂഡൽഹി ∙ മണിപ്പുരിലെ മെയ്തെയ് വിഭാഗവുമായി ബന്ധപ്പെട്ട 9 സംഘടനകളെ കേന്ദ്ര സർക്കാർ 5 വർഷത്തേക്കു നിരോധിച്ചു. നിരോധനം ഇന്നലെ നിലവിൽ വന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരമാണ് (യുഎപിഎ) നടപടി. കഴിഞ്ഞ മേയ് മുതൽ മണിപ്പുരിൽ തുടരുന്ന കലാപത്തിൽ ഒരു ഭാഗത്തു നിലയുറപ്പിച്ചിരുന്ന വിഭാഗമാണു മെയ്തെയ്കൾ. ഇവർക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ മടി കാട്ടുന്നുവെന്ന ആക്ഷേപം ശക്തമാകവെയാണ് കേന്ദ്രം നിരോധനമേർപ്പെടുത്തിയത്.
മെയ്തെയ് സംഘടനകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയുയർത്തുകയാണെന്നു നിരോധനമേർപ്പെടുത്തിയുള്ള വിജ്ഞാപനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. സായുധ പോരാട്ടത്തിലൂടെ മണിപ്പുരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി സ്വതന്ത്രരാജ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സംഘടനകൾ സൈനികരെയും പൊലീസുദ്യോഗസ്ഥരെയും ജനങ്ങളെയും കൊലപ്പെടുത്തുകയാണെന്നും കേന്ദ്രം പറഞ്ഞു.