രണ്ടാം ഘട്ട വോട്ടെടുപ്പ്: 88 സീറ്റ്; 63.50% പോളിങ്
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ആകെ പോളിങ് 63.50%. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിലെ ആകെ പോളിങ് 70.09% ആയിരുന്നു.
∙ കേരളം, ത്രിപുര, രാജസ്ഥാൻ, മണിപ്പുർ എന്നിവിടങ്ങളിൽ പോളിങ് പൂർത്തിയായി.
∙ കേരളം (20), കർണാടക (14), രാജസ്ഥാൻ (13), യുപി, മഹാരാഷ്ട്ര (8 വീതം), മധ്യപ്രദേശ് (6), അസം, ബിഹാർ (5 വീതം), ബംഗാൾ, ഛത്തീസ്ഗഡ് (3 വീതം), ജമ്മുകശ്മീർ, ത്രിപുര, മണിപ്പുർ (ഒന്നു വീതം) സീറ്റുകളിലേക്കായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ്.
∙ വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം ത്രിപുരയിലാണ് ഏറ്റവും കൂടുതൽ പോളിങ്: 79.46%.
∙ കുറവ് പോളിങ് 8 സീറ്റുകളിലേക്ക് വോട്ടെടുപ്പു നടന്ന യുപിയിൽ: 54.85%.
മണിപ്പുരിൽ വെടിവയ്പ്, ബൂത്തുപിടിത്തം
ഔട്ടർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ പോളിങ്ങിനിടെ വെടിവയ്പ്പും ബൂത്തുപിടിത്തവും. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉക്രുലിൽ സായുധ ഗ്രൂപ്പുകൾ ബൂത്ത് കയ്യേറി വോട്ടിങ് നടത്തിയതിൽ പ്രതിഷേധിച്ചു ജനക്കൂട്ടം വോട്ടിങ് യന്ത്രങ്ങൾ തല്ലിത്തകർത്തു.