പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പരാതി; വിക്കിപീഡിയയ്ക്ക് കേന്ദ്രസർക്കാർ നോട്ടിസ്
Mail This Article
ന്യൂഡൽഹി ∙ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പരാതികളെത്തുടർന്ന് ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് കേന്ദ്രസർക്കാർ നോട്ടിസ് അയച്ചു. തെറ്റായതും പക്ഷംപിടിച്ചുള്ളതുമായ ഉള്ളടക്കം സംബന്ധിച്ച് വിവിധ പരാതികൾ ലഭിച്ചുവെന്നാണ് കേന്ദ്രത്തിന്റെ വാദം. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് നോട്ടിസ് അയച്ചത്. ഉള്ളടക്കത്തിന്മേൽ ഉത്തരവാദിത്തമില്ലാത്ത പ്ലാറ്റ്ഫോമുകളെയാണ് ഇന്റർമീഡിയറിയെന്നു വിളിക്കുന്നത്. ഇന്റർമീഡിയറിക്ക് പകരം പബ്ലിഷറായി എന്തുകൊണ്ട് വിക്കിപീഡിയയെ കണ്ടുകൂടാ എന്നാണ് സർക്കാർ നോട്ടിസിൽ ചോദിച്ചിരിക്കുന്നത്.
പബ്ലിഷർക്ക് ഉള്ളടക്കത്തിന്മേൽ ഉത്തരവാദിത്തമുണ്ട്. പബ്ലിഷറായി വിക്കിപീഡിയയെ കണക്കാക്കിയാൽ അതിലുള്ള ഉള്ളടക്കത്തിന്റെ പേരിൽ വിക്കിപീഡിയ കോടതി കയറേണ്ടിയും വരാം. ചെറിയ ഒരു വിഭാഗത്തിനാണ് വിക്കിപീഡിയയിലെ ഉള്ളടക്കത്തിന്റെ എഡിറ്റോറിയൽ നിയന്ത്രണമെന്നും നോട്ടിസിൽ പറയുന്നു. സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ ലേഖനങ്ങൾ ആർക്കും തിരുത്താം. ഇത്തരം തിരുത്തലുകളുമായി ബന്ധപ്പെട്ടാണ് പരാതികളിൽ ഏറെയും.
വാർത്താ ഏജൻസിയായ എഎൻഐയും വിക്കിമീഡിയ ഫൗണ്ടേഷനും തമ്മിൽ ഡൽഹി ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടരുകയാണ്. എഎൻഐയുടെ വിക്കിപീഡിയ എഡിറ്റ് ചെയ്ത് അപകീർത്തികരമായ പരാമർശം ചേർത്തതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ നിയമപോരാട്ടത്തെക്കുറിച്ചുള്ള വിക്കിപീഡിയ പേജ് നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. എഎൻഐയുടെ പേജ് എഡിറ്റ് ചെയ്തു മോശം പരാമർശങ്ങൾ നടത്തിയ 3 പേരുടെ വിവരങ്ങൾ കൈമാറാൻ ഹൈക്കോടതി സിംഗിൾ ജഡ്ജി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കാതെ വന്നതോടെ എഎൻഐ കോടതിയലക്ഷ്യ ഹർജി നൽകി. വിക്കിപീഡിയയിൽ നിന്നു 2 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.